Saturday , February   16, 2019
Saturday , February   16, 2019

അഭിമാനത്തിന്റെ അവസാനിക്കാത്ത പ്രശ്‌നങ്ങൾ

എ.കെ. ആന്റണിയുടെ നർമബോധം ചന്ദ്രന്റെ വെളുത്തപക്ഷം പോലെ തെളിഞ്ഞുവരികയാണ്. കെ. കരുണാകരന്റെ ജന്മശതാബ്ദി വേളയിൽ അതു മൂർധന്യത്തിലെത്തി. അദ്ദേഹം ജീവിച്ചിരുന്നുവെങ്കിൽ ചെങ്ങന്നൂരിൽ ഇത്ര ദയനീയ തോൽവി ഉണ്ടാകുമായിരുന്നില്ല. നല്ലൊരു മറുതന്ത്രം മെനയുമായിരുന്നു എന്നൊക്കെയാണ് തങ്കച്ചന്റെ വചനങ്ങൾ. എന്നിട്ടും കക്ഷി 'ലീഡർ' എന്നു പ്രയോഗിച്ചില്ല. ജീവിച്ചിരുന്ന കാലത്ത് കരുണാകരനെ 'ലീഡർ' ആക്കിയ എ വിഭാഗത്തിന്റെ അന്തസ്സ് യോഗത്തിലും തങ്കച്ചൻ ഉയർത്തിപ്പിടിച്ചു. ഏതായാലും ലീഡർക്കു മാർക്കിട്ട ആന്റണി വചനങ്ങൾക്ക് മറ്റാരും മാർക്കിടാത്തതു നന്നായി. സാഹിത്യത്തിൽ ഒരു കൃതി പ്രസിദ്ധീകരിച്ച് നൂറ് കൊല്ലം കഴിഞ്ഞും ചർച്ച ചെയ്യപ്പെട്ടാൽ അത് 'ക്ലാസിക്' ആയി മാറുന്ന ഏർപ്പാടുണ്ട്. കൊള്ളരുതായ്മയ്ക്കുമുണ്ട് ഒരു ഷേക്‌സ്പീരിയൽ നിർവചനം- മനുഷ്യരുടെ തിന്മകൾ അവരുടെ മരണ ശേഷവും ജീവിക്കുന്നു/നിലനിൽക്കുന്നു.


