Tuesday , February   19, 2019
Tuesday , February   19, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി മുസ്ലിം ലീഗ്;  അടുത്ത മാസം മുതല്‍ കണ്‍വെന്‍ഷനുകള്‍

മലപ്പുറം: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയമുറപ്പാക്കാന്‍ പ്രചാരണ പരിപാടികള്‍ക്ക് മുസ്‌ലിംലീഗ് രൂപം നല്‍കി. ശനിയാഴ്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലാണ് തീരുമാനം. കേരളത്തിലെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ ചേരും. പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ ജൂലൈ നാലിന് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു ഔദ്യോഗികമായി തുടക്കമിടും. വോട്ടര്‍പട്ടിക പുതുക്കല്‍ മറ്റു അനുബന്ധ കാര്യങ്ങളിലും കൂടുതല്‍ സജീവമാകും. പാര്‍ട്ടി തലത്തില്‍ തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാകുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ മണ്ഡലങ്ങളിലും വിപുലമായ കണ്‍വന്‍ഷനുകള്‍ നടത്തുന്നത്. മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കും സംഘാടകര്‍ക്കും രാഷ്ട്രീയ പഠനം നല്‍കുന്നതിന് സ്ഥിരം പഠന കേന്ദ്രം ഓഗസ്ത് 15 ന് ആരംഭിക്കും. 

മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടി ഓഗസ്റ്റ് ഒന്നിന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നടക്കും. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. തൃപ്തികരമായ പ്രവര്‍ത്തനം നടത്താന്‍ മുസ്‌ലിംലീഗിന് സാധിച്ചെന്ന് യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

കട്ടിപ്പാറിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിത ബാധിതര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുന്നതിലും പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് യോഗം വിലയിരുത്തി. മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. വയനാട് ജില്ലയിലും സമാന സ്ഥിതിയാണുള്ളത്. ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ചത് നാമമാത്രമായ ആശ്വാസമാണ്. ഇത് അപര്യാപ്തമാണെന്നും സര്‍ക്കാര്‍ ദുരിതബാധിതരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും അര്‍ഹമായ സഹായം ലഭ്യമാക്കുകയും വേണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 25 ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ മുന്നണി ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രവര്‍ത്തകസമിതി ചര്‍ച്ച ചെയ്ത തീരുമാനങ്ങള്‍ അവതരിപ്പിക്കും. മലബാറിലെ എസ്.എസ്.എല്‍.സി പാസ്സായ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാറിന്റെ അവഗണന വിശദമായി ചര്‍ച്ച ചെയ്തു. പലജില്ലകളിലും സീറ്റ് ഒഴിഞ്ഞു കിടക്കുമ്പോള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആവശ്യമായ സീറ്റില്ല എന്നതാണ് വസ്തുത. ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന വൈമനസ്യം പ്രതിഷേധാര്‍ഹമാണ്. രണ്ട് ജില്ലകളിലുമായി പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ വിഷമത്തിലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭപരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു. 

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ടും യോഗ അജണ്ടകളും വിശദീകരിച്ചു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസമദ് സമദാനി, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, സംസ്ഥാന ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍, പോഷക ഘടകം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
 

Latest News