Saturday , February   16, 2019
Saturday , February   16, 2019

സഞ്ചാര സമർപ്പിതം ഈ ജീവിതം

കഴിഞ്ഞ 36 വർഷങ്ങൾക്കിടയിൽ എ. ക്യു. മഹ്ദി എന്ന മലയാളി സഞ്ചരിച്ചത് 55 രാജ്യങ്ങളിലാണ്. യാത്രകൾക്ക് ചെലവാക്കിയത് ഒരു കോടിയിലധികം രൂപ! എന്നിട്ടും മടുക്കാതെ, അടങ്ങാത്ത യാത്രാമോഹവുമായി, പുതിയ മേച്ചിൽപ്പുറങ്ങൾ തേടി, ഇനിയും കാണാത്ത രാജ്യങ്ങളുടെ കഥയറിയാൻ കാത്തിരിക്കുകയാണ് ഈ ലോക സഞ്ചാരി. മഹ്ദിയുടെ അനുഭവ സമ്പന്നമായ ലോകയാത്രയുടെ ഓർമകളിലൂടെ...

മലയാളിയുടെ യാത്രാമോഹങ്ങളെ വാനോളം വളർത്തിയത് വിശ്വസഞ്ചാരിയായിരുന്ന എസ.്‌കെ. പൊറ്റക്കാട് ആയിരുന്നു. ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും നടത്തിയ യാത്രകളുടെ ഹൃദ്യമായ അനുഭവങ്ങൾ അതീവ വശ്യമായും ആധികാരികമായും എഴുതി, മലയാള സഞ്ചാര സാഹിത്യ ശാഖയ്ക്ക് ഏറ്റവും സമ്പന്നമായ ഒരു സുവർണ ഭൂതകാലം സമ്മാനിച്ചതും അദ്ദേഹം തന്നെ. എസ്.കെ. പൊറ്റക്കാടിന്റെ സഞ്ചാര സാഹിത്യ കൃതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, സഞ്ചാരത്തിന് അദ്ദേഹം കാണിച്ച അതേ ആത്മാർഥതയും ആവേശവും ലക്ഷ്യവുമുള്ള മനസ്സുമായി ഇതാ കൊല്ലത്ത് നിന്നും ഒരു സഞ്ചാരി-എ.ക്യൂ. മഹ്ദി! വരുന്ന സെപ്തംബറിൽ ഭൂട്ടാനിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്ന മഹ്ദി, അതോടെ തന്റെ യാത്രാപഥങ്ങളിൽ അഭിമാനപൂർവം എഴുതിച്ചേർക്കുന്നത് 56-ാമത് രാജ്യമാണ്. ഒരു മനുഷ്യായുസ്സിൽ സ്വപ്‌നതുല്യമായ നേട്ടം എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഈ സൗഭാഗ്യത്തിനുടമയായ എ.ക്യൂ. മഹ്ദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്:

