Saturday , February   16, 2019
Saturday , February   16, 2019

ഇന്ത്യയിലൊരു ലോകകപ്പ്;  എത്ര സുന്ദരമായ 'നടക്കുന്ന സ്വപ്‌നം'! 

മൂന്നു നാലു വർഷങ്ങൾക്കു മുമ്പ് സ്‌പെയിനിലെ ബാഴ്‌സലോണയിൽ നിന്നും ബിസിനസ് സംബന്ധമായി വന്ന ഒരു കമ്പനിയുടെ പ്രതിനിധിയുമായി ഞാൻ പലതവണ നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചകളിൽ രൂപപ്പെട്ട സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ സ്വാഭാവികമായും ഞാൻ താൽപര്യപൂർവം ഫോളോ ചെയ്യുന്ന എഫ്.സി ബാഴ്‌സലോണ ക്ലബിനെ കുറിച്ച് സംസാരിച്ചത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.
ഒരു ഇന്ത്യക്കാരൻ ഫുട്‌ബോളിനെ കുറിച്ച്, അതും സംസാരിക്കുകയോ അതും സ്പാനിഷ് ക്ലബ് ഫുട്‌ബോൾ? ലോകത്ത് നല്ലൊരു വിഭാഗം ജനങ്ങളുടെ ധാരണയിൽ ഇന്ത്യ എന്ന പേര് ഫുട്‌ബോളിൽ നിന്നും വളരെ അകലെയാണെന്ന് യാഥാർത്ഥ്യം എനിക്ക് പച്ചയായി മനസ്സിലാക്കിത്തന്നു അദ്ദേഹം. പിന്നീട് ബാഴ്‌സലോണ ക്ലബിലെ സീനിയർ കളിക്കാരും തന്റെ സുഹൃത്തുക്കളുമായ കാർലോസ് പുയോൾ, സാവി, ഇനിയെസ്റ്റ തുടങ്ങിയവരുമായുള്ള വ്യക്തിബന്ധ വിശേഷങ്ങളും അദ്ദേഹമെന്നോട് താൽപര്യപൂർവം പങ്കുവെച്ചു.
ഒരു ലോകകപ്പ് കൂടി ആസ്വദിച്ചു കൊണ്ടിരിക്കേ ഈ സംഭവം എനിക്ക് ഓർമ വരാൻ കാരണം അർജൻറീനയും ബ്രസീലുമടക്കം ലോകകപ്പിലെ ഇഷ്ട ടീമിനുവേണ്ടി ഫഌക്‌സും വാതുവെപ്പും വെല്ലുവിളിയുമായി ഒരു ഫുട്‌ബോൾ തരംഗം കൂടി അലയടിക്കുമ്പോൾ ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്ന ഒരു സ്വപ്‌നം അഥവാ നിശ്ശബ്ദമായ ഒരു ചോദ്യം തന്റെ ആയുഷ്‌കാലത്ത് എപ്പോഴെങ്കിലും ഒരിക്കൽ സ്വന്തം രാജ്യത്തിനു വേണ്ടി ലോകകപ്പിൽ ജയ് വിളിക്കാൻ കഴിയുമോ എന്നതാണ്. 
'എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം' എന്ന നെടുവീർപ്പോടെ, ഇല്ല എന്ന ഉത്തരം നമ്മുടെ മനസ്സിൽ ഉയർന്നു വരുന്നത് എന്തുകൊണ്ട് എന്ന് യാഥാർത്ഥ്യ ബോധത്തോടെ നമുക്ക് അക്കമിട്ട് പരിശോധിക്കാം.
ഏഷ്യാ വൻകരയിലെ സർവ്വത്ര രാജ്യങ്ങളിൽനിന്ന് ഓസ്‌ട്രേലിയ കൂടി ചേർത്താൽ നാലോ അഞ്ചോ സ്ഥാനങ്ങളേ ഏഷ്യക്കുള്ളൂ. ആഫ്രിക്കക്കും തെക്കെ അമേരിക്കക്കും ഒക്കെ 5 സ്ലോട്ടുകൾ തന്നെയാണെങ്കിലും ആ ഭൂഖണ്ഡങ്ങളിൽ രാജ്യങ്ങളുടെ എണ്ണം ഏഷ്യയെ അപേക്ഷിച്ച് കുറവാണ്. അതുകൊണ്ടു തന്നെ ഇന്ത്യക്ക് അഞ്ചിലൊന്ന് കിട്ടാനുള്ള സാധ്യത ഇല്ലെന്നു തന്നെ പറയാം.
