Tuesday , February   19, 2019
Tuesday , February   19, 2019

ആർക്കുവേണം പരിസ്ഥിതി?

  • പാരിസ്ഥിതിക നിയമങ്ങൾ തിരുത്തിയെഴുതിയും വെള്ളംചേർത്തും കേരളത്തിന്റെ പരിസ്ഥിതിനാശം ഉറപ്പുവരുത്തുകയാണ് നമ്മുടെ സർക്കാർ. ക്വാറികൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും തടയണകൾക്കും അനുമതി നൽകി പശ്ചിമഘട്ടത്തെ തകർക്കുന്നു. നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ വെള്ളം ചേർത്ത് സമതല മേഖലയേയും തീരദേശ സംരക്ഷണനിയമങ്ങൾ തിരുത്തി തീരദേശത്തേയും നശിപ്പിക്കുന്നു. 


പരിസ്ഥിതി സംരക്ഷണമെന്ന് നിരന്തരം ഉരുവിടുന്ന നമ്മുടെ ഭരണാധികാരികൾ അതിനോട് എത്രമാത്രം നീതി പുലർത്തുന്നു എന്നു ചോദിച്ചാൽ സംശയഭേദമന്യെ ഉത്തരം ഇല്ല എന്നായിരിക്കും. അത്തരത്തിലുള്ള നടപടികളാണ് നിരന്തരമായി ആവർത്തിക്കുന്നത്. അവയാകട്ടെ നടപ്പാക്കുന്നത് നിയമവിരുദ്ധമായും നിയമങ്ങൾ തിരുത്തിയെഴുതിയുമാണെന്നതാണ് ഏറ്റവും ഗുരുതരം. ഇപ്പോഴുമവ ആവർത്തിക്കുകയാണ്. 
ഗാഡ്ഗിൽ റിപ്പോർട്ട് തള്ളി ക്വാറികൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും തടയണകൾക്കും അനുമതി നൽകി പശ്ചിമഘട്ടത്തെ തകർക്കുന്നു. അതുപോലെ നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ വെള്ളം ചേർത്ത് സമതല മേഖലയേയും തീരദേശ സംരക്ഷണനിയമങ്ങൾ തിരുത്തി തീരദേശത്തേയും നശിപ്പിക്കുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് നിരന്തരമുണ്ടാകുന്നത്.
കോഴിക്കോട് നടന്ന ഉരുൾപൊട്ടലിനു പ്രധാന കാരണം അനധികൃതമായി മലമുകളിൽ നിർമ്മിച്ച തടയണയാണെന്ന് ഏറെക്കുറെ തെളിഞ്ഞു കഴിഞ്ഞു. ഇക്കാര്യത്തിൽ ക്വാറികളും പാരിസ്ഥിതിക ദുർബലപ്രദേശങ്ങളെപോലും പരിഗണിക്കാതെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളും വഹിക്കുന്ന പങ്ക് എല്ലാവർക്കും അറിയാവുന്നതാണ്. 2001 ലെ അമ്പൂരി (നെയ്യാറ്റിൻകര താലൂക്ക്) ഉരുൾപൊട്ടലിൽ മരിച്ചത് 39 പേർ ആയിരുന്നു. കുരിശുമലയിലെ 32 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള ഇടങ്ങളിൽ നടത്തിവന്ന കൃഷിയും പണിത വീടുകളുമായിരുന്നു അതിനു പ്രധാന കാരണം. 
എന്തുകൊണ്ട് ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നു എന്ന് നിരവധി പഠനങ്ങൾ രാജ്യത്തും പുറത്തും നടന്നിട്ടുണ്ട്. വനങ്ങൾ വെട്ടി വെളുപ്പിച്ച ഹെയ്ത്തിയിൽ പതിനായിരത്തിലധികം ആളുകളും ഗ്രാമങ്ങളും മണ്ണിടിച്ചിലിൽ മരിക്കുന്നു. പെറുവും പിന്നിലല്ല. കാട് വെട്ടി വെളുപ്പിച്ചാൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ എന്നിവ ഉണ്ടാകുമെന്നുറപ്പ്. മാത്രമല്ല 16 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങളിൽ മണ്ണിനെ ഇളക്കിയുള്ള കൃഷികൾ ഉണ്ടാകരുത്. എന്നാൽ കേരളത്തിലിത് വ്യാപകമാണ്. മാത്രമല്ല ഏകവിള കൃഷി മണ്ണൊലിപ്പ് വർധിപ്പിക്കും. കൃഷിയിടങ്ങളിലെ തട്ടുകളും പ്രശ്‌നം രൂക്ഷമാക്കും. കുന്നുകളിലും ചരിവുകളിലും നടക്കുന്ന പാറ പൊട്ടിക്കൽ, മണ്ണെടുപ്പ് എന്നിവ  പൂർണമായും ഒഴിവാക്കണം.
