Saturday , February   16, 2019
Saturday , February   16, 2019

അക്രമോൽസുക രാഷ്ട്രീയവുമായി  ബി.ജെ.പി കേരളത്തിലും 

ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിനോ തീവ്രഹിന്ദുത്വത്തിനോ സംഘ്പരിവാർ രാഷ്ട്രീയത്തിനോ ആശയപരവും രാഷ്ട്രീയവും ധാർമിക മൂല്യങ്ങളിലും അധിഷ്ഠിതമോ ആയ ഒരു അടിത്തറയോ പൊതു ചട്ടക്കൂടോ ഇല്ല. അത് വർഗീയതയിലും രാഷ്ട്രീയ ശത്രുതയിലും വേരോട്ടമുണ്ടാക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആൾക്കൂട്ടം മാത്രമാണ്. ഒരു പൊതുശത്രുവുള്ളിടത്തോളമേ അതിന് നിലനിൽപുള്ളൂ.

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ലക്ഷ്യപ്രാപ്തിക്കായി പേശീബലത്തിന്റെ മാർഗവും അവലംബിക്കാൻ ബി. ജെ. പി അധ്യക്ഷൻ പാർട്ടി പ്രവർത്തകർക്ക് നൽകിയ ആഹ്വാനം ജനാധിപത്യ കേരളവും സംസ്ഥാന ഗവൺമെന്റും അർഹിക്കുന്ന ഗൗരവത്തോടെ കാണണം. ബി.ജെ.പിക്കും സംഘ്പരിവാറിനും അക്രമത്തിന്റെ രാഷ്ട്രീയം ലക്ഷ്യപ്രാപ്തിക്കുള്ള മാർഗമാണെന്ന് അവർ ആവർത്തിച്ചു തെളിയിച്ചിട്ടുള്ളതാണ്. സത്യസന്ധവും സമാധാന പൂർണവുമായ മാർഗങ്ങളിലൂടെ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾക്ക് ആഴത്തിൽ വേരോട്ടമുള്ള ഒരിടത്തും അധികാരത്തിലെത്താനാവില്ലെന്ന് അവർ മറ്റാരേക്കാളും നന്നായി തിരിച്ചറിയുന്നവരാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ദശകങ്ങളോളം തിരസ്‌കൃതമായിരുന്ന ജനസംഘം രാഷ്ട്ര ജീവിതത്തിന്റെ മുഖ്യധാരയിൽ സ്ഥാനം പിടിക്കുന്നതു തന്നെ തികച്ചും സമാധാനപരമായി തുടങ്ങിവെച്ച ഗാന്ധിയൻ സോഷ്യലിസ്റ്റ് ജയപ്രകാശ് നാരായണന്റെ 'സമ്പൂർണ ക്രാന്തി' പ്രസ്ഥാനത്തിന്റെ ചുമലിലേറിയായിരുന്നു. 
എഴുപതുകളുടെ ആദ്യ പകുതിയിൽ വിദ്യാർഥി ഫെഡറേഷൻ അടക്കം പുരോഗമന വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് സജീവ പങ്കാളിത്തമുണ്ടായിരുന്ന ജെപി പ്രസ്ഥാനത്തെ എ.ബി.വി.പിയടക്കം സംഘ്പരിവാർ സംഘടനകൾ ഹൈജാക് ചെയ്ത് അക്രമത്തിന്റെ പാതയിലേക്ക് നയിച്ചതാണ് രാഷ്ട്ര ചരിത്രത്തിലെ തന്നെ നിർണായക വഴിത്തിരിവായത്. ജനസംഘം വേഷം മാറി ബി.ജെ.പിയായതിനു ശേഷം അഡ്വാനിയുടെ നേതൃത്വത്തിൽ നടന്ന രഥയാത്രയും സംഘ്പരിവാറിന്റെ രാമജന്മഭൂമി പ്രസ്ഥാനവും രാഷ്ട്ര ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി മാറി. രാജ്യത്തുടനീളം വർഗീയ അതിക്രമങ്ങൾക്കും കലാപത്തിനും വഴിമരുന്നിട്ട ആ സംഭവങ്ങളാണ് ബി.ജെ.പിയെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്തേക്ക് ഉയർത്തിയത്. പിന്നീട് ആ നേട്ടങ്ങൾ അരക്കിട്ടുറപ്പിക്കുകയായിരുന്നു നരേന്ദ്ര മോഡിയുടെയും അമിത്ഷായുടെയും നേതൃത്വത്തിൽ ഗുജറാത്തിൽ അരങ്ങേറിയ വർഗീയതയുടെ താണ്ഡവവും കൂട്ടക്കൊലകളും. 
നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ആർ.എസ്.എസ് പിന്തുണയോടെ ആരംഭിച്ച ബി.ജെ.പി ഭരണം രാജ്യത്ത് വർഗീയ ഭീകരതയുടെയും കലാപങ്ങളുടെയും പരമ്പരകൾക്കാണ് നേതൃത്വം നൽകിവരുന്നത്. കഴിഞ്ഞ നാല് വർഷങ്ങൾക്കുള്ളിൽ നാനൂറോളം മനുഷ്യ ജീവനുകളാണ് വർഗീയതയുടെ വിജയത്തിനായി കുരുതികഴിക്കപ്പെട്ടതെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.
