Saturday , February   16, 2019
Saturday , February   16, 2019

സൗദി സംസ്‌കൃതിയുടെ വർണസമുച്ചയം 

ലോകം വളരെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യ വളരെ വേഗത്തിലാണ് വളരുന്നതെന്ന് പ്രകടമാക്കുന്നതാണ് 'ഇത്‌റ' എന്ന സാംസ്‌കാരിക കേന്ദ്രത്തിലെ ഓരോ കാഴ്ചകളും. ദഹ്‌റാനിൽ സൗദി അരാംകോയുടെ കീഴിൽ  ദൃശ്യചാരുതയോടെ പണിതുയർത്തിയതാണ് ദമാമിലെ കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ എന്ന പേരിൽ അറിയപ്പെടുന്ന ഇത്‌റ. ആദ്യ എണ്ണക്കിണർ കണ്ടെത്തിയ സ്ഥലത്താണ് ഈ ലോക സാംസ്‌കാരിക സമുച്ചയം സ്ഥാപിച്ചിട്ടുള്ളത്.  രണ്ട് മാസങ്ങൾക്ക് മുമ്പ് സൗദി അറേബ്യ ആതിഥേയത്വം വഹിച്ച 29 -ാ മത്  അറബ് ഉച്ചകോടിക്ക്  വേദിയായതും ഈ സാംസ്‌കാരിക കേന്ദ്രമായിരുന്നു.  വേദിയുടെ സംവിധാനം നോർവേയിലെ വിഖ്യാത ആർകിടെക്റ്റ് സ്ഥാപനം സ്‌നോഹെട്ടയാണ് നിർവഹിച്ചത്. ഈജിപ്തിലെ വിഖ്യാതമായ അലക്‌സാണ്ട്രിയ ലൈബ്രറിയുടെ പുനരാവിഷ്‌കാരമായി പണിതുയർത്തിയ സാംസ്‌കാരിക ഗേഹം, ബിബ്ലിയോതിക അലക്‌സാൻഡ്രിന, ഓസ്‌ലോയിലെ ഒപേറ ഹൗസ് എന്നിവ തയാറാക്കിയ സ്‌നോഹെട്ട എല്ലാ ആധുനികസാധ്യതകളും ഈ മന്ദിരത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 


2017 ഡിസംബർ ഒന്നിന് സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് ഈ സാംസ്‌കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ജീവിതത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ആസൂത്രണങ്ങളുടെ കേന്ദ്ര ബിന്ദുവായി സാംസ്‌കാരിക, വിനോദ പരിപാടികളെ ഉപയോഗപ്പെടുത്തുന്നതിന് സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യം വെക്കുന്നു. ഇതിന് അനുബന്ധമായി സൗദിയുടെ ഭാവിക്ക് ഉപകരിക്കുംവിധം വിജ്ഞാനത്തിനും, സർഗാത്മകതക്കും, സാംസ്‌കാരിക വിനിമയത്തിനും പ്രചോദനം പകരുകയും അത് വഴി മാനവ വികസനത്തിന് ഗുണാത്മകവും സ്പർശവേദ്യവുമായ സ്വാധീനം ചെലുത്തുകയെന്നതാണ് സ്വന്തം ദൗത്യമായി ഇത്‌റ  രേഖപ്പെടുത്തുന്നത്. ലൈബ്രറി, തിയേറ്റർ, മ്യൂസിയം, ഊർജ മ്യൂസിയം, ആർട് ഗാലറി, കുട്ടികളുടെ മ്യൂസിയം, നോളെഡ്ജ് ടവർ എന്നിവ ഉൾപ്പെടുന്നതാണ് ഈ സമുച്ചയം.  നല്ല പരിശീലനവും നൈപുണ്യവുമുള്ള ജീവനക്കാരുടെ ഊഷ്മളമായ പെരുമാറ്റവും ആതിഥ്യവും ഒപ്പം  കാഴ്ചകളും  ഇവിടെയെത്തുന്ന സന്ദർശകർക്ക്  അനുഭവവേദ്യമായി മാറും.


