Wednesday , June   19, 2019
Wednesday , June   19, 2019

ദല്‍ഹിയിലെ കൂട്ടമരണം: അന്ധവിശ്വാസത്തിന് കൂടുതല്‍ തെളിവ് നിരത്തി പോലീസ്

ന്യൂദല്‍ഹി- തലസ്ഥാനത്തെ ബുറാഡിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കടുത്ത അന്ധവിശ്വാസത്തിന്റെ തുടര്‍ച്ചയാണെന്ന് ആവര്‍ത്തിച്ച് പോലീസ്. വീട്ടില്‍നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകളാണ് ഇതിലേക്ക് വിരല്‍ ചൂണ്ടുന്നത്. 77 വയസ്സായ നാരായണ്‍ ദേവിയേയും മക്കളെയും ചെറുമക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിലും കൊലപാതകത്തിലേക്കു വിരല്‍ ചൂണ്ടുന്നതൊന്നും കണ്ടെത്തിയിരുന്നില്ല.
നാരായണ്‍ ദേവിയുടെ ഇളയ മകന്‍ ലളിത് ചുന്ദാവതാണ് കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പോലീസിന്റെ അനുമാനം. വീട്ടില്‍ നിന്നു കണ്ടെടുത്ത കുറിപ്പുകള്‍ ഇയാള്‍ എഴുതിയതാണ്. മൂന്നു വര്‍ഷം മുമ്പാണ് ലളിത് ഈ കുറിപ്പുകള്‍ എഴുതി തുടങ്ങിയത്. കുറേക്കാലമായി ആരോടും മിണ്ടാതെ നടന്നിരുന്ന ലളിത് അടുത്തയിടെയാണ് ആളുകളോട് സംസാരിച്ചു തുടങ്ങിയത്.
പത്തു വര്‍ഷം മുമ്പ് മരിച്ചു പോയ പിതാവ് തന്നെ സന്ദര്‍ശിക്കാറുണ്ടെന്ന് ഇയാള്‍ പറയാറുണ്ടായിരുന്നു.  സ്വപ്‌നത്തില്‍ വരുന്ന പിതാവ് ലോകാവസാനം സംബന്ധിച്ച് സൂചന നല്‍കിയതായും കുടുംബം രക്ഷപ്പെടുമെന്ന് ഉറപ്പു നല്‍കിയതായും ഇയാളുടെ കുറിപ്പുകളില്‍ പറയുന്നു.
അവസാനത്തെ മണിക്കൂറുകളില്‍ എല്ലാവരുടെയും ആഗ്രഹം സഫലമാകും. ആകാശം തുറക്കുകയും ഭൂമി ഇളകുകയും ചെയ്യും. ആരും പരിഭ്രാന്തരാകരുത്. മന്ത്രങ്ങള്‍ ഉരുവിട്ടു കൊണ്ടിരിക്കുക. ആ സമയത്ത് ഞാന്‍ വന്ന് നിങ്ങളെ രക്ഷിക്കും. എന്നാണ് കുറിപ്പില്‍ പറയുന്നത്. ഇത് മരിച്ചു പോയ അച്ഛന്‍ ലളിതിന് സ്വപ്‌നത്തില്‍ നല്‍കിയ നിര്‍ദേശമായിരിക്കണമെന്ന് പോലീസ് പറയുന്നു.
പത്തു വര്‍ഷം മുമ്പ് മരിച്ച അച്ഛന്‍ ഇപ്പോഴും പതിവായി തനിക്കു നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്നും കുടുംബത്തിലെ എല്ലാവരും ഇത് അനുസരിക്കണമെന്നും ലളിത് പറഞ്ഞിരുന്നു. തന്റെ കടയില്‍ വരുന്ന ആളുകളോടും പോലും കുറിപ്പുകള്‍ എഴുതിക്കൊടുത്താണ് ഇയാള്‍ സംസാരിച്ചിരുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നു. ലോകാവസാനത്തെ കുറിച്ചുള്ള ഭയവും അന്ധവിശ്വാസവുമാണ് കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പോലീസ് വിലയിരുത്തുന്നത്.
എന്നാല്‍, തന്റെ വീട്ടുകാര്‍ ജീവനൊടുക്കിയതല്ലെന്നും കൊലപ്പെടുത്തിയവരെ കണ്ടെത്താനാണു പോലീസ് ശ്രമിക്കേണ്ടതെന്നുമാണ് മരിച്ച നാരായണ്‍ ദേവിയുടെ മകള്‍ സുജാത ആവശ്യപ്പെടുന്നത്. വിശ്വാസങ്ങളെ പിന്‍പറ്റി ജീവിക്കുന്നവരാണ് തങ്ങളുടെ കുടുംബം. എന്നാല്‍, കുടുംബത്തിന്റെ കൂട്ടമരണം അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നു കരുതാനാകില്ലെന്ന് നാരായണ്‍ ദേവിയുടെ മൂത്ത മകന്‍ പ്രശാന്ത് ചുന്ദാവത്തിന്റെ മകന്‍ ദിനേഷ് ചുന്ദാവതും പറയുന്നു. അതിനിടെ ഇവരുടെ മരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ആള്‍ദൈവത്തിന്റെ പ്രേരണ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

Latest News