Tuesday , February   19, 2019
Tuesday , February   19, 2019

മാഹി കേരളത്തിന്റെ ഭാഗമാകണം 

കേരളത്തിനിടക്ക് ഒരു ലില്ലിപ്പൂവിനെ പോൽ സുന്ദരിയായി വിരാജിക്കുന്ന  മയ്യഴിയുടെ പൊതൃക സ്മാരകങ്ങൾ സംരക്ഷിച്ച് കോഴിക്കോട് അല്ലെങ്കിൽ കണ്ണൂർ ജില്ലയോട് ലയിപ്പിക്കാവുന്നതേയുള്ളൂ. തിരൂരിനെ മലപ്പുറത്ത് തന്നെ നിലനിർത്തി, വള്ളുവനാടൻ പ്രദേശങ്ങളുടെ ആസ്ഥാനമായ ഒറ്റപ്പാലം കേന്ദ്രമായി പൊന്നാനി, പെരിന്തൽമണ്ണ താലൂക്കുകൾ കൂടി ഉൾപ്പെടുത്തി ജില്ല രൂപീകരിക്കുകയാണെങ്കിൽ പാലക്കാടിന്റെ ഭാരത്തിലും അയവു വരും. മാഹിയെ കോഴിക്കോടിൽ ലയിപ്പിച്ചാൽ വടകര ആസ്ഥാനമായി പുതിയ ജില്ലക്കും സാധ്യതയുണ്ടാകും.

 കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ സംഘർഷങ്ങൾ പുതിയ കാര്യമല്ല. ഏറ്റവുമൊടുവിൽ രണ്ട് കൊലപാതകങ്ങളുണ്ടായത് ന്യൂമാഹിയിലും പഴയ ഫ്രഞ്ച് മാഹിയുടെ ഭാഗമായ പള്ളൂരിലുമാണ്. കേരളത്തിലെ ഗ്രാമ പഞ്ചായത്താണ് ന്യൂമാഹി. പള്ളൂരും പന്തക്കലും മാഹിയുമെല്ലാം കേന്ദ്ര ഭരണ പ്രദേശങ്ങൾ. പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗങ്ങളും. പള്ളൂരിലാണ് സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടത്. പ്രതികളെ പിടികൂടുന്ന കാര്യത്തിൽ മാഹി പോലീസ് വേണ്ടത്ര ഉത്സാഹം കാണക്കുന്നില്ലെന്ന് കേരളത്തിലെ സി.പി.എം നേതാക്കൾ ആക്ഷേപിക്കുകയും ചെയ്തിരുന്നു. കഥയറിയാത്ത ചില ബി.ജെ.പി നേതാക്കൾ രണ്ട് കൊലപാതകങ്ങൾ സംഭവിച്ചതിന് ഉത്തരവാദിത്തം കേരള സർക്കാരിനാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. വിരലിലെണ്ണാവുന്ന കിലോമീറ്ററുകളുടെ അകലത്തിലാണ് കേരളത്തിനകത്ത് മറ്റൊരു സംസ്ഥാനത്തിന്റെ ഭാഗമായ കേന്ദ്ര ഭരണ പ്രദേശം. 
വിഖ്യാത എഴുത്തുകാരൻ എം. മുകുന്ദൻ വരച്ചു കാട്ടിയ മയ്യഴിപ്പുഴയുടെ തീരങ്ങളും സഹൃദയരുടെ മനസ്സിലുണ്ട്. പരേതാത്മാക്കൾ തുമ്പികളെ പോലെ പാറിപ്പറക്കുന്ന വെള്ളിയാങ്കല്ലിനെ വർണിച്ച മുകുന്ദന്റെ രചനകൾ  മാഹിയുടെ ചരിത്ര, സാംസ്‌കാരിക പൊതൃകങ്ങളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്നു. ഫ്രഞ്ച് അധീനതയിൽനിന്നുള്ള  മോചനത്തിൽനിന്നാണ്  ആധുനിക മയ്യഴിയുടെ ചരിത്രം തുടങ്ങുന്നത്. 
