Saturday , February   16, 2019
Saturday , February   16, 2019

പരാജയത്തിന്റെ പ്രതീകഭംഗികൾ

ഈ തലവാചകത്തിലെ ദുരൂഹതയൊന്നും ഈ കുറിപ്പിലെ വരികളിൽ ഒതുങ്ങിയിട്ടില്ല.  ലോകകപ്പ് ഫുട്ബാൾ കണ്ടുകണ്ടിരിക്കേ തോന്നിയ, തീർത്തും ബന്ധപ്പെടാത്ത ചില കാര്യങ്ങളാണ് വിഷയം.  അതിലൊന്ന് പരസ്യം, എനിക്ക് താൽപര്യം തോന്നിയ പരസ്യവാക്യങ്ങളും, അതിലുമേറെ, ദൃശ്യങ്ങളും. 
ഒരു ദൃശ്യം ഇങ്ങനെ:  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ദമ്പതികൾ.  മധ്യവയസ്‌കർ. മൈതാനത്ത് പറന്നുനടക്കുന്ന പന്തിലാണ് സുന്ദരിയുടെ ശ്രദ്ധ.  കളിക്കാരനിൽ എന്നും പറയാം. അവർ പ്രിയപ്പെട്ട ടീമിനെ എപ്പോഴേ തെരഞ്ഞെടുത്തിരിക്കുന്നു.  പന്തും കൊണ്ടു മുന്നേറുന്ന കളിക്കാരന്റെ വേഗത്തോടൊപ്പം മധ്യവയസ്‌കയായ കാണിയുടെ ശരീരവും മുന്നോട്ടായുന്നു.  മൈതാനം മുഴുവൻ നിറയുന്ന കണ്ണുകളിൽ വേഗവും ആവേഗവും വിളങ്ങുന്നു. 
ആ കണ്ണുകളിലും ശരീരത്തിന്റെ ചായ്‌വുകളിലും നോക്കിയാൽ ഒട്ടൊക്കെ കളി കാണുന്ന അനുഭവം ഉണ്ടാകും.  എങ്ങോട്ടാണ് നീക്കം, ആർക്കാണ് മുൻ തൂക്കം, എന്താണ് സാധ്യത എന്നറിയാൻ ആ നോട്ടത്തെ പിൻതുടർന്നാൽ മതി.  വീർപ്പടക്കി, കണ്ണും കാതും കൂർപ്പിച്ചുള്ള ആ ഇരിപ്പ് പന്ത് ഗോൾ വലയത്തിൽ വീഴുന്നതിനു തൊട്ടു മുമ്പുള്ള നിമിഷമാകണം.  ആ പരസ്യദൃശ്യത്തിലെ കാണിയുടെ അക്ഷമയും ആവേശവും കളി മറന്ന് കാഴ്ചക്കാരിയെ നോക്കിയിരിക്കുന്ന നമ്മെയും ബാധിക്കുന്നതുപോലെ തോന്നും. 
ഒരു നിമിഷം.  ഒരു ലഘു നിമിഷം.  കാഴ്ചക്കാരിയുടെ മുന്നോട്ടാഞ്ഞ വടിവൊത്ത ശരീരം നിവരുന്നു, മുന്നിലെ മേശക്കു മുകളിലൂന്നിയ കൈകൾ ഉയരുന്നു, എന്തോ ഒച്ച വെച്ചുകൊണ്ട് അവർ പിന്നോട്ടു ചായുന്നു.  താലോലിച്ചു പോന്ന ഒരു കിനാവ് പൊലിയുന്നതുപോലെ, കെട്ടിപ്പൊക്കിയ ഒരു മാളിക പൊളിയുന്നതുപോലെ, പരാജയത്തിന്റെ പ്രതീകഭംഗിയോടെ ആ പരസ്യദൃശ്യം അവസാനിക്കുന്നു. 
ഗോൾ വലയത്തിൽ വീഴാനിരുന്ന പന്ത് പുറത്തുപോവുകയോ എതിരാളി കവർന്നെടുക്കുകയോ ചെയ്തിരിക്കുന്നു.  കാഴ്ചക്കാരി ദത്തെടുത്തിരിക്കുന്ന കളിക്കാരൻ തോറ്റുപോയിരിക്കുന്നു എന്നതിന്റെ സൂചന അതിൽ കൂടുതൽ വേണമോ? പരാജയത്തിന്റെ രൂപരേഖ വരക്കാൻ ഇതിലും നല്ല കാഴ്ച കാണുമോ?
