Monday , June   24, 2019
Monday , June   24, 2019

ഫ്രാൻസ് സെമിയിൽ

  • ഫ്രാൻസ് 2  - ഉറുഗ്വായ് 0

നിഷ്‌നി നോവ്‌ഗൊരോദ് - ഉറുഗ്വായ്‌യും ലൂയിസ് സോറസും ചിത്രത്തിലേ ഇല്ലാതിരുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ രണ്ടു ഗോൾ ജയത്തോടെ ഫ്രാൻസിന്റെ യുവപ്രതിഭകൾ ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലിലേക്ക് ചുവട് വെച്ചു. ആദ്യ പകുതിയിൽ ഡിഫന്റർ റഫായേൽ വരാന്റെ ഫഌയിംഗ് ഹെഡറിലൂടെ ലീഡ് നേടിയ ഫ്രാൻസിന് രണ്ടാം ഗോൾ ഉറുഗ്വായ് ഗോളി ഫെർണാണ്ടൊ മുസ്‌ലേര സമ്മാനിച്ചതായിരുന്നു. രണ്ടാം പകുതിയിൽ ബോക്‌സിന് വലതു വശത്തുവെച്ച് ആന്റോയ്ൻ ഗ്രീസ്മാൻ പ്രതീക്ഷയോടെ പറത്തിനോക്കിയ ഷോട്ട് പൊതുവെ വിശ്വസ്തനായ ഗോളി മുസ്‌ലേരയുടെ കൈപ്പത്തിയിൽ തട്ടിത്തെറിച്ച് വലയിൽ കയറി. 
ചെറിയ ഇടവേളകളിൽ മാത്രം ഉറുഗ്വായ് മുന്നേറ്റങ്ങൾ കണ്ട കളിയിൽ നാൽപതാം മിനിറ്റിലാണ് ഫ്രാൻസ് ലീഡുറപ്പിച്ചത്. ബോക്‌സിന്റെ വലതു വശത്തു നിന്ന് ഗ്രീസ്മാൻ ഉയർത്തിയ ഫ്രീകിക്ക് ഹെഡ് ചെയ്തകറ്റാൻ ശ്രമിക്കുകയായിരുന്നു ഉറുഗ്വായ് ഡിഫന്റർ. അവസാന സെക്കന്റിൽ പെനാൽട്ടി ഏരിയക്കു കുറുകെ പറന്നെത്തിയ വരാൻ പന്ത് വലയുടെ വലതു മൂലയിലേക്ക് ചെത്തിവിട്ടു. ഫ്രാൻസിനു വേണ്ടി വരാന്റെ മൂന്നാമത്തെ മാത്രം ഗോളാണ് ഇത്. നാലു വർഷം മുമ്പ് ജർമനിക്കെതിരായ ക്വാർടർ ഫൈനലിൽ ഫ്രാൻസ് തോറ്റതിന് വിമർശകർ വരാനെ കുരിശിലേറ്റിയിരുന്നു. 
അറുപത്തൊന്നാം മിനിറ്റിൽ ഫ്രാൻസ് ലീഡ് വർധിപ്പിച്ചു. 20 വാര അകലെ നിന്നുള്ള ഗ്രീസ്മാന്റെ അടി നേരെ മുസ്‌ലേരയുടെ നേരെയായിരുന്നു. എന്നാൽ അവസാന നിമിഷം ഒന്ന് വളഞ്ഞ പന്ത് ഗോളിയുടെ പ്രതീക്ഷ തെറ്റിച്ചു. കൈയിൽ തട്ടിത്തെറിച്ച പന്ത് തലക്കു മുകളിലൂടെ വല കണ്ടു. ടൂർണമെന്റിൽ ഗ്രീസ്മാന്റെ മൂന്നാമത്തെ ഗോളാണ് ഇത്. ആദ്യ രണ്ടും പെനാൽട്ടിയിൽ നിന്നായിരുന്നു. അവസാന രണ്ടു തവണ സെമി ഫൈനലിലെത്തിയപ്പോഴും ഫ്രാൻസ് ഫൈനലിലേക്ക് മുന്നേറിയിരുന്നു. 1998 ൽ ചാമ്പ്യന്മാരായി, 2006 ൽ ഇറ്റലിയോട് ഷൂട്ടൗട്ടിൽ തോറ്റു. 