55 രാജ്യങ്ങൾ സഞ്ചരിക്കുക എന്നത് ഒരു മനുഷ്യ ജൻമത്തിൽ നിസ്സാര കാര്യമല്ല. ഒരു ലോകസഞ്ചാരി എന്നു തന്നെ വിശേഷിപ്പിക്കാവുന്ന താങ്കൾക്ക് യാത്രകളോടുള്ള കമ്പം തുടങ്ങിയത് എപ്പോഴാണ്?
കുട്ടിക്കാലത്തു തന്നെ. നല്ലൊരു വായനാ പ്രിയനായിരുന്ന ഉപ്പ, വീട്ടിൽ വലിയൊരു ലൈബ്രറി ഒരുക്കിയിരുന്നു. എസ്.കെ. പൊറ്റക്കാടിന്റെ എല്ലാ സഞ്ചാര സാഹിത്യ കൃതികളും അവിടെ അദ്ദേഹം ശേഖരിച്ചു വെച്ചു. ആ കൃതികളുടെ ആവർത്തിച്ചുള്ള വായനയാണ് എന്നിൽ യാത്രാമോഹങ്ങളുണർത്തിയത്. കോളേജ് വിദ്യാഭ്യാസം പൂർത്തിയായപ്പോൾ കുടുംബത്തിന്റെ പാരമ്പര്യ വ്യാപാരം ഏറ്റെടുത്ത് നടത്താനായിരുന്നു മുതിർന്നവർ എന്നോട് പറഞ്ഞത്. അതവഗണിച്ച് ദൽഹിയിലെ ഒരു ഹാർഡ് വെയർ നിർമാണക്കമ്പനിയുടെ സെയിൽസ് എക്‌സിക്യൂട്ടിവായി ഞാൻ ജോലി സ്വീകരിച്ചത് യാത്രയോടുള്ള കമ്പം കൊണ്ടു തന്നെയായിരുന്നു. ആ ജോലിയുടെ ഭാഗമായി ഇന്ത്യ മുഴുവൻ സഞ്ചരിച്ച് പ്രധാന സ്ഥലങ്ങളൊക്കെ കണ്ടു തീർത്തു. കേരളത്തിലും ഒരറ്റം മുതൽ മറ്റേ അറ്റം വരെ നിരവധി തവണ ഞാൻ സഞ്ചരിച്ചിട്ടുണ്ട്.

ആദ്യത്തെ വിദേശ യാത്ര എന്നായിരുന്നു? എങ്ങോട്ടായിരുന്നു?
1982-ൽ മാലി ദ്വീപിലേക്ക്. അവിടെ നടത്തിയ മൂന്നു ദിവസത്തെ യാത്ര എനിക്കൊരു പുതിയ അനുഭവമായി. വിദേശ ഇലക്‌ട്രോണിക് സാധനങ്ങളും മറ്റും തുച്ഛവിലയ്ക്ക് കിട്ടുന്ന ഒരു ഫ്രീപോർട്ട് കൂടിയായിരുന്നു അന്ന് മാലി ദ്വീപ്. യാത്രയ്ക്ക് ഞാൻ കൈയിൽ കരുതിയിരുന്നത് 5,000 രൂപയായിരുന്നു. വിമാനയാത്ര, മൂന്നു ദിവസത്തെ നാടു ചുറ്റൽ, ഹോട്ടലിലെ താമസം, ഭക്ഷണം, വിദേശ സാധനങ്ങൾ ഒരുപാട് വാങ്ങിക്കൂട്ടിയത് ഒക്കെക്കൂടി എനിക്കന്ന് ചെലവായത് വെറും 4,000 രൂപ മാത്രമായിരുന്നു! (സാന്ദർഭികമായി പറയട്ടെ, വർഷങ്ങൾക്ക് മുമ്പ് ഞാനും ഭാര്യയും കൂടി ഒരുമാസം അമേരിക്കൻ യാത്ര നടത്തിയപ്പോൾ ചെലവായത് ഏകദേശം 8 ലക്ഷത്തോളം രൂപയാണ്)

