Friday , February   22, 2019
Friday , February   22, 2019

സെൽഫ് ഗോളുകളുടെ കാലം 

ലോകകപ്പിന്റെ ആവേശത്തിലാണ് നാടെങ്ങും. ആദ്യം അർജന്റീനയും കഴിഞ്ഞ ദിവസം ബ്രസീലും പുറത്തായതോടെ മലയാളികളുടെ കളി ആവേശം അൽപ്പമൊന്ന് കുറഞ്ഞിട്ടുണ്ട്. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിന് നേരെ ഭീകരാക്രമണമുണ്ടായ ഘട്ടത്തിൽ ഒരു ഏഷ്യൻ നഗരത്തിലെ ഫാസ്റ്റ് ഫുഡ് സെന്ററിലെ വിഭവങ്ങൾ പെട്ടെന്ന് തീർന്നു പോയതായി വായിച്ചതോർക്കുന്നു. ആളുകൾ കൂട്ടം ചേർന്ന് ആഘോഷിച്ചപ്പോൾ സംഭവിച്ചതാണ്. ഇത്രയേറെ മനുഷ്യർ മരിച്ചപ്പോൾ അതിൽ സന്തോഷിക്കാൻ എന്തിരിക്കുന്നുവെന്നായിരിക്കും ചോദ്യം.
ആഗോള സാമ്രാജ്യത്വത്തിന്റെ ഹെഡ് ആപ്പിസിനിട്ട് രണ്ട് പൊട്ടിച്ചതല്ലേ, അതിസമ്പന്നനായ യു.എസിന് അത് വേണമെന്ന അധമ വികാരം. ഇതിനോട് താരതമ്യം ചെയ്യാനാവില്ലെങ്കിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ ടീമുകളോടുള്ള ഇഷ്ടത്തിലുമുണ്ട് ചില കാരണങ്ങൾ. യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് അത്രതന്നെ ധനികരല്ല ഈ രാജ്യങ്ങൾ. ഇരു രാജ്യങ്ങളും ഗൾഫിലേക്ക് ബീഫ് ടിന്നിലടച്ച് കയറ്റി അയക്കും. മലയാളിയ്ക്ക് കപ്പ പരിചയപ്പെടുത്തിയത് ബ്രസീലാണ്. അതുകൊണ്ട് അർജന്റീനയും ബ്രസീലും ജയിക്കാൻ ആഗ്രഹിച്ചു പോകുന്നു. കടുത്ത അർജു ഫാൻസ് ബ്രസീലിനും ഇതേ ഗതി വന്നതോടെ ആഹ്ലാദത്തിലാണ്. മാതൃഭൂമി ന്യൂസ് വേൾഡ് കപ്പ് പരസ്യം വൻ ടീമുകൾ പുറത്താകുന്ന മുറയ്ക്ക് അപ് ഡേറ്റ് ചെയ്യുന്നുണ്ട്. നജീബിനെ അന്വേഷിച്ചെത്തുന്ന സംഘം അമ്മ ജെഴ്‌സി ഉണങ്ങാനിടുന്നത് നോക്കി ഓൻ ഞമ്മളെ ചോരയാണെന്ന് പറയുന്നത് മാറി മാറി ഇംഗ്ലണ്ട് വരെയെത്തി. വിഷുവും ഓണവും കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടാലും ആഘോഷ സംബന്ധമായ പരസ്യം വരുന്നതിലും വ്യത്യസ്തമായ അനുഭവം. ഈ ടൂർണമെന്റിലെ പല മാച്ചുകളിലും സെൽഫ് ഗോളുകൾ കണ്ടു. ഏറ്റവും ഒടുവിൽ ഉറുഗ്വായ് ഗോളി വെള്ളിയാഴ്ച സ്വന്തം വലയിലേക്ക് ബോൾ തട്ടുകയുണ്ടായി. ഇതേ പരിപാടി ചില രാഷ്ട്രീയ നേതാക്കളും ഒപ്പിക്കുന്നത് കണ്ടു. കൊച്ചി കലാലയത്തിലെ കൊലപാതകത്തിന് ശേഷം വന്ന വാർത്തകളിലൊന്നാണ്  എസ്ഡിപിഐക്കാർ ഡി.വൈ.എഫ്.ഐയിലും സി.പിഎമ്മിലും കയറിക്കൂടിയിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട്. ഇതു കണ്ടപ്പോൾ മലപ്പുറം ജില്ലയിൽ നിന്നുള്ള ഏക മന്ത്രി കെ.ടി ജലീൽ പ്രതികരിച്ചു. എസ്.ഡി.പി.ഐയിൽ നിന്നും സിമിയിൽ നിന്നും സി.പി.എമ്മിലേക്ക് നുഴഞ്ഞു കയറിയവരുടെ കാര്യം പരിശോധിക്കുമെന്നായിരുന്നു മന്ത്രിയുടെ സ്റ്റേറ്റ്‌മെന്റ്. 
 