നിർഭാഗ്യവശാൽ ഇടതുപക്ഷ സർക്കാർ മേയ് 23 ന് ഇറക്കിയ പരിസ്ഥിതി ധവളപത്രത്തിൽ ഉരുൾപൊട്ടൽ പരാമർശിച്ചിട്ടില്ല. മാഫിയ ബന്ധങ്ങളുള്ള, നിയമങ്ങളെ വെല്ലുവിളിച്ചു പ്രവർത്തിക്കുന്ന, ഗ്രാമങ്ങളിലെ സൈ്വരജീവിതം തകർക്കുന്ന, വൻ സാമ്പത്തിക കൊള്ള നടത്തുന്നവരാണ് കേരളത്തിലെ 10000 വരുന്ന ക്വാറികളെന്ന് പരാർശിച്ച പതിമൂന്നാം നിയമസഭാ സമിതിയുടെ കണ്ടെത്തലുകളെ ഒരു വരിയിൽപോലും ധവളപത്രം പരാമർശിക്കുന്നുമില്ല. 1961 മുതൽ 2009 വരെ 63 ഉരുൾപൊട്ടലും 257 മരണങ്ങളുമുണ്ടായി. തുടർന്നും അതാവർത്തിക്കുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം ഉരുൾപൊട്ടൽ ഇടുക്കിയിലും കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കണ്ണൂരിലും നടക്കുന്നു. എന്നാൽ ഗാഡ്ഗിൽ റിപ്പോർട്ടിനേക്കാൾ എത്രയോ ലഘുവായ കസ്തൂരിരംഗൻ റിപ്പോർട്ടിനെപോലും നാമിന്ന് അംഗീകരിക്കുന്നില്ല. സമതലത്തിലേക്കു വന്നാൽ, നെൽവയൽ നീർത്തട സംരക്ഷണ നിയമത്തെ തിരുത്താനുള്ള നീക്കമാണ് ഏറ്റവും ഒടുവിൽ നടക്കുന്നത്. പുതിയ ഭേദഗതി പ്രകാരം ഡാറ്റാബാങ്കിൽ ഉൾപ്പെടാത്ത പ്രദേശം പരിവർത്തന വിധേയമാക്കാം, ഫെയർവാല്യുവിന്റെ 50 ശതമാനം തുക അടച്ചാൽ മതി. നെൽവയൽ, തണ്ണീർത്തടം, കരഭൂമി എന്നിവക്കു പുറമെ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നുകൂടി ഉൾപ്പെടുത്തി. അറുനൂറിലധികം പഞ്ചായത്തുകളിൽ ഡാറ്റാ ബാങ്ക് വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാൽ ഈ പ്രദേശത്തെ വയലുകളും നികത്താനാകും. 
മൂലനിയമത്തിൽ നെൽവയൽ, തണ്ണീർത്തടങ്ങൾ നികത്തുന്നതു തടയാൻ കൃഷി ഓഫീസർ, തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികൾ, കർഷക പ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രാദേശികതല സമിതികൾ ഉണ്ടായിരുന്നു. ഭേദഗതിയിൽ ഇവയെ കേവലം റിപ്പോർട്ടിംഗ് ഏജൻസികളാക്കി. പൊതു ആവശ്യങ്ങൾക്കു വയൽ നികത്താനുള്ള അവകാശം പൂർണമായി സർക്കാരിലേക്കു കൊണ്ടുവന്നു. പൊതുആവശ്യം എന്ന നിർവചനം ദുർബലമാണ്. സർക്കാർ നിശ്ചയിക്കുന്ന ഏതു കാര്യവും പൊതുആവശ്യമായി നിർവചിക്കാൻ കഴിയും. 
