Monday , June   24, 2019
Monday , June   24, 2019

ലോകകപ്പിന്റെ പ്രവാസി ഗാഥ

  • ലോകകപ്പിന്റെ  സൗന്ദര്യത്തിന് പിന്നിലുണ്ട്,  ഈ വിയർപ്പിന്റെ കാഴ്ചകൾ

മോസ്‌കോ- ആരേയും അത്ഭുതപ്പെടുത്തുന്ന സ്റ്റേഡിയങ്ങൾ, മികവാർന്ന അടിസ്ഥാന സൗകര്യങ്ങൾ, അങ്ങേയറ്റം ശുചിത്വമുള്ള നഗരം.. ലോകകപ്പിലേക്ക് മിഴികൾ പായിക്കുമ്പോൾ ആർക്കും റഷ്യയെക്കുറിച്ച് എതിരു പറയാനില്ല. എന്നാൽ ഈ മനോഹര കാഴ്ചകൾക്ക് പിന്നിൽ ആരും കാണാത്ത, കണ്ടാലും അവഗണിച്ച് പോകുന്ന ചിലരുണ്ട്. തൊഴിലും അന്നവും തേടി കുടിയേറിയ പ്രവാസി തൊഴിലാളികൾ. ഓറഞ്ച് ജാക്കറ്റണിഞ്ഞ്, റഷ്യൻ മൈതാനങ്ങളിലും പരിസരങ്ങളിലും അവരുണ്ട്. കുറഞ്ഞ വേതനമെങ്കിലും നിറഞ്ഞ മനസ്സോടെ, ഈ കപ്പ് റഷ്യ തന്നെ ജയിക്കണമെന്ന നിഷ്‌കളങ്കമായ ആഗ്രഹവുമായി ഈ തൊഴിലാളികൾ.

ഭീമൻ സ്റ്റേഡിയങ്ങളുടെ നിർമാണത്തിലും സുഗമമായ നടത്തിപ്പിലും ഈ തൊഴിലാളികൾക്കുള്ള പങ്ക് ആർക്കും കുറച്ചുകാണാനാവില്ല. ഓരോ മത്സരം കഴിയുമ്പോഴും ആരാധകവൃന്ദങ്ങളുടെ ആവേശക്കാഴ്ചകൾ കെട്ടഴിയുമ്പോൾ, ഗാലറികളും സ്റ്റാൻഡുകളും വൃത്തിയാക്കാൻ അവരെത്തും. മറ്റൊരു മത്സരത്തിന് ആതിഥ്യം വഹിക്കാൻ സ്റ്റേഡിയത്തെ തയാറാക്കുന്നത് ഈ തൊഴിലാളികളുടെ വിയർപ്പാണ്.
റഷ്യയിലുടനീളം ചെറിയ ചെറിയ ജോലികൾ ചെയ്തു ജീവിക്കുന്ന ആയിരക്കണക്കിന് പ്രവാസി തൊഴിലാളികളാണുള്ളത്. പലപ്പോഴും പോലീസ് പീഡനത്തിനും വംശീയ വിദ്വേഷത്തിനുമൊക്കെ പാത്രമാകാറുണ്ടെങ്കിലും അമേരിക്കയിലേയോ യൂറോപ്പിലേയോ പോലെ അവർക്ക് മുന്നിൽ വൻമതിലുകളുയർത്തിയിട്ടില്ല റഷ്യ. കാരണം, റഷ്യയുടെ സാമ്പത്തികരംഗം സുസ്ഥിരമാക്കി നിറുത്തുന്നതിൽ ഈ തൊഴിലാളികളും അവരുടേതായ പങ്ക് വഹിക്കുന്നുണ്ട്. അവരില്ലാതെ, ഇത്ര മികവുറ്റ രീതിയിൽ ലോകകപ്പ് സംഘടിപ്പിക്കാൻ റഷ്യക്കാകുമായിരുന്നില്ല.സ്റ്റേഡിയങ്ങളിൽ ജോലിയിൽ മുഴുകുമ്പോഴും ലോകകപ്പിന്റെ ആവേശത്തിലേക്ക് ആഴ്ന്നിറങ്ങാനും അവർക്കാകുന്നു. ആരാധകരോടൊപ്പം സെൽഫിയെടുത്തും കളിയുടെ ദൃശ്യങ്ങൾ ഇടക്കിടെ കണ്ടും അവർ സമയം ചെലവിടുന്നു. 12 മണിക്കൂർ ഷിഫ്റ്റിന് ശേഷം വലിയ ഡോർമിറ്ററികളിലെ ടിവികൾക്ക് മുന്നിൽ കുത്തിയിരുന്ന് കളി കാണുമ്പോഴും പരാതിയൊന്നും പറയാനില്ല ഈ തൊഴിലാളികൾക്ക്.
ഈ രാജ്യമാണ് ഞങ്ങളെ പോറ്റുന്നത്, ഞങ്ങൾക്ക് ജോലി തന്നത്- ഉസ്‌ബെക്കിസ്ഥാനിലെ ഒരു വിദൂരഗ്രാമത്തിൽനിന്ന് കുടിയേറിയ ബോബുർ ഉലാഷോവ് പറഞ്ഞു. മോസ്‌കോയിലെ ലോകകപ്പ് ഫാൻസോണിൽ, ചപ്പു ചവറുകൾ കൂട്ടിവാരുന്നതിനിടെ, 37 കാരനായ ഉലാഷോവിന് പറയാനുള്ളത്, കപ്പ് റഷ്യ നേടണമെന്നാണ്. നൂറു മുതൽ 200 വരെ ഡോളർ മാസത്തിൽ നാട്ടിലേക്ക് അയക്കാൻ കഴിയുന്നുണ്ട് അയാൾക്ക്. ആറു വയസ്സുകാരനായ മകനും ഭാര്യയും മാതാപിതാക്കളും അതുകൊണ്ട് സുഖമായി കഴിയുന്നു.
സ്റ്റേഡിയങ്ങളും ഗതാഗത സൗകര്യങ്ങളും നിർമിച്ചതിൽ കുടിയേറ്റ തൊഴിലാളികൾക്ക് കാര്യമായ പങ്കുണ്ടെന്ന് റഷ്യക്കാർ സമ്മതിക്കുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളില്ലാതെ ഇത്ര വേഗം ഇതെല്ലാം നിർമിച്ചു പൂർത്തിയാക്കാൻ സാധിക്കുമായിരുന്നില്ലെന്ന് മോസ്‌കോയിൽ പ്രൊഫസറായ വലേറി സോലോവെയ് പറഞ്ഞു. മധ്യേഷ്യൻ രാജ്യങ്ങളിൽനിന്നാണ് ഈ തൊഴിലാളികൾ കൂടുതലായി റഷ്യയിലെത്തിയിട്ടുള്ളത്. മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ ഉസ്‌ബെക്കിസ്ഥാൻ, താജികിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽനിന്നൊക്കെ ആയിരക്കണക്കിന് തൊഴിലാളികൾ ഇവിടെയുണ്ട്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഒരു കോടിയോളമാണ് കുടിയേറ്റ തൊഴിലാളികളുടെ എണ്ണം.

 

Latest News