***    ***    ***

ന്യൂസ് ചാനലിൽ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് അതിന്റേതായ രീതിയുണ്ട്. ഇന്നതേ അന്തിചർച്ചയിൽ വരാവൂ എന്ന് വാശി പിടിക്കാനാവില്ല. പാർട്ടി തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ ഇഷ്ട ഗാനങ്ങളും പാചകവും ടെലികാസ്റ്റ് ചെയ്യുന്ന കൂട്ടരല്ലേ. മഹാരാജാസിലെ കൊലപാതകം മാതൃഭൂമി ന്യൂസ് എന്തേ ചർച്ച ചെയ്യുന്നില്ല എന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ ചോദ്യം. ഒരർഥത്തിൽ ഈ ചോദ്യം അപ്രസക്തമാണ്. ആദ്യ ദിവസം വൈകുന്നേരം നമ്മളറിയണം എന്ന പ്രോഗ്രാമിൽ മാതൃഭൂമി ഇത് ചർച്ച ചെയ്തതാണ്. റിപ്പോർട്ടർ ടിവിയിലും അതേ ദിവസം ചർച്ചയുണ്ടായി. മാധ്യമ പ്രവർത്തകൻ എൻ.പി ചെക്കുട്ടി പങ്കെടുത്ത സംവാദം. മാതൃഭൂമിയിൽ വെള്ളിയാഴ്ച രാത്രി വേണു നയിച്ച സൂപ്പർ പ്രൈം ടൈമുമുണ്ടായിരുന്നു. മാതൃഭൂമി ന്യൂസിൽ ഇക്കഴിഞ്ഞ ഏഴിന് നടത്തിയ ഒരു ചർച്ചയുടെ പേരിൽ പോലീസ് കേസെടുത്തിരിക്കുകയാണ്. ആലുവയിലെ പോലീസ് അതിക്രമത്തെ ആധാരമാക്കിയായിരുന്നു സംവാദം. മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന പരാതിയിൽ 153-ാം വകപ്പ് പ്രകാരമാണ് മാതൃഭൂമി ചാനൽ അവതാരകൻ വേണു ബാലകൃഷ്ണനെതിരെ കേസെടുത്തത്. ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ആർ ബിജു സിറ്റി പൊലീസ് കമീഷണർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഒരു മാധ്യമ പ്രവർത്തകന്റെ പേരിൽ ഇത്തരമൊരു കേസ് കേരളത്തിൽ ആദ്യമായിട്ടായിരിക്കും. ഇതിന്റെ ഇൻട്രോ കേട്ടപ്പോൾ കുറച്ചു ഓവറല്ലേ എന്ന് സംശയിച്ചിരുന്നു. ഉമിനീരിറക്കാതെ നോമ്പെടുത്ത മുസ്‌ലിം സഹോദരന്മാരെ.. എന്ന രീതിയിലുള്ള അഭിസംബോധന ഇല്ലാതെയും വിഷയം അവതരിപ്പിക്കാമായിരുന്നു. എന്ന് വെച്ച് അത് അത്ര വലിയ ഒഫൻസുമല്ല. ഇത് കേട്ടതിന്റെ പേരിൽ കേരളത്തിന്റെ സമുദായ സൗഹാർദം പെട്ടെന്ന് കുഴപ്പത്തിലായെന്ന് വിചാരിക്കുന്നുമില്ല. 
ഇന്ത്യൻ ശിക്ഷാ നിയമം 153എ പ്രകാരം കുറ്റകരവും ശിക്ഷാർഹവും മൂന്നു വർഷം വരെ ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണിതെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ചർച്ചയുടെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന സിഡി സഹിതമാണ് പരാതി നൽകിയത്. 
 