പ്രതീകഭംഗിയോടെ പരാജയത്തിന്റെ, പൊലിഞ്ഞ പ്രതീക്ഷയുടെ, ചിത്രം വരക്കുകയും ആംഗ്യം കാണിക്കുകയും ചെയ്യുന്ന എത്രയോ രംഗങ്ങളിൽ എന്റെ ശ്രദ്ധ പതിഞ്ഞു.  മുഖം മങ്ങി, കസേരയിലേക്ക് പുറം വീഴ്ത്തിയിരിക്കുന്ന മധ്യവയസ്‌കയെ വിട്ട് വേറൊരു കാഴ്ചയിലേക്കു കടക്കാം. കുറച്ചുകൂടി പ്രായം കുറഞ്ഞ ഒരു സ്ത്രീ ഭക്ഷണശാലയിലെ എന്തോ തിരക്കിൽ പെട്ടിരിക്കുന്നു.  ഒരു നിമിഷം അവർ ഏതാണ്ട് നിശ്ചലയാകുന്നു. പ്രതീക്ഷ നിറഞ്ഞ കണ്ണുകൾ പറന്നു വെട്ടുന്ന കളിക്കാരനിൽ തറച്ചുനിൽക്കുന്നു. അപ്പൊഴതാ ആഗ്രഹം തകർത്തുകൊണ്ട്, പ്രതീക്ഷ പൊട്ടിച്ചുകൊണ്ട്, പന്ത് കൈവിട്ട്, കാൽ വിട്ട്, കടന്നു കളയുന്നു.  ആത്മാവിനെ മുഴുവൻ അതിൽ കോർത്തിട്ടിരുന്ന കാഴ്ചക്കാരി, എല്ലാം നഷ്ടപ്പെട്ടതു പോലെ, നോട്ടം പിൻ വലിച്ച്, പുറം കൈ ഉള്ളംകയ്യിലടിച്ച്, ആരെയോ പഴിച്ച്, തിരിഞ്ഞു നിൽക്കുന്നു. പരാജയത്തിന്റെ തിരനോട്ടം. 
കാണാൻ ചന്തമുണ്ടെന്നു പറയാൻ വയ്യാത്തതാണ് അടുത്ത രംഗം.  മുഷിഞ്ഞ വേഷമണിഞ്ഞ ഒരു സാധാരണക്കാരനും കളി കാണാൻ ഇരിക്കുകയാണെന്നു തോന്നുന്നു.  അയാൾക്കുമുണ്ട് കണക്കുകൂട്ടലും ഇഷ്ടപ്പെട്ട ചേരിയും. നോക്കിയിരിക്കേ അയാൾ തല വെട്ടിക്കുന്നു, നോട്ടം തെറ്റിക്കുന്നു, കയ്യിലെ രണ്ടാം മുണ്ടുകൊണ്ട് നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടക്കുന്നു.  ആ ആംഗ്യത്തിലോരോന്നിലും കാണാം പരാജയത്തിന്റെ അരങ്ങേറ്റം. വഴി തെറ്റി വീണുപോയ ആഗ്രഹത്തിന്റെ പതനം. 
കൂട്ടിയ കണക്കു തെറ്റുമ്പോൾ, ഉയർത്തിയ പ്രതീക്ഷ പാളുമ്പോൾ, ആളുകൾ എങ്ങനെ പെരുമാറുന്നു എന്നു നോക്കിയിരിക്കുകയായിരുന്നു ഞാൻ.  ആ നോട്ടം ടി വിയിലോ മൈതാനത്തോ കളി കാണാനിരിക്കുന്ന സുന്ദരികളുടെ അംഗവിക്ഷേപങ്ങളിലാകാം, പന്തലിലും ഗോൾ വലയത്തിലും ധ്യാനമർപ്പിച്ചു പാഞ്ഞുകൊണ്ടിരിക്കുന്ന കളിക്കാരനിലാകാം, പരാജയവുമായി ഇട പഴകാൻ കാത്തിരിക്കുന്ന ആരിലുമാകാം.  