ജനാധിപത്യപരമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും യുക്ത്യാധിഷ്ഠിതമായ രാഷ്ട്രീയ സംവിധാനങ്ങളിലൂടെയും ജനകീയമായ രാഷ്ട്രീയ മത്സരത്തിലൂടെയും പ്രബുദ്ധ കേരളത്തിന്റെ പിന്തുണയും അംഗീകാരവും നേടിയെടുക്കാനാവില്ലെന്ന തിരിച്ചറിവാണ് അമിത്ഷായെ അക്രമത്തിന് ആഹ്വാനം ചെയ്യാൻ പ്രേരിപ്പിച്ചതെന്നു വേണം കരുതാൻ. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ബി.ജെ.പി - സംഘ്പരിവാർ സംഘടനയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമിത്ഷാ ഇക്കഴിഞ്ഞ ചൊവ്വാഴ്ച കേരളത്തിലെത്തിയത്. ദേശീയാധ്യക്ഷന് കേരളത്തിലെ ഹിന്ദുത്വ ശക്തികൾ നൽകിയ സ്വീകരണം ഒന്നുവേറെ തന്നെയായിരുന്നു. 
ആർ.എസ്.എസിൽ നിന്ന് കടംകൊണ്ട് നേതൃത്വത്തിൽ അവരോധിക്കപ്പെട്ട കുമ്മനം രാജശേഖരന് മിസോറം ഗവർണറായി സ്ഥാനക്കയറ്റം നൽകി പറഞ്ഞയച്ചതോടെ ഏകശിലാ സുഘടിതമെന്ന് കരുതപ്പെട്ടിരുന്ന സംഘ്പരിവാറിന്റെ സംഘടനാ ശൈഥില്യങ്ങളും ചേരിപ്പോരും ഒന്നൊന്നായി പുറത്തുവരാൻ തുടങ്ങി. 
അത് നമ്മുടെ സാമൂഹ്യ മാധ്യമങ്ങളെയും വിശാലമായ വിവര സാങ്കേതിക രാജപാതകളെയും ദുർഗന്ധ പൂരിതമാക്കി. ആ പശ്ചാത്തലത്തിൽ വേണം അമിത്ഷായുടെ ഇടത് വിരുദ്ധ ആക്രമണോത്സുക ആഹ്വാനത്തെ നോക്കിക്കാണാൻ. ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിനോ തീവ്ര ഹിന്ദുത്വത്തിനോ സംഘ്പരിവാർ രാഷ്ട്രീയത്തിനോ ആശയപരവും രാഷ്ട്രീയവും ധാർമിക മൂല്യങ്ങളിലും അധിഷ്ഠിതമോ ആയ ഒരു അടിത്തറയോ പൊതു ചട്ടക്കൂടോ ഇല്ല. അത് വർഗീയതയിലും രാഷ്ട്രീയ ശത്രുതയിലും വേരോട്ടമുണ്ടാക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആൾക്കൂട്ടം മാത്രമാണ്. ഒരു പൊതുശത്രുവുള്ളിടത്തോളമേ അതിന് നിലനിൽപുള്ളൂ. അതാണ് അമിത്ഷായുടെ ആഹ്വാനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിയെ നിലനിർത്തുന്ന മുഖ്യാഹാരം മുസ്‌ലിം, ദളിത്, ന്യൂനപക്ഷ വിദ്വേഷമാണെങ്കിൽ കേരളത്തിൽ അത് കമ്യൂണിസ്റ്റ് വിരോധമാണ്. കേരളത്തിലെ മതനിരപേക്ഷ പൊതു അന്തരീക്ഷത്തിൽ സംസ്ഥാനത്തൊട്ടാകെ സാധുതയുള്ള ഒരു പൊതു ശത്രുവിനെ കണ്ടെത്തുക ശ്രമകരമാണ്. വിശ്വാസികളും അല്ലാത്തവരുമായ ജനങ്ങൾ വിശ്വാസമർപ്പിച്ചിരിക്കുന്ന ഇടത്-മതേതര പ്രസ്ഥാനം അങ്ങനെയാണ് അവരുടെ ആക്രമണ ലക്ഷ്യമായി മാറുന്നത്. അത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിലോമപരതയുടെ കാതൽ കൂടിയാണല്ലോ. അപകടകരമായ ഒരു തീക്കളിക്കാണ് അമിത്ഷാ ആഹ്വാനം നൽകിയിരിക്കുന്നത്. 
കേരളത്തെ അസ്ഥിരീകരിക്കാനും ജനങ്ങളെ ശിഥിലീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിനുമാണ് അവർ കോപ്പുകൂട്ടുന്നത്. പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി ഈ വിപത്തിനെതിരെ ജാഗരൂകരാവണം.