Saturday , February   16, 2019
Saturday , February   16, 2019

ഒരു വള്ളുവനാട്ടുകാരന്റെ ദൽഹി ഗാഥകൾ 

ഉണ്ണികൃഷ്ണൻ തിരുവാഴിയോട്
കെ. കരുണാകരൻ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം ഉണ്ണികൃഷ്ണൻ.
ഉണ്ണികൃഷ്ണൻ തിരുവാഴിയോടിന്റെ കൃതികൾ.
ഉണ്ണികൃഷ്ണൻ തിരുവാഴിയോട്

എഴുത്തിന്റെ ലോകത്ത് പുതിയ ഭാവുകത്വം പകർന്ന ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോട് ജീവിതം പറയുന്നു

ഉച്ചഭക്ഷണ സമയത്ത് എന്റെ കോട്ടിൽ വീണ കറിയുടെ അംശം സ്വന്തം പ്ലേറ്റിലെ സലാഡിൽ ഉണ്ടായിരുന്ന ചെറുനാരങ്ങ കഷണം എടുത്ത് ഉരച്ച് ഇന്ദിരാജി വൃത്തിയാക്കിത്തന്നു. ഓർക്കണം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് അവരിത് ചെയ്യുന്നത്. നമുക്ക് അതൊക്കെ എങ്ങനെ മറക്കാൻ കഴിയും?


ദൽഹി കേന്ദ്രീകരിച്ച് എം.പി. നാരായണപിള്ളയും കാക്കനാടനും ഒ.വി വിജയനും എം. മുകുന്ദനും പുനത്തിൽ കുഞ്ഞബ്ദുള്ളയും മലയാള സാഹിത്യത്തിൽ ആധുനികതയുടെ ആരവമുയർത്തി അരങ്ങു തകർത്ത അറുപതുകളിൽ അവർക്കൊപ്പമെഴുതിയ എഴുത്തുകാരനായിരുന്നു ഉണ്ണികൃഷ്ണൻ തിരുവാഴിയോട്. ആധുനികത അലകടലായി ഇളകി മറിഞ്ഞ് കഥയിൽ കലാപ മായി വായനക്കാരെ പിടിച്ചുലച്ചും പരിഭ്രമിപ്പിച്ചും പാപപങ്കിലമാക്കിയും അ ലങ്കോലപ്പെടുത്തുകയും അലോസരപ്പെടുത്തുകയും ചെയ്ത കാലത്ത് ഒരു ഹ്രസ്വ സമയത്തേക്കെങ്കിലും ആ പാരമ്പര്യത്തിന്റെ നൈരന്തര്യത്തിൽ കണ്ണി ചേർന്ന് തന്നെ എഴുതുക എന്ന ദുർവിധിയുടെ തടവുകാരനായി തീരുകയായിരുന്നു അദ്ദേഹവും. 
ഫലത്തിൽ ദൽഹിയിൽ അധിവസിച്ച് കഥകളെഴുതിയിരുന്ന മലയാള  എഴുത്തുകാരിൽ പലരും അന്ന് ഏറ്റുവാങ്ങിയ ഒരു വലിയ ദുരന്തത്തിന് ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോടും ഇരയാവുകയായിരുന്നു. അക്കാലത്ത് ദൽഹിയി ൽ നിന്നും കേരളത്തിലെ പത്രമാസികകളിൽ തപാലിലെത്തുന്ന കഥകൾക്ക് ആധുനികതയുടെ അനുരണനങ്ങൾ അനിവാര്യമാണെന്ന അദൃശ്യ നിഷ്‌കർ ഷയുടെ അപ്രതിരോധ്യമായ ആജ്ഞ അനുസരിക്കാൻ അറിഞ്ഞും അറിയാ തെയും കഥാകാരൻമാർ ബാധ്യസ്ഥരായിരുന്നു. പ്രത്യേകിച്ചും കഥയെഴുത്തി ന്റെ ലൈംലൈറ്റിലേക്ക് പാദമൂന്നാൻ ശ്രമിക്കുന്നവർക്കും അവിടെ പിടിച്ചു നി ൽക്കാൻ ആഗ്രഹിച്ചിരുന്നവർക്കും. ഇത്തരം ഒരു സാഹചര്യത്തിലാണ് ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോട് എന്ന എഴുത്തുകാരൻ യഥാർഥത്തിൽ തന്നിലെ കഥാകാരൻ എന്തെഴുതണമെന്നാഗ്രഹിച്ചോ അതെഴുതാൻ കഴിയാതെ ആധുനികതയുടെ ആഴക്കയങ്ങളിലേക്ക് ആണ്ടു പോകുന്നത്. 
പക്ഷെ, വൈകാതെ കഥകളിൽ താനതുവരെ അനുഷ്ഠിച്ച എഴുത്തു രീ തിയുടെ സാമ്പ്രദായികതയിൽ വ്യതിരിക്തതയുടെ വ്യക്തത ശക്തമായി വി ളംബരം ചെയ്യണമെന്ന ബോധോദയം അദ്ദേഹത്തിനുണ്ടായി. ആധുനികതയു ടെ സംഹാര താണ്ഡവത്തിൽ വരിയുടക്കപ്പെടുന്ന കഥയുടെ വിഷയവും വീ ര്യവും വിധിയും വീറോടെ തിരുത്തി വിശുദ്ധമാക്കാൻ അദ്ദേഹം തീരുമാനിക്കുന്നത് അങ്ങനെയാണ്. സ്വന്തം സ്വത്വത്തിന്റെ സ്വതന്ത്രമായ അടയാളപ്പെടുത്തലുകളെ കാലത്തിന്റെ യാഥാർഥ്യങ്ങളുമായി ചേർത്തു വെച്ച് കഥകളിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് പിന്നീടദ്ദേഹം നടത്തിയത്. 


