Saturday , April   20, 2019
Saturday , April   20, 2019

കാവ്യസൂര്യോദയം

എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ഗോപിനാരായണൻ പ്രശസ്ത കവി ഒ.എൻ.വിയുടെ ജീവിതത്തിലൂടെയൊരു തീർത്ഥയാത്ര നടത്തുന്നതാണ് 'കാവ്യസൂര്യന്റെ യാത്ര'. മഹത്തായ കവിതകൾ ആസ്വദിക്കുമെങ്കിലും അതെഴുതിയ കവിയുടെ ജീവിതം എന്നും വായനക്കാർക്ക് അജ്ഞാതമായി തുടരുക എന്നതാണ് പതിവ്. എന്നാൽ ഈ അടുത്ത കാലത്തായി ഇതിന് നേരിയ മാറ്റം  മലയാള ഭാഷയിൽ  കണ്ടുവരുന്നുണ്ട്. സാഹിത്യ ചരിത്രം സംബന്ധിച്ച പുസ്തകങ്ങളും എഴുത്തുകാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകങ്ങളും കൂടുതൽ ഉണ്ടാകേണ്ടതാണ്. കാവ്യസൂര്യന്റെ യാത്രയെന്നത് കുട്ടികൾക്കായി ഒ.എൻ.വിയുടെ കാവ്യ ജീവിതം എന്നാണ് നൽകിയിരിക്കുന്ന വിശേഷണം.
ഇത് അന്വർത്ഥമാക്കും വിധം വളരെ ലളിതമായ ഭാഷയിൽ നേരെ ചൊവ്വേ കാര്യങ്ങൾ അവതരിപ്പിക്കാൻ എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന പുസ്തകമാണിത്. കവിയുടെ ജീവിതം വാക്കുകൾ കൊണ്ട് വരച്ചിടുകയാണ് ഗോപിനാരായണൻ  ഈ പുസ്തകത്തിൽ. ഒ.എൻ.വിയുടെ ഇരുളടഞ്ഞ ജീവിത മൂഹൂർത്തങ്ങളിലേക്ക് കൂടി വെളിച്ചം പകരാൻ കഴിഞ്ഞിരിക്കുന്നു. ഒ.എൻ.വിയുടെ ഭാര്യ സരോജിനി  ഒ.എൻ.വിയുടെ സ്‌നേഹക്കുറിപ്പും പുസ്തകത്തിന് മാറ്റ് വർധിപ്പിക്കുന്നു.
വൈദ്യനും ശ്രീമൂലം പ്രജാ അസംബ്ലിയിൽ അംഗവുമൊക്കെയായിരുന്ന അച്ഛൻ കൃഷ്ണക്കുറുപ്പിനെക്കുറിച്ച് ഗൃഹാതുരമായ ഓർമകളും ഇതിൽ പങ്കുവെയ്ക്കുന്നു. കവി ഒ.എൻ.വി.കുറുപ്പ് തന്റെ കുട്ടിക്കാലം ഓർമ്മിച്ചെടുക്കുന്നതിങ്ങനെ: 


