ശ്രീനഗര്‍- ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള അഭിപ്രായ സമന്വയം തേടി ഗവര്‍ണര്‍ എന്‍.എന്‍. വോറ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി. താഴ്വരയില് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് ഗവര്‍ണര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. പി.ഡി.പിയുമായുള്ള സഖ്യത്തില്‍നിന്ന് ബി.ജെ.പി പിന്മാറിയതിനെ തുടര്‍ന്നാണ് മെഹ്്ബൂബ മുഫ്തി രാജിസമര്പ്പിച്ചതും സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലായതും.
സര്‍വകക്ഷി യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി മെഹ്്ബൂബ മുഫ്തി പങ്കെടുത്തില്ല. പകരം പാര്‍ട്ടിയുടെ ഒരു പ്രതിനിധി യോഗത്തിനെത്തി. സര്‍വകക്ഷി യോഗത്തിനു മുമ്പ് മെഹ്്ബൂബ ഗവര്‍ണറെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമര്അബ്ദുല്ലയും കോണ്‍ഗ്രസ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുത്തു.
തെരുവുകളിലെ പ്രതിഷേധവും സിവിലിയന്മാരും സുരക്ഷാ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലുകളും എങ്ങനെ നേരിടാം, നിയമസഭ പിരിച്ചുവിടാതെ എന്തിനു സസ്പെന്‍ഷനില്‍ നിര്‍ത്തി എന്നീ കാര്യങ്ങളാണ് രണ്ട് മണിക്കൂറോളം നീണ്ട യോഗത്തില്‍ ചര്‍ച്ചയായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സഖ്യത്തിനുള്ള സാധ്യതകള്‍ എല്ലാ പാര്‍ട്ടികളും നിരാകരിച്ചിരിക്കെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സഭ എന്തുകൊണ്ട് പിരിച്ചുവിടുന്നില്ലെന്നാണ് ഉമര്‍ അബ്ദുല്ലയുടെ ചോദ്യം. ഒരു പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സഭ പിരിച്ചുവിടാത്തത് കുതിരക്കച്ചവടത്തിനു വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. റമദാന് കണക്കിലെടുത്ത് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്‍വലിച്ച സുരക്ഷാ സേന ഭീകരര്‍ക്കെതിരായ നടപടികള്‍ പുനരാരംഭിച്ചിട്ടുണ്ട്.