Sunday , May   26, 2019
Sunday , May   26, 2019

കശ്മീരിൽ ഉരുക്കുമുഷ്ടി


ഭരണകക്ഷിയായ പി.ഡി.പിക്കുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ച കാര്യം മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മാത്രമല്ല, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും കശ്മീർ ദൂതൻ ദിനേശ് ശർമയും അറിഞ്ഞിരുന്നില്ല. കശ്മീരിൽ ജനകീയ സർക്കാർ വേണ്ടെന്നും സൈന്യത്തിന്റെ അപ്രഖ്യാപിത ഭരണം മതിയെന്നുമുള്ള ആർ.എസ്.എസ് അഭിലാഷം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ജനറൽ സെക്രട്ടറി രാം മാധവും ചേർന്ന് നടപ്പാക്കുകയായിരുന്നു. കശ്മീരിലെ സമാധാനത്തെക്കാളുപരി, അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം. 

കശ്മീരിൽ ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഒരൊറ്റ തലവാചകത്തിലൂടെ വിവരിച്ചത് കൊൽക്കത്തയിൽനിന്നിറങ്ങുന്ന ദ ടെലഗ്രാഫ് പത്രമാണ്. മെഹ്ബൂബ മുഫ്തിക്ക് പിന്തുണ പിൻവലിച്ച ബി.ജെ.പി തീരുമാനത്തേയും തുടർന്ന് കശ്മീരിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്ത ഗവർണറുടെ നടപടിയേയും രണ്ടു വാക്കിൽ അവർ നിർവചിച്ചു: മിഷൻ ക്രഷ്മീർ. അതെ, കശ്മീരിനെ ഞെരിച്ചമർത്താനുള്ള പുതിയ ദൗത്യത്തിന് തുടക്കമായിക്കഴിഞ്ഞിരിക്കുന്നു.
പേശീബലം കൊണ്ട് മാത്രമേ ഇനി കശ്മീർ പ്രശ്‌നം പരിഹരിക്കാനാവൂ എന്ന അന്തിമ നിഗമനത്തിലേക്ക് കേന്ദ്ര സർക്കാർ എത്തിയിരിക്കുന്നു. കൂടുതൽ വ്യക്തമായി പറഞ്ഞാൽ കശ്മീരിൽ അതിശക്തമായി അക്രമവും സൈനിക നടപടിയും അഴിച്ചുവിട്ടുകൊണ്ട് മാത്രമെ പ്രശ്‌നപരിഹാരമുള്ളു എന്ന ആർ.എസ്.എസ് നിലപാടിന് കേന്ദ്രം പൂർണമായും വഴങ്ങിയിരിക്കുന്നു. പേശീബലം കശ്മീരിൽ ഒരു മാറ്റവുമുണ്ടാക്കില്ല എന്ന മുന്നറിയിപ്പുകൾ ഇതിനകം തന്നെ താഴ്‌വരയിൽനിന്നും പുറത്തുനിന്നും വന്നുകഴിഞ്ഞു. കശ്മീരിൽ അടിച്ചമർത്തൽ നയം ഫലം ചെയ്യുമെന്ന ബി.ജെ.പി കാഴ്ചപ്പാട് ദിവാസ്വപ്‌നം മാത്രമാണെന്ന് സ്ഥാനമൊഴിഞ്ഞ മെഹ്ബൂബ മുഫ്തി തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബി.ജെ.പിയുടെ പിന്തുണയോടെയുള്ള മെഹ്ബൂബയുടെ ഭരണം അവസരവാദപരമായ ഒരു സഖ്യമായിരുന്നു എന്നത് ആദ്യം മുതൽതന്നെ വ്യക്തമായിരുന്നു. ഉചിതമായ സമയം എത്തും വരെ കശ്മീരിൽ ചില നിലമൊരുക്കലുകൾ ബി.ജെ.പിക്കും കേന്ദ്രസർക്കാരിനും നടത്തേണ്ടതുണ്ടായിരുന്നു. മെഹ്ബൂബയെ അതിന് അവർ കരുവാക്കി. ആർക്കും ഭൂരിപക്ഷമില്ലാതെ ത്രിശങ്കുവിലായ നിയമസഭയിൽ, മെഹ്ബൂബക്ക് മുന്നിലും മറ്റു വഴികളുണ്ടായിരുന്നില്ല. അങ്ങനെയാണ് വൈരുദ്ധ്യങ്ങളുടെ കൂടാരമായ രണ്ട് പാർട്ടികൾ കശ്മീർ ഭരണത്തിനായി കൈകോർത്തത്. അധികാരമേറി മൂന്ന് വർഷം കഴിയാറാകുമ്പോൾ ഉചിതമായ സമയമെത്തിയതായി ബി.ജെ.പിക്ക് ബോധ്യപ്പെട്ട് കഴിഞ്ഞു. പൊതുതെരഞ്ഞെടുപ്പിലേക്ക് ഇനി ഏതാനും മാസങ്ങൾ മാത്രം. അതിനകം കശ്മീരിലുണ്ടാകാൻ പോകുന്ന അസ്വാരസ്യങ്ങൾ, രാജ്യത്ത് വോട്ടിംഗ് ധ്രുവീകരണമുണ്ടാക്കാൻ സഹായിക്കുമെന്നാണ് ബി.ജെ.പിയും ആർ.എസ്.എസും കരുതുന്നത്.