സഞ്ചരിച്ച പ്രധാന രാജ്യങ്ങൾ ഏതൊക്കെയാണ്?
മാലി ദ്വീപിന് ശേഷം നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ പോയി. മി ഡിൽ ഈസ്റ്റിലേയും ഗൾഫ് മേഖലയിലേയും ഏതാണ്ട് എല്ലാ രാജ്യങ്ങളി ലും സഞ്ചരിച്ചു. പിന്നീട് തെക്ക്കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പൂർ, മലേഷ്യ, തായ്‌ലന്റ്, ഹോങ്കോങ്, വിയറ്റ്‌നാം, കംബോഡിയ എന്നിവിടങ്ങളിൽ യാത്ര ചെയ്തു. അതുകഴിഞ്ഞ് ബ്രിട്ടനും ഇറ്റലിയും ഫ്രാൻസും ഉൾപ്പെടെ 15 യൂറോപ്യൻ രാജ്യങ്ങളിൽ കറങ്ങി. ഈജിപ്ത് ഉൾപ്പെടെ കുറേ ആഫ്രിക്കൻ രാജ്യങ്ങളിൽ പോയി. അമേരിക്കയിൽ ന്യൂയോർക്കിൽ നിന്നു തുടങ്ങി സാൻഫ്രാൻസിസ്‌കോ വരെ 9 സ്റ്റേറ്റുകളിലൂടെ യാത്ര ചെയ്തു. പിന്നെ ചൈന. തു ടർന്ന് ഓസ്‌ട്രേലിയ. ഏറ്റവും അവസാനം ജപ്പാൻ. ഇനി അടുത്തതായി ഭൂട്ടാൻ.
അധികം സാമ്പത്തിക ഭാരമില്ലാതെ, യാത്രാ രേഖകളും മറ്റും എളുപ്പത്തിൽ സംഘടിപ്പിച്ച് പോയിവരാൻ പറ്റുന്ന ഏതൊക്കെ രാജ്യങ്ങളാണ് അനുഭവ സമ്പത്തുള്ള ഒരു യാത്രികനെന്ന നിലയിൽ ഒരു സാധാരണ സഞ്ചാരിക്ക് വേണ്ടി താങ്കൾക്ക് നിർദ്ദേശിക്കാനാവുക?
നേപ്പാൾ അത്തരം ഒരു രാജ്യമാണ്. വിസ വേണ്ട. നമ്മുടെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് നമുക്കവിടെ യാത്ര ചെയ്യാം. മാലി, ശ്രീലങ്ക, തായ്‌ലന്റ്, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ് എന്നിവിടങ്ങളിലും വലിയ പണച്ചെലവില്ലാതെ പോയി വരാം. താരതമ്യേന യാത്രാ രേഖകളും എളുപ്പത്തിൽ ശരിയായി കിട്ടും.

ഒരു വിദേശ രാജ്യം സന്ദർശിക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് വിശദ പഠനം നടത്താറുണ്ടോ?
തീർച്ചയായും. ആ രാജ്യത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തിക സ്ഥിതി, നിയമങ്ങളുടെ പ്രത്യേകതകൾ എന്നിവ കാലേക്കൂട്ടി മനസ്സിലാക്കി വെക്കും. ഇത് യാത്ര ചെയ്യുന്ന രാജ്യങ്ങളെ കുറിച്ച് അടിസ്ഥാന പരമായ ഒരു ധാരണ ഉണ്ടാക്കാൻ സഹായകമാകും. അവിടെ ചെന്നിറങ്ങിയാലാണ് ജനങ്ങളുടെ സംസ്‌കാരം, ഭാഷ, വേഷം, പെരുമാറ്റം, സ്വഭാവ രീതികൾ എന്നിവയെക്കുറിച്ച് മനസിലാക്കുന്നത്.

