Saturday , February   16, 2019
Saturday , February   16, 2019

അമ്മ മഴക്കാറിന് കൺനിറഞ്ഞൂ...

കോഴിക്കോട് നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ കല്യാണങ്ങളോടനുബന്ധിച്ച് അരങ്ങേറുന്ന റാംഗിംഗുകൾ പലപ്പോഴും ചർച്ചാ വിഷയമായതാണ്. പരിധി കടക്കാത്തിടത്തോളം കണ്ണടക്കുക എന്ന നയം മുതിർന്നവർ സ്വീകരിക്കുന്നത് കാരണം ക്രമസമാധാന പ്രശ്‌നമൊന്നുമില്ലാതെ നടക്കുകയാണ് പതിവ്. ലോകം ഫുട്‌ബോൾ ലഹരിയിലമർന്ന സീസണിൽ മനോരമ ന്യൂസ് കോഴിക്കോട് നൈനാംവളപ്പിലെ ഒരു വിവാഹം റിപ്പോർട്ട് ചെയ്തു. മണവാളൻ അർജന്റീനയിൽ നിന്ന് നേരിട്ടിറങ്ങിയതാണെന്നേ പറയൂ. ലോക കപ്പ് വിജയിച്ച് നേടിയ സ്വർണ കപ്പുമായാണ് വരന്റെ ആഗമനം. വധൂഗൃഹത്തിലെത്തിയപ്പോൾ മണവാട്ടി ബ്രസീലിന്റെ കട്ട ഫാൻ. മഞ്ഞ വസ്ത്രമണിഞ്ഞ പെൺകുട്ടി മോസ്‌കോയിൽ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കുകയും ചെയ്തു. മലപ്പുറത്ത് പ്രവാസിയായ അർജന്റീന ഫാനെത്തിയത് സൗദി അറേബ്യയിലെ ജോലി ഉപേക്ഷിച്ചാണ്. നാല് മാസം കഴിഞ്ഞാൽ ഖത്തറിൽ ജോലി നൽകാമെന്ന് ചങ്ക് ബ്രോ ഓഫർ ചെയ്തത് വലിയ കാര്യം. കളി അതിന്റെ വഴിക്ക് തീരും. നമ്മുടെ ജീവിതം പിന്നെയും ബാക്കിയാ. 
അർജന്റീന തിരിച്ചുവരവ് നടത്തുന്നത് കാണാൻ കാത്തിരിക്കാതെ വേമ്പനാട്ട് കായലിൽ ജീവനൊടുക്കിയ ഫാനിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ആർക്കാവും? 
റഷ്യൻ ഫുട്‌ബോൾ ലോകകപ്പ് ആവേശം ലോകമെമ്പാടും എത്തിക്കുന്നതിന്റെ തിരക്കിലാണ് മാധ്യമ പ്രവർത്തകർ. അതിനായി വിശ്രമമില്ലാത്ത ഓട്ടത്തിലാണ്. ലോകകപ്പ് ലൈവ് റിപ്പോർട്ടിംഗിനിടെ ഒരു വിരുതൻ ചാനൽ പ്രവർത്തകയെ കടന്നുപിടിച്ചു. ജർമ്മൻ ചാനലിന്  വേണ്ടി സരാൻസ്‌കിൽ ലൈവായി റിപ്പോർട്ട് നടത്തുകയായിരുന്ന ജൂലിയത് ഗോൻസാലസ് തെരാൻ എന്ന മാധ്യമ പ്രവർത്തകയെ ആണ് യുവാവ് ഉപദ്രവിച്ചത്. 
കൊളംബിയയിൽ നിന്നുള്ള മാധ്യമ പ്രവർത്തകയാണ് ജൂലിയത്. ലൈവ് റിപ്പോർട്ടിംഗായതിനാൽ ലോകം മുഴുവൻ തൽക്ഷണം കണ്ടുവെന്നത് വേറെ കാര്യം. 