അസാധാരണമായ ആത്മവിശ്വാസത്തോടെയുള്ള ഈ വ്യതിചലനവും കഥയിൽ ജീവിതഗന്ധിയായ മറ്റൊരു ലോകത്ത് സ്വയം പ്രതിഷ്ഠിക്കാനുള്ള ശ്രമവും അന്ന് ധീരവും ധിക്കാര പൂർവവുമായ ഒരു മുന്നേറ്റമായിരുന്നു. അ തിനു പക്ഷെ, ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോടിന് വലിയ വിലകൊടുക്കേണ്ടി വന്നു. അതോടെ ആധുനിക കഥയെ വായനക്കാർക്കായി മാർക്കറ്റു ചെയ്യാനുള്ള മൊത്തക്കുത്തകയുടെ അവകാശികളായി സ്വയം കച്ചകെട്ടിയിറങ്ങിയ അ ന്നത്തെ നിരൂപകപ്രഭൃതികൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കഥകളെയും ക്രൂരമായി തിരസ്‌കരിക്കുകയും തമസ്‌ക്കരിക്കുകയും ചെയ്തു. ഭാവതീവ്രത യും വാങ്മയ ചിത്രങ്ങളുടെ മാസ്മരികതയും അനുഭവങ്ങളുടെ ആഴക്കടലും ജീവിത വൈചിത്ര്യങ്ങളുടെ മുഹൂർത്ത വൈവിധ്യങ്ങളും നിറച്ചാർത്തുകളായി നിറഞ്ഞു തുളുമ്പി നിൽക്കുന്ന ഒട്ടനവധി മികവുറ്റ കഥകളെഴുതിയിട്ടും പിൽക്കാലത്ത് ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോട് അർഹിക്കുന്ന ആദരവു കിട്ടാ തെ അവഗണിക്കപ്പെട്ടു പോയത് കഥയെഴുത്തിൽ അദ്ദേഹം സ്വയം കൈകൊ ണ്ട ഈ നിലപാടിന്റെ അനന്തരഫലമായിട്ടായിരുന്നു. 
എം.പി. നാരായണപിള്ളയും കാക്കനാടനും ഒ.വി. വിജയനും എം. മുകുന്ദനും പുനത്തിൽ കുഞ്ഞബ്ദുള്ളയും പിൽക്കാലത്ത് പ്രവാസത്തിന്റെ ഭൂ മികയിൽ നിന്നും സ്വയം പറിച്ചെടുത്ത് ജനിച്ച മണ്ണിലേക്കു മടങ്ങുകയും ആ ധുനികതയെ അപ്പാടെ പടിയടച്ച് പിണ്ഡം വയ്ക്കുകയും കഥയിൽ പുതിയ മാനങ്ങൾ തീർക്കുകയും അങ്ങനെ തങ്ങളുടെ കഥയേയും ജീവിതത്തെയും ശാശ്വത സുരക്ഷിതത്വത്തിന്റെ മറ്റൊരു ലോകത്ത് ഏറെക്കുറെ തന്ത്രപൂർവം പുതുക്കിപ്പണിയുകയും ചെയ്തപ്പോൾ അവർക്ക് മുമ്പേ ആധുനികതയെ യു ക്തിപൂർവം കൈയൊഴിഞ്ഞ്, ഒരു പക്ഷെ, അവർക്ക് വഴികാട്ടി തന്നെ ആയി തീർന്ന ഉണ്ണികൃഷ്ണൻ തിരുവാഴിയോടിനെ പോലുള്ള കഥാകാരൻമാർക്ക് തിരസ്‌കാരത്തിന്റെ കയ്പ്പുനീരായിരുന്നു കാലം കരുതി വച്ചത്. ജൻമദേശ ത്തേക്കുള്ള തിരിച്ചു വരവിനെ ഒരു മഹാഭാഗ്യമായി കാണുകയും ആ ഭാഗ്യത്തിന്റെ ഭാഗമായി തീരാൻ ഇതുവരെ ഭാഗ്യം ലഭിക്കാതിരിക്കുകയും ചെയ്ത ഉണ്ണികൃഷ്ണൻ തിരുവാഴിയോട്, ദൽഹിയിൽ പ്രവാസത്തിന്റെ മഹത്തായ അരനൂറ്റാണ്ടു പൂർത്തിയാക്കി കഴിഞ്ഞ വേളയിൽ മനസ്സ് തുറക്കുന്നു:  