കാര്യമെന്തായാലും ലീഡർ ജീവിച്ചിരുന്ന കാലത്ത് മാർക് ആന്റണിയും കൂട്ടരും സൈ്വരം കെടുത്തിട്ടില്ല; മറിച്ച് ലീഡറും! ഓരോ പുതിയ വേക്കൻസി ദില്ലിയിൽ ഉദയം കൊള്ളുമ്പോഴും ഇരുവരും തമ്മിൽ ഇടിച്ചു കയറും. പക്ഷേ, മൂന്നാമതൊരുവൻ കടന്നുവരാതിരിക്കുവാനും കൊടുത്തു പ്രത്യേക ശ്രദ്ധ! ~ഒരിക്കൽ രാജീവ് ഗാന്ധി തന്നെ ഒരു ലേഖകനോട് പറഞ്ഞുവത്രേ. ഇതെന്താ? ഒരാൾ വന്ന് മറ്റേയാളെക്കുറിച്ച് കുറേ ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടുപോകും. ഉടനെ വരുന്നു മറ്റേയാൾ, ആദ്യത്തെയാളെക്കുറിച്ച് ആരോപണങ്ങൾ നിരത്താൻ വേണ്ടി മാത്രം.
ആന്റണി- കരുണാകരന്മാരുടെ ആ ശൈലി അനന്തര തലമുറ ഭക്ത്യാദരപൂർവം ഏറ്റെടുത്തു. എന്നും എവിടെയും മാമാങ്കം തന്നെ! ബ്ലോക്കെങ്കിൽ ബ്ലോക്ക്; ബൂത്തെങ്കിൽ ബൂത്ത്! ഇപ്പോഴിതാ, മാർക് ആന്റണിക്ക് ദർശനമുണ്ടായിരിക്കുന്നു- എല്ലാറ്റിനും ഒരു ലക്ഷ്മണ രേഖ വേണമെന്ന്! പരസ്യപ്രസ്താവന, വിഴുപ്പലക്കൽ, കുടമുടയ്ക്കൽ, രഹസ്യസമാഗമം തുടങ്ങി ഏതിനും ഒരു നിയന്ത്രണരേഖ. കേട്ടവർ കേട്ടവർ അമ്പരന്നു. തിരുമനസ്സിന് ഇതെന്തുപറ്റി? കോൺഗ്രസിൽ തന്നെയാണോ ഇപ്പോഴും?
കാലാവധി തീരുംമുമ്പേ മുഖ്യമന്ത്രിക്കസേരയിൽ നിന്നുതന്നെ പുകച്ചുപുറത്തുചാടിക്കുമ്പോഴും തിരുമനസ്സിനു ചിരിയായിരുന്നു. ചിരിയോടു ചിരി…. അമ്പും വില്ലുമൊക്കെ കൊടുത്ത് സുധീരനെ ഇളക്കിവിട്ടതും ചിരിച്ചുകൊണ്ടുതന്നെ. തന്നാലാവുന്ന അമ്പുകളൊക്കെ സുധീരൻജി എയ്തുവിട്ടു ചാണ്ടിക്കുഞ്ഞിന്റെ തിരിച്ചുവരവിനെ ഒതുക്കി. അപ്പോഴും ദില്ലിയിലിരുന്ന് തങ്കച്ചൻ ചിരിയടക്കാൻ പാടുപെടുകയായിരുന്നു. പിന്നെ ചെന്നിത്തലയുടെ പെരുന്നയിലെ പോപ്പും വഴിയുള്ള 'താക്കോൽസ്ഥാന'രോഹണം! അങ്ങനെ കരണം മറിഞ്ഞും തിരിഞ്ഞുമൊക്കെ വെട്ടോടു വെട്ട്! മാണിസാറിനെ തിരികെയെടുത്തും രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തും ത്യാഗത്തിന്റെ ലോക റിക്കോർഡ് കോൺഗ്രസിന്. നഷ്ടപ്പെട്ട ആത്മാഭിമാനം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കണമെന്ന് മാർക് ആന്റണി സമാപന പ്രസംഗം നടത്തിയത് ലേശം ആശയക്കുഴപ്പമുണ്ടാക്കി. 'നഷ്ടപ്പെട്ട മാനം' എന്ന പ്രയോഗം പിടികിട്ടാതെ പല കോൺഗ്രസുകാരും ഇന്ദിരാഭവന് ചുറ്റും മണ്ടിനടക്കുന്നതു കണ്ടു. മാനവും കോൺഗ്രസും തമ്മിലുള്ള ബന്ധം പിടികിട്ടാതെ പല മുതിർന്ന നേതാക്കളും താടിക്കു കൈകൊടുത്തു കസേരയിൽ തന്നെ ഇരുന്നുറക്കമായി. കോൺഗ്രസിനു രക്ഷപ്പെടാനുള്ള 'ലാസ്റ്റ് ബസാണ്' ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും പറഞ്ഞു മുരളീധരനും കസേര വിടാതെയിരുന്നു. ഈയിടെ ലീഡറുടെ മകൻ വല്ലതുമൊക്കെ വായിക്കാറുണ്ടെന്ന് അതോടെ തെളിഞ്ഞു. ലാസ്റ്റ് ബസിനെ മരണവണ്ടിയായി ചിത്രീകരിക്കുന്ന കഥകൾ പല സാഹിത്യങ്ങളിലും പണ്ടേ പുറത്തിറങ്ങിയിട്ടുണ്ട്. പണ്ട് മുരളിയേട്ടന് വായനാശീലമൊന്നുമില്ലായിരുന്നുവെന്ന് സ്വന്തം അനുജത്തി പത്മജാജി തന്നെ ഒരു 'കൊല്ലം വാരിക'യിൽ ഈയിടെ പ്രസ്താവിച്ചിരുന്നു. മുരളിക്ക് അതിൽപരം സർട്ടിഫിക്കറ്റ് വേണ്ടതില്ലല്ലോ!