***    ***    ***

റിപ്പോർട്ടർ ചാനലിലെ അവതാരകനായ അഭിലാഷ് മോഹനൻ ചാനൽ ചർച്ചകളിൽ സ്ഥിരമായി സംഘപരിവാർ പ്രതിനിധികളെ വെള്ളം കുടിപ്പിക്കാറുണ്ട്. ഇത്തവണ അഭിലാഷിൽ നിന്നും പണി കിട്ടിയത് പ്രമുഖ മാധ്യമ നിരീക്ഷകൻ ഒ.അബ്ദുല്ലയ്ക്കാണ്. എസ്ഡിപിഐയെ നിരോധിക്കണമോ എന്ന വിഷയത്തിലാണ് അഭിലാഷ് ചർച്ച സംഘടിപ്പിച്ചത്. ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം, ഒ അബ്ദുല്ല, യൂത്ത് ലീഗിന്റെ അഷ്‌കർ എന്നിവരടക്കമുള്ളവരാണ് ചർച്ചയിൽ പങ്കെടുത്തത്. എസ്എഫ്‌ഐയുടെ കാമ്പസുകളിലെ പ്രവർത്തന രീതി മൂലമാണ് അഭിമന്യു കൊല്ലപ്പെട്ടത് എന്ന് ഒ. അബ്ദുല്ല പറഞ്ഞു. അദ്ദേഹത്തിന്റെ വാദങ്ങളുടെ മുന ഒടിക്കുന്നതായിരുന്നു അഭിലാഷിന്റെ പ്രകടനം. 
കേരളത്തിലെ മുസ്‌ലിം ജനവിഭാഗത്തിന് നിലവിൽ ഒരു അരക്ഷിതാവസ്ഥയും ഇല്ലെന്ന് അഭിലാഷ് ചൂണ്ടിക്കാട്ടി. എന്തിനാണ് ഇല്ലാത്ത ഇരവാദം പറഞ്ഞ് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതെന്നും അഭിലാഷ് ചോദിച്ചു. 
 
***    ***    ***

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. പൾസർ സുനിയുടെ മുൻ അഭിഭാഷകൻ അഡ്വ ആളൂരാണ് അവാസ്തവം എന്ന പേരിട്ട സിനിമയുടെ നിർമ്മാതാവ്. നടി ആക്രമിക്കപ്പെടുന്നതിൽ തുടങ്ങി ദിലീപ് ജയിൽ മോചിതനാകുന്നത് വരെയുള്ള സംഭവങ്ങളാണ് ഇതിവൃത്തം. ദിലീപും ചിത്രത്തിൽ പ്രധാന റോളിൽ എത്തുമത്രെ. ആക്രമിക്കപ്പെട്ട നടിയായി വിദ്യാ ബാലനെയോ അനുഷ്‌കാ ഷെട്ടിയെയോ ആണ് പരിഗണിക്കുന്നത്. ക്രിമിനൽ അഭിഭാഷകനായ അഡ്വ ആളൂർ പൾസർ സുനിയുടെ വക്കാലത്ത് ഉപേക്ഷിച്ചത് സിനിമാ വ്യവസായത്തിൽ സജീവമാകുന്നതിന് വേണ്ടിയാണെന്ന്  സൂചനകളുണ്ടായിരുന്നു. ദിലീപ് ഡിജിപിയായി എത്തുന്ന ചിത്രത്തിൽ സലീംകുമാർ, ഇന്ദ്രൻസ്, കെപിഎസി ലളിത മാമുക്കോയ എന്നിവരും വേഷമിടും. 
 