1966-ലാണ് താങ്കൾ ദൽഹിയിലെത്തുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായിട്ടായിരുന്നു തുടക്കം. കഥയെഴുത്തിന്റെ തുടക്കവും അവിടെ നിന്നു തന്നെയാണോ?
അല്ല. പാലക്കാട് വിക്‌ടോറിയ കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പൊഴേ വായനയും എഴുത്തുമുണ്ടായിരുന്നു. കഥയെഴുത്തിൽ കൂടുതൽ സജീവമായ ത് ദൽഹിയിൽ വന്നതോടെയാണ്. കോളജിൽ പഠിക്കുമ്പോൾ രണ്ടാം ഭാഷ ഹിന്ദിയായിരുന്നിട്ടും പലപ്പോഴും എസ്. ഗുപ്തൻ നായർ സാറിന്റെയും എം. ലീലാവതി ടീച്ചറുടേയും മലയാളം ക്ലാസുകളിൽ നുഴഞ്ഞു കയറിയത് സാഹിത്യ താൽപര്യം കൊണ്ടു തന്നെയായിരുന്നു. സാഹിത്യം, വായന എന്നിവയെ കുറിച്ച് വിശാലമായ കാഴ്ചപ്പാടുകൾ തന്നത് അവരുടെ ക്ലാസുകളാണ്. പിന്നീട്, കോഴിക്കോട്ട് ഫാറൂഖ് ട്രെയിനിംഗ് കോളജിൽ ബി.എഡ് വിദ്യാ ർഥിയായിരിക്കുമ്പോഴാണ് 1963-ൽ ആദ്യകഥയെഴുതിയത്-മൂഷികസ്ത്രി. അ ത് കോളജ് മാഗസിനിൽ പ്രസിദ്ധീകരിച്ചു വരികയും ചെയ്തു.

ഉണ്ണികൃഷ്ണൻ തിരുവാഴിയോട് എന്ന കഥാകൃത്ത് അങ്ങനെ പിറന്നു എന്നു പറയാം. അല്ലേ?
അതു നേരാണ്. പക്ഷെ, ആ കഥയെഴുതിയത് സി.സി. ഉണ്ണികൃഷ്ണൻ എന്ന പേരിലാണ്. ഉണ്ണികൃഷ്ണൻ തിരുവാഴിയോട് എന്ന് എന്റെ പേരു മാറ്റിയതിന്റെ ക്രെഡിറ്റ് മുഴുവനും എസ്. ഗുപ്തൻ നായർ സാറിനാണ്. മൂഷികസ് ത്രി കുട്ടികളുടെ ഇടയിൽ എനിക്ക് നല്ല പേരുണ്ടാക്കി തന്നു. അതിന്റെ ആവേശത്തിൽ കുറച്ച് കഥകളെഴുതി. ആ കഥകൾ ആരെയെങ്കിലും കാണിച്ച്, തിരുത്തി പാകപ്പെടുത്തണമെന്ന് തോന്നി. ആരെ കാണിക്കും? ആലോചിച്ചപ്പോൾ നേരിയ പരിചയമുള്ളത് ഗുപ്തൻ നായർ സാറിനെയാണ്. ഒരൊഴിവു ദിനം പാലക്കാട്ടെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്നു. കാര്യം പറഞ്ഞപ്പോൾ താൽപര്യപൂർവമാണ് അദ്ദേഹം കഥകൾ വായിച്ചത്. കഥകളെല്ലാം നല്ല നിലവാരം പുലർത്തുന്നവയാണ് എന്നദ്ദേഹം അഭിപ്രായപ്പെട്ടത് എനിക്കേറെ ആത്മവിശ്വാസം നൽകി. തുടർന്നാണ് ഒരത്ഭുതമുണ്ടായത്. കഥകളിൽനിന്നും രണ്ടെണ്ണം തെരഞ്ഞെടുത്ത് ഇവ നമുക്ക് ജനയുഗത്തിന് നൽകാം എന്നദ്ദേഹം പറഞ്ഞു. പത്രാധിപർ കാമ്പിശ്ശേരി കരുണാകരന് ഒരു ചെറു കുറിപ്പോടെ അദ്ദേഹം തന്നെയാണ് കഥകൾ അയച്ചു കൊടുത്തത്. അപ്പോഴാണ് അ ദ്ദേഹം എന്റെ പേര് ഉണ്ണികൃഷ്ണൻ തിരുവാഴിയോട് എന്നാക്കി മാറ്റിയത്.

