Saturday , February   16, 2019
Saturday , February   16, 2019

അല്‍പം ഫുട്ബോള്‍ കാര്യം

കല്ലറ സെന്റ് തോമസ് യൂപിഎസില്‍ ആറിലും ഏഴിലും പഠിക്കുമ്പോള്‍ കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നത് കാണുകയും ഒന്നോ രണ്ടോ പ്രാവശ്യം മാറ്റൊന്നിനും കൊള്ളാത്തവന്‍ എന്ന നിലയില്‍ ഗോള്‍ പോസ്റ്റില്‍ അവരെന്നെ നിര്‍ത്തുകയും ചെയ്തതാണു എന്റെ കളി ബന്ധം
പിന്നീട് മലപ്പുറത്ത് കോട്ടപ്പടി മൈതാനത്ത് വൈകുന്നേരങ്ങളിലെ കളി കണ്ട് നിന്നിട്ടുണ്ട് .അന്നും കളിയെക്കാള്‍ എന്നെ ആകര്‍ഷിച്ചിരുന്നത് സൈഡില്‍ നിന്ന് നിര്‍ദ്ദേശം നല്‍കുന്ന വയസ്സായ ആള്‍ക്കാരെയാണു .മീന്‍ കച്ചവടത്തിനു പോയി മടങ്ങി വരുന്ന വഴി കളികണ്ട് " വേക്കന്‍സി നോക്കി കൊടുക്ക് എന്നൊക്കെ " കോച്ചിങ്ങ് നല്‍കിയവരെ ' . കളിക്കാര്‍ കേള്‍ക്കാനൊന്നുമല്ല ' അവര്‍ വിളിച്ച് പറഞ്ഞിരുന്നത്
പിന്നീടാണു റ്റിവിയും അത് വഴി ഫുട്‌ബോളും കടന്ന് വരുന്നത് .അപ്പോഴും എന്റെ ടീം എന്നൊന്നില്ലായിരുന്നു. മിക്കവാറും ഒരു മനസമാധാനത്തിനു ഏതെങ്കിലും ആഫ്രിക്കന്‍ രാജ്യത്തിന്റെ ഫാനായി അങ്ങ് സങ്കല്‍പ്പിക്കും .അതില്‍ കാമറൂണ്‍ നൈജീരിയ സെനഗല്‍ അങ്ങനെ പലതും ഉണ്ടായിരുന്നു ( സൗത്ത് ആഫ്രിക്ക അതില്‍ വന്നിരുന്നില്ല ) യഥാര്‍ഥ ഫുട്‌ബോള്‍ ഭ്രാന്ത കണ്ടത് 2002 ല്‍ ആണു .കാസര്‍കോഡിനു ടാക്‌സിയില്‍ പോയപ്പോള്‍ വളരെ വ്യാപകമായി കണ്ടിരുന്ന പോസ്റ്ററുകളീല്‍ ഒന്ന് ബ്രസീല്‍ ആണോ അര്‍ജന്റീനയാണോ എന്നോര്‍മ്മയില്ല . കാസര്‍ഗോഡ് അടുത്ത് ഒരു പഞ്ചായത്ത് ആഫീസില്‍ ആയിരുന്നു ഒരു ദിവസം കിടന്നത് .അതെ പഞ്ചായത്തിന്റെ സാംസ്കാരിക നിലയത്തില്‍ നൂറ് കണക്കിനു
ചെറുപ്പക്കാര്‍ ടിവി കാണാന്‍ കാത്തിരുന്നു ബഹളമുണ്ടാക്കിയതും രാത്രി കറണ്ട് പോയപ്പോള്‍ കാഞ്ഞങ്ങാട് ചെന്ന് ജീപ്പില്‍ ജനറേറ്റര്‍ കൊണ്ട് വന്ന് റ്റിവി കണ്ട് അര്‍മാദിക്കുന്നതും കണ്ടിട്ടുണ്ട് .പക്ഷെ നിര്‍ഭാഗ്യവശാല്‍ അവരുടെ ഇഷ്ട ടീം തോറ്റു പോയി
കാസര്‍ഗോഡ് നിന്ന് പിറ്റേ ദിവസം മടക്കയാത്രയില്‍ ആണു കണ്ടത് തലേദിവസം തോറ്റ ടീമിന്റെ ആരാധകരെല്ലാം സെനഗലിന്റെ ഫ്‌ലക്‌സ് വെച്ചിരിക്കുന്നു .അതാണെന്നെ പഠിപ്പിച്ചത് .ജയിക്കുമെന്ന് ഒരു പ്രതീക്ഷയില്ലെങ്കിലും മണിമന്ത്രി പറഞ്ഞത് കൊണ്ട് ഇത്തവണ അര്‍ജന്റീന ഫാന്‍സ് ആകാനും ഭാഗ്യമുണ്ടെങ്കില്‍ പ്രീക്വാര്‍ട്ടര്‍ മുതല്‍ ജയിക്കാന്‍ സാധ്യതയുള്ള ടീമിന്റെ ഫാന്‍ ആകാനും തീരുമാനിച്ചത് . ഇനി ആ ടീം ഏതാകണം സ്‌പെയിനോ ജര്‍മ്മനിയോ പോര്‍റ്റുഗലോ അല്ല റഷ്യയാണു എന്റെ ടീം .അവര്‍ സെമിയില്‍ എത്തും .പണ്ട് കൊറിയ അങ്ങനെ എത്തിയിരിരുന്നല്ലോ
കൂട്ടത്തില്‍ ഒന്ന് പറയട്ടെ എന്റെ മനസ്സില്‍ മറക്കാതെ നില്‍ക്കുന്നത് രണ്ട് ലോകകപ്പ് ഓര്‍മ്മകള്‍
1 ഇറ്റാലിയന്‍ ടീം അംഗമായ ഷെല്ലാച്ചി എന്നോ മറ്റോ പേരുള്ള അല്പം വയസ്സനായ ഒരാള്‍ സ്വന്തം ഗോള്‍ മുഖത്ത് നിന്ന് പന്തുമായി മുന്നേറി എല്ലാ എതിരാളികളേയും വെട്ടിച്ച് എതിര്‍പോസ്റ്റില്‍ അടിച്ച ഗോള്‍
2 ഗോളടി കഴിഞ്ഞ് കാമറൂണ്‍ അംഗങ്ങള്‍ നടത്തിയ അസാധ്യ ഡാന്‍സ്
എല്ലാ ലോക കപ്പ് മത്സരങ്ങളും ഒറ്റക്കിരുന്നു ആണു ഇതവരെ കാണാന്‍ യോഗമുണ്ടായത്‌