Tuesday , February   19, 2019
Tuesday , February   19, 2019

രാജ്യസഭയുടെ സൗകര്യങ്ങൾ

ഹിതേശ്വർ സൈക്യയുടെ ഭാര്യ ഹേമ.  അവരുമായി മൻ മോഹൻ സിംഗിനെ ബന്ധപ്പെടുത്തുന്നതെന്താണെന്ന് ചിലരെങ്കിലും ചുളിഞ്ഞ നെറ്റിയോടെ ചോദിക്കുമായിരിക്കും. നേരറിഞ്ഞാൽ  അതിനു ന്യായമില്ല. അസമിലെ മുഖ്യമന്ത്രിയായിരുന്നു സൈക്യ.  കേന്ദ്ര ധനകാര്യ മന്ത്രി  ആയിരുന്ന മൻ മോഹൻ സിംഗ് അന്ന് അവിടന്നുള്ള ഒരു രാജ്യസഭാംഗവും. ആ വകുപ്പിൽ അദ്ദേഹം ഹേമയുടെ വിലാസത്തിൽ സ്ഥിരതാമസക്കാരനായി.  അതായിരുന്നു അന്ന് തെരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിച്ച വിവരപത്രിക.  
നാട്ടുകാർക്കു മുഴുവൻ ബോധ്യപ്പെട്ടതാണ് ആ പൊളി.  പക്ഷേ ആർക്കും അതുകൊണ്ടൊരു വീർപ്പുമുട്ടും ഉണ്ടായില്ല. അസത്യം പറയാനോ തെറ്റു ചെയ്യാനോ ഇഷ്ടപ്പെടുന്ന ആളല്ല മൻ മോഹൻ സിംഗ്.  ഭരണഘടന ലംഘിക്കുന്നുവെന്നോ തന്റെ സ്ഥാനം തെറിക്കുമെന്നോ ശങ്കിക്കുന്ന അവസരത്തിൽ അദ്ദേഹം ഉടനെ പരിഹാരക്രിയ ചെയ്യും.  അങ്ങനെയൊരു ലംഘനവും പിഴയും ഉൾക്കൊള്ളുന്ന നടപടിയിൽ പെട്ടുപോയെന്ന് മൻ മോഹൻ സിംഗിന്  അശേഷം സംശയമുണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം ഗുവാഹതിയിൽ ഒരു സ്ത്രീയുടെ വീട്ടിൽ സ്ഥിരവാസക്കാരനാണെന്ന് 'സത്യപ്രസ്താവം' നടത്തുമ്പോൾ ധനകാര്യമന്ത്രിക്കോ അകമ്പടിക്കാർക്കോ ഒരു കുലുക്കവുമുണ്ടായില്ല.  
സംസ്ഥാനങ്ങളുടെ പ്രതിനിധികൾക്കുള്ളതാണ് രാജ്യസഭ.  ഇംഗ്ലീഷിൽ അതിനെ കൗൺസിൽ ഒഫ് സ്‌റ്റേറ്റ്‌സ് എന്നു പറയുന്നു.  അങ്ങനെ രാജ്യസഭയിൽ അംഗമാകുന്ന ഒരാൾ അദ്ദേഹത്തെ തെരഞ്ഞെടുക്കുന്ന സംസ്ഥാനത്ത് സ്തിരതാമസം ആകണമെന്നാണ് വ്യവസ്ഥ. 'ആകണ'മെന്നല്ല, 'ആയിരുന്നു' എന്നു തിരുത്തി വായിക്കുക.  ഭരണഘടനയുടെ വ്യവസ്ഥ മാത്രമല്ലേ നമുക്ക് ഭേദഗതി ചെയ്യാവുന്നതായുള്ളൂ.  അവസരം വന്നപ്പോൾ അതങ്ങു ചെയ്തു.  അത്ര തന്നെ.  അതിന്റെ വിശദാംശത്തിലേക്ക് വഴിയേ വരാം.
