Saturday , February   16, 2019
Saturday , February   16, 2019

പ്രവാസത്തിന്റെ കുതിപ്പും കിതപ്പും; ഒരു വീട്ടമ്മയുടെ ഓര്‍മ

കെട്ട്യോനേക്കാളും പോസ്റ്റ്മാനെ സ്‌നേഹിച്ച ഒരു കാലമുണ്ടായിരുന്നു. വീടിന്റെ ഗേറ്റ് കടന്ന് ഒരു ആള്‍രൂപം വരുന്നത് കണ്ടാല്‍ ഏത് ബഹളത്തിനിടയിലും ഒളി കണ്ണിട്ട് നോക്കും, കാക്കി ഉടുപ്പണിഞ്ഞ സ്‌നേഹ ദൂതനാണോ എന്ന്. കാരണം സ്‌നേഹവും സങ്കടവും അനുഭവിച്ചിരുന്നത് അക്ഷരങ്ങളിലൂടെ ആയിരുന്നു. 

ഇങ്ങനെ ഒരു വര്‍ഷത്തോളം വിരഹത്തിന്റെ കയ്പുരസം നുണഞ്ഞിരിക്കുന്ന 90 കളുടെ മധ്യത്തിലാണ് വിസ എന്ന ഒരു തുണ്ടം പേപ്പറിന്റെ രൂപത്തില്‍ മറ്റൊരു നൊമ്പരമായ പ്രവാസം നയിക്കാന്‍ ഇടവന്നത്.

കഥകളില്‍ വായിച്ച, ഒട്ടകത്തിന്റെ കയറും പിടിച്ചു മണലാരണ്യത്തിലൂടെ നടക്കുന്ന കാഫില കൂട്ടവും വിസ്മയങ്ങളുടെ മായാലോകമായി ചിത്രീകരിക്കുന്ന ഗള്‍ഫുമാണ് ആദ്യം മനസ്സില്‍ മിന്നിമറഞ്ഞത്.  ന്റെ കുട്ടി ഗള്‍ഫില്‍ പോവാണെന്ന് മാതാപിതാക്കള്‍  അഭിമാനത്തോടെ പറഞ്ഞെങ്കിലും അവരുടെ ഉള്ളം നീറുന്നത് ഞാനറിഞ്ഞു.

ഇരമ്പല്‍  കേട്ടാല്‍ വിമാനം പോകുന്നേ എന്ന് പറഞ്ഞു മുറ്റത്തേക്ക് ഇറങ്ങി ഓടി മേലോട്ട് നോക്കുമ്പോള്‍ ഏതോ ഒരു കുഞ്ഞു മത്സ്യം നീന്തുന്ന പോലെയെ കാണുകയുള്ളൂവെങ്കിലും കൗതുകത്തോടെ നോക്കി നിന്ന കാലമായിരുന്നു അത്. യന്ത്ര പക്ഷിയുടെ രഹസ്യം അറിഞ്ഞുള്ള യാത്രയും, പ്രിയതമനെ  കാണാനുള്ള  ജിജ്ഞാസയും....... 

എന്റെ സ്വപ്നങ്ങള്‍ ചിറകുവെച്ച് പറക്കാന്‍ തുടങ്ങി. ഇന്നത്തെ പോലെ നെറ്റ് കോള്‍, വിഡിയോ കോള്‍ വെറുപ്പിക്കല്‍സ് അന്നില്ല. വെള്ളിയാഴ്ച മാത്രം ആയിരുന്നു വിളി..അഞ്ചോ, പത്തോ മിനിറ്റ്. അതിനു തന്നെ സംസാരിക്കാന്‍ നീണ്ട ക്യൂ..

അങ്ങനെ ഒരുപാട് സ്വപ്നവും പേറി ജന്മനാട്ടില്‍നിന്ന് ആദ്യമായി പിരിയുന്ന  ആഴമേറിയ ദുഃഖവും കൂട്ട് പിടിച്ചു നാല് വണ്ടി കളുടെ അകമ്പടിയോടെ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ എത്തി. അവിടെനിന്ന് മുംബൈ വഴി ജിദ്ദയിലേക്ക്... രാത്രി വൈകിയും നാട്ടുകാരും കൂട്ടുകാരും ആയി വിസിറ്റേഴ്‌സ് ഉണ്ടായിരുന്നു. നാട്ടില്‍നിന്ന് വന്നിട്ട് വര്‍ഷങ്ങള്‍ ആയവര്‍ സ്വന്തം വീട്ടുകാരുടെ വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുമ്പോള്‍ നാട്ടിലെ വിവരങ്ങള്‍ എല്ലാം ഒരു പണ്ഡിതയുടെ ഭാവത്തില്‍ ഞാന്‍ വിവരിക്കുകയായിരുന്നു.