***    ***    ***

സ്ത്രീപീഡനക്കേസ് വന്നത് നന്നായെന്നും അതുമൂലം തന്റെ ജീവിതം ശുദ്ധീകരിക്കപ്പെട്ടെന്നും നടൻ ഉണ്ണിമുകുന്ദൻ കൈരളിയിൽ ബ്രിട്ടാസ് നയിക്കുന്ന ജെ.ബി ജംഗ്ഷനിൽ പറഞ്ഞു. ആ കേസ് വന്ന സമയം ജീവിതത്തിലെ ഏറ്റവും പോസിറ്റീവായ സമയമാണെന്നാണ് വിശ്വസിക്കുന്നത്. എന്റെ സിനിമകൾ വിജയിക്കുന്നു, എന്നെക്കുറിച്ച് നല്ലത് ആളുകൾ പറയുന്നു. ചില സമയത്ത് നമ്മൾ വിചാരിക്കും നമുക്ക് ഇത്രയും കൂട്ടുകാർ ഉണ്ട് എന്ത് വന്നാലും അവർ കൂടെ തന്നെ ഉണ്ടാകുമെന്നൊക്കെ. സത്യത്തിൽ ഈ കേസുമായി പങ്കുചേർന്ന ആളുകളോടും എല്ലാവരോടും എനിക്ക് നന്ദി പറയാനാണുള്ളത്. ഇങ്ങനെ ഒരു കേസ് ഉണ്ടായതിനുശേഷം എന്റെ ജീവിതത്തിലെ സകല നെഗറ്റിവിറ്റിയും പോയി. ഇന്നെനിക്ക് കൃത്യമായറിയാം എന്റെ കൂടെ ആരൊക്കെയുണ്ടാകുമെന്ന്, ഞാൻ ഫോൺ വിളിച്ചാൽ ആരെല്ലാം ഫോൺ എടുക്കും എന്നെല്ലാം. കേസ് ആരംഭിക്കുന്നതിന് മുൻപ് എനിക്ക് നൂറ്റിയമ്പതോളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അത് വല്ലാതെ ചുരുങ്ങി. എന്റെ ജീവിതം ശരിക്കും ശുദ്ധീകരിക്കപ്പെട്ടു. ഈ മുപ്പത്തിയൊന്നാം വയസിൽ ഇങ്ങനെയൊന്ന് ഉണ്ടാവേണ്ടത് എന്നെപ്പോലൊരാൾക്ക് ആവശ്യമായിരുന്നു. ഞാൻ തിരിച്ചറിയുകയാണ് എന്റെ ജീവിതത്തിൽ ഞാനീ വിചാരിച്ച ആളുകൾ ഒന്നും എന്റെ കൂടെയില്ല എന്ന്-സിനിമാ താരം തിരിച്ചറിഞ്ഞ യാഥാർഥ്യം വിശദീകരിച്ചു.  
***    ***    ***

ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥി നടി ശ്വേത മേനോൻ.  ഷോയിൽ ഒരു ദിവസം ഒരു ലക്ഷം രൂപയാണ് ശ്വേത വാങ്ങുന്നത്. അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിന് 80000 രൂപയാണ് ഒരു ദിവസത്തെ പ്രതിഫലം.  മത്സരാർത്ഥികൾക്ക് ജനങ്ങൾക്കിടയിലുള്ള പേരും പ്രശ്‌സ്തിയും അടിസ്ഥാനമാക്കിയാണ് പ്രതിഫലം നിർണയിക്കുന്നത്. 100 ദിവസമാണ് ഷോയുടെ കാലാവധി. ഇത്രയും ദിവസം ഇവരെയൊക്കെ കൂട്ടിലാക്കിയതിന് ഏഷ്യാനെറ്റിന് നന്ദിയെന്നാണ് ഒരു വിരുതൻ കമന്റിയത്. 
 