*** *** ***
മലയാളത്തിലെ ന്യൂസ് ചാനലുകളിൽ ഏതാനും ദിവസങ്ങളായി പ്രധാന വാർത്ത അമ്മയും ദിലീപുമാണ്. കുറ്റവാളിയെന്ന് തെളിയുന്ന പക്ഷം ദിലീപിന് കഠിന ശിക്ഷ നൽകുന്നതിനോട്  ആർക്കും വിയോജിപ്പുണ്ടാവാൻ സാധ്യതയില്ല. വെള്ളിയാഴ്ച കാലത്ത് മാതൃഭൂമി ന്യൂസിലെ അര മണിക്കൂർ ബുള്ളറ്റിനിലെ ആദ്യ പാതി മുഴുവനും  ഇതിനായി മാറ്റിവെച്ചു. വ്യാഴം, ബുധൻ ദിവസങ്ങളിൽ ഇതിലും കൂടിയ കവേറജായിരുന്നു. റിമോട്ട് സ്വാതന്ത്ര്യമുള്ള പ്രേക്ഷകൻ ഒരു ആശ്വാസത്തിന് മീഡിയാ വണ്ണിലേക്ക് മാറ്റിയപ്പോൾ അവരും അതേ പാറ്റേണിലാണ് ബുള്ളറ്റിൻ പ്ലാൻ ചെയ്തിരിക്കുന്നത്. 
വിവാദത്തിന് തിരി കൊളുത്തിയ നടിമാർ കൂട്ടത്തോടെ അമേരിക്കയിൽ സ്റ്റേജ് ഷോ അവതരിപ്പിക്കാനുള്ള തിരക്കിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 
ഇന്ത്യയിൽ ടെലിവിഷൻ ചാനലുകൾ വ്യാപകമായപ്പോൾ ബി.ബി.സി, സി.എൻ.എൻ എന്നീ ചാനലുകളെ അനുകരിച്ചാണല്ലോ പ്രോഗ്രാമുകൾ ഒരുക്കിയിരുന്നത്. പിൽക്കാലത്ത് മലയാളത്തിൽ വാർത്താ ചാനലുകൾ വന്നപ്പോൾ എൻ.ഡി.ടി.വി, ടൈംസ് നൗ, ഇ.ടി.വി, സൺ ടി.വി, ആജ് തക് തുടങ്ങി പലരും വഴികാട്ടികളായി ഉണ്ടായിരുന്നുവല്ലോ. മാതൃഭൂമി ന്യൂസിൽ ജനോപകാരപ്രദവും ഫ്രഷുമായ വാർത്തകൾ പലതും രണ്ടാം പാതിയിലാണ് പ്രേക്ഷകർ കാണുന്നത്. വെള്ളിയാഴ്ച രാവിലത്തെ ബുള്ളറ്റിനിലെ വിഴിഞ്ഞത്തെ മീൻ കച്ചവടം ഉദാഹരണം. കേരളത്തിലെത്തുന്ന മീനിൽ മാരക വിഷം കലർന്നത് സംബന്ധിച്ച് ചർച്ച നടത്തിയതിന്റെ ഫലമായി മത്സ്യം വാങ്ങാൻ ആളുകൾക്ക് പേടിയായി. മാതൃഭൂമി ലേഖകർ തൂത്തുക്കുടിയിലും മറ്റും ചെന്ന് ഫോളോ അപ്പ് ചെയ്ത വാർത്തയുടെ തുടർച്ചയാണ് വിഴിഞ്ഞത്തെ കച്ചവടം. അത് വരുന്നത് ഇരുപത് മിനിറ്റ് കഴിഞ്ഞും. 
മലയാളത്തിലെ ദൃശ്യമാധ്യമങ്ങൾ പ്രധാന വാർത്തകൾ പലതും അവഗണിക്കുകയായിരുന്നു. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിയത് പിന്നിട്ട വാരത്തിലാണ്. ഡോളറിനെതിരെ 69.10 രൂപ വരെയായി താഴ്ന്നത് ആദ്യമായാണെന്നത് വാർത്തയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. 
ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെട്ട മറ്റൊരു വാർത്തയാണ് സ്ത്രീകൾ സുരക്ഷിതരല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനമെന്നത്.  തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷൻ നടത്തിയ സർവേയിലാണ് നാണക്കേടാകുന്ന കണക്കുകൾ പുറത്ത് വന്നത്. യുദ്ധം മുറിവേൽപിച്ച അഫ്ഗാനിസ്ഥാനും സിറിയയ്ക്കും മുമ്പിലാണ് 193 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനമെന്നത് നാണക്കേടിന്റെ ആക്കം കൂട്ടി. ഇന്ത്യയിൽ ലൈംഗിക അതിക്രമങ്ങൾ വർദ്ധിക്കുന്നു, സ്ത്രീകൾ അടിമപ്പണിയെടുക്കാൻ നിർബന്ധിതരാകുന്നു, ഇതാണ് ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യയെ എത്തിച്ച ഘടകങ്ങൾ. പട്ടികയിൽ രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാനും മൂന്നാം സ്ഥാനത്ത് സിറിയയുമാണ്. അമേരിക്കയും മൂന്നാം സ്ഥാനം പങ്കിടുന്നുണ്ട്. 2011 ൽ റോയിട്ടേഴ്‌സ് നടത്തിയ സർവേയിൽ അഫ്ഗാനിസ്ഥാൻ, കോംഗോ, പാക്കിസ്ഥാൻ, ഇന്ത്യ, സൊമാലിയ എന്നി രാജ്യങ്ങൾ സ്ത്രീകൾക്ക് സുരക്ഷിതമല്ല എന്നാണ് വിലയിരുത്തിയിരുന്നത്. അന്ന് അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയാണ് പുതിയ സർവേയിൽ ഒന്നാമതെത്തിയത്. ലൈംഗികാതിക്രമങ്ങളുടെ കാര്യത്തിൽ അമേരിക്കയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. പട്ടികയിലുള്ള ഏക പാശ്ചാത്യ രാജ്യമാണ് അമേരിക്ക. 
മി ടൂ കാമ്പയിനാണ് അമേരിക്കയെ പട്ടികയിൽ എത്തിച്ചതെന്നാണ് വിലയിരുത്തുന്നത്. കേരളത്തിലെ ഒത്തുതീർപ്പായ ചില കേസുകൾ ചർച്ച ചെയ്യാതെ ദൃശ്യ മാധ്യമങ്ങൾ മാറി നിന്നുവെന്ന ഗുണവും അമ്മയ്ക്ക് അമിത പ്രാധാന്യം നൽകിയതിലൂടെ ഉണ്ടായി. എൽ.ഡി.എഫിനെ വിശേഷിച്ചും സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാൻ പാകത്തിലുള്ള സംവാദങ്ങളാണ് ചില ചാനലുകളിൽ അരങ്ങേറിയത്. ഇടതുപക്ഷത്തെ രണ്ട് എം.എൽ.എമാരും ഒരു എം.പിയും താരങ്ങളാണെന്നത് തന്നെ കാരണം. എന്നാൽ വിവാദത്തിൽ ഒരിഞ്ച് നേട്ടമുണ്ടാക്കാനാവാതെ യു.ഡി.എഫ് തരിച്ചു നിന്ന ഘട്ടത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷയുടേയും മന്ത്രിമാരുടെയും പരിഷ്‌കാരിയുടേയും പ്രസ്താവനകൾ കൊണ്ട് മുഖം രക്ഷിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചു. 
*** *** ***
യുട്യൂബ് ഇപ്പോൾ നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണല്ലോ. സമ്മൂസ എങ്ങനെ പരത്താം, ഹൈദരാബാദ് ബിരിയാണി തയാറാക്കുന്നതെങ്ങനെ എന്നിങ്ങനെ എല്ലാ സംശയങ്ങളും തീർക്കാൻ സഹായകമാണിത്. പഴയതും പുതിയതുമായ പാട്ടുകൾ യഥേഷ്ടം കേൾക്കുകയുമാവാം. 
ഇടക്ക് വരുന്ന പരസ്യങ്ങൾ സഹിച്ചാൽ മതി. പണമൊന്നും നൽകേണ്ടതില്ലെന്നത് ഇടപാടുകാർ പെരുകാൻ കാരണമായി. 