ധനകാര്യ വിദഗ്ധൻ  എന്ന നിലക്കോ മന്ത്രിയായോ കൂടെക്കൂടെ അസമിൽ പോയിക്കൊണ്ടിരുന്ന ആളല്ല മൻ മോഹൻ സിംഗ്.  ഏഴെട്ടു ലക്ഷം ആളുകളുടെ പ്രതിനിധിയായി നേരിട്ടു തെരഞ്ഞെടുക്കപ്പെട്ടുവരാനും അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല.  പക്ഷേ അദ്ദേഹത്തെ പാർലമെന്റിലും അങ്ങനെ മന്ത്രിസഭയിലും എത്തിക്കുക അന്നത്തെ ഭരണകക്ഷിയുടെ രാഷ്ട്രീയ ആവശ്യമായിരുന്നു.  അന്നേരം സൗകര്യമായി കിട്ടിയത് അസമിൽ ഒഴിവു വന്ന ഒരു രാജ്യസഭാ സ്ഥാനം ആയിരുന്നതുകൊണ്ട് മൻ മോഹൻ സിംഗിനെ അതിലേക്കു തെരഞ്ഞെടുക്കാൻ ഏർപ്പാടു ചെയ്തപ്പോൾ ആരും ആപത്ത് ശങ്കിച്ചില്ല. 
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, ആരും ഗൗനിക്കാതെ കിടന്നിരുന്ന ചില ചട്ടങ്ങളും വട്ടങ്ങളും തെരഞ്ഞെടുപ്പു കമ്മീഷണർ ആയി വന്ന ടി എൻ ശേഷൻ പൊടി തട്ടി നോക്കിയപ്പോൾ ആപത്ത് മറ നീക്കി എത്തി.  ഒരു സംസ്ഥാനത്തുനിനു രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നയാൾ അവിടത്തെ താമസക്കാരനും വോട്ടറുമായിരിക്കണമെന്ന നിബന്ധന അങ്ങനെ ഗൗനിക്കാതെ കിടന്നിരുന്ന ഒരു ചട്ടവും സൊല്ലയുമായിരുന്നു.  സംസ്ഥാനങ്ങളുടെ സഭയിൽ എത്തുന്നത് അതാതു സംസ്ഥാനത്ത് താമസിക്കുന്നയാളായിരിക്കണമെന്ന വ്യവസ്ഥ നിയമത്തിനും സാമാന്യ ബോധത്തിനും നിരക്കുന്നതായിരുന്നു.  അങ്ങനെയൊരു വ്യവസ്ഥയില്ലെങ്കിൽ പിന്നെ രാജ്യസഭയും ലോക്‌സഭയും തമ്മിൽ എന്തു വ്യത്യാസം?  
മൻ മോഹൻ സിംഗിന്റെ കാര്യം പൊക്കിക്കൊണ്ടുവന്നതല്ല ശേഷൻ.  പല സംസ്ഥാനങ്ങളുടെയും പ്രതിനിധികളായി എത്തിയവരിൽ പലരും അവിടെ താമസക്കാരല്ലെന്നു മാത്രമല്ല അവിടത്തെ ഭാഷ മനസ്സിലാകുക പോലും ചെയ്യാത്തവരായിരുന്നു.  അടിസ്ഥാനപരമായ ആ വ്യവസ്ഥ തെറ്റിക്കുന്നതിൽ ഇടതുപക്ഷ കക്ഷികൾ ഒഴികെ എല്ലാവരും ഞാനോ നീയോ എന്ന മട്ടിൽ ഉൽസുകരായിരുന്നു.  ഇടതുപക്ഷ കക്ഷികൾക്ക് കൂടുതൽ ജനാധിപത്യ ബോധവും നിയമ പ്രേമവും ഉള്ളതുകൊണ്ടാണെന്നു ധരിക്കേണ്ട.  അവർക്ക് സ്വാധീനമില്ലാത്ത ഒരു പ്രദേശത്തുനിന്നും ഒരാളെയും രാജ്യസഭയിലെക്ക് കെട്ടിയെടുക്കാൻ നിർവാഹമില്ലായിരുന്നു. അതാണ് വാസ്തവം.
