Monday , May   20, 2019
Monday , May   20, 2019

മതസൗഹാർദ്ദത്തിന്റെ  ആലുവാ കാഴ്ചകൾ

മതസൗഹാർദ്ദത്തിന് കേളികേട്ട ആലുവയിലാണ് എന്റെ കുട്ടിക്കാലം. മുസ്ലിംകൾ ഏറെയുളള ദേശം. എല്ലാ മതസ്ഥരും ഇടകലർന്ന് ജീവിക്കുന്ന ദേശത്ത് സൗഹാർദ്ദ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. 
കുട്ടിക്കാലത്ത് റമദാൻ അവസാനത്തിൽ ചെറിയ പെരുന്നാൾ അടുക്കുന്ന സമയത്ത് മുസ്‌ലിം പ്രമാണിമാരുടെ വീടിന് മുമ്പിൽ വലിയ ആൾക്കൂട്ടം കാണാം. സക്കാത്തിനായി കാത്ത് നിൽക്കുന്നവരാണ്. ദാരിദ്ര്യത്തിന്റെ കാലഘട്ടമാണ്. റമദാനിലെ ഈ സക്കാത്തിന്റെ കാത്തിരിപ്പിന് മുസ്‌ലിംകൾ മാത്രമല്ല, ഇതര മതസ്ഥരുമുണ്ടാകും. പവിത്രമായ സക്കാത്ത് കളങ്കപ്പെടുത്തുന്ന ഇത്തരം കാഴ്ച ഇന്ന് ഇല്ലാതായിരിക്കുന്നു. അത് വലിയ ആശ്വാസമാണ്. സമൂഹത്തിലേയും സമുദായത്തിലേയും മാറ്റമായി ഞാനതിനെ കാണുന്നു.
ആലുവയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും സേട്ടു മുസ്‌ലിം പള്ളിയുടെയും 
മതിലുകൾ ഒന്നാണ്. ഇരു ആരാധനാലയങ്ങളിൽ നിന്ന് നോക്കിയാൽ ക്രിസ്ത്യൻ പള്ളിയും കാണാം. അത് തന്നെയാണ് ഈ നാടിന്റെ നന്മ. വ്യത്യസ്തമായ ആരാധനകൾ മുറ പോലെ ഓരോ സ്ഥലത്തും നടക്കുന്നു. ഇന്നുവരെ അസ്വാരസ്യങ്ങളുണ്ടായിട്ടില്ല. ഉണ്ടാകാതെ കാത്ത് സൂക്ഷിക്കാൻ നല്ലവരായ വിശ്വാസി സമൂഹത്തിന് അറിയാം.


ഒരിക്കൽ മുസ്‌ലിം പള്ളി പുനരുദ്ധാരണം നടത്തി. അന്ന് പള്ളിക്കമ്മിറ്റി മതസൗഹാർദ്ദ വേദിയൊരുക്കിയതിൽ പങ്കെടുക്കാൻ എനിക്ക് അവസരം കിട്ടി. ഉദ്ഘാടകനായി എത്തിയത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം എന്നെ വല്ലാതെ ആകർഷിച്ചു. സാധാരണ സംഘർഷങ്ങളുണ്ടാകുമ്പോഴാണ് മതസൗഹാർദ്ദ വേദിയൊരുക്കാറുളളത്. എന്നാൽ ഇവിടെ അതിന് വ്യത്യാസമുണ്ടായിരിക്കുന്നു. ഈ നാടിന്റെ   ഏറ്റലും വലിയ മഹിമയാണ് ഇതെന്ന് ഹൈദരലി തങ്ങൾ പറഞ്ഞു. എന്റെ നാടിനെക്കുറിച്ചോർക്കുമ്പോൾ എന്നും ഈ വാക്കുകൾ ഞാൻ ഓർക്കാറുണ്ട്. അടുത്തിടെ പോലീസ് മർദ്ദനവുമായി ബന്ധപ്പെട്ട് ആലുവക്കാരനായ വ്യക്തിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളോട് എനിക്ക് യോജിപ്പില്ല. മുഖ്യമന്ത്രി ഈ ആലുവയൊന്ന് സന്ദർശിച്ചാൽ കാര്യങ്ങൾ ബോധ്യമാകുമെന്നാണ് എന്റെ അഭിപ്രായം.
റമദാനിൽ ചെറിയതും ആർഭാടങ്ങളില്ലാത്തതുമായ ഇഫ്താറുകളിൽ മാത്രമാണ് ഞാൻ പങ്കെടുക്കാറുളളത്. ഭക്ഷണം വെറുതെ കളയുന്ന ധൂർത്തിനെ എന്നും ഞാൻ എതിർത്ത് പോന്നിട്ടുണ്ട്.
റമദാൻ ഏറെ പവിത്രമായ മാസമാണ്. അതിനെ കളങ്കപ്പെടുത്തുന്ന പ്രവൃത്തികൾ പ്രമാണിത്തം കാണിക്കാൻ വേണ്ടി ചിലർ ഇന്നും കാണിക്കുന്നത് കാണാറുണ്ട്. അവരോട് ഞാൻ ചടങ്ങിനില്ലെന്ന് പറയാൻ മടിക്കാറുമില്ല.      എന്നാൽ മതസംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവർ നടത്തുന്ന ഇഫ്താർ വിരുന്നുകൾ ഇന്ന് തീർത്തും ലളിതമാണ്. അത്തരത്തിലുള്ള ഇഫ്താർ വിരുന്നുകളിൽ ഈ വർഷവും പങ്കെടുത്തിട്ടുണ്ട്.
റമദാൻ വ്രതം, പ്രത്യേക നമസ്‌കാരം ഇവ മനുഷ്യനെ ശുദ്ധീകരിക്കാനാണ്. പണക്കാരനും പാവപ്പെട്ടവനും ഒരേ രീതിയിൽ അനുഷ്ഠിക്കേണ്ട കാര്യങ്ങൾ. എന്നാൽ ഇവയോടനുബന്ധിച്ചുള്ള കാര്യങ്ങൾക്ക് ഒരിക്കലും പണത്തിന്റെ ഹുങ്ക് കാണിക്കേണ്ട കാര്യമല്ല. ആയതിനാൽ ഇഫ്താറിലെ ധൂർത്ത് ഒഴിവാക്കിയും
സക്കാത്തിന് വീട്ടുപടിക്കലിലേക്ക് ആളെത്തുന്നതൊഴിവാക്കി അർഹർക്ക് നേരിട്ട് എത്തിച്ച് നൽകുകയും ചെയ്യുന്നത് ശുഭോദർക്കമാണ്.
അവിടെയാണ് ഒരു വിശ്വാസി വിജയിക്കുന്നത്.
കുടുംബത്തിന് പുറമെ രാഷ്ട്രീയക്കാരും
മാധ്യമ പ്രവർത്തകരുമായ നിരവധി പേർ സുഹൃത്തുക്കാളായുണ്ട്. അവരോടൊപ്പം പെരുന്നാളും വിഷുവും ഓണവും ക്രിസ്മസും ആഘോഷിക്കുമ്പോഴാണ് ഒരു പൂർണത കൈവരാറുള്ളത്. (തയാറാക്കിയത്: അഷ്‌റഫ് കൊണ്ടോട്ടി)

Latest News