Tuesday , February   19, 2019
Tuesday , February   19, 2019

വയലും നീർത്തടവും നികത്തൽ എളുപ്പമാക്കാൻ ഒരു നിയമം

മഴ പെയ്താലും പെയ്തില്ലെങ്കിലുമെല്ലാം സംഭവിക്കുന്ന ദുരന്തങ്ങളെയെല്ലാം പ്രകൃതി നൽകുന്ന ദുരന്തങ്ങൾ ആയി വ്യാഖ്യാനിക്കാണ് മിക്കപ്പോഴും നമ്മുടെ ശ്രമം. സുനാമി പോലുള്ള ദുരന്തങ്ങളിൽ അതു ശരിയായിരിക്കാം.  എന്നാൽ അൽപം ശക്തിയോടെ മഴ പെയ്യുമ്പോഴേക്കും സംഭവിക്കുന്ന ദുരന്തങ്ങളുടെ മുഖ്യ കാരണം പ്രകൃതിയല്ല, മനുഷ്യരാണ് എന്നതല്ലേ വസ്തുത? നമ്മുടടെ വികസന സങ്കൽപത്തിനനുസൃതമായ പ്രകൃതി നശീകരണങ്ങളുടെ സൃഷ്ടിയാണ് മിക്ക ദുരന്തങ്ങളും. അവയുടെ ഉത്തരവാദിത്തം പ്രകൃതിക്കു നൽകി കൈ കഴുകുകയല്ല വേണ്ടത്. കഴിഞ്ഞ ദിവസം കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോല മലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ആഘാതം വർധിപ്പിച്ചത് മലമുകളിൽ അനധികൃതമായി നിർമ്മിച്ച തടയണയാണല്ലോ. നാലു ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള തടയണയുടെ താഴെയാണ് ഉരുൾപൊട്ടിയത്. തടയണയും തകർന്നതോടെ ഇവിടെയുണ്ടായിരുന്ന നീർച്ചാൽ ഉഗ്രശക്തിയുള്ള മലവെള്ളപ്പാച്ചിലായി മാറുകയായിരുന്നു. മലയുടെ ഒരു ഭാഗം ഒലിച്ചുപോയി. കൂറ്റൻ പാറക്കല്ലുകൾ താഴേക്കു പതിച്ചു. മലമുകളിൽ തടയണ നിർമിക്കുന്നതു നാട്ടുകാർ എതിർത്തിരുന്നെങ്കിലും  നിർമാണ പ്രവർത്തനങ്ങൾ തുടരുകയുമായിരുന്നു. ഇതൊരുദാഹരണം മാത്രം. ഇത്തരത്തിലാണ് മിക്ക ദുരന്തങ്ങളും. ഇപ്പോഴിതാ പശ്ചിമഘട്ടത്തിൽ പരിസ്ഥിതി ദുർബ്ബല മേഖലകളായി ഗാഡ്ഗിൽ കണ്ടെത്തിയ മിക്കവാറും പ്രദേശങ്ങൾ അങ്ങനെയല്ലാതാക്കിക്കൊടുത്തിരിക്കുന്നു. അവിടങ്ങളിലും ക്വാറികളും നിർമ്മാണ പ്രവർത്തനങ്ങളും ശക്തമാകാൻ പോകുന്നു എന്നു സാരം. 
ഈ ദിവസങ്ങളിൽ തന്നെ പുറത്തു വരുന്ന മറ്റൊരു വാർത്ത നമ്മൾ ഒരിക്കലും പ്രകൃതിയിൽ നിന്നു ലഭിക്കുന്ന പാഠങ്ങൾ പഠിക്കില്ല എന്നതിന്റെ ഉദാഹരണമാണ്. മുൻ വിഎസ് സർക്കാരിന്റെ  കാലത്തെ ഏറ്റവും വലിയ നേട്ടമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ വെള്ളം ചേർക്കാനുള്ള നീക്കമാണത്.   നിയമം  അട്ടിമറിച്ച് ഭേദഗതി ബിൽ കൊണ്ടു വരാനാണ് നീക്കം. അത് കേരളത്തിലെ മുഴുവൻ വയലുകളും നിർമ്മാണ മാഫിയക്ക് തീറെഴുതാൻ വേണ്ടിയല്ലാതെ മറ്റെന്തിനാണ്?  ഭക്ഷ്യ- ജലസുരക്ഷക്ക് അനിവാര്യമായ നെൽവയലുകൾ വികസന തീവ്രവാദത്തിന്റെ ഇരയാവുകയാണെന്നതാണ് വാസ്തവം. 
ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച് തീർത്തും ജനകീയമായി നിർമ്മിച്ച ഒരു നിയമമായിരുന്നു 2008 ൽ പാസാക്കിയത്. എന്നാൽ അതേ ജനത്തെ ശത്രുപക്ഷത്ത് നിർത്തിയാണ് ഇപ്പോൾ ഭേദഗതിക്ക് ശ്രമിക്കുന്നത്. പാടം മണ്ണിട്ടു നികത്തുന്നതിനെതിരെ പരാതിപ്പെടാൻ പരിസ്ഥിതി പ്രവർത്തകർക്ക് അവകാശമില്ലാതാക്കാനാണ് നീക്കം. അതായത് ജനാധിപത്യത്തെ തന്നെ തകർക്കുകയാണെന്നർത്ഥം.  ഭേദഗതി ബില്ലിൽ സിപിഐ എതിർപ്പിനെ തുടർന്ന് കൂടുതലായി ചേർക്കാൻ ശ്രമിച്ച നഗരങ്ങളെ ഒഴിവാക്കണം എന്ന നിർദ്ദേശം അംഗീകരിക്കാതിരിക്കൽ മാത്രമാണ് നടന്നത്. ബില്ലിൽ മാറ്റമില്ല എന്നു പറയുമ്പോൾ 2008 ലെ നിയമം എന്ന് തെറ്റിദ്ധരിപ്പിക്കാൻ മനപ്പൂർവ്വം നീക്കം നടക്കുന്നു. അതല്ല വസ്തുത. 
സംസ്ഥാനത്ത് നടന്ന നിരവധി സമരങ്ങളെ തുടർന്ന് വിവിധ ഇടങ്ങളിൽ കർഷകരെ വിളിച്ചു ചേർത്ത് ചർച്ച ചെയ്ത് ജനകീയമായ അഭിപ്രായ രൂപീകരണം നടത്തി നിലവിൽ വന്ന ഒരു നിയമം ഭേദഗതി ചെയ്യുമ്പോഴും ജനാഭിപ്രായം ആരായുക എന്ന ജനാധിപത്യ മര്യാദ ഭരണകൂടം പാലിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ വയലുകൾ വ്യാപകമായി തരം മാറ്റുന്നതിലുള്ള ആശങ്ക ഉൾക്കൊണ്ടാണ് കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ഏറ്റവും അനിവാര്യമായ നീർത്തട നെൽവയൽ സംരക്ഷണ നിയമം കൊണ്ടുവന്നത്. വരും തലമുറക്ക് ശുദ്ധജലവും കൃഷിയിടവും കരുതി വെക്കണമെങ്കിൽ ഇനിയൊരു സെന്റ് നെൽവയൽ പോലും പരിവർത്തനപ്പെടുത്താൻ അനുവദിക്കാത്ത കർശനമായ നിയമം ആവശ്യമണെന്നും ഭൂഗർഭ ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോൾ അവശേഷിക്കുന്ന നീർത്തടങ്ങളെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിട്ടുകൊടുക്കാതെ സംരക്ഷിക്കണമെന്നുമുള്ള തിരിച്ചറിവായിരുന്നു അതിനു പ്രചോദനമായത്. എന്നാൽ പുതിയ ഭേദഗതി ബിൽപ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ നികത്തലിന് എല്ലാവിധ ഇളവുകളും അനുവദിക്കുകയാണ്. അങ്ങനെ വരുമ്പോൾ ഡാറ്റാ ബാങ്ക് പ്രസിദ്ധപ്പെടുത്താത്ത ഇടങ്ങളിലെ വയൽ വികസനത്തിനു വഴി മാറേണ്ടി വരും. പരിസ്ഥിതി പ്രവർത്തകർക്കോ പൊതുപ്രവർത്തകർക്കോ വയൽ നികത്തലിനെതിരെ പരാതിപ്പെടാനുള്ള അവകാശം ഭേദഗതിയിൽ നിഷേധിക്കുന്നു. പൊതു ആവശ്യത്തിന് വയൽ നികത്തുമ്പോഴുൾപ്പെടെ പ്രാദേശിക നിരീക്ഷണ സമിതികളുടെ ശുപാർശ ഒഴിവാക്കുകയാണ്. ചുരുക്കത്തിൽ വയൽ എങ്ങനെ നികത്താം എന്നു വിശദമാക്കുന്ന നിയമമായി നീർത്തട നെൽവയൽ സംരക്ഷണ നിയമം മാറുകയാണ്.