***    ***    ***

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ടെലിവിഷനിൽ കാണിക്കുമ്പോൾ കാഴ്ചക്കാരുടെ എണ്ണം കുത്തനെ ഉയരുന്നുവെന്ന് വ്യക്തമാക്കി ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ(ബാർക്) കണക്കുകൾ. ഏപ്രിൽ, മെയ്  മാസങ്ങളിൽ ദൂരദർശനിൽ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ, പിഎം മോഡി കൃഷി ഉന്നതി മേള എന്നീ പരിപാടികൾ സംപ്രേഷണം ചെയ്തിരുന്നു. മുൻ ആഴ്ചകളിൽ ഇതേ സമയത്തേക്കാൾ ഇരട്ടിയിലധികം കാഴ്ചക്കാർ ഈ സമയം ദൂരദർശനുണ്ടായിരുന്നുവെന്ന് ബാർക് കണക്കുകൾ വ്യക്തമാക്കി. 
മോഡി പരിപാടികളിൽ പങ്കെടുക്കുന്ന പ്രദേശത്തെ ടിവി ചാനലുകൾക്കും കാഴ്ചക്കാരുടെ എണ്ണം കൂടുന്നുണ്ട്. ഫെബ്രുവരി നാലിനു ബംഗളൂരുവിൽ പരിവർത്തൻ റാലിയിൽ മോഡി പങ്കെടുത്തപ്പോൾ കന്നഡ വാർത്താ ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണം 418 ശതമാനമായി ഉയർന്നു. പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ നടന്ന ചരക്കു സേവന നികുതി പ്രാബല്യത്തിൽ വന്ന ചടങ്ങ് 15 കോടി പേർ കണ്ടു. ഇതോടെ ഹിന്ദി വാർത്താ ചാനലുകളുടെ കാഴ്ചക്കാർ 240 ശതമാനവും ഇംഗ്ലീഷ് വാർത്താ ചാനലുകളുേെടത് രണ്ടിരട്ടിയായും വർധിച്ചു. ചടങ്ങിന്റെ ഭാഗമായി ഏഴു മണിക്കും എട്ടിനുമിടയിൽ മോഡി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോൾ പ്രേക്ഷകരുടെ എണ്ണം 20 കോടിയായി. ചടങ്ങ് ടിവിയിൽ കണ്ട സ്ത്രീകളുടെ എണ്ണം ഇംഗ്ലീഷ് ചാനലുകളിൽ 123 ഉം ഹിന്ദിയിൽ 239 ഉം ശതമാനവും ഉയർന്നു. പുരുഷന്മാരുടെ എണ്ണം ഇംഗ്ലീഷ് ചാനലുകളിൽ 101 ഉം ഹിന്ദി ചാനലുകളിൽ 240 ശതമാനവും വർധിച്ചു. ലോക പര്യടനം സ്ഥിരമായി സംപ്രേഷണം ചെയ്യുന്ന കാര്യം ചാനലുകൾക്ക് ആലോചിക്കാവുന്നതാണ്. രാജ്യസഭാ അംഗവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി വട്ടവടയിലെ അഭിമന്യുവിന്റെ വീട്ടിലെത്തി പൂനിലാവ് പോലെ പുഞ്ചിരി തൂകിയ ചിത്രങ്ങൾ സംപ്രേഷണം ചെയ്താൽ മലയാള ചാനലുകൾക്കും റേറ്റിംഗ് കൂട്ടാം.