കഴിഞ്ഞ ചെറിയ പെരുന്നാളിന്റെ രണ്ടാം ദിനത്തിലാണ് സന്ദർശകർക്കായി ഇത്‌റ തുറന്ന് കൊടുത്തത്.  പെരുന്നാൾ അവധിക്കാലത്ത് മാത്രം അറുപതിനായിരം പേർ സന്ദർശകരായി ഇവിടെയെത്തി.  ഓരോ ദിവസവും മുൻകൂട്ടി ടിക്കറ്റ് എടുക്കുന്നവർക്ക് മാത്രമായി പ്രവേശനം പരിമിതമാക്കിയിട്ടുണ്ട്. പ്രവേശന ടിക്കറ്റ് ഓൺലൈനിൽ ലഭ്യമാണ്. പ്രവേശനം ഇപ്പോൾ സൗജന്യമാണെങ്കിലും തിയേറ്റർ, മ്യൂസിയം എന്നിവക്ക് പ്രത്യേക നിരക്കിൽ ടിക്കറ്റുകളുണ്ട്.  നിർമാണ വൈദഗ്ധ്യവും കലാചാരുതയും ഒരുപോലെ സമ്മേളിച്ച ഈ മന്ദിരത്തിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച മ്യൂസിയം, തിയേറ്റർ തുടങ്ങിയവയുണ്ട്. മൂന്ന് പാറക്കെട്ടുകൾക്ക് നടുവിലായി ഉയർന്ന്  നിൽക്കുന്ന ഭീമൻപാറയാണെന്ന്  തോന്നിപ്പിക്കുന്ന  ഭംഗിയാർന്ന വിദൂര കാഴ്ചയാണ്  ഇത്‌റ സമ്മാനിക്കുന്നത്.  സമീപത്തെ മറ്റൊരു കെട്ടിടത്തിലാണ് ഊർജ മ്യൂസിയം. അതിവിശാലമായ ഡിജിറ്റൽ ഗ്രന്ഥാലയമാണ് ഏറെ ആകർഷകവും ഒപ്പം  വിജ്ഞാന ദാഹികൾക്ക് അത് നല്ല അവസരവും ഒരുക്കും. ഓപ്പൺ സ്റ്റേജുകളിൽ വിവിധ അഭ്യാസ പ്രകടനങ്ങളും അരങ്ങേറുന്നുണ്ട്. മൂന്ന് സിനിമകളാണ് ഇവിടെ ദിവസവും പ്രദർശിപ്പിക്കുന്നത്.  മുപ്പത്തിനാലോളം വ്യത്യസ്ത പരിപാടികളാണ് ഒരാഴ്ചക്കാലം നീണ്ട് നിന്ന ഈദാഘോഷത്തിന്റെ ഭാഗമായി ഇവിടെ സംഘടിപ്പിച്ചത്. 
ലോകോത്തര റഷ്യൻ  ഓർക്കെസ്ട്ര ഗ്രൂപ്പായ മറിൻ സ്‌കൈ അവതരിപ്പിച്ച സംഗീത വിരുന്നിന്റെ അരങ്ങേറ്റത്തോടെയാണ്  ലോകോത്തര നിലവാരത്തിലുള്ള പുതിയ തിയേറ്റർ ജൂൺ 16 ന് ഇത്‌റയിൽ തുറന്നത്. പതിനായിരം ചതുരശ്ര അടി മീറ്ററിൽ സജ്ജമാക്കിയ തിയേറ്ററിൽ 900 പേർക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ആധുനികതയുടെ എല്ലാ സാങ്കേതിക വിദ്യയും ഒരുക്കിയിട്ടുള്ള തിയേറ്ററിൽ ഒരേ സമയം നൂറോളം കലാകാരൻമാർക്ക് പരിപാടി അവതരിപ്പിക്കാൻ ഇവിടെ സാധിക്കും. 


കലാസ്വാദകർക്കും നാടക പ്രവർത്തകർക്കും എഴുത്തുകാർക്കും വിദ്യാർഥികൾക്കും അനവധി സാധ്യതകൾ നൽകുന്നതാണ് 'ഇത്‌റ'യിലെ പുതിയ തിയേറ്റർ. പ്രമുഖ ലോകോത്തര റഷ്യൻ  കലാകാരൻ വലേറി ഗെർഗീവ് നേതൃത്വം നൽകിയ മറിൻ സ്‌കൈ അവതരിപ്പിച്ച ഓർക്കസ്ട്ര നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്. ലോക സംസ്‌കാരങ്ങളുടെ വാതായനങ്ങൾ തുറന്ന് സൗദി അറേബ്യ പുതിയ ചരിത്രം സ്യഷ്ടിക്കുന്നതിന്റെ സൂചന നൽകുന്നതായിരുന്നു ഈ സംഗീത വിരുന്ന്. പരിപാടിക്ക് മുമ്പായി സൗദി ഊർജ എണ്ണവകുപ്പ് മന്ത്രി ഖാലിദ് അൽ ഫാലിഹ്, പബ്ലിക്ക് ഇൻഫർമേഷൻ വകുപ്പ് മന്ത്രി അവാദ് അൽ അവാദ്,  അമീൻ എച്ച് നാസർ (പ്രസിഡന്റ് ആന്റ് സി.ഇ.ഒ സൗദി അറാംകോ) എന്നിവരും ഒപ്പം റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത വാർത്താസമ്മേളനവും ഒരുക്കിയിരുന്നു. ഉഭയകക്ഷി ബന്ധം കൂടുതൽ സുദ്യഢമാക്കിയും സാമൂഹികസാമ്പത്തിക സംസ്‌കാരിക മേഖലകളിൽ കൂടുതൽ സഹകരണവും കൂട്ടായ പ്രവർത്തനങ്ങളും  ഇരു രാജ്യങ്ങളും തമ്മിൽ നിലനിർത്തുമെന്നും ഇവർ പറഞ്ഞു. തിയേറ്ററിൽ വ്യത്യസ്ത രാജ്യങ്ങളുടെ സാംസ്‌കാരിക പരിപാടികൾ വരുംകാലങ്ങളിൽ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധിക്യതർ. നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി അൽ ഹസ-ദഹ്‌റാൻ റോഡിലാണ് ഈ സമുച്ചയം. വിശാലമായ പാർക്കിംഗും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.  രാത്രി സമയങ്ങളിൽ വർണ വിസ്മയം തീർത്ത് ശോഭിച്ച് നിൽക്കുന്ന ഈ സാംസ്‌കാരിക വിജ്ഞാന-വിനോദ ഗേഹം സൗദി സംസ്‌കൃതിയുടെ പ്രതീകാത്മക സമുച്ചയമായി തിളങ്ങിനിൽക്കുന്നു.