കാമ്പിശ്ശേരിയുടെ കാലം എന്നു പറഞ്ഞാൽ മലയാളത്തിലെ പ്രഗത്ഭരായ എഴുത്തുകാരെ അണിനിരത്തി ജനയുഗം വാരിക കത്തിജ്വലിച്ചു നിൽക്കു ന്ന കാലം. ലബ്ധപ്രതിഷ്ഠർ വാരികയിൽ എഴുതികൊണ്ടിരുന്ന കാലം. അവിടെ കഥയിലെ കന്നിക്കാരന് കടന്നിരിക്കാൻ ഇടം കിട്ടിയോ?
കിട്ടി. 1965-ൽ എന്റെ രണ്ടു കഥകളും അടുത്തടുത്ത ആഴ്ചകളിലായി ജനയുഗം വാരിക വളരെയേറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അതെനിക്ക് തുടരെ കഥകളെഴുതാനുള്ള കരുത്തും നൽകി. ജനയുഗം, മലയാളരാജ്യം, മംഗളോദയം, മലയാളനാട്, മാതൃഭൂമി, കലാകൗമുദി എന്നിവയിലൊക്കെ എഴുതി. മലയാളരാജ്യമാണ് കഥയ്ക്ക് ആദ്യ പ്രതിഫലം തന്നത് - 10 രൂപ! അന്ന് അതൊരു വലിയ സംഖ്യയാണ്.

ഹിപ്പി താങ്കളുടെ ആദ്യത്തെ നോവലാണ്. 1970-ൽ കേരളശബ്ദം വാരികയിൽ പ്രസിദ്ധീകരിച്ചപ്പോൾ വളരെയേറെ വായനക്കാരെ ആ കർഷിച്ച നോവലാണത്. എന്തായിരുന്നു ആ നോവൽ രചനയുടെ പ്രചോദനം?
ഉടഞ്ഞ വിഗ്രഹങ്ങളുടെയും ഒഴിഞ്ഞ ശ്രീകോവിലുകളുടെയും മുമ്പിൽ അമ്പരന്നു നിൽക്കേണ്ടി വന്ന, വിശ്വാസരാഹിത്യത്തന്റെയും മയക്കുമരുന്നുകളുടെയും ഊഷരഭൂമിയിൽ അശരണരും അരക്ഷിതരുമായി അലയേണ്ടി വന്ന ദൽഹിയിലെ യുവതലമുറയുടെ നിരാശയത്രയും ആവാഹിച്ചെടുത്ത് എഴുതിയ ഒരു കൃതിയായിരുന്നു അത്. 1969 ഫെബ്രുവരിയിൽ പാർലമെന്റിൽ ബജറ്റ് അവതരണത്തിന്റെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രനധനകാര്യ മന്ത്രിയുടെ സഹായികളുടെ കൂട്ടത്തിലൊരാളായിരുന്നു ഞാൻ. അതിന്റെ തിരക്കിൽ ശ്വാസം മുട്ടി ഏതാനും ആഴ്ചകൾ. ധനകാര്യ മന്ത്രിയുടെ ബജറ്റ് അ വതരണം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ രാത്രി വൈകിയിരുന്നു. നല്ല ക്ഷീണമുണ്ട്. എല്ലാം മറന്ന് ഒന്നുറങ്ങണം എന്നാണ് കരുതിയത്. പക്ഷെ, ആ രാത്രി ഏതോ ഒരു നിയോഗം പോലെ ഞാൻ ഹിപ്പി എഴുതാൻ തുടങ്ങുകയാ യിരുന്നു. ആ നോവൽ അതിനു മുമ്പ് എന്റെ മനസിലുണ്ടായിരുന്നോ? എനിക്കറിയില്ല. എഴുത്ത് അന്നുമിന്നും എനിക്കൊരു പ്രഹേളികയാണ്. 

