Tuesday , February   19, 2019
Tuesday , February   19, 2019

യു.എ.ഇ വിസ ഇളവുകൾ പ്രവാസികൾക്ക് ആശ്വാസം

തൊഴിലാളികൾക്കു മാത്രമല്ല, സംരംഭകർക്കും ആശ്വാസമേകുന്ന നിരവധി പരിഷ്‌കാരങ്ങളാണ് വിസ നിയമത്തിൽ യു.എ.ഇ കൊണ്ടുവന്നിരിക്കുന്നത്. എല്ലാ വിഭാഗത്തിലുംപെട്ട പ്രവാസികൾക്ക് ആശ്വാസം പകരുന്ന പുതിയ നിയമങ്ങൾ മലയാളികൾക്ക് ഏറെ ഉപകാരപ്പെടും.

യു.എ.ഇയിലെ തൊഴിൽ വിസ നിയമ പരിഷ്‌കാരം സ്വകാര്യ തൊഴിൽ, വിനോദ സഞ്ചാര, വ്യാപാര വാണിജ്യ, വിദ്യാഭ്യാസ മേഖലക്ക് ഊർജം പകരുന്നതും പ്രവാസികൾക്ക് ആശ്വാസമേകുന്നതുമാണ്. സ്വദേശിവൽക്കരണവും നിയമങ്ങളിലെ കാർക്കശ്യം മൂലം തൊഴിൽ നഷ്ടപ്പെട്ടും പിടിച്ചു നിൽക്കാൻ കഴിയാതെ മറ്റു രാജ്യങ്ങളിൽനിന്ന് നാട്ടിലേക്കു മടങ്ങിയവർക്ക് പ്രവാസ ജീവിതം തുടരാനും പുതിയ തൊഴിൽ കണ്ടെത്താനും കഴിയും വിധത്തിലുള്ള മാറ്റങ്ങളാണ് യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗം എടുത്തിട്ടുള്ളത്. ദുബായിയെ ലോക ജനതക്കൊന്നാകെ ഇഷ്ടമുള്ള രാജ്യമാക്കി മാറ്റാനും അവരെ ദുബായിലേക്ക് ആകർഷിക്കാനും ഉതകുന്നതാണ് പുതിയ നിയമങ്ങൾ. ജീവിതത്തിൽ ഒരിക്കലെങ്കിലും ദുബായ് സന്ദർശിക്കാതെ ഒരാളും ഉണ്ടാവരുതെന്ന കാഴ്ചപ്പാടും ഇതിനു പിന്നിലുണ്ടെന്നുവേണം വിലയിരുത്താൻ. ഈ വർഷം അവസാന പാദത്തോടെ നിലവിൽ വരുന്ന പുതിയ നിയമം ദുബായിയുടെ സാമ്പത്തിക രംഗത്തിന് കരുത്തും വികസനത്തിൽ വൻ കുതിപ്പും സമ്മാനിക്കും. 
മലയാളികളെ സംബന്ധിച്ച് ഒട്ടേറെ സാധ്യതകൾക്ക് വഴി തുറക്കുന്നതാണ് പുതിയ നിയമം. നിയമ പരിഷ്‌കാരങ്ങൾ തൊഴിലാളികൾക്കു മാത്രമല്ല, സംരംഭകർക്കും ആശ്വാസമേകുന്നതാണ്. വിസ നിയമത്തിൽ സമൂല പരിവർത്തനം തന്നെ യു.എ.ഇ സൃഷ്ടിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് പഠിക്കാൻ നേരത്തെ നിയോഗിച്ച സമിതിയുടെ നിർദേശ പ്രകാരമാണ് പുതിയ മാറ്റങ്ങൾ. 
അതിവിദഗ്ധർക്കും വ്യവസായികൾക്കും പത്ത് വർഷത്തേക്ക് താമസാനുമതി നൽകാൻ നേരത്തെ യു.എ.ഇ തീരുമാനിച്ചിരുന്നു. മെഡിക്കൽ, ശാസ്ത്രം, ഗവേഷണം, സാങ്കേതിക മേഖല, വൻകിട സംരംഭകർ തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കാണ് 10 വർഷത്തെ താമസ സൗകര്യം അനുവദിച്ച് ഉത്തരവിട്ടിരുന്നത്. കഴിവുള്ളവരെ രാജ്യത്തെത്തിച്ച് അവരുടെ സേവനം രാജ്യത്തിനു മുതൽക്കൂട്ടാക്കുകയെന്നതായിരുന്നു തീരുമാനത്തിനു പിന്നിൽ. ഇത്തരക്കാർ മാത്രമല്ല, അവിദഗ്ധരും സഞ്ചാരികളും രാജ്യത്തിനാവശ്യമുണ്ടെന്നു കൂടിയാണ് പുതിയ നിയമത്തിലൂടെ വ്യക്തമാവുന്നത്.
വിസിറ്റിംഗ് വിസയിൽ തൊഴിൽ അന്വേഷിച്ചെത്തുന്നവർക്ക് ആറ് മാസത്തേക്കുള്ള പ്രത്യേക താൽക്കാലിക വിസ അനുവദിക്കുമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനമായുള്ളത്. കേരളത്തിൽനിന്ന് തൊഴിൽ തേടി യു.എ.ഇയിൽ എത്തുന്ന ഉദ്യോഗാർഥികളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ നിശ്ചിത വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞും ആറു മാസം കൂടി നിൽക്കാൻ കഴിയുകയെന്നത് ഏറെ ഗുണം ചെയ്യും. താൽക്കാലികമായി നൽകുന്ന വിസക്ക് ഫീസ് നൽകേണ്ടതില്ലെന്ന ആശ്വാസവുമുണ്ട്. 