സന്ദർശിച്ചവയിൽ ഏറ്റവും ഇഷ്ടം തോന്നിയ രാജ്യങ്ങൾ ഏതൊക്കെയാണ്? എന്തു കൊണ്ട്?
സ്വിറ്റ്‌സർലണ്ടും അമേരിക്കയും. യൂറോപ്പിലെ ഏറ്റവും സുഖകരമായ  കാലാവസ്ഥയും സുന്ദരമായ ഭൂപ്രകൃതിയുമുള്ള രാജ്യമാണ് സ്വിറ്റ്‌സർലണ്ട്.  സംസ്‌കാര സമ്പന്നരായ ജനങ്ങൾ. ജർമൻകാരെപ്പോലെ അമിത ഗൗരവമോ ഫ്രാൻസുകാരെ പോലെ ധാർഷ്ട്യമോ ബ്രിട്ടീഷുകാരെ പോലെ മേലാള മനോഭാവമോ അവർക്കില്ല. വിദേശിയേയും സ്വദേശിയേയും സമഭാവേന കാണാനുള്ള മനസ്സും അവർക്കുണ്ട്. നല്ല ആരോഗ്യവും ആകാരഭംഗിയും സൗന്ദര്യവുമുള്ളവരാണവർ. മികച്ച ശുചിത്വബോധമുള്ള ജനത, രാജ്യത്തെ വൃത്തിയോടെ സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധതയോടെ മത്സരിക്കുന്നത് കാണാം. ചുരുക്കത്തിൽ ഒരിക്കൽ കണ്ടാൽ അത്ര പെട്ടെന്നൊന്നും നമുക്ക് സ്വിറ്റ്‌സർ ലണ്ടിനെ മറക്കാൻ കഴിയില്ല.
ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് അമേരിക്ക. കാലാകാലങ്ങളിൽ ഭരണാധികാരികൾക്ക് അതിന്റെ അഹങ്കാരമുണ്ടെങ്കിലും ജനങ്ങൾക്കതില്ല. തീവ്രവാദം, ആഗോളവൽക്കരണം, കോളനിവൽക്കരണം എന്നിവയിലൂടെ ലോകത്തിലെ മറ്റു രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന കടന്നു കയറ്റങ്ങളിൽ അതൃപ്തിയുള്ളവരാണ് ജനതയിൽ വലിയൊരു ഭാഗം. ജ നാധിപത്യ മര്യാദകൾ അവർ കൃത്യതയോടെയും ജാഗ്രതയോടെയും പാലിക്കുന്നു. ഒരു മാസത്തെ അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മടങ്ങി വരുമ്പോൾ മനസ്സിൽ അക്ഷരാർഥത്തിൽ വല്ലാത്തൊരു നഷ്ടബോധം തോന്നിയിരുന്നു.

ഒന്നിലധികം തവണ സന്ദർശിച്ച രാജ്യങ്ങളുണ്ടോ? എന്താണ് അതിന് കാരണം?
സിംഗപ്പൂർ, മലേഷ്യ, ഹോങ്കോങ്, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളിൽ ഒന്നിലധികം തവണ പോയിട്ടുണ്ട്. ഒന്ന് വലിയ സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ പോയി വരാൻ പറ്റുന്ന രാജ്യങ്ങളാണ് ഇവ. മറ്റൊന്ന് വിസ കിട്ടാനും വലിയ പ്രയാസമില്ല എന്നതാണ്. സിംഗപ്പൂരിൽ നാലു തവണ പോയിട്ടുണ്ട്. ഒരു സഞ്ചാരിക്ക് കണ്ണുനിറയെ കാണാനുള്ള കാഴ്ചകൾ ഒട്ടനവധിയുണ്ടവിടെ. ജനങ്ങൾ, നിയമം അണുവിട തെറ്റാതെ പാലിക്കുന്നവരാണ്. അവരുടെ തെരുവു കളും പട്ടണങ്ങളും വൃത്തിയും വെടിപ്പുമുള്ളതാണ്. താമസിക്കാൻ നല്ല സൗ കര്യങ്ങളുള്ള നിരവധി ഹോട്ടലുകളുണ്ട്. ഇഷ്ടപ്പെട്ട ഏത് ഇന്ത്യൻ ഭക്ഷണ വും ഒരുവിധം ന്യായമായ വിലയ്ക്ക് അവിടെ കിട്ടും. മതിവരുവോളം ഷോ പ്പിംഗ് നടത്താനുള്ള സൗകര്യവുമുണ്ട്. പറ്റുമെങ്കിൽ ഇനിയും സിംഗപ്പൂരിൽ പോകണമെന്നാണ് എന്റെ ആഗ്രഹം.