പിറ്റേന്ന് പ്രഭാതം ആയതോടെ പ്രവാസത്തിന്റെ പ്രയാസങ്ങള്‍ ഓരോന്നായി അനുഭവിക്കാന്‍ തുടങ്ങി. രാവിലെ പത്രം കാണാതെ പ്രാതല്‍ തൊണ്ടയില്‍നിന്ന് ഇറങ്ങാറില്ലായിരുന്നു.. 
ഒരു ദിവസം കൊണ്ട് തന്നെ ഗള്‍ഫ് എന്ന ആവേശത്തിന് ഹോംസിക് തിരശ്ശീല വീഴ്ത്തി. കണ്ണുനീര്‍ കവിളിനെ ഉമ്മ വെച്ചു താഴോട്ട് പതിക്കുന്നത് തടയാന്‍ പാടു പെട്ടു ഞാന്‍.. ഒരാഴ്ചക്ക് യുഗ ദൈര്‍ഘ്യം.

പിന്നീട് പ്രയാസത്തോടെ പൊരുത്തപ്പെടാന്‍ ശ്രമിച്ചു, സഹയാത്രികയായി.ഈ പ്രവാസത്തിലാണ് അടുക്കള എന്ന അത്ര സുഖകരമല്ലാത്ത പ്രദേശത്തെ ഭരണാധികാരി ആവുന്നതും.. എന്റെ ഭരണം പ്രജകള്‍ക്ക് ദുരിതമായിരുന്നു. ചോറ് അടുപ്പില്‍ വെച്ച് വേവുന്നതുവരെ ഒരേ നില്‍പ്പ് അടുപ്പിനു മുന്നില്‍ നിന്ന ദയനീയാവസ്ഥയും പുട്ട് ഉണ്ടാക്കിയപ്പോള്‍ റോക്കറ്റ് പോലെ തനിയെ മുകളില്‍ പൊന്തി വന്നു യുദ്ധാന്തരീക്ഷം ഉണ്ടായതും മസാല പൊടികളും ധാന്യപ്പൊടി കളും പരസ്പരം മാറി അടുക്കളയില്‍ മോഡേണ്‍ ആര്‍ട്ട് രൂപപ്പെട്ടതും മറക്കാത്ത അനുഭവങ്ങള്‍.

ആദ്യത്തെ മക്കാ സന്ദര്‍ശനം വല്ലാത്തൊരു അനുഭൂതി തന്നു എന്ന് പറഞ്ഞാല്‍ അത് പൂര്‍ണമായും സത്യമാവില്ല. അതിന്റെ പ്രസക്തിയും പ്രാധാന്യവും ഗൗരവമായി കാണാനുള്ള പക്വത ഇല്ലാത്തത് കൊണ്ട് കൗതുകം നിറഞ്ഞ യാത്ര ആയേ അനുഭവപ്പെട്ടു ഉള്ളൂ. എങ്കിലും പ്രവാചക ചരിത്രങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞിരുന്നു. ആരാധന ചൈതന്യത്തേക്കാള്‍ പ്രാധാന്യം പ്രകാശത്തിനും കഅബയുടെ ചിത്രപ്പണികള്‍ക്കും ഉണ്ടെന്ന് തോന്നി.

മിനയിലെ ടെന്റുകള്‍ തീ നാളങ്ങള്‍ നക്കിത്തുടച്ച ആ വര്‍ഷമാണ് ആദ്യ ഹജ്ജ്. ടെന്റെല്ലാം കത്തിനശിച്ചതിനാല്‍ കൈക്കുഞ്ഞുമായി തെരുവില്‍ കിടന്നു. ഭക്ഷണ ത്തിനായി സൗജന്യ ഭക്ഷണ വിതരണക്കാര്‍ക്കു നേരെ ദയനീയമായി കൈ നീട്ടി. അഭയാര്‍ത്ഥി ക്യാമ്പിലെ പോലെ. ചൂടിനും വിശപ്പിനും മുന്നില്‍ അഭിമാനം കീഴടങ്ങി.