വാസ്തവത്തിൽ നെൽകൃഷി വർധിപ്പിക്കലിന് പുറമെ ഭൂഗർഭജല സംരക്ഷണത്തിൽ നെൽവയലുകൾക്കുള്ള പ്രാധാന്യം കൂടി കണക്കിലെടുത്താണ് കേരളം നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പാസാക്കിയതു തന്നെ. വികസന പദ്ധതികൾക്ക് തെങ്ങിൻതോട്ടങ്ങളും റബർ എസ്റ്റേറ്റുകളും ഉൾപ്പെടുന്ന ഭൂമി ഏറ്റെടുത്താൽ പോലും നെൽവയൽ ഏറ്റെടുക്കുന്നപോലെ പാരിസ്ഥിതികാഘാതം ഉണ്ടാകുകയില്ല. എന്നാൽ നഗരപ്രദേശങ്ങളോട് ചേർന്നുള്ള നെൽവയലുകളിൽ കണ്ണുവെച്ചിരിക്കുന്ന റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണ് സർക്കാർ നിയമ ഭേദഗതിക്ക് മുതിരുന്നതെന്ന് ആക്ഷേപമുണ്ട്. അവിടെയാണല്ലോ ഭൂമിക്ക് പൊന്നും വില ലഭിക്കുന്നത്. കരഭൂമിയായി മാറിയ പഴയ വയൽപ്രദേശങ്ങൾ പലതും ഇപ്പോഴും രേഖകളിൽ വയലായി കിടക്കുന്നതിനാൽ ഈ സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ സാധ്യമാകാത്തതും ഇത്തരമൊരു നീക്കത്തിനു കാരണമാണത്രേ. സത്യത്തിൽ പൊതു ആവശ്യത്തിനായി നെൽവയലോ തണ്ണീർത്തടമോ നികത്തുന്നതിന് ഇപ്പോഴത്തെ നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ട്.  എന്നാൽ അതിനായി അനുമതി ലഭിക്കുക എളുപ്പമല്ലാത്തതിനാലാണ് പുതിയ നീക്കം. ഇപ്പോഴത്തെ വ്യവസ്ഥയനുസരിച്ച് പ്രാദേശിക, ജില്ലാതല സമിതികൾ ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സമിതിയാണ് ഇത്തരത്തിൽ അനുമതി നൽകേണ്ടത്. എന്നാൽ അതു പലപ്പോഴും നടക്കാറില്ല. താഴെത്തട്ടിൽ പൊതു ആവശ്യങ്ങൾക്കായി ഭൂമി നികത്താൻ ശുപാർശ വരാറുണ്ടെങ്കിലും സംസ്ഥാനതല സമിതി അതനുവദിക്കാറില്ല. അതത് പ്രദേശങ്ങളിൽ വെറെ ഭൂമി കണ്ടെത്താനാണ് പൊതുവിൽ സമിതി ആവശ്യപ്പെടാറ്. എന്നാൽ ഇക്കാരണം കൊണ്ട് നിയമത്തിൽ ഭേദഗതി കൊണ്ടുവരിക എന്നാൽ എലിയെ പേടിച്ച് ഇല്ലം ചുടുന്ന അവസ്ഥയായിരിക്കും. സത്യത്തിൽ മുൻസർക്കാർ നെൽവയൽ നീർത്തട സംരക്ഷണ നിയമം കൊണ്ടുവന്നപ്പോൾ മുതൽ അതട്ടിമറിക്കാനുള്ള നീക്കങ്ങൾ ശക്തമായിരുന്നു. അന്നു തന്നെ വ്യവസായ വകുപ്പ് രംഗത്തു വന്നു. എന്നാൽ റവന്യൂ, കൃഷി മന്ത്രിമാരുടെ കർശന നിലപാടിനെത്തുടർന്നാണ് ആ നീക്കം തകർന്നത്. യു.ഡി.എഫ്. സർക്കാർ വന്ന ശേഷം അതത് പ്രദേശത്തെ നെൽവയൽ, തണ്ണീർത്തടങ്ങൾ സംബന്ധിച്ച ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാത്തതിനെതിരെ ഭരണ കക്ഷിയംഗങ്ങൾ തന്നെ രംഗത്തു വന്നു. തുടർന്നാണ് ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുകയും സ്ഥലം നികത്തുന്നതിന് അനുമതി നൽകുന്നതിനുള്ള പ്രാദേശിക സമിതികൾ പുനഃസംഘടിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കവുമായി ഈ സർക്കാരും മുന്നോട്ടു വരുന്നു. അതിനെ തടയുകയാണ് പ്രകൃതിയേയും വരും തലമുറകളേയും സ്‌നേഹിക്കുന്ന ഏവരുടേയും കടമ. അല്ലെങ്കിൽ വെള്ളപ്പൊക്കത്തേയും വരൾച്ചയേയുമൊക്കെ പ്രകൃതി ദുരന്തങ്ങളായി ആക്ഷേപിച്ച് നമുക്ക് കാലം കളയേണ്ടിവരും. 

 

Latest News