ഏതാനും വർഷങ്ങൾക്കു മുമ്പ് 25 നും 35 നും ഇടയ്ക്ക് പ്രായമുള്ള ഏതാനും യുവാക്കൾ (ഈയുള്ളവൻ ഉൾപ്പെടെ ) സ്ഥിരമായി ഫുട്‌ബോൾ കളിച്ചുകൊണ്ടിരുന്ന കാലത്ത് ഒരു ദിവസം അതുവഴി വന്ന സൗദി യുവാക്കൾ ഞങ്ങളോട് ചോദിച്ചു, ഞങ്ങൾ കളിക്കാൻ കൂടട്ടെ? സസന്തോഷം അവരെ കൂട്ടിയ ഞങ്ങൾ വളരെ വേഗം തന്നെ നിരാശരായി. കാരണം അവർക്കു മാത്രമേ പിന്നീട് പന്ത് കിട്ടുന്നുള്ളൂ.. അവരോടൊപ്പം ഓടിയെത്താൻ ഞങ്ങൾക്കാർക്കും കഴിയാതെ പോയത് അത്ഭുതമല്ല. അത് എന്തുകൊണ്ട്? 
എന്റെ നിരീക്ഷണം: ഓരോ ഭൂപ്രദേശത്തും ഒരു രാജ്യത്തോ ഒരു കൂട്ടം സമീപ രാജ്യങ്ങളിലോ ഉള്ള മനുഷ്യരുടെ സൃഷ്ടിപരമായ ജനിതക ഘടനയിൽ സാമ്യത കാണാം. കായികക്ഷമത എടുത്തുനോക്കിയാൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മ്യാൻമർ, തായ്‌ലൻഡ്, ഭൂട്ടാൻ, വിയറ്റ്‌നാം, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, മലേഷ്യ, സിംഗപ്പൂർ എന്നിങ്ങനെയുള്ള രാഷ്ട്രങ്ങൾ ഒന്നും തന്നെ ലോക ഫുട്‌ബോളിൽ ഇന്ത്യയെപ്പോലെ ശിശുക്കൾ ആണെന്ന് കാണാം. ഒരു പരിധി വരെ അത് അവരുടെ ജനിതക ഘടനയുമായി ബന്ധപ്പെട്ട ശാരീരിക ക്ഷമതയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. മറ്റു ചില കായിക ഇനങ്ങളിൽ ഇവർ മുൻപന്തിയിലാണെന്ന് സമ്മതിക്കാം. പക്ഷേ 90 മിനിട്ട് അഥവാ 120 മിനിറ്റ് ഒരു വിശാലമായ ഇലവൻസ് ഗ്രൗണ്ടിൽ നോൺ സ്‌റ്റോപ്പ് ആയി ഫുട്‌ബോൾ കളിക്കാനുള്ള അത്രയും ഫിസിക്കൽ കപ്പാസിറ്റി മറ്റൊരു കളിക്കും വേണ്ടതില്ല എന്ന് നിസ്സംശയം പറയാം. 50 ഓവർ വീതമുള്ള ഒരു ഏകദിന ക്രിക്കറ്റ് മാച്ച് ഉൾപ്പെടെ.
(കേരളത്തിൽ ഫുട്‌ബോളിന്റെ ഈറ്റില്ലങ്ങളിൽ ഒന്നായി അറിയപ്പെടുന്ന അരീക്കോട് എന്ന ഗ്രാമത്തിൽ നിന്നും വന്നവനാണ് എന്ന ഒറ്റക്കാരണത്താൽ മാത്രം എൻജിനീയറിംഗ് കോളേജിലെ ശരാശരിക്കാരടങ്ങിയ ഫുട്‌ബോൾ ടീമിൽ ഇടം ലഭിച്ച എനിക്ക് കോളേജ് ടൂർണമെൻറുകളിലൂടെ അനുഭവവേദ്യമായ കാര്യമാണിത്).