എന്റെ നോട്ടം മൈതാനത്തേക്കു നീങ്ങി.  ഊർജവും ഇഛാശക്തിയും മുഴുവൻ ഏകീഭവിപ്പിച്ച് മുന്നോട്ടു പായുന്ന കളിക്കാരനെ ഞാൻ നോക്കി.  ഗോൾ വലയത്തിനകലെയല്ലാത്ത ഒരിടം എത്തിയപ്പോൾ എല്ലാ കളരി പരമ്പരകളെയും ആവാഹിച്ചുകൊണ്ട്, തൃശൂർ ഈണത്തിൽ പറഞ്ഞാൽ, ഒരു വീക്ക്! ജീവിതത്തെയും മരണത്തെയും വ്യതിരിക്തമാക്കുന്ന ഒരു പ്രഹരം.  പക്ഷേ വലയിൽ കുടുങ്ങേണ്ട പന്ത് ബാറിനു തൊട്ടുമുകളിലൂടെ, പിഴച്ചുപോയ ആവേശത്തോടെ, ഊളിയിട്ടുപോകുന്നു. 'എല്ലാം തുലഞ്ഞല്ലോ' എന്ന ഭാവത്തിൽ, പന്തടിച്ച കളിക്കാരൻ വാ പൊളിച്ചു നോക്കി നിൽക്കുന്നു.  പൊളിഞ്ഞ വായ് ആണോ പരാജയത്തിന്റെ പ്രതീകഭംഗി, ഞാൻ എന്നോടു തന്നെ അന്വേഷിച്ചു.
പരാജയത്തിന്റെ പ്രതീകഭംഗികൾ അവസാനിക്കുന്നില്ല.  ഓരോ കളിക്കാരനും ഓരോ കാണിയും അവരവരുടേതായ ശരീരഭാഷയിൽ തോൽവിയുടെ ടിപ്പണി എഴുതാം.  കളിക്കാൻ പഠിപ്പിക്കുകയും ജയിക്കാൻ മോഹിപ്പിക്കുകയും ചെയ്യുന്ന പരിശീലകർക്കുമുണ്ട് സ്വന്തം ശൈലി.  കാൽപ്പന്തു കളിയിലെ വിജയം തങ്ങൾക്ക് പൈതൃകമായി കിട്ടിയതാണെന്നു കരുതുന്ന അർജന്റീനക്കാരുടെ പരിശീലകൻ മൈതാനത്തോടു ചേർന്ന നടവഴിയിൽ ഓടുകയായിരുന്നു.  വിജയം വേറെ ആരോ ചാർത്തിയെടുക്കുന്നു എന്നു കണ്ടപ്പോൾ അങ്ങോട്ടുമിങ്ങോട്ടുമുള്ള അദ്ദേഹത്തിന്റെ ഓട്ടവും ഒച്ചപ്പാടും കളിക്കളത്തിലുള്ളതിനെക്കാൾ കൂടുതലായി.  പന്തിന്റേതിനെക്കാൾ വേഗം കണ്ടു അദ്ദേഹത്തിന്റെ കാലുകളിൽ. കണ്ണുകളിൽ പരാജയത്തിന്റെ അപരിചിതമായ പ്രതീകഭംഗിയും. 
സ്ഥിതപ്രജ്ഞന്റെ ഭാഷ എന്ത് എന്ന് ഗീതാകാരനോട് അർജുനൻ അന്വേഷിച്ചതുപോലെ നമുക്കും ചോദിക്കാം, പരാജയത്തിന്റെ ശരീരഭാഷ എന്ത്?  നെറ്റിയിൽ ഇടിക്കാം, പൊട്ടിക്കരയാം, വാ പൊളിച്ചുനിൽക്കാം, സ്വന്തം കൈ ഞെരിക്കാം, ശീൽക്കാരം പുറപ്പെടുവിക്കാം, വിസ്‌ഫോടനത്തോടെ നടന്ന പ്രപഞ്ചോൽപത്തിക്കു മുമ്പുണ്ടായിരുന്ന പരമമായ മൗനത്തിലേക്കു വീഴാം, ആയിരം വർണങ്ങളിലും ഈണങ്ങളിലും പരാജയത്തിന്റെ ശരീരഭാഷ വിന്യസിക്കപ്പെടാം.  അനുഷ്ഠിക്കുന്ന ആളുടെ സർഗവൈഭവമനുസരിച്ച് അതിന്റെ സ്വരവും സരൂപവും മാറിയിരിക്കുമെന്നേയുള്ളു. 
മനുഷ്യനും മൃഗവും തമ്മിൽ പ്രധാനമായ വ്യത്യാസം രണ്ടായിരിക്കും.  ഒന്ന്, മനുഷ്യനു പതിച്ചുകിട്ടിയിരിക്കുന്ന ഭാഷ. രണ്ട്, 'ഇന്നു ഭാഷയിതപൂർണമിങ്ങഹോ' എന്നു വിലപിക്കേണ്ട അവസ്ഥയും.  ഭാഷകൊണ്ട് എല്ലാം പറഞ്ഞുതീർക്കാൻ പറ്റില്ല എന്ന വിചാരം കേറിയപ്പോഴാകാം ശരീരഭാഷ രൂപപ്പെട്ടത്. തന്റെ ശബ്ദവും വാക്കും മതി പ്രപഞ്ചത്തെ ആവിഷ്‌ക്കരിക്കാൻ എന്ന തന്റേടം ഉള്ളവർ നന്നേ ചുരുങ്ങും.  