ശേഷൻ ഈ വ്യവസ്ഥ പൊക്കിക്കൊണ്ടുവന്നപ്പോൾ ആപ്പിലായത് ഒരു ഛോട്ടാ മോട്ടാ രാജ്യസഭാംഗം ആയിരുന്നില്ല. ധനകര്യമന്ത്രിയുടെ സ്ഥാനം തന്നെ തെറിക്കുമെന്നായി. വിശേഷിച്ചൊന്നും ഉദ്ദേശിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷണർ ഉന്നയിച്ച ഒരു തടസ്സ വാദം വമ്പന്മാരെയും ഭീമന്മാരെയും വീഴ്ത്താമെന്നും സർക്കാരിന്റെ ഇംഗിതം അപകടത്തിലാക്കുമെന്നും വന്നു കൂടി.  സർക്കാരിന്റെ മാത്രമല്ല  ലോക്‌സഭയിൽ എത്താൻ കഴിയാത്ത പാർട്ടിക്കാരെ ഉപരിസഭയിലേക്കു കെട്ടിയെടുക്കുന്നത് പതിവാക്കിയ എല്ലാ കക്ഷികളുടെയും നീക്കങ്ങൾ തള്ളപ്പെടുമെന്നായി.  മൻ മോഹൻ സിംഗ് പെട്ടുപോയത് ആ ആപ്പിലായിരുന്നു.  
പക്ഷേ സർക്കാരിനു തീർപ്പാക്കാൻ പറ്റാത്ത ഒരു പ്രശ്‌നമുണ്ടോ? സർക്കാർ ആകാൻ എപ്പോഴെങ്കിലും പറ്റാമെന്നുള്ള എല്ലാ കക്ഷികളും അങ്ങനെ ഒരു പരിഹാരത്തിനു സന്നദ്ധമായി.  രാജ്യസഭാംഗം, തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനത്ത് താമസക്കാരനാകണമെന്ന വ്യവസ്ഥ തന്നെ വലിച്ചെറിഞ്ഞാൽ പ്രശ്‌നം തിർന്നു.  ആ വഴി തുറന്നു കിട്ടിയപ്പോൾ ഒ രാജഗോപാലനും അൽഫോൺസ് കണ്ണന്താനത്തിനും വി മുരളീധരനും മറ്റു സംസ്ഥാനങ്ങളിൽ നിന്നു  രാജ്യസഭയിലേക്കു നടന്നു കേറാമെന്നായി.  
ഈ അഷ്ടമംഗല്യ പ്രശ്‌ന പരിഹാരത്തിനിടെ ഒരു ഗ്രഹണ ചിന്ത ഉയർന്നു. രാജ്യസഭ രാജ്യങ്ങളുടെ (സംസ്ഥാനങ്ങളുടെ) സഭ അല്ലെങ്കിൽ, പിന്നെ അതിനെ കൗൺസിൽ ഒഫ് സ്‌റ്റേറ്റ്‌സ് എന്ന് എന്തിനു വിളിക്കുന്നു?  ലോക്‌സഭയിൽനിന്ന് അതിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു വിശേഷത ഉപരിസഭയിലെക്ക് വിശിഷ്ട വ്യക്തികളെ രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാമെന്നുള്ളതാണ്. പിന്നെപ്പിന്നെ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളവരുടെ വിശിഷ്ടതയോ അതിന്റെ ഇല്ലായ്മയോ നോക്കിയാൽ ആ വ്യവസ്ഥയും നമ്മെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ തോന്നും.