നമ്മുടെ സാമൂഹിക ഘടനയിലൂടെ നോക്കിക്കഴിഞ്ഞാൽ കാണാവുന്ന രസകരമായൊരു വസ്തുതയുണ്ട്. ഏതാണ്ട് ഒരു അപ്പർ ക്ലാസ്, അപ്പർ മിഡിൽ ക്ലാസ് കുടുംബങ്ങളിലെ കുട്ടികൾ കൂടുതലും തെരഞ്ഞെടുക്കുന്നത് ടെന്നിസ്, ബാഡ്മിന്റൺ, ക്രിക്കറ്റ് തുടങ്ങിയ ഗ്ലാമർ കൂടിയ കളികളാണ്. ഇന്ത്യൻ വരേണ്യ വർഗത്തിന്റെ ദൃഷ്ടിയിൽ ഫുട്‌ബോൾ താരതമ്യേന ഗ്ലാമർ കുറഞ്ഞ ഒരു ഐറ്റമാണ്. നമ്മുടെ ഫുട്‌ബോൾ രംഗത്ത് സജീവമായ പ്രധാന കളിക്കാരെ നോക്കിക്കഴിഞ്ഞാൽ ഭൂരിഭാഗവും സമൂഹത്തിലെ വരേണ്യ വിഭാഗത്തിനു പുറത്തുനിന്നുള്ളവരാണ് എന്ന് കാണാം. അപവാദങ്ങൾ ഉണ്ടായിരിക്കാം. ഒരു പ്രായം കഴിഞ്ഞാൽ പിന്നെ, ഫുട്‌ബോൾ എന്ന പ്രൊഫഷൻ തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ മാത്രം സാമ്പത്തിക സ്വാശ്രയത്വം നൽകുന്നില്ല എന്ന തിരിച്ചറിവിൽ ആ മേഖല വിട്ട് അവർ ജീവിതം കരുപ്പിടിപ്പിക്കാൻ മറ്റു ജോലികളിലേക്ക് ചുവടുമാറ്റുന്നു. അനിതര സാധാരണമായ ഫുട്‌ബോൾ സ്‌കിൽ ഉണ്ടായിട്ടും ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ കാരണം കളിയോട് ചെറുപ്പത്തിൽ തന്നെ വിട പറഞ്ഞ എന്റെ നാട്ടുകാരായ പലരെയും എനിക്ക് നേരിട്ടറിയാം.
വൻ നഗരങ്ങളിലെ ഐ.എസ്.എൽ സ്‌റ്റേഡിയങ്ങൾ നിറഞ്ഞു കവിഞ്ഞത് കണ്ടു ആവേശം കൊള്ളുമ്പോഴും അഖിലേന്ത്യാ ടിസ്ഥാനത്തിൽ നോക്കിയാൽ ഇപ്പോഴും കേരളം, ഗോവ, പഞ്ചാബ്, ബംഗാൾ, മണിപ്പൂർ തുടങ്ങിയ ഏതാനും പോക്കറ്റുകളിൽ ഒഴിച്ച് മറ്റിടങ്ങളിൽ ഫുട്‌ബോൾ ഇന്നും പോപ്പുലർ അല്ല. മേൽപറഞ്ഞ ഇടങ്ങളിൽ നിന്ന് മാത്രമേ അൽപമെങ്കിലും ടാലൻറ് കണ്ടെത്താൻ കഴിയുന്നുള്ളൂ. ഐ.എസ്.എല്ലിന്റെ കടന്നുവരവോടെ അൽപം ജീവവായു ഫുട്‌ബോളിന് സാമ്പത്തിക രംഗത്ത് ലഭിച്ചുവെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ ഒരു മറുവശമുണ്ട്. 
ഐ.പി.എൽ ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ച ഭീമാകാരമായ സാമ്പത്തിക ശക്തിയുടെ പത്തിലൊന്നു പോലും ഉത്തേജനം ഐ.എസ്.എല്ലിലൂടെ ഫുട്‌ബോളിന് ലഭിച്ചിട്ടില്ല എന്നു കാണാം. ഒരു കാലത്ത് വളരെ സജീവമായിരുന്ന ഫെഡറേഷൻ കപ്പ്, നാഗ്ജി ട്രോഫി, ഡ്യൂറൻഡ് കപ്പ്, റോവേഴ്‌സ് കപ്പ്, ഐഎഫ്എ ഷീൽഡ് എന്നിങ്ങനെ പല അഖിലേന്ത്യാ ടൂർണമെന്റുകളും ഓർമയായിക്കഴിഞ്ഞു. അതുപോലെ ജെ സി ടി, മുഹമ്മദൻ സ്‌പോർട്ടിംഗ്, മഹീന്ദ്ര, കേരള പോലീസ്, ടൈറ്റാനിയം, എഫ് സി കൊച്ചിൻ തുടങ്ങി പല പ്രമുഖ ക്ലബ്ബുകളും മുഖ്യമായും സാമ്പത്തികമായ കാരണങ്ങളാൽ ചരമമടഞ്ഞു കഴിഞ്ഞു.
