Saturday , February   16, 2019
Saturday , February   16, 2019

അഭിനയശ്രുതി

ആൻഡ്രിയ ഒരു അനാഥയായിരുന്നു. അനാഥാലയത്തിലെ നാലു ചുമരുകൾക്കുള്ളിൽ ജീവിതം തളച്ചിടപ്പെട്ട പെൺകുട്ടി. അവിടെ അവൾക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു. ഐറിൻ. എന്നാൽ അവളെ ഒരു ഡോക്ടറും കുടുംബവും ദത്തെടുത്തപ്പോൾ ആൻഡ്രിയ ഒറ്റയ്ക്കായി. എങ്ങനെയെങ്കിലും ആ മതിൽക്കെട്ടിനകത്തുനിന്നും രക്ഷപ്പെടണമെന്നു കരുതി അവൾ അവിടെനിന്നും ഇറങ്ങിയോടി. എങ്ങോട്ടെന്നറിയാതെ നടന്ന അവളെ രക്ഷിക്കാൻ ഒരാളെത്തി. അതൊരു കെണിയായിരുന്നു. ഒന്നിനു പിറകെ ഒന്നായി പലരും അവളെ നശിപ്പിച്ചു. ഒടുവിൽ അവൾ കൂട്ടുകാരിയുടെ വീട്ടിലെത്തി. ജീവിതത്തിലെ ദുരനുഭവങ്ങൾ പങ്കിട്ട അവർ ഹാക്ക്‌സ് ഐ എന്നൊരു സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസി തുടങ്ങുന്നു. ഏജൻസിയുടെ മറവിൽ തന്നെ നശിപ്പിച്ച നാലുപേരെയും അവൾ ഒന്നൊന്നായി കൊലപ്പെടുത്തുകയാണ്.
ഈ ഡിറ്റക്റ്റീവ് ഏജൻസിയിലാണ് അർജുനെത്തുന്നത്. ഒന്നു രണ്ടു കേസുകൾ നല്ല നിലയിൽ തെളിയിച്ച അർജുനോട് ഐറിനും അനാഥാലയത്തിലെ അധ്യാപികയായ ആൻഡ്രിയയ്ക്കും ഒരുപോലെ ഇഷ്ടം തോന്നുന്നു. താൻ അന്വേഷിച്ച കേസുകളിലെ പ്രതികൾ പലരും കൊല്ലപ്പെട്ടതോടെ അർജുൻ പൊലീസ് നിരീക്ഷണത്തിലാവുകയും ചെയ്യുന്നു. ഒടുവിൽ ഏജൻസി തന്നെ പൂട്ടിപ്പോയപ്പോഴാണ് അവരെക്കുറിച്ച് അന്വേഷിക്കാൻ ക്രിമിനോളജിയിൽ ഉന്നത ബിരുദം നേടിയ അർജുൻ പോലീസിനൊപ്പം ഇറങ്ങിത്തിരിക്കുന്നത്. ഒടുവിൽ അവർ സത്യം കണ്ടെത്തുന്നു.കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചാണക്യതന്ത്രത്തിലാണ് അർജുനായി ഉണ്ണി മുകുന്ദനും ആൻഡ്രിയയായി ശ്രുതി രാമചന്ദ്രനും ഐറിനായി ശിവദയുമെത്തുന്നത്.
കുറഞ്ഞ കാലം കൊണ്ടു തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് ശ്രുതി രാമചന്ദ്രൻ. അഞ്ചോളം ചിത്രങ്ങളിലേ വേഷമിട്ടുള്ളൂവെങ്കിലും അവയെല്ലാം ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. എറണാകുളത്ത് സ്ഥിരതാമസമാക്കിയ ശ്രുതി മലയാളം ന്യൂസിനോട് മനസ്സു തുറക്കുകയാണ്.

