Saturday , February   16, 2019
Saturday , February   16, 2019

പറക്കും കാറുകൾ 

സ്വന്തം രാജ്യത്ത് കാറോടിക്കുന്നതിന് അനുമതി ലഭിക്കുന്നതിനു മുമ്പ് കൊമേഴ്‌സ്യൽ വിമാനങ്ങൾ പറപ്പിക്കുന്നതിനുള്ള പൈലറ്റ് ലൈസൻസ് നേടിയ ക്യാപ്റ്റൻ ഹനാദി അൽഹിന്ദിയെ പോലുള്ള സൗദി പെൺകൊടികൾ തങ്ങളുടെ ഇച്ഛാശക്തി ലോകത്തിനു മുന്നിൽ തെളിയിച്ചിട്ടുണ്ട്. എന്നാൽ അന്താരാഷ്ട്ര കാർ റേസിംഗ് ട്രാക്കുകളിൽ വിസ്മയത്തിന്റെയും പെൺകരുത്തിന്റെയും നവചരിത്രം രചിക്കുകയാണ് വ്യവസായി കൂടിയായ സൗദി എൻജിനീയർ അസീൽ അൽഹമദ്. 2012 ൽ അബുദാബി കാർ റേസിംഗിൽ വിജയം വരിച്ച റിനോൾട്ട് ലോട്ടസ് ഇ 20 കാർ ദക്ഷിണ ഫ്രാൻസിലെ ലെ കാസ്‌ലെറ്റ്‌സ് പോൾ റിച്ചാർഡ് ട്രാക്കിൽ അസീൽ ഓടിച്ചത് സൗദിയിൽ വനിതകൾക്കുള്ള ഡ്രൈവിംഗ് പ്രാബല്യത്തിൽവന്ന അതേ ദിവസം തന്നെയായത് യാദൃഛികതയായിരുന്നു. സൗദിയിൽ വനിതകൾ കാറോടിക്കുന്നതിന് ആരംഭിച്ച നവയുഗത്തിന്റെ തുടക്കം മാത്രമല്ല ഇത്, സൗദിയിൽ മോട്ടോർസ്‌പോർട്‌സ് മേഖലയിൽ വനിതകളുടെ ജന്മം കൂടിയാണ്. 


ഫ്രഞ്ച് ഗ്രാന്റ് പ്രിക്‌സ് മത്സരം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് റിനോൾട്ട് പാഷൻ പരേഡിന്റെ ഭാഗമായി ലെ കാസ്‌ലെറ്റ്‌സ് റേസിംഗ് ട്രാക്കിൽ കഴിഞ്ഞ ഞായറാഴ്ചയാണ് അസീൽ കാറോടിച്ചത്. ആയിരക്കണക്കിന് കാർ റേസിംഗ് ആരാധകരുടെ മുന്നിൽ ഫ്രഞ്ച് ഗ്രാന്റ് പ്രിക്‌സ് സർക്യൂട്ടിൽ കാറോടിച്ച് മോട്ടോർസ്‌പോർട്‌സ് മേഖലയിൽ സൗദി വനിതകളുടെ ജീവിതത്തിലെ നവയുഗത്തിന്റെ തുടക്കം അസീൽ അൽഹമദ് കുറിച്ചു. റിനോൾട്ട് ലോട്ടസ് ഇ 20 കാർ ഫ്രഞ്ച് ട്രാക്കിൽ ആദ്യമായി അസീൽ ഓടിച്ചത് ജൂൺ അഞ്ചിനാണ്. 2007 ലെ ലോക ചാമ്പ്യൻ കിമി റൈക്കോനെൻ 2012 നവംബറിൽ അബുദാബി കാർ റേസിംഗിൽ വിജയം നേടിക്കൊടുത്തത് ഇതേ കാറാണ്. 2012 മുതൽ അസീൽ കാർ റേസിംഗ് ട്രാക്കിൽ കാറോടിക്കുന്നുണ്ടെന്ന് റിനോൾട്ട് ടീം പറഞ്ഞു. 