ഓരോ യാത്രയും യാത്രികന് നൽകുന്നത് പുതിയ അറിവും അനുഭവങ്ങളും പാഠങ്ങളുമാണ്. ഇത്രയധികം രാജ്യങ്ങൾ സഞ്ചരിച്ച താങ്കൾക്കുണ്ടാ യ അവിസ്മരണീയമായ ചില യാത്രാ അനുഭവങ്ങളെ കുറിച്ച് പറയാമോ?
പ്രധാനപ്പെട്ട ചിലതു പറയാം. ജോർജ് ബുഷ് അമേരിക്കൻ പ്രസിഡണ്ടായിരുന്ന കാലത്ത്, ബുഷ് യുദ്ധകുറ്റവാളിയാണ്, അയാളെ വിചാരണ ചെ യ്യൂ എന്ന പ്ലക്കാർഡുമായി വൈറ്റ് ഹൗസിനു മുന്നിൽ നിന്ന പ്രതിഷേധക്കാരുമായി നടത്തിയ കൂടിക്കാഴ്ച, യു.എസ്-കാനഡ അതിർത്തിയിൽ നയാഗ്രാ വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു പാർക്കിൽ വച്ച് തന്റെ വയലിനിൽ ജനഗണമനയും വന്ദേമാതരവും വായിച്ചു കേൾപ്പിച്ച വെള്ളക്കാരനായ തെരുവു ഗായകനെ കണ്ടു മുട്ടിയത്, മൂന്നു പതിറ്റാണ്ടിലേറെക്കാലം വൈറ്റ്ഹൗസിന് എതി ർവശത്തായി സ്ഥിരം കുടിൽകെട്ടി അമേരിക്കയുടെ ആണവയുദ്ധ ഭീകരതയ് ക്കെതിരെ നിശ്ശബ്ദം പോരാട്ടം നടത്തിയ കോൺചിറ്റ എന്നു പേരുള്ള ഒരു സ്പാനിഷ് സമാധാന സന്നദ്ധ പ്രവർത്തകയുമായി ഏറെനേരം സംസാരിച്ച ത് (പ്രസിഡണ്ട് ജോർജ് ബുഷിന്റെ ഭരണകൂടം വൈറ്റ്ഹൗസിന് മുന്നിൽ അവർ കെട്ടിയ കുടിൽ പൊളിച്ചു നീക്കാൻ നിരവധി തവണ ശ്രമിച്ചതാണ്. ഒടുവിൽ അമേരിക്കൻ സുപ്രീം കോടതി ഇടപെട്ടാണ് അത് തടഞ്ഞതും അവർക്ക് പൂർണ സംരക്ഷണം നൽകാൻ ഭരണകൂടത്തോട് നിർദ്ദേശിച്ചതും. കോൺചിറ്റ 2016-ൽ മരിച്ചു), ചൈനയിലെ ഷാങ്ഹായിൽ നിന്നും ലോകത്തിലെ ഏറ്റവും വേഗതയേറിയ മാഗ്‌ലെവ് എന്നറിയപ്പെടുന്ന മാഗ്നെറ്റിക്ക് ട്രെയിനിൽ മണിക്കൂറിൽ 430 കിലോ മീറ്റർ വേഗതയിൽ സഞ്ചരിച്ചത് എന്നിവയെല്ലാം അവിസ്മരണീയമായ അനുഭവങ്ങളാണ്. ചൈനയിൽ വൻമതിൽ സന്ദർശിക്കാൻ ചെന്നപ്പോൾ സ്വന്തം വിമാനത്തിൽ അമേരിക്കയിൽനിന്നും ബെയ്ജിംഗിൽ വന്നിറങ്ങിയ വികലാംഗനായ ഒരു കോടീശ്വരനെ പരിചയപ്പെട്ടതും നല്ലൊരനുഭവമാണ്. വീൽചെയർ പോലെ പ്രത്യേകം തയ്യാറാക്കിയ ഒരു വാഹനത്തിൽ വൻമതിലിനു മുകളിൽ കൂടി യാത്ര ചെയ്യുമ്പോൾ ആഹ്ലാദവും ആവേശവും കൊണ്ട് ആകാശത്തിലേക്ക് കൈകളുയർത്തി അയാൾ ആർത്തുവിളിച്ചു കൂവിയത് ഇന്നും മനസ്സിൽ മായാത്ത ഓർമയാണ്.