ഐ.കെ കുമാരനെ പോലുള്ള ലഹരി വിരുദ്ധ പോരാളിയെ പരാമർശിക്കാതെ മയ്യഴിയുടെ കഥ പൂർണമാകുന്നതെങ്ങനെ? അറബിക്കടലിന്റെ പുരികം പോലെ മനോഹരിയാണ് മയ്യഴി. 
സായാഹ്നങ്ങളിൽ മയ്യഴിയിലെ പാദാറിൽ  ചെന്നിരുന്ന് അഴിമുഖത്തേക്ക് കണ്ണും നട്ടിരുന്നാൽ സൂര്യൻ മായുന്നത് അറിയുക പോലുമില്ല. പ്രസിദ്ധമായ സ്മാരകങ്ങളുള്ള പ്രശാന്ത സുന്ദരമായ ഭൂപ്രദേശമാണ് കണ്ണൂർ-കോഴിക്കോട് ജില്ലകളോട് തോളുരുമ്മി നിൽക്കുന്ന മാഹി. 
ഇംഗ്ലീഷും ഫ്രഞ്ചും സമൃദ്ധമായി സംസാരിക്കുന്നവരാണ് ഇവിടത്തെ പഴയ തലമുറ. ഫ്രഞ്ച് പൗരത്വമുള്ളവർ വരെ മാഹിയിലുണ്ട്. ഫ്രാൻസിലെ തെരഞ്ഞെടുപ്പിൽ വിലയേറിയ വോട്ട് രേഖപ്പെടുത്താൻ അവകാശമുള്ളവർ. വിശുദ്ധ തെരേസാ പുണ്യവതിയുടെ ചർച്ചാണ് മാഹിപ്പള്ളിയെന്നറിയപ്പെടുന്നത്. എല്ലാ വർഷവും ഒക്‌ടോബറിലാണ് മയ്യഴി പള്ളിയിലെ പെരുന്നാൾ. സമീപ പ്രദേശങ്ങളിലെ ഹിന്ദുക്കളും മുസ്‌ലിംകളും ചേർന്നാണ് ഇതൊരു മഹാസംഭവമാക്കുന്നത്. മാഹിയിൽ ക്രിസ്ത്യാനികളുടെ എണ്ണം വളരെ കുറവാണ്. വടക്കേ മലബാറിൽ മതസൗഹാർദത്തിന്റെ ഏറ്റവും വലിയ സംഗമങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ദേവാലയമാണിത്. 
മാഹിയോട് ചേർന്നു കിടക്കുന്ന കണ്ണൂർ ജില്ലയിലേയും കോഴിക്കോട്ടേയും ഗ്രാമങ്ങളിൽ രാഷ്ട്രീയ സംഘർഷം പതിവാണ്. കഴിഞ്ഞ മൂന്ന് നാല് ദശകങ്ങളായി ഇത് തുടരുന്നു. തലശ്ശേരി പട്ടണം പോലീസ് ക്യാമ്പായി മാറുന്ന നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പാനൂരും പ്രാന്തഗ്രാമങ്ങളും അശാന്തിയുടെ കനൽ പുകയുന്ന നാടുകളാണ്. എന്നാൽ ഇതൊന്നും ഒരിക്കലും മാഹിയിലെ സൗഹൃദാന്തരീക്ഷത്തെ ബാധിക്കാറില്ല. 