സിനിമയിലേക്കുള്ള അരങ്ങേറ്റം
കുട്ടിക്കാലം തൊട്ടേ നൃത്തം പരിശീലിച്ചു വരുന്നുണ്ട്. ശ്യാമളാ സുരേന്ദ്രനാണ് ഗുരു. തുടർന്ന് നാരായണി അനൂപിന്റെ നൃത്തവിദ്യാലയത്തിൽ പരിശീലനത്തിന് പോയിരുന്നു. നടി നിരഞ്ജനയുടെ അമ്മയും മുല്ലശ്ശേരി രാജുസാറിന്റെ മകളുമാണ് നാരായണി. അവരുടെ കുടുംബ സുഹൃത്താണ് സംവിധായകൻ രഞ്ജിത് സാർ. ഒരിക്കൽ അവിടെ വന്നപ്പോൾ നൃത്തക്ലാസിൽ എന്നെ കണ്ടു. സിനിമയിൽ അഭിനയിക്കുന്നോ. ദുൽഖറാണ് നായകൻ. അതു കേട്ടപ്പോൾ ഒന്നു ശ്രമിക്കാമെന്നു കരുതി. ഞാൻ എന്ന ചിത്രത്തിലെ സുശീലയാകുന്നത് അങ്ങനെയാണ്. ഒന്നുമറിയാതെയാണ് ഞാൻ ആ സെറ്റിലെത്തിയത്. അവിടത്തെ കാഴ്ച കണ്ട് അത്ഭുതപ്പെട്ടുപോയി. അതുവരെ ഒരു സിനിമ കാണുമ്പോൾ ഇത് കൊള്ളില്ല എന്നു പറയാമായിരുന്നു. ഇന്ന് അതിന് കഴിയില്ല. കാരണം ഒരു സിനിമയ്ക്കു പിന്നിൽ എത്ര പേരുടെ അധ്വാനമുണ്ടെന്നു മനസ്സിലായതോടെ പഴയ തീരുമാനം തിരുത്തുകയായിരുന്നു. സിനിമയിലെത്തിയതിൽ സന്തോഷം തോന്നിയ നിമിഷങ്ങൾ...
ജയസൂര്യയോടൊപ്പം പ്രേതം എന്ന ചിത്രത്തിലായിരുന്നു അടുത്ത ഊഴം. ജയസൂര്യ തന്നെയാണ് ആ ചിത്രത്തിലേയ്ക്ക് ക്ഷണിച്ചത്. പ്രേതത്തിലെ ക്ലാര എന്ന കഥാപാത്രം അതുവരെയുള്ള പ്രേതങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു. എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന പ്രേതം.
അഭിനയ ജീവിതത്തിലെ വഴിത്തിരിവായത് ജിസ് ജോയ് സംവിധാനം ചെയ്ത സൺഡേ ഹോളിഡേയിലെ സിതാരയുടെ വേഷമായിരുന്നു. ആസിഫ് അലി വേഷമിടുന്ന അമലിന്റെ കാമുകിയുടെ വേഷം. കുട്ടിക്കാലം തൊട്ടേയുള്ള പ്രണയമായിരുന്നു അവരുടേത്. എന്നാൽ ഒരു ഡോക്ടറെ ഭർത്താവായി കിട്ടിയപ്പോൾ പഴയതെല്ലാം മറന്ന് അവൾ അമലിനെ ഒഴിവാക്കുന്നു. അതുകൊണ്ടു തന്നെ ഒരു തേപ്പുകാരിയെന്നാണ് പലരും വിളിച്ചിരുന്നത്. പുതിയ ചിത്രമായ ചാണക്യ തന്ത്രത്തിലും പലരും ചോദിച്ചത് ഉണ്ണിയെ ഒഴിവാക്കുമോ എന്നായിരുന്നു.

ചാണക്യ തന്ത്രത്തിലെ ചിത്രീകരണ വിശേഷങ്ങൾ?
കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചാണക്യതന്ത്രത്തിൽ ഒരു പാവപ്പെട്ട അനാഥക്കുട്ടിയായാണ് അഭിനയിച്ചത്. കഥ കേട്ടപ്പോൾ തന്നെ നല്ല പ്രതീക്ഷയുണ്ടായിരുന്നു. വളരെ ബോൾഡായ വേഷം. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഉണ്ണിയെത്തുന്നത്. ആദ്യമായിട്ടാണ് അദ്ദേഹത്തോടൊപ്പം വേഷമിട്ടത്. ചുരുക്കം ചിത്രങ്ങളിലേ വേഷമിട്ടിട്ടുള്ളൂ. അതുകൊണ്ടു തന്നെ തുടക്കക്കാരിയെന്ന നിലയിൽ ചെയ്യുന്നത് ശരിയാകുമോ എന്ന ഭയമുണ്ടായിരുന്നു. എന്നാൽ ഉണ്ണിയുമായി കൂട്ടായതോടെ വളരെ കംഫർട്ടിബിളായി തോന്നി. നല്ല സഹകരണമായിരുന്നു അദ്ദേഹത്തിൽനിന്നും ലഭിച്ചത്. ചിത്രത്തിൽ എല്ലാവർക്കും നല്ല വേഷങ്ങളായിരുന്നു. സംവിധായകനും നല്ല സഹകരണമായിരുന്നു നൽകിയത്.

