Monday , November   19, 2018
Monday , November   19, 2018

മാഷ് പണിയല്ലാതെ അന്റോണിയോ മാഷ് എന്തു ചെയ്തു? ഒരു ഇറ്റാലിയന്‍ പ്രണയ കഥ VIDEO

കോഴിക്കോട് ബീച്ചില്‍ പുസ്തകവും ചായയും വിളമ്പുന്ന 'ബുക്കിലിട്ടത്' എന്ന ഒരു പുസ്തക വണ്ടിയെ കുറിച്ചും അതെങ്ങനെ മനോഹരമാക്കി വിളമ്പാമെന്ന അന്വേഷണവുമാണ് ഇറ്റലിയിലെ ഫെരാന്‍ഡെക്കാരനായ അന്റോണിയോ ലാ കാവ എന്ന റിട്ടയേഡ് അധ്യാപകനിലെത്തിച്ചത്. 42 വര്‍ഷത്തെ മാഷ് പണിയല്ലാതെ അന്റോണിയോ മാഷ് എന്ത് ചെയ്‌തെന്നറിയണ്ടേ? പറയാം.

മാഷ് പുസ്തക പ്രേമിയായിരുന്നു. ചുമ്മാ പ്രേമമല്ല, നല്ല ഒന്നാന്തരം വായനക്കാരന്‍. കുട്ടികള്‍ നല്ലോണം വായിച്ചിരുന്നെങ്കില്‍ എന്ന് അത്യാഗ്രഹമുള്ളയാള്‍! വായന പ്രേമം മൂത്തപ്പോള്‍ 1999 ല്‍ മൂപ്പരൊരു പണി ചെയ്തു. പഴയൊരു ആപ്പെ മോട്ടോര്‍ ബൈക്ക് കോലം മാറ്റി, ഓടു കൊണ്ട് മേല്‍ക്കൂര വച്ച്, ജനാലയും ചിമ്മിണിയുമുള്ള, കുഞ്ഞു വീടുപോലൊരു പുസ്തകവണ്ടിയൊരുക്കി. 700 പുസ്തകങ്ങള്‍ കൊള്ളിച്ചു. വണ്ടിക്കകത്ത് കുട്ടികള്‍ക്ക് ടി വി കാണാനും സൗകര്യമൊരുക്കി. സഞ്ചരിക്കുന്ന വായനശാലയ്ക്ക് മാഷ്  Bibliomotocarro എന്ന് പേരിട്ടു. 'Books have Wheels എന്ന് സിന്ദാബാദും വച്ചു.

എല്ലാ ആഴ്ചയും അന്റോണിയോ മാഷ് പുസ്തകവണ്ടിയും കൊണ്ട് ഇറ്റലിയിലെ തെക്കേ ബസലിക്കാത്ത മലയോര ഗ്രാമങ്ങളിലേക്ക് വണ്ടിയോടിക്കും. മനോഹരമായി ശബ്ദം പൊഴിക്കുന്ന ഒരു പ്രത്യേകതരം സംഗീതോപകരണം കൊണ്ട് വരവറിയിക്കും. നമ്മുടെ നാട്ടില്‍ മീന്‍കാരന്റെ കൂയ് വിളി കേള്‍ക്കുമ്പോള്‍ പെണ്ണുങ്ങള്‍ പാത്രവുമായി വരുന്ന പോലെ, ഐസ് കച്ചവടക്കാരനെ കാണുമ്പോള്‍ കുട്ടികള്‍ പൊതിയുന്ന പോലെ കവലകളില്‍ കുട്ടികളും അമ്മമാരും പുസ്തകവണ്ടിക്ക് ചുറ്റും കൂടും. മുന്നെ വായിക്കാനെടുത്തത് തിരികെവെച്ച് പുതിയതെടുക്കും. പുസ്തകങ്ങള്‍ക്ക് പുറമെ മാഷൊരു കാലി നോട്ടുപുസ്തകം വച്ചിട്ടുണ്ട്. കുട്ടികളതില്‍ അവരുടെ കഥകളെഴുതി. അയല്‍ ഗ്രാമത്തിലെ കൂട്ടുകാര്‍ എഴുതിയ കഥകളവര്‍ വായിച്ചു. ഒരുമിച്ചു പാട്ട് പാടി, സിനിമ കണ്ടു...

വായനശാലകളോ പുസ്തകക്കടകളോ ഇല്ലാത്ത, താന്‍ വളര്‍ന്ന ബസലിക്കാത്ത ഗ്രാമങ്ങളില്‍ ഒരു കുഞ്ഞു പോലും വായിക്കാനവസരമില്ലാതെ പോകരുതെന്നാണ് മാഷിന്റെ ആശ. 500 കിലോമീറ്റര്‍ വരുന്ന ഒരു ട്രിപ്പില്‍ പുസ്തകവണ്ടിക്ക് എട്ട് സ്‌റ്റോപ്പുകളാണുള്ളത്. നിലവില്‍ നാല് പുസ്തകവണ്ടികളുണ്ട്. ഒരു ലക്ഷത്തിലേറെ കിലോമീറ്ററുകള്‍ താണ്ടിയ പുസ്തകവണ്ടി അറായിരത്തില്‍ അധികം പുസ്തകങ്ങള്‍ കൈമാറി. ഈ സേവനമത്രയും സൗജന്യമാണെന്നോര്‍ക്കണം. മഹത്തരവും മനോഹരവുമായ ശ്രമം!

ഞാനിതെഴുതുമ്പോഴും 73 വയസ്സുകാരനായ അന്റോണിയോ മാഷ് ബസലിക്കാത്ത ഗ്രാമ പാതയില്‍ പുസ്തകവണ്ടിയോടിക്കുന്നുണ്ടാകണം. 'ബുക്കിലിട്ടതും' 'ചായക്കടലും' എവിടെയെന്ന് ഞാനെന്നോട് തന്നെ ചോദിക്കുന്നു. അങ്ങനെയെങ്കില്‍ അന്റോണിയോ മാഷും ഞാനും തമ്മിലെന്ത്!

-മുഹ്‌സിന്‍ കോട്ടക്കല്‍
 

Latest News