തൊട്ടടുത്ത കേരളത്തിലെ പട്ടണങ്ങളായ തലശ്ശേരിക്കും വടകരക്കും മുനിസിപ്പൽ ഓഫീസുള്ളപ്പോൾ മാഹി പണ്ടൊരു കോർപറേഷനായിരുന്നു. പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയുടെ ഭരണത്തലവൻ അഡ്മിസ്‌ട്രേറ്ററാണ്. മുംബൈക്ക് പോകുന്ന ദേശീയ പാതയിൽ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിന്റെ അതിർത്തിയായ പൂഴിത്തല മുതലാണ് പോണ്ടിച്ചേരിയുടെ മാഹി തുടങ്ങുന്നത്. മയ്യഴിപ്പുഴക്കപ്പുറം കണ്ണൂർ ജില്ലയിൽ കേരളത്തിന്റേതായ ന്യൂമാഹി പഞ്ചായത്ത് വേറെയുണ്ട്. കണ്ണൂർ ജില്ലയുടെ തെക്കേ അതിരായ മാഹി പാലം വരെയാണ് മാഹിയുടെ പരിധി. പോണ്ടിച്ചേരി മാഹിയുടെ ഭാഗമായ പള്ളൂർ, പന്തക്കൽ പ്രദേശങ്ങൾക്ക് കണ്ണൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളുമായും കിഴക്ക് ഭാഗത്ത് അതിരുണ്ട്.  ഒമ്പത് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ് പോണ്ടിച്ചേരിയുടെ മാഹി. അര ലക്ഷത്തിൽ താഴെയാണ് ഇവിടെ ജനസംഖ്യ. മാഹിയിൽ ജനിച്ചവരോട് അസൂയയുള്ളവരെ കേരളത്തിൽ  പണ്ട് കാണാമായിരുന്നു. ഇ.എം.എസ് മന്ത്രിസഭകളുടെ കാലത്ത് കേരളത്തിൽ ഭക്ഷ്യക്ഷാമം അതിരൂക്ഷമായിരുന്നു. ജനങ്ങൾ പ്രധാനമായും റേഷൻ കടകളെ ആശ്രയിച്ചാണ് അരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയവ സമാഹരിച്ചിരുന്നത്. ഒരു കുടുംബത്തിന് പ്രതിവാരം ആറ് ഔൺസ് അരി ലഭിക്കും. 
പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വ്യാപകമായ എഴുപതുകളിൽ വൻ തുക നൽകി വേണം പൊതു വിപണിയിൽനിന്ന് അരി വാങ്ങാൻ. അന്നൊക്കെ മാഹിയിലെ കുടുംബങ്ങൾക്ക് പതിനെട്ട് ഔൺസ് അരി റേഷൻ ലഭിക്കുമായിരുന്നു. മലയാളക്കരയിലേതിന്റെ മൂന്നിരട്ടി വരും മാഹിക്കാരുടെ റേഷൻ വിഹിതം. 
മാഹിയിലെ കുട്ടികൾക്ക് കോളേജ് അഡ്മിഷന് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. മഹാത്മാ ഗാന്ധി കോളേജായി മാറിയ പഴയ ലബുർദനാസ് കോളേജിൽ മാഹിക്കാർക്ക് പ്രവേശനം നൽകിയ ശേഷമേ കേരളത്തിൽനിന്നുള്ള കുട്ടികൾക്ക് അഡ്മിഷൻ നൽകിയിരുന്നുള്ളൂ. 
പോണ്ടിച്ചേരി സർക്കാരിൽ ജോലി ലഭിക്കാനും മാഹിക്കാർക്ക് സംവരണമുണ്ട്. കേന്ദ്ര സ്‌കെയിലിലെ ശമ്പളമെന്നതാണ് ജോലിയുടെ പ്രധാന ആകർഷണം. തലസ്ഥാനം അങ്ങ് മദിരാശിക്കടുത്ത് പോണ്ടിച്ചേരിയാകയാൽ വലിയ സാറന്മാരുടെ ശല്യമൊന്നും കൂടാതെ മാഹിയിൽ സുഖമായി കഴിയാം. 