ബി.ജെ.പി പിന്തുണ പിൻവലിച്ച കാര്യം മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തി തന്നെ അറിയുന്നത് ഗവർണർ എൻ.എൻ വോറ പറഞ്ഞിട്ടാണത്രെ. ഇക്കാര്യം വളരെ പ്രാധാന്യത്തോടെയാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. അതീവ നാടകീയമായും അതിവേഗത്തിലുമായിരുന്നു ഇക്കാര്യത്തിൽ ആർ.എസ്.എസിന്റെ ഓപറേഷൻ. എന്നാൽ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യാത്ത മറ്റൊരു വശംകൂടി ഇതിലുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിയും മന്ത്രിസഭയിലെ രണ്ടാമനുമായ രാജ്‌നാഥ് സിംഗ് പോലും വിവരമറിഞ്ഞത് കശ്മീർ കാര്യങ്ങളുടെ ചുമതലയുള്ള ബി.ജെ.പി, ആർ.എസ്.എസ് നേതാവ് രാം മാധവ് പത്രസമ്മേളനം നടത്തി പിന്തുണ പിൻവലിച്ച കാര്യം പ്രഖ്യാപിക്കുമ്പോഴാണത്രെ. കശ്മീർ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ദൂതനായ ദിനേശ് ശർമയും ഇക്കാര്യത്തിൽ ഇരുട്ടിൽ തന്നെയായിരുന്നു. സംസ്ഥാന സർക്കാർ തന്നെ ഇല്ലാതായ സാഹചര്യത്തിൽ ശർമയുടെ ദൂത് ഇനി എന്തു ഫലം ചെയ്യുമെന്ന് കണ്ടറിയണം.
കശ്മീർ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ബി.ജെ.പിയിൽ നിലനിൽക്കുന്ന വിരുദ്ധാഭിപ്രായങ്ങളുടെ സൂചനയാണ് ഇതിലൂടെ മറനീക്കി പുറത്തുവരുന്നത്. റമദാനിൽ കശ്മീരിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും റമദാൻ കഴിഞ്ഞയുടൻ അത് പിൻവലിക്കുകയും ചെയ്ത സംഭവത്തിലും ഈ ഭിന്നത നിഴലിക്കുകയുണ്ടായി. റമദാനിൽ വെടിനിർത്തൽ വേണ്ടെന്നായിരുന്നു ആർ.എസ്.എസിന്റേയും സൈന്യത്തിന്റേയും ആവശ്യം. എന്നാൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും കശ്മീർ ദൂതൻ ദിനേശ് ശർമയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും വെടിനിർത്തലിന് അനുകൂലമായിരുന്നു. സംസ്ഥാനത്തെ സാഹചര്യങ്ങൾ കുറേക്കൂടി പ്രായോഗികമായും ദീർഘവീക്ഷണത്തോടെയും മനസ്സിലാക്കാൻ ഇവർക്ക് സാധിച്ചിരുന്നു. ഒടുവിൽ ഇവരുടെ സമ്മർദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി വെടിനിർത്തലിന് സമ്മതം മൂളിയത്. 
വെടിനിർത്തൽ പിൻവലിക്കുന്ന കാര്യത്തിലും ഇതേ ഭിന്നത ഉടലെടുത്തു. റമദാൻ കഴിഞ്ഞയുടൻ തന്നെ വെടിനിർത്തൽ പിൻവലിക്കാൻ സൈന്യത്തിൽനിന്ന് സമ്മർദമുണ്ടായി. എന്നാൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അതിനോട് യോജിച്ചില്ല. വെടിനിർത്തൽ തുടരണമെന്ന് അവർ ശക്തമായി ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനും വെടിനിർത്തൽ കുറച്ചുകാലം തുടരാനായിരുന്നു ആഗ്രഹം. ഈയിടെ അദ്ദേഹം കശ്മീരിൽ പോയി മുഖ്യമന്ത്രിയുമായും ദിനേശ് ശർമയുമായും മറ്റ് ബന്ധപ്പെട്ടവരുമായും വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. 
ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ വെടിനിർത്തൽ കുറച്ചുകൂടി തുടരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവി ബിപിൻ റാവത്തും ഇക്കാര്യത്തിൽ കർക്കശമായ നിലപാടാണ് സ്വീകരിച്ചത്. വെടിനിർത്തൽ ഒരു ദിവസംപോലും മുന്നോട്ടുകൊണ്ടുപോകാൻ സാധ്യമല്ലെന്നവർ തറപ്പിച്ചു പറഞ്ഞു. ഇതോടെ പ്രധാനമന്ത്രി വഴങ്ങുകയായിരുന്നു. പെട്ടെന്ന് വെടിനിർത്തൽ അവസാനിപ്പിച്ചുവെന്ന പ്രഖ്യാപനം വന്നതോടെ തന്നെ കശ്മീരിൽ എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന പ്രതീതി ഉണ്ടായിരുന്നു. കശ്മീർ രാഷ്ട്രീയവും അവിടത്തെ സുരക്ഷാ സ്ഥിതിഗതികളും നിരീക്ഷിക്കുന്നവർ ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് മെഹ്ബൂബ സർക്കാരിനെ താഴെയിറക്കുന്ന ആർ.എസ്.എസ് വിധിയുണ്ടാകുന്നത്. വെടിനിർത്തൽ നീട്ടാനുള്ള ആഭ്യന്തര മന്ത്രിയുടെ നിർദേശം പ്രധാനമന്ത്രി നിഷ്‌കരുണം തള്ളിയതായാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. മന്ത്രിസഭയിൽ രണ്ടാമൻ എന്നൊക്കെ ഉപചാരപൂർവം പറയാമെങ്കിലും അതൊക്കെ കടലാസിൽ മാത്രമാണെന്നും ആർ.എസ്.എസ് ഇച്ഛിക്കുന്നത് മാത്രമേ നരേന്ദ്രമോഡി നടപ്പാക്കൂ എന്നതും ഒരിക്കൽകൂടി വ്യക്തമാക്കുന്നതാണ് കശ്മീരിലെ സംഭവവികാസങ്ങൾ.
പി.ഡി.പിക്ക് പിന്തുണ പിൻവലിക്കുന്ന വിവരം മുൻകൂട്ടി അറിയിക്കാത്തതിലും ചർച്ചകളിൽ തന്നെ ഭാഗഭാക്കാക്കാത്തതിലുമുള്ള നീരസം രാജ്‌നാഥ് സിംഗ് മറച്ചുവെച്ചിട്ടില്ലെന്നാണ് അന്തപ്പുര വാർത്തകൾ. അമിത് ഷായും രാം മാധവും മാത്രമാണ് ഇക്കാര്യത്തിൽ കാര്യമായ ചർച്ചകൾ നടത്തിയത്. സംസ്ഥാനത്തുനിന്നുള്ള ബി.ജെ.പി നേതാക്കളും പങ്കെടുത്തു. പി.ഡി.പിക്കുള്ള പിന്തുണ പിൻവലിക്കണമെന്നും കശ്മീരിനെ സൈന്യത്തിന്റെ ഉരുക്കുമുഷ്ടിക്ക് കീഴിലാക്കണമെന്നുമുള്ള ആർ.എസ്.എസിന്റെ ഉറച്ച നിലപാട് രാം മാധവ് യോഗത്തിൽ അവതരിപ്പിക്കുകയായിരുന്നു. നിയമസഭയെ മൂകസാക്ഷിയാക്കി നിർത്തി, കശ്മീരിൽ ചോരപ്പുഴയൊഴുക്കാനുള്ള ഈ തീരുമാനത്തെ കശ്മീർ ബി.ജെ.പി നേതാക്കളും സർവാത്മനാ പിന്തുണക്കുകയായിരുന്നു. എതിരഭിപ്രായം വരാനിടയുള്ളതിനാലാണ് രാജ്‌നാഥിനേയും ദിനേശ് ശർമയേയും ഇക്കാര്യത്തിൽ ഇരുട്ടിൽ നിർത്തി തീരുമാനമെടുത്തത്. എന്നാൽ, സുപ്രധാനമായ ഒരു നയതീരുമാനം, പാർട്ടി നേതാക്കൾ മാത്രം ചേർന്നിരുന്ന് എടുക്കുന്നതും അതിൽ കേന്ദ്രസർക്കാരിന്റെ പങ്കാളിത്തമില്ലാതെ വരുന്നതും വലിയ ഭവിഷ്യത്തുകൾക്കിടയാക്കുമെന്നത് അസന്ദിഗ്ധമാണ്.