ഹിപ്പിക്ക് പിറകെ ഒരു ധ്വനി ആയിരം പ്രതിധ്വനി, മരണത്തിന്റെ നിറം എന്നീ നോവലുകളും താങ്കൾ എഴുതിയിട്ടുണ്ട്. എങ്കിലും ഒരു നോവലിസ്റ്റ് എന്ന നിലയിൽ താങ്കളെ മലയാളത്തിൽ പ്രതിഷ്ഠിച്ചത് പണം എന്ന നോവലാണ്. കറൻസി നിർമാണം, അതിന്റെ വിനിയോഗം, പണം സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ സൃഷ്ടിക്കുന്ന സ്വാധീനം, ഉന്നതങ്ങളിൽ അതിന്റെ ദു രുപയോഗം, പൂഴ്ത്തിവെയ്പ്, പണം കള്ളപ്പണമായി മാറുന്ന വഴികൾ-വിദ്യകൾ തുടങ്ങിയവ തൻമയത്വത്തോടെ അവതരിപ്പിക്കുന്നുണ്ട് ആ നോവലിൽ. ഒരു പക്ഷെ, അതെഴുതിയ കാലത്തേക്കാൾ അതിന് പ്രസക്തിയും പ്രാധാന്യ വും ഇന്നാണെന്നു തോന്നുന്നു. പണത്തെ ചൂഴ്ന്നു നിൽക്കുന്ന ഒരു പിടി ര ഹസ്യങ്ങളെ മറനീക്കി കാണിക്കാൻ താങ്കൾക്ക് കഴിഞ്ഞത് എങ്ങനെയാണ്?
മധ്യപ്രദേശിലെ മാൾവയിൽ ഇന്ത്യൻ കറൻസി അച്ചടി കേന്ദ്രമായ ദേ വാസിൽ, പ്രസ് അഡ്മിനിസ്‌ട്രേറ്റീവ് മാനേജരായി 1976 മുതൽ 1980 വരെ ഞാൻ ജോലി ചെയ്തിരുന്നു. ആ കാലത്തെ അനുഭവങ്ങളാണ് പണം എഴുതാൻ പ്രചോദനം. പണം, സാമൂഹ്യമായും സാമ്പത്തികമായും മനുഷ്യരിൽ സൃഷ്ടിക്കുന്ന സ്വാധീനത്തിന്റെയും ദുഃസ്വാധീനത്തിന്റെയും കഥകളും അറി യാകഥകളും വായനക്കാരിൽ എത്തിക്കണം എന്നു തോന്നിയപ്പോഴാണ് ആ നോവൽ എഴുതിയത്. പണം ക്രയവിക്രയം ചെയ്യുന്ന കാലത്തോളം നോവലിന് പ്രസക്തിയുണ്ടാവും എന്നു ഞാൻ കരുതുന്നു. 

വായനക്കാർക്കിടയിൽ താങ്കളെ ഏറെ പ്രശസ്തനാക്കിയ നോവലാണ് ദൃക്‌സാക്ഷി. 1989-ലാണ് അത് കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചു വരുന്നത്. 1992-ൽ കേരള സാഹിത്യ അക്കാദമി അവാർഡു നേടിയ ആ കൃതിയെ താങ്കളുടെ മാസ്റ്റർപീസ് ആയി വിശേഷിപ്പിക്കാം എന്നു തോന്നുന്നു. 
ദൃക്‌സാക്ഷിയാണോ എന്റെ മാസ്റ്റർപീസ്? എനിക്കറിയില്ല. ഓരോ കൃതിയും മാസ്റ്റർപീസ് ആയി തീരണമെന്ന ആഗ്രഹത്തോടെ പരമാവധി പണിപ്പെട്ടും പരിശ്രമിച്ചുമാണ് ഞാൻ എഴുതുന്നത്. അതെന്തായാലും 2004-ൽ, മലയാള നോവൽ കടന്നു വന്ന ഒന്നേകാൽ നൂറ്റാണ്ടിന്റെ ചരിത്രവഴികളിലെ ഏ റ്റവും മികച്ച 84 നോവലുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെടാനുള്ള ഭാഗ്യം ദൃക്‌സാക്ഷിക്കുണ്ടായി. വിഷയ സ്വീകരണത്തിലെ സവിശേഷത, ശിൽപഭദ്ര തയുടെ അന്യൂനത, ഗഹനതയെ ലാളിത്യം കൊണ്ട് മറികടക്കുന്ന മാന്ത്രികത എന്നിവ ദൃക്‌സാക്ഷിയെ മികവുറ്റതാക്കുന്നു എന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. 

പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ദാരുണമായ വധത്തെ തുടർന്നു വരുന്ന മൂന്നു ദിവസത്തെ ദൽഹിയുടെ ചിത്രവും ചരിത്രവുമാണ് ദൃക്‌സാക്ഷി. ഇന്ദിരാ ഗാന്ധിയുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഒരാളാണ് നോവ ലിലെ നായകനായ രവികുമാർ. താങ്കളുടെ ആത്മാംശം ഏറെ ഉൾക്കൊള്ളു ന്ന ഒരാളാണ് രവി എന്ന് നോവൽ വായനക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകും. ശ്രീമതി ഗാന്ധിയുമായി ഉണ്ടായിരുന്ന ഒരു അടുപ്പം എങ്ങനെയായിരുന്നു?
തികച്ചും ഔദ്യോഗികവും ആഴമുള്ളതും അങ്ങേയറ്റം സൗഹൃദപരവുമായിരുന്നു അത്. അക്കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളെ ഇന്ത്യൻ സ മ്പദ് വ്യവസ്ഥയുടെ നെടും തൂണാക്കി മാറ്റുന്നതിൽ ശ്രീമതി ഗാന്ധിയുടെ പ ങ്കും സ്വാധീനവും വളരെ വലുതായിരുന്നു. അതിന്റെ ഭാഗമായി പൊതുമേഖ ലാ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സമ്മേളന ങ്ങളിൽ പ്രധാനമന്ത്രി സന്നിഹിതയാവുക അന്ന് പതിവാണ്. വിജ്ഞാൻ ഭവനിൽ വെച്ചു നടക്കുന്ന ഈ കൂടിക്കാഴ്ചകളുടെ ചുമതല ബ്യൂറോ ഓഫ് പബ്ലിക്ക് എന്റർപ്രൈസസി(ബിപിഇ)നായിരുന്നു. ബിപിഇയിലെ ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഈ കൂടിക്കാഴ്ചകൾ ഒരുക്കേണ്ട ചുമതല എന്റേതായിരുന്നു. പ്രധാന മന്ത്രിയുടെ സുരക്ഷാ സന്നാഹങ്ങളൊന്നും അന്ന് അത്ര കർശനമായിരുന്നില്ല. എങ്കിലും അതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കൃത്യനിഷ്ഠയോടെ ചെയ്യേണ്ടതുണ്ടായിരുന്നു, എനിക്ക്. അതിനായി ഒരുപാട് കാര്യങ്ങൾ ചോദിക്കാനും ചർച്ച ചെയ്യാനും എനിക്കവരെ കൂടെക്കൂടെ കാണേണ്ടി വന്നു. ഒരർഥത്തിൽ അവർ താമസിക്കുന്ന സൗത്ത് ബ്ലോക്കിലെ പ തിവു സന്ദർശകനായിരുന്നു ഞാൻ. ഒരുപാടു തവണ അവരോടൊപ്പം യാത്ര ചെയ്യേണ്ടിയും വന്നിട്ടുണ്ട്. അങ്ങേയറ്റം കുലീനവും ഊഷ്മളവും ആദരവു തോന്നിക്കുന്നതുമായിരുന്നു അവരുടെ പെരുമാറ്റം.

 

ഇന്ദിരാഗാന്ധിയുമൊത്തുണ്ടായ മറക്കാനാവാത്ത ഓർമകളെന്തെങ്കിലും പങ്കുവെക്കാമോ?
രണ്ട് അനുഭവങ്ങളാണ് പെട്ടെന്ന് ഓർമയിൽ വരുന്നത്. ഒന്ന്,  ഒരു കാർ യാത്രക്കിടെ എന്റെ പോക്കറ്റിൽ തറച്ചിരിക്കുന്ന ബാഡ്ജിൽ സി.സി. ഉണ്ണികൃഷ്ണൻ എന്ന് രേഖപ്പെടുത്തിയിരുന്നത് നോക്കി അവർ ഒരു കുസൃതിച്ചിരി ചിരിച്ചു. ഞാൻ ഭവ്യതയോടെ എന്താണ് എന്നാരാഞ്ഞപ്പോൾ അവർ പറഞ്ഞു, നിങ്ങൾ, തെന്നിന്ത്യക്കാരുടെ പേരിന്റെ വലുപ്പം കണ്ട് ചിരിച്ചതാണ് എന്ന്. താങ്കളുടെ മുഴുവൻ പേരു പറയൂ എന്നായി അവർ. ചിലമ്പത്ത് ചമ്മോത്ത് ഉണ്ണികൃഷ്ണൻ ശങ്കരത്തരകൻ തിരുവാഴിയോട് എന്നു ഞാൻ പറഞ്ഞപ്പോൾ അവർ അത്ഭുതം കൂറി-ഓ മൈ ഗോഡ്, ഏസ് ലോംഗ് ഏസ് എ ഗുഡ്‌സ് ട്രെയിൻ....പിന്നെ സ്വയമെന്നോണം പറഞ്ഞു-ദി നെയിം റെപ്രസന്റ്‌സ് യുവർ ഐഡന്റിറ്റി. മറ്റൊരനുഭവം പൊതുമേഖലാ സ്ഥാപനങ്ങളുടെ കോൺ ഫ്രൻസിൽ പങ്കെടുക്കാൻ അവരെത്തിയപ്പൊഴാണ് ഉണ്ടായത്. ഉച്ചഭക്ഷണ സ മയത്ത് എന്റെ കോട്ടിൽ വീണ കറിയുടെ അംശം സ്വന്തം പ്ലേറ്റിലെ സലാഡിൽ ഉണ്ടായിരുന്ന ചെറുനാരങ്ങ കഷണം എടുത്ത് ഉരച്ച് അവർ വൃത്തിയാക്കിത്തന്നു എന്നതാണ്. ഓർക്കണം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് അവരിത് ചെയ്യുന്നത്. നമുക്ക് അതൊക്കെ എങ്ങനെ മറക്കാൻ കഴിയും?

ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നുകൊണ്ട് ചോദിക്കട്ടെ, ദൃക്‌സാക്ഷി അവർക്കായി താങ്കൾ എഴുതിയ ഒരു ട്രൈബ്യൂട്ടാണോ? 
ഇന്ദിരാഗാന്ധിയുടെ മരണവും തുടർന്നുള്ള സംഭവവികാസങ്ങളും വളരെ അടുത്തു നിന്നു കാണാൻ കഴിഞ്ഞ ദൃക്‌സാക്ഷിയിലെ രവികുമാർ എന്റെ പ്രതിരൂപം തന്നെയാണ്. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിതമായ മരണം ഭരണത്തിലും ഉന്നത ഉദ്യോഗസ്ഥ വൃന്ദങ്ങളിലും ഉണ്ടാക്കിയ അമ്പരപ്പും ഭീതിയും നിരാശയും ആശയക്കുഴപ്പവും പ്രതിഷേധവും ഞാൻ നേരിട്ടറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടർന്നു ദൽഹിയിലുണ്ടായ സിക്ക് വിരുദ്ധ കലാപം, രാജീവിന്റെ സ്ഥാനാരോഹണത്തിന്റെ അണിയറക്കഥകൾ എന്നിവയിൽ പലതിലും ഞാൻ ദൃക്‌സാക്ഷിയാണ്. എന്നാൽ ദൃക്‌സാക്ഷി ഇന്ദിരയുടെ കഥയല്ല. അവരുടെ രാഷ്ട്രീയ ജീവിതത്തെ വിലയിരുത്തി കൊണ്ട് എഴുതിയ ട്രൈബ്യൂട്ടുമല്ല. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ചോര വീണ വഴികളിൽ നിർണായക നിലപാടുകൾ നിലനിർത്തി കൊണ്ട് ശ്രദ്ധേയരായ തീർന്ന ഒരു ജനത, അതിന്റെ ദുഃഖവും ദുരിതവും ദുരന്തവും കാലങ്ങളോളം പേറി ജീവിതത്തെ ക്രമപ്പെടുത്തിയ ഒരു ജനത, സ്വാ തന്ത്ര്യാനന്തര ഭാരതത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ-ഭരണ മണ്ഡലങ്ങളിൽ വളരെ വലിയ സ്വാധീന ശക്തിയായി മാറിയ ഒരു ജനത-സിക്കുകാർ, അവർ പലായനത്തിന്റെ മുറിപ്പാടുകളും പേറി ദൽഹിയിലെ തെരുവുകളിൽ അനാഥരെ പോലെ അലയാനും നേർച്ചക്കോഴികളെ പോലെ മരിക്കാനും വിധിക്കപ്പെട്ടത് കണ്ടപ്പോഴുണ്ടായ വിഷമത്തിൽ നിന്നുമാണ് ദൃക്‌സാക്ഷിയുടെ പിറവി എന്നു പറയാം. 

2001-ൽ പുറത്തിറങ്ങിയ മനഃസാക്ഷി എന്ന താങ്കളുടെ നോവൽ ഇന്ത്യ കണ്ട മറ്റൊരു ദാരുണമായ രാഷ്ട്രീയ ദുരന്തത്തെ ആധാരമാക്കിയുള്ളതാണ്; രാജീവ് ഗാന്ധി വധമാണ് അതിലെ പ്രമേയം. എന്തായിരുന്നു അതെഴുതാനുള്ള കാരണം?
രാജീവ് ഗാന്ധി പ്രധാനമന്ത്രിയൊക്കെ ആകുന്നതിന് മുമ്പ് അദ്ദേഹവുമായി ഗാഢമായ ഒരാത്മബന്ധം പുലർത്തിയിരുന്ന ആളാണു ഞാൻ. അത് 1982-ലെ ഏഷ്യൻ ഗെയിംസിന്റെ പ്രവർത്തനങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ട സമയത്താണ്. അന്ന് ഞാനും അദ്ദേഹത്തിനൊപ്പം പ്രവൃത്തിച്ചിരുന്നു. രാജീവ് ഗാന്ധി വധിക്കപ്പെടുന്ന സമയത്ത് ഞാൻ സ്‌കോട്ട്‌ലണ്ടിലായിരുന്നു. ആ സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു. പത്രമാധ്യമങ്ങളും പൊലീസും അന്വേഷണ സംഘവും ആ കൊലക്ക് പിന്നിൽ എൽ ടി ടി ഇ ആണെന്ന് ആദ്യമേ തന്നെ മുദ്ര കുത്തി. ആദ്യം ഞാനുമത് വിശ്വസിച്ചു. പിന്നെ ആലോചിച്ചപ്പോൾ അവർ മാത്രമാണോ ആ വധത്തിനു പിന്നിൽ എന്ന് മനസ്സ് സംശയിക്കാൻ തുടങ്ങി. അന്വേഷണ ബുദ്ധിയോടെയുള്ള വായനയും പഠനവും നൽകിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അപ്പോൾ തോന്നി, ആ ദാരുണഹത്യയെ കുറിച്ചുള്ള പൊതു ധാരണ പൊളിച്ചെഴുതണമെന്ന്. രാജീവിന്റെ വധവുമായി ബ ന്ധപ്പെട്ട കാര്യകാരണങ്ങളിലേക്ക് അടിസ്ഥാനപരമായ അറിവുകളുടെ പിൻബലത്തിൽ യുക്തിപൂർവം ചെന്നെത്താൻ ആ നോവലിലൂടെ ശ്രമിക്കുന്നുണ്ട്. ആ വധത്തിന്റെ ഉത്തരവാദിത്തം എൽ ടി ടി ഇ യിലേക്കു മാത്രമായി ചുരുക്കുന്നത് അങ്ങേയറ്റം അബദ്ധജടിലമാണ്. മൂന്നാം ലോകരാജ്യങ്ങളിൽ സാമ്രാജ്യത്വവിരുദ്ധ മനോഭാവം പ്രകടമാക്കുന്ന ശ്രദ്ധേയരായ ഭരണാധികാരികളെ ഉൻമൂലനം ചെയ്യുക എന്ന അമേരിക്കൻ അജണ്ടയുടെ ഭാഗമാണ് ആ കൊല. എൽ ടി ടി ഇ അതിനൊരു നിമിത്തമായെന്നു മാത്രം. 
 
