Friday , September   21, 2018
Friday , September   21, 2018

വിവാഹിതരുടെ ഹൃദയം സുരക്ഷിതം 

കല്യാണം കഴിച്ച് കുടുങ്ങിയെന്ന് വിലപിക്കുന്നവര്‍ ഏറെയാണ്. അവരെല്ലാം മനസ്സിലാക്കുക-വിവാഹം കഴിക്കുന്നത് കൊണ്ട് ഹൃദയത്തിന് ഗുണമുണ്ട്.  വാര്‍ധക്യത്തില്‍ ജീവിത പങ്കാളിക്കൊപ്പം താമസിക്കുന്നത് ഹൃദയ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നുവെന്നും സ്‌ട്രോക്ക് പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നുവെന്നും സര്‍വേയില്‍ വ്യക്തമായി. 42നും 77നും ഇടയില്‍ പ്രായമുള്ള രണ്ട് ദശലക്ഷക്കണക്കിന് ആളുകളില്‍ കഴിഞ്ഞ രണ്ട് ദശാബ്ദമായി നടത്തി വരുന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് മെഡിക്കല്‍ ജേണലായ ഹാര്‍ട്ട് വ്യക്തമാക്കി.  യൂറോപ്പ്, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ വ്യത്യസ്തരായ ജനങ്ങളിലാണ് പഠനം നടത്തിയത്. പങ്കാളിക്കൊപ്പം താമസിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, പങ്കാളി മരിച്ചതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് കഴിയുന്നവര്‍, വിവാഹം കഴിച്ചിട്ടില്ലാത്തവര്‍ എന്നിവരില്‍ ഹൃദയ രോഗങ്ങള്‍ വരാന്‍ 42 ശതമാനം സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.  ഹൃദയ ധമനിക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് 16 ശതമാനം സാധ്യതയുണ്ടെന്നും പഠനത്തില്‍ വ്യക്തമായി. അവിവാഹിതരില്‍ ഹൃദയ ധമനിക്കുണ്ടാകുന്ന രോഗം കാരണം മരിക്കാനുള്ള സാധ്യത 42 ശതമാനമാണെന്നും സ്‌ട്രോക്ക് വന്ന് മരിക്കാനുള്ള സാധ്യത 55 ശതമാനമാണെന്നും വ്യക്തമായി. വിവാഹിതരാകാതെ ഒന്നിച്ച് ജീവിക്കുന്നവരിലും ഇത് ഫലപ്രദമാണെന്ന് പഠനം വ്യക്തമാക്കുന്നു. ദമ്പതികളായി ജീവിക്കുന്നവരില്‍ മതിഭ്രമത്തിനുള്ള സാധ്യത കുറവാണെന്ന് നേരത്തെ തന്നെ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. 

Latest News