ഒരു കാലത്ത് ജി ശങ്കരക്കുറുപ്പിനെപ്പോലുള്ളവർ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.  ആഴമേറിയ ജീവിതാനുഭവവും സർഗചൈതന്യവുമുള്ള വിശിഷ്ടാംഗങ്ങളിൽനിന്ന് സഭക്ക് കൈവന്ന ബൗദ്ധികലാഭം ക്രോഡീകരിച്ചു പ്രസിദ്ധീകരിക്കുന്നത് ഉപകാരമായിരിക്കും.  മലയാളത്തിൽ വാക്കുകൾ ഇട മുറിയാതെ ഒഴുക്കിയിരുന്ന ജി രാജ്യസഭയിൽ ചെയ്ത് പ്രസംഗങ്ങൾ സമാഹരിക്കുക തന്നെ വേണം.  അദ്ദേഹമുൾപ്പെടെ  നേടിയിട്ടുള്ളവരുടെ സ്വീകാര പ്രഭാഷണങ്ങൾ സമാഹരിച്ചിട്ടുള്ളതു പോലെ. ചിലരുടെ പ്രസംഗങ്ങൾ ഹ്രസ്വവും പരിമിതവുമായിരിക്കും. ഉദാഹരണമായി,  ആർ കെ നാരായൺ. അദ്ദേഹം ഏറെ പ്രസംഗിച്ചിട്ടില്ല.  എഴുതിത്തയ്യാറാക്കിയ ലഘു പ്രസംഗം മിക്കപ്പോഴും പാഠപുസ്തകങ്ങളുടെ എണ്ണം കൂടുന്നതിനെപ്പറ്റിയയായിരിക്കും.  
ഏറെ ഊഹാപോഹങ്ങൾക്കു ശേഷമാണ് സുരേഷ് ഗോപി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.  സിനിമയിലെ വീരസാഹസികന്റെ വേഷത്തിൽ കടിച്ചാൽ പൊട്ടാത്തതും പൊട്ടുന്നതുമായ സംഭാഷണം തട്ടിമൂളിക്കുന്ന നടനാണ് സുരേഷ് ഗോപി.  പക്ഷേ സഭയിൽ അവതരിച്ച് ഏതാനും മാസം കഴിഞ്ഞിട്ടും ഗോപി ഫലപ്രദമായി എന്തെങ്കിലും പറഞ്ഞതായി കേട്ടില്ല.  ഗോപി പറയുമായിരിക്കും, പ്രസംഗമല്ല, പ്രവൃത്തിയാണ്, ആക്ഷൻ ആണ് പ്രധാനം. അങ്ങനെ പ്രസംഗവും പ്രവൃത്തിയും ഒന്നും വേണ്ടിവന്നിരുന്നില്ല നർഗീസ് ദത്തിന് ശ്രദ്ധാകേന്ദ്രമായി മാറാൻ.  
അവരുടെ സാന്നിധ്യം മാത്രം മതിയായിരുന്നു. ഭർത്താവ് സുനിൽ ദത്ത് ലോക്‌സഭയിലും മറ്റു ചിലർ പൊതുപ്രവർത്തനം വഴിയും ശ്രദ്ധേയനായി.  തിരക്കഥയിലൂടെയും കവിതയിലൂടെയും സ്ഥാനം ഉറപ്പിച്ച ജാവേദ് അഖ്തറിന്റെ വിടവാങ്ങൽ പ്രസംഗം മതിയായിരുന്നു കാണികളെ പിടിച്ചിരുത്താൻ.  സാമൂഹ്യ മൈത്രിയുടെയും സർഗാത്മകതയുടെയും സുഗന്ധം മുറ്റി നിന്നു, അദ്ദേഹത്തിന്റെ ഓരോ വാക്കിലും ഉച്ചാരണത്തിലും.  'കാലം, ഇതെന്ത്?' എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ കവിത ശബാന ആസ്മിയോടൊത്ത് പുറത്തൊരു വേദിയിൽ ആലപിച്ചതോർക്കുന്നു.  
ശബാനയോ വൈജയന്തിമാലയോ സഭയെ കുലുക്കുകയോ ഇരുത്തിച്ചിന്തിപ്പിക്കുകയോ ചെയ്ത സന്ദർഭങ്ങൾ അധികമില്ല.  ശബാന വല്ലപ്പോഴും എന്തെങ്കിലും പറഞ്ഞിരിക്കും.  വൈജയന്തിമാല അതുമില്ല.  നടനവേദിയല്ലല്ലോ രാജ്യസഭ.  അങ്ങനെയുള്ളവരെ നാമനിർദ്ദേശം ചെയ്യുമ്പോൾ ഒരു തീപ്പൊരി പ്രസംഗം ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.  പിന്നെ എന്താവും പ്രതീക്ഷിച്ചിരിക്കുക? ആ ചോദ്യം ഭരണഘടനാ ബെഞ്ചിനു വിടാം.  
