ന്യൂദല്‍ഹി- ഉപയോക്താക്കള്‍ക്ക് ലഭിച്ചിരിക്കുന്നത് വ്യാജ വാര്‍ത്തയുടെ ലിങ്ക് ആണെങ്കില്‍ വാട്‌സാപ്പ് ഇനിയത് ചുകപ്പ് കൊണ്ട് അടാളപ്പെടുത്തും. വ്യാജ വാര്‍ത്തകളുടെ പ്രചാരണത്തിനുള്ള മുഖ്യ ഉപാധിയായി വാട്‌സാപ്പ് മാറിയിരിക്കെയാണ് കമ്പനിയുടെ ഈ നീക്കം. പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളുമായി വ്യാജ വാര്‍ത്തക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ് വാട്‌സാപ്പ്. വ്യാജ വാര്‍ത്തകള്‍ക്ക് തടയിടണമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കമ്പനിക്കുമേല്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു.
ഗ്രൂപ്പുകളിലൂടെ ഫോര്‍വേഡ് ചെയ്യപ്പെടുന്ന മെസേജുകള്‍ വ്യാജവാര്‍ത്തകളാണെങ്കില്‍ അക്കാര്യം ഉപയോക്താവിനെ ഉണര്‍ത്തുന്നതാണ് പുതിയ ഫീച്ചര്‍. കൈമാറ്റം ചെയ്യപ്പെടുന്ന വെബ് സൈറ്റ് ലിങ്കിന്റെ ആധികാരികത വാട്‌സാപ്പിലെ സസ്പീഷ്യസ് ലിങ്ക് ഫീച്ചര്‍ സ്വമേധയാ ഉറപ്പുവരുത്തും. ഉപയോക്താവിന് ഒരു ലിങ്ക് ലഭിക്കുമ്പോഴേക്കും അതിന്റെ പിന്നാമ്പുറത്ത് വാട്‌സാപ്പ് പ്രവര്‍ത്തിച്ച് വ്യാജ സന്ദേശമാണെങ്കില്‍ ചുകപ്പ് ലേബല്‍ കൊണ്ട് അടയാളപ്പെടുത്തിയിരിക്കും. തട്ടിപ്പ് ലിങ്കാണോ വ്യാജ വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകുന്ന ലിങ്കാണോ എന്നിവ പരിശോധിച്ചാണ് റെഡ് ലേബലിടുക.
നിലവില്‍ വ്ടാസാപ്പിന്റെ 2.18.204 ബീറ്റാ പതിപ്പില്‍ ലഭ്യമായ പുതിയ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് കരുതുന്നു. വ്യാജ വാര്‍ത്താ പ്രചാരണത്തിനെതിരായ നടപടിക്കു പുറമെ, മെസേജ് അയക്കുന്ന അജ്ഞാതരെ തടയുക, ഗ്രൂപ്പ് വിട്ടവരെ വീണ്ടും ഗ്രൂപ്പില്‍ ചേര്‍ക്കുന്നത് തടയുക, ഷെയര്‍ ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് ഫോര്‍വേഡ് ലേബല്‍ തുടങ്ങിയവയും പുതിയ ഫീച്ചറില്‍ ഉള്‍പ്പെടുന്നു.