നിലവിൽ തൊഴിൽ വിസ അനുവദിക്കുന്നതിന് താമസ കുടിയേറ്റ വകുപ്പിൽ തൊഴിലുടമ 3000 ദിർഹം അടയ്ക്കണമെന്നാണ് വ്യവസ്ഥ. വിസ റദ്ദാക്കപ്പെടുമ്പോൾ തിരിച്ചുകിട്ടുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന രീതിയിലായിരുന്നു ഇത്. എന്നാൽ ഇനി മുതൽ ഇതിനു പകരം ഓരോ തൊഴിലാളിക്കും വാർഷിക വരിസംഖ്യയായി അറുപത് ദിർഹം അടച്ചാൽ മതിയാകും. ഇതുവഴി ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. 20,000 ദിർഹം വരെയുള്ള ഇൻഷുറൻസ് പരിരക്ഷയാണ് ഇതുവഴി ലഭിക്കുന്നത്. ഇത് ഒരേസമയം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിലുടമയുടെ സാമ്പത്തിക ഭാരം കുറക്കാനും  ഉപകരിക്കുന്നതാണ്. 
വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് രണ്ട് വർഷത്തേക്ക് യു.എ.ഇയിലേക്ക് വരാൻ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പകരം നിലവിലുള്ള പിഴയടച്ച് വീണ്ടും പുതിയ വിസയിൽ അവർക്ക് യു.എ.ഇയിലെത്താം. തൊഴിൽ വിസ കാലാവധി കഴിഞ്ഞും ജോലിയിൽ തുടരാൻ താൽപര്യമുള്ളവർക്ക് ആറ് മാസത്തെ താൽക്കാലിക വിസ അനുവദിക്കുമെന്നതും പുതിയ നിയമത്തിലെ ആശ്വാസകരമായ നടപടിയാണ്. രാജ്യം വിടാതെ തന്നെ വിസ മാറാനാകുമെന്നതാണ് മറ്റൊരു സവിശേഷത. ഒരു ഫ്രീ സോണിൽനിന്ന് മറ്റൊന്നിലേക്ക് മാറാനും ഇനി രാജ്യം വിടേണ്ടതില്ല. വിസ കാലാവധി കഴിഞ്ഞും അനധികൃതായി രാജ്യത്തു തങ്ങി പിടിക്കപ്പെടുന്നവരെ സ്വദേശത്തേക്ക് അയക്കുമ്പോൾ നോ എൻട്രി സീൽ പതിക്കുന്നത് നിർത്തലാക്കാനുള്ള തീരുമാനവും പ്രവാസികൾക്ക് വലിയ ആശ്വാസമാവും. നിയമ വിരുദ്ധമായി യു.എ.ഇയിൽ പ്രവേശിച്ചവർക്കു തിരിച്ചുപോകാൻ അവസരമൊരുക്കുമെന്നതും പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമാണ്. ഇവർക്ക് താക്കീത് എന്ന മട്ടിൽ രണ്ടു വർഷത്തേക്ക് പ്രവേശനാനുമതി വിലക്കുണ്ടാവും. 
യു.എ.ഇയിലെ വിമാനത്താവളങ്ങൾ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് 48 മണിക്കൂർ സൗജന്യ ട്രാൻസിറ്റ് വിസ അനുവദിക്കുമെന്നത് സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനയായിരിക്കും സൃഷ്ടിക്കുക. വിനോദ സഞ്ചാര മേഖലക്കും എയർലൈനുകൾക്കും വാണിജ്യ മേഖലക്കും ഇതുവഴി നേട്ടമാവും. നിലവിൽ ട്രാൻസിറ്റ് യാത്രക്കാർക്ക് 96 മണിക്കൂർ യു.എ.ഇയിൽ തങ്ങുന്നതിന് 300 ദിർഹം ഫീസ് അടയ്ക്കണം. അത് 50 ദിർഹമായി കുറച്ചുവെന്നതും സന്ദർശകരെ കൂട്ടും. 
വിധവകൾക്കും വിവാഹ മോചിതർക്കും അവരുടെ കുട്ടികൾക്കും സ്‌പോൺസറില്ലാതെ ഒരു വർഷം കൂടി സ്വന്തം വിസയിൽ രാജ്യത്തു തങ്ങാൻ നൽകിയ അനുവാദം സാമൂഹ്യ തലത്തിൽ വലിയ മാറ്റമാവും സൃഷ്ടിക്കുക. സ്‌പോൺസറായ ഭർത്താവ് മരിക്കുകയോ വിവാഹ മോചനം നടത്തുകയോ ചെയ്താൽ ഭാര്യയും കുട്ടികളും ഉടൻ രാജ്യം വിടേണ്ട നിലവിലെ സാഹചര്യം മാറുന്നതിലൂടെ ഇത്തരം കുടുംബങ്ങൾക്ക് പുതുജീവിതം കണ്ടെത്താനുള്ള ആശ്വാസകരമായ നടപടിയാണിത്. ഇങ്ങനെ എല്ലാ വിഭാഗത്തിലും പെട്ട പ്രവാസികൾക്ക് ഒട്ടേറെ ആശ്വാസം പകരുന്ന പുതിയ നിയമങ്ങൾ യു.എ.ഇക്ക് കൂടുതൽ പകിട്ടും പ്രതാപവും നൽകുമെന്നതിൽ സംശയമില്ല. 

Latest News