****  **** ****

ചൂതാട്ടവും വാതുവയ്പും നിയമപരമാക്കാം എന്ന് ലോക കമ്മീഷൻ ഓഫ് ഇന്ത്യ കേന്ദ്രത്തോടു ശുപാർശ ചെയ്തിരിക്കുന്നുവത്രേ! സബാഷ്! നാടോടുമ്പം നടുവേ ഓടണം എന്ന പ്രമാണം ശരിക്കുവായിച്ചു നോക്കിയ ലക്ഷണമുണ്ട്. കേരളത്തിൽ 1967-ൽ പി.കെ. കുഞ്ഞുസാഹിബും എൻ.കെ. ശേഷൻ സ്വാമിയുമൊക്കെ സോഷ്യലിസ്റ്റ് മന്ത്രിമാരായിരുന്ന കാലത്ത് ഇതുപോലൊരു ശുപാർശയുണ്ടായി. അതിന്റെ സന്തതികളാണ് സർക്കാർ ലോട്ടറിയും സർക്കാർ ചിട്ടിക്കമ്പനിയും. അടുത്തത് ചൂതുകളിയെന്ന് അന്നൊരു ആക്ഷേപമുള്ള ലോട്ടറി ഇടയ്ക്കിടെ അണയുന്നതും തെളിഞ്ഞു കത്തുന്ന വഴിവിളക്ക് പോലെ പുരോഗമിച്ചു. സമാന്തര ലോട്ടറിയും സിക്കിം ലോട്ടറിയും ഇവിടെ കൊയ്തുകൂട്ടിക്കൊണ്ടുപോയി. സർക്കാർ ചിട്ടിക്കമ്പനിയാകട്ടെ, എന്നും ലാഭമുണ്ടാക്കി. ജീവനക്കാർക്ക് നയാ പൈസ പെൻഷൻ കൊടുക്കേണ്ടതില്ലാത്തതുകൊണ്ട് കിട്ടുന്നതത്രയും ലാഭം.

പെൻഷൻ ഇ.പി.എഫുകാർക്ക് കൊടുക്കും. അതിനുവേണ്ടി വിവരവും കണക്കും ചോദിച്ചാൽ ചിട്ടിക്കമ്പനി ആമയും ഒച്ചുമൊക്കെയായി വേഷം മാറും! 2007 ൽ റിട്ടയർ ചെയ്തവർക്കു പോലും ഇതുവരെ പുതുക്കിയ പെൻഷൻ കൊടുക്കാൻ സഹായിക്കാത്ത കമ്പനി ഇപ്പോൾ പ്രവാസി ചിട്ടി ആഘോഷിക്കുന്നു. ലോട്ടറിക്കു ഇത്തരം കടപ്പാടുകളില്ല. 130 കോടി ജനങ്ങളുള്ളതിനാൽ ഭാഗ്യദോഷികളുടെ ശതമാനവും ദിവസേന ഏറും. നറുക്കു കിട്ടിയില്ലെങ്കിൽ ടിക്കറ്റ് കീറിക്കളയുക എന്നതല്ലാതെ ഒരു പരിഹാരവുമില്ലാത്ത കച്ചവടം. ഇങ്ങനെ ജീവിതം തന്നെ കീറിപ്പോയ. കോടിക്കണക്കിനു ജനമുണ്ട് ഈ ലോകത്ത്. ചൂതാട്ടവും വാതുവയ്പുമൊക്കെ നേരത്തെ അംഗീകരിക്കണമായിരുന്നു. കൊച്ചിക്കാരനായ ആ ക്രിക്കറ്റ് കൊച്ചന് ആജീവനാന്ത വിലക്ക് വന്നു പെടില്ലായിരുന്നു. അവിഹിതവും അനാശാസ്യവും പറഞ്ഞ് പാവപ്പെട്ട പെണ്ണുങ്ങളെ പിടിച്ചു വാനിൽ കയറ്റുകയില്ലായിരുന്നു. 