പുതിയ സിനിമകൾ?
എം.സി. നിതിൻ സംവിധാനം ചെയ്യുന്ന നോൺസെൻസ് എന്ന ചിത്രമാണ് പുറത്തിറങ്ങാനുള്ളത്. ചിത്രത്തിൽ ഷീനാ മിസ് എന്ന അധ്യാപികയുടെ വേഷമാണ്. കുട്ടികളോട് യാതൊരു മയവുമില്ലാതെ പെരുമാറുന്ന അധ്യാപിക. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെയും ഈ ചിത്രം പരാമർശിക്കുന്നുണ്ട്.
കൂടാതെ തമിഴിലും ഒരു ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഡോൾ ഹൗസ് ഡയറി എന്ന ചിത്രത്തിന്റെ സംവിധാനം രാമചന്ദ്രനാണ്. യഥാർത്ഥ സംഭവങ്ങളെ കൂട്ടിയിണക്കിയുള്ള ഈ ചിത്രം സമൂഹത്തിന് നല്ലൊരു സന്ദേശമാണ് നൽകുന്നത്. ചിത്രത്തിലെ രണ്ടു ഷെഡ്യൂൾ പൂർത്തിയായിക്കഴിഞ്ഞു. അടുത്ത ഷെഡ്യൂൾ അടുത്തയാഴ്ച തുടങ്ങും. യാത്രയ്ക്കുള്ള ഒരുക്കത്തിലാണിപ്പോൾ.

കഥാപാത്രത്തെ തെരഞ്ഞെടുക്കുന്ന രീതി?
കഥ കേൾക്കുമ്പോൾ അതിൽ ഞാനുണ്ടോ എന്നാണ് ആദ്യം നോക്കുന്നത്. എന്റെ തന്നെ നിഴൽ ആ കഥാപാത്രത്തിലുണ്ടെങ്കിൽ ഏറ്റെടുക്കാറില്ല. ഭാഗ്യത്തിന് ഇതുവരെ അവതരിപ്പിച്ച സുശീലയും ക്ലാരയും സിതാരയും ആൻഡ്രിയയുമെല്ലാം വ്യത്യസ്തങ്ങളായിരുന്നു. ഓരോ കഥാപാത്രത്തെയും ഒരു വെല്ലുവിളിയായാണ് സ്വീകരിക്കുന്നത്. കൂടാതെ എന്റെ കഥാപാത്രത്തിനുള്ള പ്രാധാന്യവും മനസ്സിലാക്കും. അങ്ങനെയൊരു കഥാപാത്രമില്ലെങ്കിൽ ആ സിനിമയെ ബാധിക്കുമോ എന്നും നോക്കും. കഥ പറയുന്നവരോട് മുഴുവനായും പറയാനും ആവശ്യപ്പെടാറുണ്ട്.

വിദ്യാഭ്യാസം?
ആർക്കിടെക്റ്റിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. ബിരുദപഠനം മൈസൂരിലായിരുന്നു. കുറച്ചു കാലം ചെന്നൈയിലും മുംബൈയിലുമെല്ലാം ആർക്‌ടെക്റ്റായി ജോലി നോക്കി. പിന്നീട് ഉന്നത പഠനത്തിനായി ബാഴ്‌സലോണയിൽ പോയി. തിരിച്ചെത്തിയപ്പോൾ കൊച്ചി വൈറ്റിലയിലെ ആസാദി എൻജിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി. സിനിമയിൽ തിരക്കേറിയപ്പോൾ ജോലി ഉപേക്ഷിച്ചു. ഇപ്പോൾ ഫ്രീലാൻഡായി ജോലിയെടുക്കാറുണ്ട്.

കുടുംബം?
ഭർത്താവ് ഫ്രാൻസിസ് തോമസ്. പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. ആർക്കിടെച്‌റിന് പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. പരസ്യ മേഖലയിലാണ് അദ്ദേഹം ജോലി നോക്കുന്നത്. അഭിനയ രംഗത്ത് നല്ല സഹകരണമാണ് അദ്ദേഹത്തിൽനിന്നും ലഭിക്കുന്നത്.

മാതാപിതാക്കൾ?
അച്ഛൻ രാമചന്ദ്രൻ ബിസിനസുകാരനാണ്. കൂടാതെ സ്വന്തമായി ഒരു കമ്പനിയുമുണ്ട്. അമ്മ ഗീത ചോയ്‌സ് സ്‌കൂളിലെ വൈസ് പ്രിൻസിപ്പലാണ്. അനുജത്തി കാവ്യയും അധ്യാപികയാണ്. കൂടാതെ തിയേറ്റർ രംഗത്തും പ്രവർത്തിക്കുന്നുണ്ട്.
സിനിമാരംഗത്ത് പാരമ്പര്യത്തിന്റെ പിൻബലമില്ലെന്നു പറയാനാവില്ല. അപ്പൂപ്പൻ എസ്.എ നായർ സിനിമയിൽ പരസ്യ കലാകാരനായിരുന്നു. ചെമ്മീൻ പോലുള്ള ചിത്രങ്ങൾക്ക് പരസ്യങ്ങൾ തയ്യാറാക്കിയത് അദ്ദേഹമായിരുന്നു. എന്നാൽ അപ്പൂപ്പൻ അമ്മയേയും ചെറിയമ്മയേയുമൊന്നും സിനിമയിലേയ്ക്ക് അടുപ്പിച്ചില്ല. അപ്പൂപ്പൻ ജീവിച്ചിരില്ല. അമ്മൂമ്മയാണ് ഇപ്പോൾ ഏറ്റവും വലിയ സപ്പോർട്ട്.