Monday , November   19, 2018
Monday , November   19, 2018

സമ്മേളനം ശ്രദ്ധേയമാക്കി മാധ്യമപ്പട

ജിദ്ദ- യെമനിൽ ഹൂത്തികൾക്കെതിരെ പോരാട്ടം നടത്തുന്ന സഖ്യസേനാ രാഷ്ട്രങ്ങളുടെ വാർത്താ വിതരണ മന്ത്രിമാരുടെ സമ്മേളനം ലോക മാധ്യമ പ്രവർത്തകരുടെ സമ്മേളനം കൂടിയായി. യെമനിലെ സഖ്യസേനാ നടപടികളും, സഖ്യ രാഷ്ടങ്ങൾ യെമനിൽ സമാധാനം പുനഃസ്ഥാപിക്കാനായി നടത്തി വരുന്ന പ്രവർത്തനങ്ങളും ഇറാന്റെ അതിരുവിട്ട ശ്രമങ്ങളും ലോകത്തിനു മുമ്പാകെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ്  സൗദി സഖ്യസേനാ രാജ്യങ്ങളുടെ വാർത്താ മന്ത്രിമാരുടെ സമ്മേളനം  ജിദ്ദ കോൺഫറൻസ് ഹാളിൽ ചേർന്നത്. 
സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിന് ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള മാധ്യമ പ്രവർത്തകരെ ക്ഷണിച്ചിരുന്നു. അച്ചടി, വിഷ്വൽ മാധ്യമങ്ങളുടെ പ്രതിനിധികളായി വനിതകൾ അടക്കമുള്ള ഒട്ടേറെ പേർ എത്തിയിരുന്നു. സഖ്യ രാഷ്ട്രങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരായിരുന്നു ഇവരിലേറെയും.
മാധ്യമ പ്രവർത്തകർക്കായി സമ്മേളന ഹാളിനു സമീപം എല്ലാ സൗകര്യങ്ങളോടും കൂടിയ മീഡിയ സെന്ററും ഒരുക്കിയിരുന്നു.  ചാനലുകളിൽ പലതും സമ്മേളന നടപടികൾ തത്സമയം സംപ്രേഷണം ചെയ്തു. 
സഖ്യസേന നടത്തി വരുന്ന പ്രവർത്തനങ്ങൾ യഥാസമയം ജനങ്ങളിലെത്തിക്കാൻ സമ്മേളനം മാധ്യമങ്ങളുടെ സഹകരണം തേടി.  യെമനിലെ സമാധാന ദൗത്യത്തിന് സഖ്യസേനയുടെ പോരാട്ടം മാത്രമല്ല, മാധ്യമങ്ങളുടെ ശ്രദ്ധയും സഹകരണവും കൂടി അനിവാര്യമാണെന്ന വിലയിരുത്തലാണ് സഖ്യസേന രാഷ്ട്ര വാർത്താ മന്ത്രിമാരുടെ സമ്മേളനം നടത്താൻ കാരണം. യെമൻ പോരാട്ടം അന്തിമ വിജയത്തിലേക്ക് അടുക്കുകയാണ്. എന്നാൽ ഇറാന്റെ നേതൃത്വത്തിൽ തെറ്റായ പ്രചാരണമാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ സൈനികവും രാഷ്ട്രീയവുമായ നീക്കങ്ങൾക്കൊപ്പം മാധ്യമങ്ങളുടെ സഹകരണം കൂടി തേടുന്നതിന്റെ ഭാഗമായാണ് ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള മാധ്യമ പ്രവർത്തകരെ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ ക്ഷണിച്ചത്.  കോൺഫറൻസ് ഹാളിലും പരിസരത്തും അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. 
 

Latest News