ഉപയോക്താക്കളിൽ നിന്നും പൈസ ഈടാക്കി വീഡിയോകൾ നൽകുന്ന സേവനമാണ് യൂട്യൂബ് പ്രീമിയം വീഡിയോകൾ. വീഡിയോ കാണുമ്പോൾ പരസ്യങ്ങൾ ഒഴിവാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
യൂട്യൂബിന്റെ പ്രീമിയം സേവനങ്ങൾ ബ്രിട്ടനിൽ ആരംഭിച്ചു. യൂട്യൂബ് റെഡിന് പകരമായാണ് യൂട്യൂബ് പ്രീമിയം അവതരിപ്പിക്കുന്നത്. സ്‌പോടിഫൈ ആപ്പിൾ മ്യൂസിക് പോലുള്ള വീഡിയോ മ്യൂസിക് സേവനങ്ങൾ ഈടാക്കുന്ന അതേ തുകയാണ് വീഡിയോകൾക്കും ഗാനങ്ങൾക്കുമെല്ലാം യൂട്യൂബ് ഈടാക്കുക. നേരത്തെയുണ്ടായിരുന്ന യൂട്യൂബ് മ്യൂസിക് സേവനത്തെ പരിഷ്‌കരിച്ചാണ് യൂട്യൂബ് മ്യൂസിക് പ്രീമിയം സേവനം ആരംഭിക്കുന്നത്. ഗൂഗിൾ പ്ലേ മ്യൂസിക്കിനും പകരക്കാരനാണ് പുതിയ യൂട്യൂബ് മ്യൂസിക് പ്രീമിയം. വീഡിയോകളും പാട്ടുകളും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതോടൊപ്പം അവ പശ്ചാത്തലത്തിൽ പ്ലേ ചെയ്യാനുള്ള സൗകര്യവും പുതിയ സേവനങ്ങളിൽ ലഭിക്കുന്നു. 
*** *** ***
ഇത് തള്ളുകളുടെ കാലം. ആരാണ് എന്താണ് എപ്പോഴാണ് തള്ളിവിടുകയെന്നറിയാൻ സോഷ്യൽ മീഡിയയിൽ സദാ ജാഗരൂകരായി നിലകൊള്ളണം. കഥ കഴിഞ്ഞുവെന്ന് കരുതിയ അർജന്റീനയെ ഉയിർത്തെഴുന്നേൽപിച്ചത് മുതൽ കാല് കൊണ്ട് തൊടാൻ ഭാരത സംസ്‌കാരം അനുവദിക്കാത്തതിനാലാണ് ഇന്ത്യ ലോകകപ്പ് ഫുട്‌ബോളിലെത്താത്തതെന്ന വിശദീകരണമെല്ലാം ലൈവായി ഫേസ്ബുക്കിൽ കേൾക്കാം. 
മഹാരാഷ്ട്രയിലെ ഒരു സ്വാമി ഇത് പോലെ വിടലടിച്ച് കുടുങ്ങിയിരിക്കുകയാണ്. ഊർജദായകവും പോഷക ഗുണങ്ങളുള്ളതുമായ ഫലമാണ് തന്റെ തോട്ടത്തിലെ മാങ്ങയെന്നും ഇത് കഴിച്ച് നിരവധി സ്ത്രീകൾ ആൺകുട്ടികളെ പ്രസവിച്ചതായും മഹാരാഷ്ട്രയിലെ സംഭാജി ഭിഡെ അവകാശപ്പെടുകയുണ്ടായി. നാസിക്കിൽ നടന്ന ഒരു സമ്മേളനത്തിൽ പ്രസംഗിക്കവേയാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം. രാമായണത്തിൽനിന്നും മഹാഭാരതത്തിൽനിന്നും ശ്ലോകങ്ങൾ ഉദ്ധരിച്ച് സമകാലിക രാഷ്ട്രീയ വ്യവസ്ഥയെ  അദ്ദേഹം വിമർശിച്ചു. തന്റെ തോട്ടത്തിലെ മാങ്ങകൾ കഴിച്ച് നിരവധി പേർക്ക് പുത്രഭാഗ്യം ഉണ്ടായിട്ടുണ്ട്. 
ഈ രഹസ്യം അമ്മയോട് മാത്രമേ പങ്കുവെച്ചിട്ടുള്ളൂ. 150 ദമ്പതികൾക്കാണ് മാങ്ങ കഴിച്ച് കുഞ്ഞുങ്ങൾ ഉണ്ടായതെന്നും ഭിഡെ പറഞ്ഞിരുന്നു. 
മാങ്ങ ഇഫക്റ്റ് നാസിക് നഗരസഭയ്ക്ക് അത്രയ്ക്കങ്ങ് ബോധിച്ചില്ല. സംഭാജി ഭിഡെയ്ക്ക് നാസിക് മുനിസിപ്പൽ കോർപറേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മാങ്ങ കഴിച്ച് കുട്ടികൾ ഉണ്ടായ ദമ്പതികളുടെ പേരുവിവരങ്ങൾ കോർപറേഷനിൽ അറിയിക്കണമെന്നാണ് ഭിഡെയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇൻക്രെഡിബിൾ ഇന്ത്യയെന്നാണല്ലോ ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള നമ്മുടെ പരസ്യ വാചകം.