കേരളത്തിനിടക്ക് ഒരു ലില്ലിപ്പൂവിനെ പോൽ സുന്ദരിയായി വിരാജിക്കുന്ന  മയ്യഴിയുടെ പൊതൃക സ്മാരകങ്ങൾ സംരക്ഷിച്ച് കോഴിക്കോട് അല്ലെങ്കിൽ കണ്ണൂർ ജില്ലയോട് ലയിപ്പിക്കാവുന്നതേയുള്ളൂ. മാഹിയുടെ ഭൂതകാലത്തെക്കുറിച്ച് ആലോചിച്ച് തല പുണ്ണാക്കാതെ കേരളത്തിൽ ലയിപ്പിക്കുക. ഇതിനായി രാഷ്ട്രീയ നേതൃത്വവും മയ്യഴി നിവാസികളും  സജീവമായി രംഗത്തിറങ്ങണം. 
മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ സുവർണ ജൂബിലി ആഘോഷ വേളയാണിത്. നാൽപത് ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തെ വിഭജിച്ച് തിരൂർ കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. 
തികച്ചും ന്യായമായ ആവശ്യം. തിരൂർ ജില്ലയാക്കുമ്പോൾ മലപ്പുറത്തിന് മറ്റൊരു പ്രശ്‌നം വരും. തിരൂരാണ് റെയിൽവേ ഭൂപടത്തിൽ മലപ്പുറത്തിന്റെ സ്ഥാനം രേഖപ്പെടുത്തുന്നത്. മലപ്പുറം പോലെ വലിയ ജില്ലയാണ് പാലക്കാടും. ആലത്തൂർ, ചിറ്റൂർ പോലുള്ള പ്രദേശങ്ങളിൽനിന്ന് ചെർപ്പുളശ്ശേരിയിലോ ഷൊർണൂരിലോ എത്താൻ ഒരു ദിവസത്തെ അധ്വാനമാണ്. വള്ളുവനാടൻ പ്രദേശങ്ങളുടെ ആസ്ഥാനമായ ഒറ്റപ്പാലം കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കുകയാണെങ്കിൽ ഈ പ്രശ്‌നമില്ല. ഇതിലേക്ക് മലപ്പുറത്തിന്റെ പൊന്നാനി, പെരിന്തൽമണ്ണ താലൂക്കുകൾ കൂട്ടിച്ചേർക്കുകയുമാവാം. ഒറ്റപ്പാലം ആസ്ഥാനമായി പുതിയ ജില്ലയെന്ന് ആവശ്യപ്പെടുമ്പോൾ എതിർപ്പുകൾ കുറയുമെന്ന് തീർച്ച. തിരൂരിനെ മലപ്പുറത്തിന് നിലനിർത്തുകയുമാവാം. 1984 ൽ കാസർകോട് ജില്ല നിലവിൽ വന്ന ശേഷം കേരളത്തിൽ പുതിയ ജില്ലകളുണ്ടായിട്ടില്ല. പോണ്ടിച്ചേരിയിലെ മാഹിയെ കോഴിക്കോട് ജില്ലയിൽ ലയിപ്പിക്കുമ്പോൾ വടകര കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കുന്ന കാര്യവും ആലോചിക്കാവുന്നതാണ്. പത്തനംതിട്ട, കാസർകോട്, വയനാട് ജില്ലാ രൂപീകരണങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിലെ എൺപതുകളിലാണ് നടന്നത്. 
കോഴിക്കോടിനും കണ്ണൂരിനുമിടയിലെ എൻക്ലേവായി മാഹി നിലനിന്നതിൽ സന്തോഷിച്ച വിഭാഗങ്ങളുണ്ടായിരുന്നു. കേരളത്തിലെ വിലയിലും കുറച്ച് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും പെട്രോളും ഡീസലും മയ്യഴിയിൽ ലഭിച്ചിരുന്നു. വിൽപന നികുതി ഘടനയിലെ അന്തരമാണ് ഇതിന് ആധാരം. ജി.എസ്.ടി നിലവിൽ വന്നതോടെ ഈ ആകർഷണവും ഇല്ലാതായി. അതുകൊണ്ട് തന്നെ മാഹിയെ കേരളത്തിൽ ലയിപ്പിക്കുന്നതിനോട് കാര്യമായ എതിർപ്പ് ഉയരാനിടയില്ല. 

Latest News