കേരളത്തിലെ ഒട്ടുമിക്ക ജില്ലക്കാരുമായും അയല്‍പക്ക  ബന്ധം പുലര്‍ത്താന്‍ ഈ പ്രവാസത്തില്‍ സാധിച്ചു. ഇന്ത്യന്‍സ്,സൗദീസ്, എല്ലാവരുമായും. പലരും പല സ്വഭാവക്കാര്‍. എന്നാലും പ്രവാസത്തില്‍ എല്ലാവരും ഒന്നായി. പരസ്പരം സ്‌നേഹിച്ചും സഹായിച്ചും കഴിഞ്ഞു. പ്രവാസികളുടെ സ്‌നേഹ സഹകരണ ങ്ങള്‍ എടുത്തു പറയേണ്ട കാര്യമാണ്. നാട്ടില്‍ പോകുമ്പോള്‍ ഓരോരുത്തരും വീട്ടില്‍ പോയി യാത്രയാക്കും. കത്തുകളും സാധനങ്ങളും നല്ലൊരു ശതമാനം വേറെ ആളുകളുടേതാവും കൊണ്ട് പോകാനുള്ളത്.. 

ജിദ്ദ പാടെ മാറി.. പുരോഗതിയിലേക്ക് നാള്‍ക്കുനാള്‍ കുതിച്ചു. ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും.. ഉപ്പയേയും ഉമ്മയേയും ഒഴികെ നാട്ടിലെ എല്ലാ സാധനങ്ങളും സുലഭമായി.. ബീച്ചുകളും പാര്‍ക്കുകളും എവിടെയും തല ഉയര്‍ത്തി നിന്നു.. സംഘടനകളും പ്രോഗ്രാമുകളും... വര്‍ഷം മുഴുവന്‍ ഈദ് ഓണാഘോഷ പരിപാടികള്‍.... തിരക്കിട്ട പ്രവാസികള്‍..

പലവിധത്തിലും ഉപകാരമെങ്കിലും സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് എല്ലവരും എപ്പോഴും വിവരങ്ങള്‍ കൈമാറുന്നുണ്ടെങ്കിലും ബന്ധങ്ങള്‍ കുറഞ്ഞു. എല്ലാം മീഡിയ ഏറ്റെടുത്തു.. ഒരേ റൂമിലിരുന്ന് പരസ്പരം സംസാരിക്കാതെ ലോകത്തിലെ വിവിധ കോണുകളിലുള്ളവരോട് നല്ല'ബന്ധം'പുലര്‍ത്തി.. മലയാളികളെ എവിടെ നിന്ന് കണ്ടാലും സംസാരിക്കാന്‍ കൊതിയോടെ കാത്തിരുന്നവര്‍ , ഹോസ്പിറ്റല്‍, എയര്‍പോര്‍ട്ട്, ബീച്ച് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം തലതാഴ്ത്തി ഒറ്റയ്ക്ക് സംസാരിച്ചു. ഇപ്പോള്‍ രോഗ സന്ദര്‍ശനങ്ങളും യാത്രയപ്പും എല്ലാം വാട്‌സാപ്പ് ചെയ്യും..

ഇപ്പോള്‍ പലവിധ പ്രതിസന്ധിയാല്‍ കുറെ പ്രവാസികള്‍ തനിച്ചും കുടുംബ ത്തോടെയും നാട്ടില്‍ പോകാന്‍ നിര്‍ബന്ധിതാരുമ്പോള്‍, നാട്ടിലെ പച്ചപ്പും കൂട്ടു കുടുംബങ്ങളേയും ഇഷ്ടപ്പെടുന്നതോടൊപ്പം തന്നെ പലരും നാട്ടിലെ ലൈഫ് ഭയക്കുന്നു.. എന്തോ ഒരു സുരക്ഷിതത്വമില്ലായ്മ..
അതെ, ഇപ്പോള്‍ അറിയാതെ എങ്കിലും നാട്ടിലെ പ്രവാസി ആയതു പോലെ.