കഥയെഴുത്തിൽ അഞ്ചു പതിറ്റാണ്ട് താണ്ടിക്കഴിഞ്ഞ താങ്കൾ അതിനിടയിൽ പത്തോളം നോവലുകൾ, നാല് നോവലെറ്റുകൾ, മൂന്ന് കഥാസമാഹാരങ്ങളിലായി നൂറിലേറെ കഥകൾ തുടങ്ങി മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ ഏറെ. അതിന്റെ അടിസ്ഥാനത്തിൽ ചോദിക്കട്ടെ അർഹതപ്പെ ട്ട അംഗീകാരങ്ങൾ നൽകി മലയാള സാഹിത്യ ലോകം താങ്കളെ ആദരിച്ചോ?
ദൃക്‌സാക്ഷിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും രതിരഥ്യയ്ക്ക് മലയാറ്റൂർ അവാർഡും ലഭിച്ചു. മലയാളത്തിലെ ഏത് അവാർഡും മാനേജ് ചെയ്യാവുന്നതേയുള്ളൂ എന്ന് എന്റെ സുഹൃത്ത് പുനത്തിൽ കുഞ്ഞബ്ദുള്ള കുറേ മുമ്പ് പറഞ്ഞതാണ് ഇപ്പോൾ ഓർമ വരുന്നത്. അവാർഡുകളുടെ വിശ്വാസ്യതയെ കുറിച്ചുയരുന്ന ഈ സംശയങ്ങൾ അതിന്റെ മഹത്വത്തെ തന്നെ അപ്രസക്തമാക്കുകയല്ലേ ചെയ്യുന്നത്? പല അവാർഡുകളും എനിക്ക് കിട്ടാതെ പോയത് രാഷ്ട്രീയമായി ഞാൻ എവിടെ നിൽക്കുന്നു എന്ന് പലർക്കും അറിയാത്തതുകൊണ്ടാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. അതെന്തായാലും സാഹിത്യ സൃഷ്ടിയിൽ ഏർപ്പെടുമ്പോൾ അവാർഡുകളെ കുറിച്ചോ അംഗീകാരങ്ങളെ കുറിച്ചോ ഞാൻ ചിന്തിക്കാറില്ല. വായനക്കാർ നൽകുന്ന നല്ല പ്രതികരണങ്ങളെ വലിയ അംഗീകാരമായിട്ടു കാണുന്ന ആളാണു ഞാൻ. ഒരേ ഒരു ദുഃഖമുള്ളത് ഇത്രയൊക്കെ കഥകളും നോവലെറ്റുകളും നോവലുകളും എഴുതിയിട്ടും അവയിൽ ഒന്നിനെ കുറിച്ചും കാര്യമായ പഠനങ്ങളൊന്നും മലയാളത്തിൽ ഉണ്ടായില്ല എന്ന കാര്യത്തിലാണ്. അങ്ങനെ തള്ളിക്കളയേണ്ടവയാണോ എന്റെ സൃഷ്ടികൾ എന്ന് ഇനിയെങ്കിലും മലയാള നിരൂപകരും വിമർ ശകരും വീണ്ടു വിചാരത്തോടെ വിലയിരുത്തണം എന്നൊരഭിപ്രായവും എനിക്കുണ്ട്.