റിനോൾട്ട് കമ്പനി 120 വർഷം പൂർത്തിയാക്കുന്നതോടനുബന്ധിച്ച ആഘോഷ പരിപാടികളുടെ ഭാഗമായും കാർ സ്‌പോർട്‌സ് അഭിനിവേശം പ്രചോദിപ്പിക്കുന്നതിന് ലക്ഷ്യമിട്ടും റിനോൾട്ട് ഫോർമുല വൺ റേസിംഗ് സംഘം സംഘടിപ്പിച്ച റേസിംഗ് പരേഡിൽ പങ്കെടുക്കുന്നതിന് റിനോൾട്ട് ഫോർമുല വൺ റേസിംഗ് സംഘം തന്നെ ക്ഷണിച്ചത് വലിയ ആദരവായാണ് കാണുന്നതെന്ന് അസീൽ പറയുന്നു. മണിക്കൂറിൽ ഇരുനൂറു കിലോമീറ്ററിലേറെ വേഗതയിൽ സ്‌പോർട്‌സ് കാറോടിക്കുന്നത് ചന്ദ്രനിലേക്ക് പറക്കുന്നതുപോലെയുള്ള അനുഭവമായിരുന്നു. ഇത്രയും വേഗതയിൽ സ്‌പോർട്‌സ് കാറോടിക്കുന്നതിന് വലിയ ധൈര്യം വേണം. റിനോൾട്ട് സ്‌പോർട്‌സ് കമ്പനിയെ പ്രതിനിധീകരിക്കുക എന്നത് വലിയ ഉത്തരവാദിത്വമാണ്. ആദ്യമായാണ് ഒരു സൗദി വനിതക്ക് ഈ ഭാഗ്യം ലഭിക്കുന്നത്. കാർ റേസിംഗ് കുട്ടിക്കാലം മുതൽ തന്റെ ഇഷ്ട വിനോദമാണ്. ഫോർമുല വൺ കാറോടിക്കുന്നതിന് സാധിച്ചത് തന്റെ സ്വപ്‌നങ്ങൾക്കും അപ്പുറമാണ്. സ്വപ്‌നം സാക്ഷാൽക്കരിക്കുന്നതിനുള്ള അഭിവാഞ്ജയുണ്ടെങ്കിൽ എന്തും കൈപ്പിടിയിൽ എത്തിപ്പിടിക്കാൻ കഴിയുമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് അസീൽ പറയുന്നു.  ട്രാക്കും കാറും പരിചയപ്പെടുന്നതിന് ജൂൺ അഞ്ചിനാണ് അസീൽ ആദ്യമായി റിനോൾട്ട് ലോട്ടസ് ഇ 20 കാറോടിച്ചത്. അത് സ്വകാര്യ ചടങ്ങായിരുന്നു. പത്തു വർഷത്തെ അഭാവത്തിനു ശേഷം ഫോർമുല വൺ മത്സരം ഫ്രാൻസിൽ തിരിച്ചെത്തുന്നതിനോടനുബന്ധിച്ച ആഘോഷത്തിന്റെ ഭാഗമായി റിനോൾട്ടിന്റെ റേസിംഗ് കാറുകളുടെ പരേഡിന്റെ ഭാഗമായിട്ടായിരുന്നു ജൂൺ 24 ന് ഫോർമുല വൺ കാറോടിക്കുന്നതിന് അവസരം ലഭിച്ചത്. റിനോൾട്ടിനു വേണ്ടി ആഘോഷത്തിലും പ്രചോദനത്തിലും പങ്കെടുക്കുന്നതിന് കഴിഞ്ഞത് വലിയ ആദരവായാണ് കാണുന്നതെന്നും അസാധ്യമെന്ന് കരുതുന്ന സ്വപ്‌നങ്ങൾ പോലും സാക്ഷാൽക്കരിക്കുന്നതിന് കഴിയുമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അസീൽ പറയുന്നു. 
സൗദി അറേബ്യയിലേക്ക് ഫെറാരി കാർ ഇറക്കുമതി ചെയ്ത ആദ്യ വനിതയായ അസീൽ നിരവധി കാർ റേസിംഗ് ട്രാക്കുകളിൽ കാറോടിക്കുകയും കാർ റേസിംഗ് ശിൽപശാലകളിലും പ്രൊഫഷനൽ റേസിംഗ് കോഴ്‌സുകളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഫോർമുല വണ്ണിനു വേണ്ടി സൗദി വനിതകൾ പ്രവർത്തിക്കുന്നത് കാണുന്ന കാലമുണ്ടാകുമെന്ന് അസീൽ പറയുന്നു. എല്ലാവരുമായും തുല്യമായി മത്സരിക്കുന്നതിന് വനിതകൾക്ക് സാധിക്കും. സ്ത്രീപുരുഷന്മാർക്കിടയിൽ വിഭജിക്കപ്പെട്ട കായിക വിനോദമല്ല മോട്ടോർസ്‌പോർട്‌സ്. ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും സ്ത്രീകൾ സാന്നിധ്യമറിയിക്കുന്ന കാലം നാം സ്വപ്‌നം കാണണമെന്നും അസീൽ അൽഹമദ് പറയുന്നു. ഫോർമുല വൺ ഗവേണിംഗ് ബോഡിയായ, പാരീസ് ആസ്ഥാനമായ ഇന്റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷൻ സ്ഥാപിച്ച ദി വിമൻ ഇൻ മോട്ടോർസ്‌പോർട്ട് കമ്മീഷനിലും അംഗമാണ് ഇവർ.  കൂടുതൽ വനിതകൾ കാർ റേസിംഗ് ലോകത്തേക്ക് കടന്നുവരുന്നതിന് അസീലിന്റെ മാതൃക സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുൻ കാർ റാലി ഡ്രൈവറും ദി വിമൻ ഇൻ മോട്ടോർസ്‌പോർട്ട് കമ്മീഷൻ പ്രസിഡന്റുമായ മിഷേൽ മൗട്ടൻ പറഞ്ഞു. കാർ റേസിംഗ്, എൻജിനീയർമാർ, മെക്കാനിക്കുകൾ, മാർഷലുകൾ തുടങ്ങി മോട്ടോർസ്‌പോർട്‌സുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും വനിതാ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് കമ്മീഷൻ ചെയ്യുന്നത്. 