അച്ഛനമ്മമാരുടെ ഒരേയൊരാൺതരിയായിരുന്ന എനിക്ക് വൃക്ഷങ്ങളും അവയിൽ കൂടുകെട്ടുന്ന കിളികളുമൊക്കെ കുടുംബാംഗങ്ങളെപ്പോലെയായിരുന്നു. പലതരം പൂക്കളും പഴങ്ങളും തരുന്ന വൃക്ഷങ്ങൾ, പലതരം പാട്ടുപാടുന്ന പക്ഷികൾ. കാട്ടുപൊന്തകളിലിരുന്ന് കൊച്ചുവർത്തമാനം പറയുന്ന കുരുവികളും ചപ്പിലക്കിളികളും എതിർപാട്ടുപാടാൻ പ്രേരിപ്പിക്കുന്ന കുയിലുകളും കലപിലകാറുന്ന കാക്കകളും രാത്രിയുടെ നിശ്ശബ്ദതയെ മുറിവേൽപിച്ച് ഇടവിട്ടു മൂളുന്ന മൂങ്ങകളും വരെ ചുറ്റും തീർത്ത ശബ്ദ പ്രപഞ്ചത്തിൽ ഞാൻ അഹം മറന്ന് ലയിച്ചിരുന്നു. ഒരു കവിയെ രൂപപ്പെടുത്തിയത് കുട്ടിക്കാലത്തെ പ്രകൃതിയുമായുള്ള ഈ ചങ്ങാത്തമാകാതെ തരമില്ല. ഭൂമിക്കൊരു ചരമ ഗീതവുമൊക്കെ എഴുതാൻ ഒ.എൻ.വിയെ പ്രേരിപ്പിച്ചതും കുട്ടിക്കാലത്തെ ഈ അനുഭവങ്ങളാകാം. അപ്പുവിന്റെ ആകാശം എന്ന ആദ്യ അധ്യായം തുടങ്ങുന്നതിങ്ങനെ: ക്ലാവു പിടിച്ച നിലവിളക്കിന്റെ മങ്ങിയ വെട്ടത്തിൽ എന്തോ കുത്തിക്കുറിച്ചുകൊണ്ടിരുന്ന കുട്ടിയോട് കാരണവർ ചോദിച്ചു. അപ്പൂ, നീ തോന്ന്യാക്ഷരമെഴുതുമോ?  ഗ്രാമീണനായ ആ കാരണവർക്ക് വലിയ പഠിപ്പൊന്നുമില്ലായിരുന്നു. അപ്പു കവിതയെഴുതുകയാണെന്ന് കാരണവർക്ക് മനസ്സിലായി. വല്ലതും എഴുതി പഠിക്കേണ്ട സമയത്ത് കുട്ടികൾ കവിതയെഴുതുന്നത് തോന്ന്യാസമായിട്ടേ കാരണവർക്ക് കാണാനാവൂ. അതുകൊണ്ട് കാരണവരുടെ നോട്ടത്തിൽ കവിത തോന്ന്യാക്ഷരമാണ്. പക്ഷേ അപ്പുവിന് അത് വേദാക്ഷരങ്ങളായിരുന്നു. ഭാവനയുടെ ആകാശങ്ങളെ തൊടാനുള്ള ഏണിപ്പടികളായിരുന്നു ആ അക്ഷരങ്ങൾ.
ഒരു കവി പിറക്കുന്നതിന്റെ ആദ്യനാളുകളെയാണ് ഗോപിനാരായണൻ ഇവിടെ പരിചയപ്പെടുത്തുന്നത്. അപ്പുവിന്റെ ആകാശം, കുഞ്ഞുമനസ്സിലെ നൊമ്പരങ്ങൾ. കറുത്ത മണ്ണിലെ പൊന്ന്, സ്‌കൂളിലേക്കുള്ള യാത്ര, ഗുരുക്കന്മാർ, ഒരു വട്ടം കൂടി, തുടങ്ങി സൂര്യന്റെ മരണം വരെ 21 അധ്യായങ്ങളിലായാണ് ഒ.എൻ.വിയുടെ ജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രധാന കവിതാ സമാഹാരങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. കവി തന്റെ മരണം മുന്നിൽ കണ്ടുകൊണ്ടെഴുതിയ കവിതയാണ് സൂര്യന്റെ മരണമെന്ന് ഗോപിനാരായണൻ വ്യക്തമാക്കുന്നു.
ഒ.എൻ.വി.എഴുതി:
ആരെന്റെ സൂര്യനെ
യൂതിക്കെടുത്തി,യി 
ന്നാരെന്റെയകാശ- 
മന്ധമാക്കീ? 
ജീവിതാവസാനം വരെ എഴുതിക്കൊണ്ടേയിരുന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. രോഗശയ്യയിൽ കിടന്നുകൊണ്ടാണ് പോക്കുവെയിൽ മണ്ണിലെഴുതിയത് എന്ന ആത്മകഥ എഴുതി പൂർത്തീകരിച്ചത്. ഗോപീനാരായണന്റെ സ്‌നേഹ നിർബന്ധംകൊണ്ടു കൂടിയാണ് ഒ.എൻ.വി തന്റെ ആത്മകഥ എഴുതി പൂർത്തിയാക്കിയതെന്ന് ആമുഖത്തിൽ കവിയുടെ സഹധർമിണി സരോജിനി വ്യക്തമാക്കുന്നുമുണ്ട്.
കാവ്യ സൂര്യന്റെ യാത്ര
സൈന്ധവ ബുക്‌സ്
വില- 120 രൂപ  

Latest News