കയ്യും കലാശവും കാട്ടി സംസാരിച്ചിരുന്ന ഇ. കെ. നായനാരും പ്രസംഗത്തെ കഥകളിയോടടുത്തുനിൽക്കുന്ന ഒരു കലാരൂപമാക്കുന്ന വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥും ആ തന്റേടമുള്ളവരല്ല. ശബ്ദത്തിലോ ശരീരചലനത്തിലോ വിക്ഷോഭം കാണിക്കാതെ പ്രസംഗിച്ചിരുന്ന അച്യുതമേനോനും ആംഗ്യമില്ലാത്ത ശബ്ദത്തെ അർഥപൂർണമാക്കിയിരുന്ന അഴീക്കോടും ആ തന്റേടമുള്ളവരായിരുന്നോ?  സൂക്ഷിച്ചുനോക്കിയാൽ, അവരും വാണിയെ വേഷം കെട്ടിച്ചേ ഇറക്കാറുള്ളു എന്നു കാണാം. 
പരാജയത്തെയും വിജയത്തെയും എന്നല്ല, ഏതു ഭാവത്തെയും അനുഭവത്തെയും പ്രകടിപ്പിക്കാൻ സർഗധനനായ മനുഷ്യൻ ഓരോരോ ശരീരചലനം ചിട്ടപ്പെടുത്തുന്നു.  കാലാകാലമായി നടത്തിവരുന്ന ആ പരീക്ഷണത്തിന്റെ ഫലമാകുന്നു നമ്മുടെ നാട്യത്തിലെയും നാടകത്തിലെയും അംഗവിക്ഷേപം. കൈകൊണ്ടും കണ്ണുകൊണ്ടും വിനിമയം ചെയ്യാവുന്ന ആശയങ്ങൾക്ക് വ്യാകരണമെഴുതിയ മുനിയായിരുന്നു  ഹസ്തലക്ഷണദീപികയുടെ വ്യാഖ്യാതാവ്. 
പിന്നെ ആയിരക്കണക്കിനു കൊല്ലം കഴിഞ്ഞു അംഗവിക്ഷേപങ്ങളുടെ ആഖ്യാനവും വ്യാഖ്യാനവുമായി ഡെസ്മണ്ട് മോറിസ് മുന്നോട്ടു വരാൻ.  ജീവശാസ്ത്രപണ്ഡിതനും നരവംശഗവേഷകനുമായ ഡെസ്മണ്ട് മോറിസ് ഒരു ജീവിതകാലം മുഴുവൻ മനുഷ്യന്റെ ഭാവോന്മീലനരീതി പഠിക്കാൻ വിനിയോഗിച്ചു.  ഭാഷക്ക് ശബ്ദത്തിനപ്പുറം ഒരു മാനം പകരാൻ മനുഷ്യൻ ഉപയോഗിക്കുന്ന ആംഗ്യങ്ങളെല്ലാം അദ്ദേഹം സങ്കലനം ചെയ്തു.  ങമി ണമരേവശിഴ  എന്ന് ആ സങ്കലനത്തിന് പേരുമിട്ടു.  പെരുവിരലിന്റെ ദിശയനുസരിച്ച് വിജയവും ഭീഷണിയും മാറി മാറി ധ്വനിപ്പിക്കാമെന്ന് അദ്ദേഹം സമർഥിച്ചു. കരുണാകരനെപ്പോലെ കണ്ണിറുക്കിയും ഇറുക്കാതെയും ഉറക്കെ പറയാൻ ഉദ്ദേശിക്കാത്ത രസികത്തം വിനിമയം ചെയ്യാം.  മുഷ്ടി ചുരുട്ടിയാൽ അങ്കത്തിനുള്ള പുറപ്പാടായി. സമാധാനം പാലിക്കണമെന്നാവശ്യപ്പെടുന്ന മുദ്രാവാക്യത്തോടെ ചുരുട്ടുന്ന മുഷ്ടിയെ വിരുദ്ധ ചേഷ്ട എന്നു വിളിക്കുന്നു മോറിസ്. 
വിരോധം വിളയിക്കാത്ത ആംഗ്യമാണ് അഞ്ജലി.  കൂപ്പുകൈ. നയവും വിനയവും പ്രഖ്യാപിക്കുന്നു നൂറ്റാണ്ടുകളായി ഇന്ത്യ ശീലിച്ചുവന്ന ആ അഭിവാദനരീതി.  അതു പക്ഷേ മോറിസിന്റെ പുസ്തകത്തിൽ കണ്ടില്ല.