ലോകത്തെ എല്ലാ പ്രമുഖ ഫുട്‌ബോൾ ലീഗുകളും നടക്കുന്നത് ഓഗസ്ത് മുതൽ അടുത്ത വർഷം മെയ് മാസം വരെയാണ്. അഥവാ നീണ്ട പത്ത് മാസം. ശരാശരി 15 മുതൽ 20 വരെ ടീമുകൾ ഉൾക്കൊള്ളുന്ന, രണ്ടും മൂന്നും ഡിവിഷനുകൾ നിലനിൽക്കുന്ന ലീഗുകളുമായി താരതമ്യം ചെയ്താൽ നമ്മുടെ ദേശീയ ലീഗ് ഒരുപാട് വികസിക്കേണ്ടിയിരിക്കുന്നു.
മറുവശത്ത്, ഇക്കാലത്ത്, കാലാവസ്ഥാ വ്യതിയാനം കാരണം മാസങ്ങൾ നീണ്ടു നിൽക്കേണ്ട മഴക്കാലം ഏതാനും ദിവസങ്ങൾകൊണ്ട് പേമാരിയായി പെയ്തുതീർന്ന് സൃഷ്ടിക്കുന്ന പ്രളയം പോലെയാണ് കടഘ. ഒരു മാസത്തെ ആരവം കൊണ്ട് കെട്ടടങ്ങേണ്ട അവസ്ഥ!
യൂറോപ്യൻ ലീഗുകളിൽ ഏതിലെങ്കിലും ഒന്നിൽ നിന്ന് അഞ്ചു വർഷം മുമ്പെങ്കിലും വിരമിച്ച ഏതെങ്കിലും ഒരു പ്രമുഖ കളിക്കാരനെ താരമായി അവതരിപ്പിക്കുന്നതിന് അപ്പുറം ലോക ഫുട്‌ബോളിലെ പ്രമുഖർ ആരെയും നമുക്കിവിടെ ഐഎസ്എല്ലിൽ കാണാനാവില്ല. വിനയപൂർവം പറയട്ടെ, ഈയുള്ളവൻ ഐഎസ്എൽ ഫോളോ ചെയ്യാറില്ല.
1980 കളിലും 90 കളിലുമായി എഫ്.സി ബാഴ്‌സലോണക്ക് വേണ്ടി കളിച്ച ഡീഗോ മറഡോണ, റൊമാരിയോ, റൊണാൾഡോ, റിവാൾഡോ, റൊണാൾഡിഞ്ഞോ, ലൂയിസ് ഫിഗോ എന്നിവരോ റയൽ മഡ്രീഡിന് വേണ്ടി കളിച്ച സിനദിൻ സിദാൻ, റോബർട്ടോ കാർലോസ്, കാക്ക, റൗൾ, ഡേവിഡ് ബെക്കാം, റോബൻ എന്നിവരോ കെട്ടഴിച്ച മാസ്മരിക കളികളുടെ നാലിലൊന്നു പോലും പ്രകടനം അവരാരും കേവലം നാലു വർഷത്തിലൊരിക്കൽ മാത്രം വിരുന്നെത്തുന്ന വിരലിലെണ്ണാവുന്ന ലോകകപ്പ് മത്സരങ്ങളിൽ പുറത്തെടുത്തിട്ടില്ല. 
കാലം മാറി. 