പ്രധാനമന്ത്രിയുടെ ഓഫീസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മറ്റൊരു അധികാര കേന്ദ്രമായി മാറിയിട്ടുണ്ടെന്നും അതാണ് രാജ്‌നാഥിന്റെ ചിറകുകൾ അരിയാൻ കാരണമെന്നും സർക്കാർ വൃത്തങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. കശ്മീരിലെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന തീരുമാനങ്ങളുമെടുക്കുന്നത് ആഭ്യന്തര മന്ത്രാലയമല്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്. ആഭ്യന്തര മന്ത്രാലയത്തിൽ പ്രധാനമന്ത്രിയുടെ കണ്ണും കാതുമാണ് എൻ.എസ്.എ എന്നും ചിലർ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തെപ്പോലും അപ്രസക്തമാക്കിയുള്ള ഈ നീക്കം കശ്മീരിൽ സൈന്യം ഉരുക്കുമുഷ്ടി ഉപയോഗിക്കാൻ പോകുന്നു എന്ന് വ്യക്തമാക്കുന്നതാണ്. യാതൊരുവിധ രാഷ്ട്രീയ ഇടപെടലുകളുമില്ലാതെ, കശ്മീരിനെ സൈന്യം ഞെരിച്ചമർത്തുന്നതോടെ അവിടം കത്തുമെന്നത് തീർച്ചയാണ്. സാഹചര്യം മുതലാക്കി പാക്കിസ്ഥാന്റെ ഇടപെടലും ഇതോടെ ഉണ്ടായേക്കാം. ഇത്തരത്തിലുണ്ടാകുന്ന കലുഷിതമായ അവസ്ഥയും യുദ്ധാന്തരീക്ഷവും 2019 പൊതുതെരഞ്ഞെടുപ്പിന് ബി.ജെ.പിക്ക് അനുകൂലമായ വികാരം സൃഷ്ടിക്കുമെന്നാണ് ആർ.എസ്.എസ് തെരഞ്ഞെടുപ്പ് വിശാരദരുടെ വിലയിരുത്തൽ. 
കശ്മീരിലെ കേന്ദ്രഭരണത്തിനും മറ്റു സംസ്ഥാനങ്ങളുടേതിൽനിന്ന് ചില വ്യത്യാസങ്ങളുണ്ട്. സംസ്ഥാന ഭരണഘടനയുടെ 192 വകുപ്പനുസരിച്ച്, ഔദ്യോഗികമായി രാഷ്ട്രപതി ഭരണത്തിൽ വരുന്നതിന് മുമ്പ് ആറു മാസം വരെ ഗവർണറുടെ സമ്പൂർണ നിയന്ത്രണത്തിൽ കശ്മീരിലെ ഭരണം കൊണ്ടുപോകാനാകും. അതായത്, കശ്മീരിൽ എന്തെങ്കിലും ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായ ഗവർണർക്ക് രാഷ്ട്രപതിയുടെ പോലും അനുമതി ആവശ്യമില്ല. അതിനാൽ അടുത്ത ആറ് മാസം കശ്മീരിനെ സംബന്ധിച്ച് നിർണായകമായിരിക്കും. സൈന്യത്തിന്റെ ഓപറേഷൻ ശക്തമാകുന്നതനുസരിച്ച്, ജനകീയ പ്രതിഷേധവും ശക്തമാകാനാണ് സാധ്യത. 'പണ്ടൊക്കെ സൈന്യം തെരുവിലിറങ്ങിയാൽ ഞങ്ങൾ ഓടിയൊളിക്കുമായിരുന്നു, ഇന്നങ്ങനെയല്ല, പരമാവധി ശക്തി സംഭരിച്ച് അവരെ തെരുവിൽ നേരിടുന്നതാണ് ഇപ്പോഴത്തെ രീതി... ഒരു കശ്മീരിയുടെ വാക്കുകളാണിത്. കശ്മീരിൽ സംഭവിക്കാനിരിക്കുന്നതിന്റെ നേർചിത്രം ഈ വാക്കുകളിൽ അടങ്ങിയിരിക്കുന്നു.
 

Latest News