പ്രതീക്ഷിച്ചതു പോലെ ഫ്രാൻസിന്റെ വേഗവും ഉറുഗ്വായ്‌യുടെ പ്രതിരോധവുമാണ് നിഷ്‌നി നോവ്‌ഗൊരോദ് കണ്ടത്. സ്‌ട്രൈക്കർ എഡിൻസൻ കവാനിക്ക് പരിക്കു കാരണം വിട്ടുനിൽക്കേണ്ടി വന്നത് ഉറുഗ്വായ്‌യുടെ പ്രഹരശേഷി അമ്പേ കുറച്ചു. ഫ്രഞ്ച് പ്രതിരോധനിര സോറസിന്റെ മുനയൊടിച്ചു. ഫ്രാൻസിന്റെ പെനാൽട്ടി ഏരിയയിൽ ഒരിക്കൽപോലും പന്ത് തൊടാൻ സോറസിന് സാധിച്ചില്ല. 
വരാൻ ആദ്യ ഗോളടിച്ച് നാലു മിനിറ്റിനു ശേഷമാണ് ഉറുഗ്വായ്ക്ക് മത്സരത്തിലെ ഏറ്റവും മികച്ച അവസരം കിട്ടിയത്. മാർടിൻ കാസെറസിന്റെ ഹെഡർ ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറീസ് പറന്നെത്തി അവസാന സെക്കന്റിൽ തട്ടിത്തെറിപ്പിച്ചു. ടൂർണമെന്റിലെ തന്നെ മികച്ച സെയ്‌വായിരുന്നു അത്. റീബൗണ്ട് ഡിയേഗൊ ഗോദീൻ അടിച്ചത് ഉയർന്നു പോയി. 
ഗോളടിച്ചില്ലെങ്കിലും ഫ്രാൻസിന്റെ പത്തൊമ്പതുകാരൻ കീലിയൻ എംബാപ്പെ ഉറുഗ്വായ് പ്രതിരോധനിരക്ക് നിരന്തരം തലവേദന സൃഷ്ടിച്ചു. വലതു വിംഗിലൂടെയുള്ള എംബാപ്പെയുടെ കുതിപ്പും ഉറുഗ്വായ് പ്രതിരോധനിരക്കപ്പുറത്തേക്കുള്ള ചടുലമായ പാസുകളും നിരന്തരം അവസരങ്ങൾ സൃഷ്ടിച്ചു
. വീഴ്ച അഭിനയിച്ചതിന് മഞ്ഞക്കാർഡ് വാങ്ങിയ എംബാപ്പെയെ അവസാന നിമിഷം ഫ്രാൻസ് പിൻവലിച്ചു. വീണു കിടന്ന പത്തൊമ്പതുകാരനെ ഉറുഗ്വായ് നായകൻ ഡിയേഗൊ ഗോദീൻ വലിച്ചെഴുന്നേൽപിക്കാൻ ശ്രമിച്ചത് ഇരു ടീമിലെയും കളിക്കാർ തമ്മിൽ കൈയാങ്കളിക്ക് ഇടയാക്കി. 
പതിനഞ്ചാം മിനിറ്റിൽ തന്നെ ഫ്രാൻസ് സ്‌കോർ ചെയ്യേണ്ടതായിരുന്നു. എന്നാൽ ഗോൾമുഖത്ത് നിന്നുള്ള എംബാപ്പെയുടെ ഹെഡറിന് പവർ ഇല്ലാതെ പോയി. ഗ്രീസ്മാന്റെ ഓരോ നീക്കവും ഗോൾമുഖത്ത് ആശങ്കയുടെ തരംഗങ്ങളിളക്കി. മധ്യനിരയിൽ പോൾ പോഗ്ബയുടെയും എൻഗോലെ കോണ്ടെയുടെയും നിയന്ത്രണം രാജകീയമായിരുന്നു.  
കഴിഞ്ഞ മൂന്ന് ലോകകപ്പിനിടയിൽ രണ്ടാം തവണ സെമിയിലെത്താൻ ശ്രമിക്കുകയായിരുന്നു ഉറുഗ്വായ്. ഈ വർഷം അവർ പരാജയമറിഞ്ഞിട്ടേയുണ്ടായിരുന്നില്ല. ലോകകപ്പിലെ ആദ്യ നാലു കളികളിൽ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. എന്നാൽ ഫ്രാൻസിന്റെ പ്രഹരശേഷിക്കു മുന്നിൽ അവർക്കു പിടിച്ചുനിൽക്കാനായില്ല. അർജന്റീനക്കു പിന്നാലെ ഉറുഗ്വായ്‌യെയും കൊമ്പുകുത്തിച്ച ഫ്രാൻസ് കിരീടസാധ്യതയെക്കുറിച്ച വലിയ പ്രതീക്ഷകളാണ് ഉയർത്തിയിരിക്കുന്നത്. 


 

Latest News