യാത്രക്കിടെ ഭയമോ ഉത്കണ്ഠയോ ജനിപ്പിച്ച അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
അമേരിക്കൻ യാത്രക്കിടെ അത്തരം ഒരനുഭവമുണ്ടായി. ന്യൂയോർക്ക് എയർപോർട്ടിൽ പാസ്‌പോർട്ട് പരിശോധനക്കിടെ എന്നെയും ഭാര്യയേയും എമിഗ്രേഷൻ ഉദ്യോഗസ്ഥൻമാർ തടഞ്ഞുവെച്ചു. പല സെക്യൂരിറ്റി ഉദ്യോഗസ്ഥൻമാരും വന്ന് എന്റെ പാസ്‌പോർട്ട് പലതവണ പരിശോധിക്കുകയും എന്നെ സംശയത്തോടെ നോക്കുകയും ചെയ്തു. എന്താണ് കാര്യമെന്ന് തിരക്കിയപ്പോൾ അവർ വ്യക്തമായ ഉത്തരമൊന്നും പറഞ്ഞതുമില്ല. ഞാനും ഭാ ര്യയും ആകെ അങ്കലാപ്പിലായി. ഒന്നുമൊന്നും മനസിലാകാതെ ഞങ്ങൾ രണ്ടു മണിക്കൂറോളം ഉത്കണ്ഠയുടെയും ഭയത്തിന്റെയും മുൾമുനയിൽ നിന്നു. പിന്നീടാണ് ഉദ്യോഗസ്ഥർ സംഗതി വെളിപ്പെടുത്തിയത്. എന്റെ അതേ പേരിലുള്ള ഒരു ഇറാനിയൻ കൊടുംഭീകരൻ അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്നു. അത് ഞാനാണോ എന്ന സംശയത്താലാണ് അവർ എന്നെ പിടിച്ചുവെച്ചത്. അമേരിക്കൻ പോലീസ് ആസ്ഥാനത്തു നിന്നും സംശയാതീതമായി സ്ഥിരീകരണം ലഭിച്ചതോടെ സംഭവിച്ച ബുദ്ധിമുട്ടുകൾക്കെല്ലാം ക്ഷമചോദിച്ച് അവർ ഞങ്ങളെ പോകാൻ അനുവദിച്ചു. സത്യത്തിൽ അപ്പോഴാണ് ഞങ്ങളുടെ ശ്വാസം നേരെ വീണത്. 

വെറുപ്പോ മടുപ്പോ ഉണ്ടാക്കുന്ന അനുഭവങ്ങൾ?
അപൂർവമാണത്. എങ്കിലും ചിലത് പറയാം. ചൈനയിലെ ലീ നദിയിലൂടെ കപ്പൽ യാത്ര നടത്തുമ്പോൾ ഒരിനം വില കൂടിയ വൈൻ കപ്പലിൽ വിൽപ്പനയ്ക്ക് വച്ചത് കണ്ടു. 50 മില്ലിയുടെ വൈനിന് 1,750 ഇന്ത്യൻ രൂപയ്ക്ക് തു ല്യമായ യുവാൻ ആയിരുന്നു വില. ചൈനക്കാരും മറ്റും ഇടിച്ചു കയറി ആവേശത്തോടെ അത് വാങ്ങുന്നത് കണ്ടപ്പോൾ കൗതുകമായി. സൂക്ഷിച്ചു നോക്കിയപ്പോൾ കുപ്പിയിലെ വൈനിന് കീഴേ ചത്തുമരവിച്ചു കിടക്കുന്ന പാമ്പിൻ കുഞ്ഞുങ്ങൾ! പാമ്പിനെ കൊന്നുണ്ടാക്കിയ വൈനാണത്. സ്‌നേക് വൈൻ എന്നാണ് അതിന്റെ പേരു തന്നെ! ഹോങ്കോങിൽ വച്ച് മറ്റൊരു അനുഭവമുണ്ടായി. ഒരു ചൈനക്കാരൻ റോഡരികിലെ ഭക്ഷണശാലയിൽ നിന്ന് ഒരു പ്ലേറ്റ് വറുത്ത പാറ്റയെ വാങ്ങി സോസ് ഒഴിച്ച് കറുമുറെ തിന്നുന്നത് കണ്ടു. ഈ രണ്ടു കാഴ്ചകളും കണ്ട ശേഷം ദിവസങ്ങളോളം എനിക്ക് ഭഷണത്തോട് മടുപ്പും വെറുപ്പുമായിരുന്നു.