ഡി.ടി.എച്ച് ടി.വിയുടെ വരവോടെ എല്ലാ ആഴ്ചകളിലും സ്പാനിഷ് ലാലിഗ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഇറ്റാലിയൻ സീരി എ, ജർമൻ ബുണ്ടസ് ലീഗ്, ഫ്രഞ്ച് ലിഗ് 1 എന്നിങ്ങനെ ലോകോത്തര മത്സരങ്ങളിലൂടെ ഇനിയെസ്റ്റയും മെസ്സിയും നെയ്മാറും ക്രിസ്ത്യാനോ റൊണാൾഡോയും ഹാരി കെയ്‌നും മുള്ളറും ലെവൻഡോവ്‌സ്‌കിയും നമ്മുടെ സ്വീകരണ മുറികളിലേക്കൊഴുകിയെത്തുന്നു. അവരാരും നമുക്ക് കേവലം നാല് വർഷത്തിൽ വരുന്ന ലോകകപ്പ് അതിഥികളല്ല. എൽ ക്ലാസിക്കോ മാച്ചും ചാമ്പ്യൻസ് ലീഗ് ഫൈനലും വർഷം തോറും നമുക്ക് ലോകകപ്പ് ആവേശത്തോളം തന്നെ സമ്മാനിക്കുന്നു.
പരമ്പര്യ ശക്തികളല്ലാതിരുന്നിട്ടും ഫുട്‌ബോളിനെ ഇത്രയധികം ആശ്ലേഷിക്കാൻ ലോകത്തെ പ്രമുഖ രാഷ്ട്രങ്ങളായ അമേരിക്കയെയും ചൈനയെയും ജപ്പാനെയും ഓസ്‌ട്രേലിയയെയും പ്രേരിപ്പിച്ച പ്രധാന ഘടകമെന്ത്? മറ്റൊന്നുമല്ല, അത് തങ്ങളുടെ രാജ്യത്തിന്റെ സ്റ്റാറ്റസ് നിർണയിക്കുന്ന സുപ്രധാന ഘടകമാണെന്നതു തന്നെ. ഒരു ഒളിംപിക് റാങ്കിങിനേക്കാളും ഒരുപാട് മുകളിലാണ് ആ സ്റ്റാറ്റസ്. 
ചോദ്യത്തിലേക്ക് വരാം. ഇന്ത്യ ലോകകപ്പ് കളിക്കുമോ?
ഞാൻ പറയുന്നു, തീർച്ചയായും. ഈ പുരുഷായുസ്സിൽ തന്നെ അത് കാണാനുള്ള ഭാഗ്യം നമുക്കുണ്ടാവാം.
ലോക സാമ്പത്തിക ക്രമത്തിൽ അഗ്രഗണ്യ സ്ഥാനമുള്ള, ഏറ്റവും വലിയ വിപണികളിലൊന്നായ, ഇന്ത്യയെന്ന മാർക്കറ്റ് ഫിഫയെ സംബന്ധിച്ച് ഇപ്പോഴും ഒരു ഡിമേുുലറ ലേൃൃശീേൃ്യ  ആണ്. മാത്രമല്ല, ലോകത്താകമാനം ഫുട്‌ബോൾ വളർത്താനുള്ള ഫിഫ പദ്ധതിയുടെ ഭാഗമായി ഇന്ത്യക്ക് അണ്ടർ-17 ലോകകപ്പ് അനുവദിച്ചു തന്ന അതേ കാരണം കൊണ്ടു തന്നെ ഇതും സംഭവിക്കും. ജപ്പാനും കൊറിയക്കും ദക്ഷിണാഫ്രിക്കക്കും കാനഡ (2026) ക്കും കൊടുക്കാമെങ്കിൽ ഇന്ത്യക്കുമാവാം. കട്ടായം! ലോകകപ്പിന്റെ ഇീിശേിലിമേഹ ഞീമേശേീി ുീഹശര്യ അനുസരിച്ച് സ്വാഭാവികമായി ഇനി 2038 ലോ 2042 ആണ് ഖത്തർ കഴിഞ്ഞാൽ ഏഷ്യയുടെ അവസരം. നമുക്ക് കാത്തിരിക്കാം. കോഴിക്കോട്ടോ കൊച്ചിയിലോ, മക്കളുമൊത്തോ പേരമക്കളുമൊത്തോ അത് കാണാനുള്ള സൗഭാഗ്യത്തിനു വേണ്ടി ......!

പിൻകുറി: ഇതെഴുതുന്നത് ജൂൺ 24 ന്. ഈയുള്ളവന്റെ മാത്രം ജന്മദിനമല്ല, ലിയണൽ മെസ്സിയുടേതും കൂടിയാണെന്ന ചിന്തയിൽ ഇന്ന് ഫുട്‌ബോളിനെക്കുറിച്ച് എന്തെങ്കിലും എഴുതണമെന്ന് തോന്നി. അത്ര മാത്രം.