കാർ റേസിംഗിനോടുള്ള അഭിനിവേശം പുതുതലമുറയിൽ നട്ടുവളർത്തുകയും അന്താരാഷ്ട്ര കാർ റേസിംഗുകളിൽ പങ്കെടുക്കുന്നതിന് പ്രാപ്തരായ പുതിയ തലമുറയെ വാർത്തെടുക്കുകയുമാണ് സൗദി അറേബ്യൻ മോട്ടോർ ഫെഡറേഷനിലെ തന്റെ ദൗത്യമെന്ന് സൗദി അറേബ്യൻ മോട്ടോർ ഫെഡറേഷൻ അംഗമായി മാറിയ ആദ്യ സൗദി വനിതയും ഐഡിഗ്രി ഡിസൈൻ കമ്പനി സ്ഥാപകയുമായ ഇന്റീരിയർ എൻജിനീയർ അസീൽ അൽഹമദ് പറയുന്നു. സൗദിയിൽ കാർ സ്‌പോർട്‌സ് മേഖല വികസിപ്പിക്കുന്നതിന് പരിശ്രമിക്കുകയാണ് തന്റെ അടുത്ത ചുവടുവെപ്പ്. കാർ, ബൈക്ക് സ്‌പോർട്‌സ് ഹോബി പരിശീലിക്കുന്നതിന് സൗദി യുവതീയുവാക്കളെ താൻ പ്രോത്സാഹിപ്പിക്കും. കാർ റേസിംഗ് ട്രാക്കുകളിൽ സൗദി പെൺകുട്ടികളെ കാണുന്നതിനും അതിയായി ആഗ്രഹിക്കുന്നു. കാർ റേസിംഗിൽ സൗദി പെൺകുട്ടികൾ പരിശീലനം നേടുന്നതും കാർ റേസിംഗ് മത്സരങ്ങളിൽ വിജയം നേടുന്നതും കാണുന്നതിന് അങ്ങേയറ്റത്തെ ആവേശമുണ്ട്. 
ഫോർമുല വൺ മത്സരത്തിൽ താൻ കാറോടിച്ചത് ഒരു തുടക്കം മാത്രമാണ്. ഒന്നും അസാധ്യമല്ലെന്ന സന്ദേശം യുവതീയുവാക്കൾക്ക് നൽകുന്ന പ്രചോദനമായി താൻ മാറും. സ്വപ്‌നങ്ങൾ നിശ്ചയദാർഢ്യത്തിലൂടെയും ഇച്ഛാശക്തിയിലൂടെയും സാക്ഷാൽക്കരിക്കുന്നതിന് യുവാക്കൾക്ക് സാധിക്കും. സൗദിയിൽ വനിതകൾക്ക് ഡ്രൈവിംഗ് അനുമതി ലഭിച്ചത് ക്രിയാത്മകമായ കാര്യമാണ്. സൗദി വനിതകളിലുള്ള വലിയ വിശ്വാസത്തിനും, കഴിവുകളും ശേഷികളും തെളിയിക്കുന്നതിന് വനിതകൾക്ക് അവസരം നൽകിയതിലും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും താൻ നന്ദി പറയുകയാണ്. 
സൗദിയിൽ ഡ്രൈവിംഗ് അനുമതി അനുമതി പ്രാബല്യത്തിൽ വന്ന ആദ്യ ദിവസം തന്നെ ഫോർമുല വൺ കാർ ഓടിക്കുന്നതിന് തനിക്ക് ഭാഗ്യം സിദ്ധിച്ചു. ഡ്രൈവിംഗ് അടക്കം സർവ മേഖലകളിലും കഴിവുകൾ തെളിയിക്കുന്നതിന് സൗദി വനിതകൾക്ക് സാധിക്കുമെന്ന സന്ദേശം ലോകത്തിന് എത്തിക്കുന്നതിന് തനിക്ക് സാധിച്ചു എന്നാണ് കരുതുന്നത്. നിരവധി മേഖലകളിൽ സൗദി വനിതകൾ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. കാർ സ്‌പോർട്‌സ് മേഖലയിൽ തനിക്ക് ദീർഘ കാലത്തെ പരിചയസമ്പത്തുണ്ട്. സൗദി അറേബ്യക്ക് പുറത്തുള്ള നിരവധി കാർ റേസിംഗ് ട്രാക്കുകളിൽ താൻ കാറോടിച്ചിട്ടുണ്ടെന്നും അസീൽ അൽഹമദ് അഭിമാനത്തോടെ പറയുന്നു.