വേറെ രണ്ടു പേരെപ്പറ്റി പറയട്ടെ.  സിതാർ വാദകൻ രവിശങ്കറും ചിത്രകാരൻ മഖ്ബൂൽ ഫിദ ഹുസൈനും. രണ്ടു പേരും ചുണ്ടു തുറന്നത് സത്യവാചകം ചൊല്ലാനായിരുന്നു.  പിന്നെ ചിത്രത്തിൽ എഴുതിയത് പോലുള്ള നിശ്ചലതയോ നിശ്ശബ്ദതയോ.  നിഴൽ പോലെ അവർ വന്നു പോകുന്നതു കാണാം.  സിതാറിന്റെ മാറ്റൊലിയോ വർണരേഖകളുടെ ആഴമോ കണ്ടും കേട്ടുമറിഞ്ഞ അംഗങ്ങൾ അധികം ഉണ്ടാവാറില്ല.  ഉള്ളവർ പാട്ടുകാരനെയും പടക്കാരനെയും കൈ പൊക്കി അഭിവാദ്യം ചെയ്യുമെന്നേയുള്ളൂ.  ഒടുവിൽ ആറു കൊല്ലത്തെ അംഗത്വം കഴിഞ്ഞ് ഒരു ദിവസം വാചാടോപം വശമില്ലാത്ത സംഗീതകാരനും ചിത്രകാരനും വിട വാങ്ങി.  അതിനെപ്പറ്റിയുള്ള റിപ്പോർട്ടിന് ചേർന്നതല്ലെങ്കിലും രസകരമായ തലക്കെട്ടു നൽകി, ഒരു കുസൃതിക്കാരൻ സബ് എഡിറ്റർ: ദ് സൈലൻസ് ഒഫ് ദ് ലാംബ്‌സ്.  
അതിനും പുതിയൊരു മാനം ഉണ്ടായി നരസിംഹ റാവു പ്രസംഗിച്ചപ്പോൾ.  രാജ്യസഭ നിലക്കാത്ത വേദിയാണ്.  അതൊരു തുടർച്ചയാണ്. ഒരിക്കലും അത് പൂർണമായും ഇല്ലാതാവുന്നില്ല. ഈരണ്ടു കൊല്ലം കൂടുമ്പോൾ അത് പുതുക്കപ്പെടുന്നു.  അതിൽനിന്ന് ആരും ആത്യന്തികമായി പിരിയുന്നില്ല.  പിരിയുന്നത് വീണ്ടും ചേരാൻ വേണ്ടിയാകുന്നു.  ഇന്ത്യൻ ശൈലി തന്നെ അതാണ്.  'പോകട്ടെ' എന്നു പറയാറില്ല, 'വരട്ടെ' എന്നേ പറയൂ.  പിന്നെ റാവു സംസ്‌കൃതം ഉദ്ധരിച്ചു:  പുനരാഗമനായ.  
ഭാരിച്ച ചെലവു വഹിച്ച്, അങ്ങനെയൊരു സഭ കൽപാന്തകാലം വരെ നിലനിർത്തണമോ എന്നതാണ് പ്രശ്‌നം.  പ്രത്യേകിച്ചും അതിന്റെ അടിസ്ഥാനപരമായ സ്വഭാവവും പ്രവൃത്തിയും കൈവെടിയുമ്പോൾ.  രാജ്യസഭക്കോ അതിന്റെ അധ്യക്ഷനായ ഉപരാഷ്ട്രപതിക്കോ രാഷ്ട്രീയമോ ഭരണപരമോ ആയ അതിജീവനത്തിനു വേണ്ട വിശേഷതകളൊന്നും ഇല്ലാതായിരിക്കുന്നു. പിന്നെ ഒരു പ്രയോജനമുണ്ട്:  സുരേഷ് ഗോപിയെയും പി ജെ കുര്യനെയും ജോസ് കെ മാണിയെയും അപ്പപ്പോൾ കുത്തിനിറച്ചുകൊണ്ടിരിക്കാം.  


 

Latest News