യാത്രകൾ ഒരുപാട് നടത്തിയല്ലോ. തീർച്ചയായും ഒരുപാട് പണവും ചെലവായി കാണും. ഇത്രയധികം പണം ചെലവാക്കി താങ്കൾ നടത്തുന്ന യാത്രകളെ കുടുംബം എങ്ങനെ നോക്കിക്കാണുന്നു?
എന്റെ ഭാര്യ സുബൈദ മിക്കവാറും എല്ലാ യാത്രകളിലും എനിക്കൊപ്പമുണ്ടാകാറുണ്ട്. എനിക്ക് രണ്ടു മക്കളാണ്. മകൾ, ഷാഹിന കല്യാണം കഴിച്ച് നാട്ടിൽ തന്നെയുണ്ട്. മകൻ, മനു ദുബായിൽ ജോലി ചെയ്യുന്നു. ഇക്കഴിഞ്ഞ ജപ്പാൻ യാത്രയിൽ മകനും എന്റെ കൂടെ ഉണ്ടായിരുന്നു. കുടുംബത്തിന്റെ സംരക്ഷണവും കരുതലും ഉൾപ്പെടെ എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിറവേറ്റിക്കൊണ്ടു മാത്രമാണ് ഞാൻ എല്ലാ യാത്രകളും നടത്തുന്നത്. അതു കൊണ്ടുതന്നെ കുടുംബം എന്റെ യാത്രകളെ കലവറയില്ലാതെ പ്രോത്സാഹിപ്പിക്കുന്നു.

യാത്രാവിവരണങ്ങൾ എഴുതാറുണ്ടോ?
ഉണ്ട്. കലാകൗമുദി, ചന്ദ്രിക, സമയം, കുങ്കുമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. യാത്രയിലെ ദൃശ്യചാരുതകൾ, ആധുനിക ചൈ നയിലെ വിസ്മയക്കാഴ്ചകൾ, മെയ്ഡ് ഇൻ സ്വിറ്റ്‌സർലണ്ട്, ഇൻഡോനേഷ്യ ൻ വിസ്മയങ്ങൾ, ഈജിപ്ഷ്യൻ കാഴ്ചകൾ, ഗ്രേറ്റ് ബ്രിട്ടൻ, കാനഡ-കാഴ്ചകളുടെ ഉത്സവം, ന്യൂയോർക്ക് മുതൽ സാൻഫ്രാൻസിസ്‌കോ വരെ തുടങ്ങി 17 പുസ്തകങ്ങൾ ഇതേവരെയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3 പുസ്തകങ്ങൾ കൂടി അടുത്തുതന്നെ പുറത്തിറങ്ങും. 5 പുസ്തകങ്ങളുടെ എഴുത്തുപണി പുരോഗമിക്കുന്നു. കൂടാതെ കൊല്ലത്തെ റേഡിയോ ബെൻസിഗറിൽ എല്ലാ ആഴ്ചയും ഹൃദയജാലകം എന്ന പേരിൽ യാത്രാനുഭവങ്ങൾ വിവരിച്ചു കൊ ണ്ടുള്ള ഒരു സ്ഥിരം പരിപാടിയും ചെയ്യുന്നുണ്ട്.