ഡാറ്റാബാങ്കിൽ വന്നാൽ തന്നെയും പൊതു ആവശ്യപ്രകാരം നെൽവയലുകൾ ഇല്ലാതാക്കുന്ന സാഹചര്യം ഉണ്ടാകും. സ്വകാര്യ സംരംഭങ്ങളും പൊതു ആവശ്യമായി പരിഗണിക്കപ്പെടും. മുതലാളിമാർക്കു യഥേഷ്ടം  വയൽ നികത്താനുള്ള അനുമതി ലഭിക്കും. പൊതുആവശ്യങ്ങൾക്കായി നിലം നികത്താൻ അനുമതി നൽകുന്നതിനു മുൻപ് ലാൻഡ് റവന്യു കമ്മീഷണർ നിയോഗിക്കുന്ന നിരീക്ഷക സമിതിയുടെ റിപ്പോർട്ടാണ് വേണ്ടിയിരുന്നത്. ഇതു സർക്കാരിന് ഇഷ്ടമുള്ള ഏജൻസി എന്നാക്കി മാറ്റി. 
മൂലനിയമത്തിൽ പൊതുആവശ്യങ്ങൾക്കായി നികത്തുമ്പോൾ, ചേർന്നുകിടക്കുന്ന പ്രദേശത്തെ നെൽകൃഷിക്കോ പരിസ്ഥിതിക്കോ ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പാക്കണമായിരുന്നു. പുതിയ നിർദേശത്തിൽ ഇതു 'നീരൊഴുക്കിനെ ബാധിക്കില്ലെന്ന് അഭിപ്രായമുള്ള പക്ഷം' എന്നാക്കി ദുർബലപ്പെടുത്തി. ആർ.ഡി.ഒക്ക് നെൽവയൽ, തണ്ണീർത്തടം നികത്താൻ അനുമതി നൽകാൻ ഭേദഗതി അധികാരം അനുവദിക്കുന്നു. റവന്യൂ രേഖകളിൽ മാറ്റം വരുത്താനും ആർ.ഡി.ഒക്ക് അധികാരം ലഭിക്കുന്നു. ബേസിക് ടാക്സ് റജിസ്റ്ററിൽ മാറ്റം വരുത്താൻ അധികാരികൾക്ക് അവകാശമില്ലെന്ന സുപ്രീം കോടതി വിധിക്കെതിരാണ് ഇത്. പരാതികൾ നൽകാൻ 5000 രൂപ ഫീസെന്നു പുതിയ വ്യവസ്ഥ വച്ചു. ഇതു സാധാരണക്കാരായ പരാതിക്കാരെ അകറ്റാൻ ലക്ഷ്യമിട്ടാണെന്ന് പകൽ പോലെ വ്യക്തം. ഫലത്തിൽ കഴിഞ്ഞ ഇടതു സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമെന്നവകാശപ്പെടുന്ന നിയമത്തെയാണ് ഈ സർക്കാർ അട്ടിമറിക്കുന്നതെന്നു സാരം. ഇനി തീരദേശത്തേക്കു വന്നാലും സ്ഥിതി വ്യത്യസ്തമല്ല. ജനസാന്ദ്രത കൂടിയ സംസ്ഥാനം എന്ന നിലയിൽ തീരദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നിയമത്തിൽ ഇളവു വേണമെന്നാണ് സർക്കാരിന്റെ ആവശ്യം. വീടുകൾ നിർമ്മിക്കാൻ ഇപ്പോൾ തന്നെ ഇളവുണ്ട്. എന്നാൽ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾക്കും ഇളവു വേണമെന്ന ആവശ്യം ജനങ്ങൾക്ക്, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയാണെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. പ്രത്യേകിച്ച് വർഷംതോറും കടൽ കൂടുതൽ ക്ഷോഭിക്കുകയും ദുരന്തങ്ങൾ ആവർത്തിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ. ചുരുക്കത്തിൽ പ്രകൃതിക്കോ പരിസ്ഥിതിക്കോ മനുഷ്യർക്കോ മറ്റു ജീവജാലങ്ങൾക്കോ അല്ല, ആരുടെയൊക്കെയോ തല തിരിഞ്ഞ വികസന സങ്കൽപ്പങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് വ്യക്തം. 

Latest News