****  **** ****
പെട്രോളിലും ഡീസലിലും മാത്രമല്ല, കറന്റ് കമ്പിയിലും തൊട്ടുകളിക്കുമെന്ന വാശിയിലാണ് കേന്ദ്ര സർക്കാർ. രോഗിയുടെ രക്തസമ്മർദ്ദമുയരുന്നതുപോലെയാണ് ഇന്ധനവില. നൂറായിരം പദ്ധതികൾകൊണ്ട് ജനങ്ങളെ നിരന്തരം ഉദ്ധരിക്കുന്ന ഇക്കാലത്ത് ഒരു എം.പിയെപ്പോലും നൽകാത്ത സംസ്ഥാനമാണ് കേരളം. 
എന്നാലൊന്നു പാഠം പഠിപ്പിക്കുക തന്നെ. ഡീസലിനു വില കൂടിയപ്പോൾ വണ്ടി കോർപറേഷൻ പൂട്ടി താക്കോൽ വാതിൽപ്പടിയിൽ വച്ചേക്കുമെന്നാണ് കരുതിയത്. തച്ചങ്കരി എന്ന പോലീസുദ്യോഗസ്ഥൻ 30-ാം തീയതി തന്നെ ശമ്പളം കൊടുത്ത് ജീവനക്കാരെയും യൂനിയൻകാരേയും സംസ്ഥാന സർക്കാരിനെ തന്നെയും ഞെട്ടിച്ചു കളഞ്ഞു.  കേന്ദ്രത്തിന്റെ കാര്യം പറയുകയും വേണ്ട! എന്നാൽപിന്നെ എണ്ണയല്ലെങ്കിൽ വൈദ്യുതി.
 സംസ്ഥാനം ക്രോസ് സബ്‌സിഡി കുറയ്ക്കുന്നതോടെ ഉപഭോക്താക്കൾ മണ്ണെണ്ണ വിളക്ക് അന്വേഷിച്ചു തുടങ്ങണം. യൂനിറ്റിന് രണ്ട് രൂപ കൂടുന്നതോടെ കുടുംബസമേതം എല്ലാവരും മുറ്റത്തിറങ്ങിനിന്ന് സർക്കാരിനെ പ്‌രാകും. അതോടെ ബി.ജെ.പിക്കുള്ള വഴി തുറന്നുകിട്ടും. ഒരു കോടി വോട്ടറന്മാർ ഒറ്റ ദിവസം കൊണ്ട് മോഡിജി പാർട്ടിയിൽ അംഗത്വത്തിനായി ഓട്ടം പിടിക്കും. 
നാഴികയ്ക്ക് നാൽപതു വട്ടം പുരപ്പുറത്തു കയറിനിന്നു പ്രസംഗിക്കാറുള്ള മന്ത്രി എം.എം. മണി പോലും മിണ്ടുന്നില്ല. നിയമപരമായ ബാധ്യതയുണ്ടെങ്കിൽ കേന്ദ്രനെ നമ്മൾ അനുസരിക്കുമെന്നാണ് വിനീതമായ മറുപടി. എല്ലാവരെയും കണ്ണുകൾ ഇപ്പോൾ തച്ചങ്കരിയിലാണ്. ലോക കപ്പ് ഫുട്‌ബോളിന്റെ വേദിയായ മോസ്‌കോയിലേക്ക് നോക്കിയിരിക്കുന്നതു പോലെതന്നെ! വണ്ടി കോർപറേഷൻ കൊച്ചിയിൽ 'ഇലക്ട്രിക് ബസ് 'പുറത്തിറക്കിയതു പോലെ വല്ല മാജിക്കും തച്ചങ്കിര കാട്ടുമോ എന്ന് ഉറ്റുനോക്കുകയാണ്.
 സർവത്ര ടെൻഷനടിച്ചതിനാലണ് മുഖ്യൻ അമേരിക്കയിലേക്ക് കടന്നത്. കുറച്ചുദിവസം മെഡിക്കൽ ചെക്കപ്പും, മലയാളി സമാജവും മസാൽ ദേശയും വെജിറ്റബിൾ ബെർഗറും പാലും വെള്ളവും (ചായ- കാപ്പി വേണ്ടതില്ല) ഒക്കെയായി കഴിഞ്ഞിട്ടു സമാധാനത്തോടെ മടങ്ങാം. പണ്ടൊക്കെ 'അമേരിക്ക'യെന്നു കേട്ടാൽ ഓക്കാനം വരുമായിരുന്നു. ഇന്ന് 'യു.എസ്' ആയി, എന്തൊരു മാറ്റമാണ്. മധുരമനോഹര മനോജ്ഞ യു.എസ് എന്നാരെങ്കിലും ഇതുവരെ പാടിയിട്ടില്ലെങ്കിൽ, ഇതാ ഞങ്ങൾ തയാറെടുക്കുന്നു! വണ്ടി കോർപറേഷന്റെ 'ലോഗോ ഗാനം' കഴിഞ്ഞാൽ അടുത്തത് ഇതു തന്നെ. അമേരിക്ക വരിികളും ആർക്കും എഴുതി സമർപ്പിക്കാം. കേസിൽ അകപ്പെട്ട പട്ടക്കാർക്കും പട്ടന്മാർക്കും കന്യകമാർക്കും നിരോധനമില്ല. സംഗീതം- തച്ചങ്കരി.