യാത്രയ്ക്ക് ചെലവായ തുകയുടെ ഒരു വലിയ ഭാഗം എഴുതി കിട്ടുന്ന പ്രതിഫലത്തിലൂടെ വീണ്ടെടുക്കാൻ ആവുമല്ലൊ?
(അതിന് ഉത്തരമായി മെഹ്ദി നന്നായി ഒന്നു ചിരിച്ചു) ആഫ്രിക്കൻ യാത്രക്കിടെ താൻ സിഗരറ്റ് വലിക്കാൻ ചെലവഴിച്ച തുകപോലും ആ യാത്രയെ കുറിച്ചെഴുതിയ വിവരണം പ്രസിദ്ധീകരിച്ച വാരികയിൽനിന്നും ലഭിച്ചില്ല. എന്ന് എസ്.കെ. പൊറ്റക്കാട് ഒരിക്കൽ എഴുതുകയുണ്ടായി. യാത്രാവിവരണങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോഴാണ് അദ്ദേഹം പറഞ്ഞ കാര്യം എനിക്ക് ശരിക്കും ബോധ്യപ്പെട്ടത്. ഇനി ഒരു രഹസ്യം കൂടി പറയാം. കഴിഞ്ഞ 36 വർഷത്തിനിടെ നടത്തിയ 55 രാജ്യങ്ങളിലെ സഞ്ചാരത്തിനായി എനിക്ക് ഒരു കോടിയിലേറെ രൂപ ചെലവായിട്ടുണ്ട്. ഇതേവരെ എഴുതിക്കിട്ടിയ പ്രതിഫലമാകട്ടെ 50,000 രൂപയിൽ താഴെയും!
യാത്രാനുഭവങ്ങൾ ആദ്യകാലത്തൊന്നും ഞാൻ എഴുതിയിരുന്നില്ല. അടുപ്പമുള്ളവരും ബന്ധുക്കളും നല്ല സുഹൃത്തുക്കളും ചില പ്രസിദ്ധീകരണങ്ങളും നിർബന്ധിച്ചപ്പോഴാണ് എഴുതിത്തുടങ്ങിയത്. എഴുത്തിന് വായനക്കാരിൽ നിന്ന് നല്ല പ്രോത്സാഹനം കിട്ടിയപ്പോൾ അതങ്ങ് തുടർന്നു. എന്റെ ന്യൂയോർക്ക് മുതൽ സാൻഫ്രാൻസിസ്‌കോ വരെ എന്ന പുസ്തകത്തിന് അവതാരിക എഴുതിയത് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ സാഹിത്യകാരൻ കാക്കനാടനായിരുന്നു. ആ യാത്രാവിവരണം വായിച്ച് വളരെ നന്നായിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും സ്വയം ഒരു അവതാരിക എഴുതിത്തരികയുമായിരുന്നു. അതും എനിക്കൊരു വലിയ പ്രോത്സാഹനമായി.

താങ്കൾ എന്തിന് യാത്ര ചെയ്യുന്നു?
നല്ല ചോദ്യം. പൂർണമായും യാത്രയുടെ ത്രിൽ അനുഭവിക്കാനായി മാ ത്രം യാത്ര ചെയ്യുന്ന ആളാണ് ഞാൻ. പറഞ്ഞറിയിക്കാനാകാത്ത അനുഭവങ്ങളും ആഹ്ലാദവും സംതൃപ്തിയുമാണ് ഓരോ യാത്രയും എനിക്ക് നൽകുന്നത്. ഒപ്പം അതെന്നെ ഒരുപാട് അറിവു നൽകി പുതുക്കിപ്പണിയുകയും സം സ്‌കരിച്ച് ശുദ്ധീകരിക്കുകയും ചെയ്യുന്നു.