Monday , May   20, 2019
Monday , May   20, 2019

ഉഷ്ണം ഉഷ്‌ണേന ശാന്തി!

മഴയെക്കുറിച്ച് കവിതയെഴുതാത്തവൻ കവിയല്ല. കണ്ണീർ മഴയെക്കുറിച്ച് കാണുന്നവർക്ക് ഒരു ഹാസ്യ കവിതയെങ്കിലും എഴുതണമെന്നു തോന്നുന്ന വേളയാണിപ്പോൾ കോൺഗ്രസിൽ. പുറത്തു തേരാത്ത മഴ. വൻമരങ്ങൾ കാറ്റിൽ കടപുഴകി വീഴുന്ന ശബ്ദം ജില്ല തോറും കേൾക്കാം. അതിനേക്കാൾ ഉച്ചസ്ഥായിയിലാണ് നേതാക്കളുടെ കട പുഴകുന്നതും കട പൂട്ടുന്നതും. പത്ത് ഇരുപത്തിനാലു കൊല്ലമായി ഏതെങ്കിലുമൊരു സഭയിൽ കയറിയിരുന്ന് ജനങ്ങളെ നോക്കി മന്ദഹസിച്ചിരുന്ന പി.ജെ. കുര്യൻ മാഷിനെ കടപുഴക്കാൻ കുഞ്ഞൂഞ്ഞച്ചായൻ കാട്ടിയ പണി ലോക ചരിത്രത്തിൽ ഏതു ലിപികളിലും എഴുതപ്പെടാൻ സാധ്യതയുണ്ട്. മോൻ ചത്താലും വേണ്ടില്ല, മരുമോളുടെ താലി അറ്റുപോകുന്നതു കാണണം. അത്ര തന്നെ. കണ്ടു. കയ്യാലപ്പുറത്തെ തേങ്ങ പോലെയായിരുന്നു കുഞ്ഞുമാണി രാജ്യസഭാ സീറ്റു കൊത്തിക്കൊണ്ടുപോയി പുന്നാരമോനു കൊടുത്തിട്ട് തിരികെ വന്ന് യു.ഡി.എഫിൽ കയറി ഇരുപ്പായി. 
ന്യൂജെൻ എമ്മെല്ലേമാരിൽ അമർഷം കത്തിപ്പടരുന്നതിന്റെ ചൂട് അങ്ങ് ദില്ലിയിലിരുന്ന് ഉറങ്ങുന്നവർക്കു പോലും അനുഭപ്പെട്ടു. അതങ്ങനെയാണ്. മഴ ഒന്നു തോർന്നാൽ ചൂട് ഇളകി വശം കെടുത്തുന്ന പണി തുടങ്ങും. ഇവിടെ ഒരു യുവതുർക്കിക്കും കരയാൻ വശമില്ല. അതുകൊണ്ട് സ്റ്റാർട്ടിംഗ് പോയന്റിൽ തന്നെ ചൂടായി. ത്രികാലജ്ഞാനിയും മൂന്നാം കുഞ്ഞുമായ കുഞ്ഞാലിക്കുട്ടി ദിവ്യ ദൃഷ്ടിയാലെ വിചിന്തനം ചെയ്തു പ്രവചിച്ചു- ഇതുവെറും ചായക്കോപ്പയിലെ കൊടുങ്കാറ്റു പോലെ. അത്ര തന്നെ. 'ഓർത്താൽ ജീവിതമൊരു ചെറിയ കാര്യം/ ആർത്തി കാണിച്ചിട്ടെന്തു കാര്യം' എന്ന സിനിമാപ്പാട്ടുപോലെ ഈ ഇളക്കങ്ങൾ അവസാനിക്കുകയേ തരമുള്ളൂ. 
രാജ്യസഭയിലേക്ക് കുളിച്ചു സുന്ദരനായി ജോസ് കെ. മാണിക്കുഞ്ഞ് കയറിവരുമ്പോൾ വായും പൊത്തി വോട്ടു ചെയ്യേണ്ടിവരും. അല്ലെങ്കിൽ പിന്നെ പുറത്തുപോയി മറ്റൊരു ഡി.ഐ.സി ഉണ്ടാക്കണം. അത് വി.ടി. ബലരാമൻകുഞ്ഞിനും അക്കരെ സ്വദേശി അനിലിനും നന്നായറിയാം. ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച എന്നു തോന്നും. എടുത്തുചാടിപ്പോയി പണ്ട് ഡി.ഐ.സിയുണ്ടാക്കിയ കരുണാകര പുത്രൻ തിരിച്ചുകയറാൻപെട്ട പാടും നോറ്റ നൊയമ്പും ലോകം മുഴുവനും അറിഞ്ഞു. അതുകൊണ്ട്, തൽക്കാല ക്ഷോഭം നിമിത്തം അന്തരീക്ഷ വ്യതിയാനമുണ്ടാക്കുന്ന ചൂട് താനേ ശമിക്കും. ഉഷ്ണം ഉഷ്‌ണേന ശാന്തി എന്ന് ഏതോ ഒരു പ്രമാണത്തിലുണ്ട്. പക്ഷേ, അതൊന്നും അംഗീകരിക്കാൻ കൂട്ടാക്കാത്ത ജ്ഞാനികളായ വയോജനങ്ങളുമുണ്ട്. വൃദ്ധരിൽ മുമ്പൻ പി.ജെ. കുര്യൻ മാഷ് തന്നെ. ഉഷ്ണം ഉഷ്‌ണേന: ശാന്തി എന്നാണദ്ദേഹത്തിന്റെ പിടി. 
അതിനാൽ കെ.പി.സി.സി യോഗത്തിൽ കയറി അലക്കിത്തേക്കുക തന്നെ. ഉമ്മൻ ചാണ്ടിക്ക് തന്നോടുള്ള വിരോധ ഹേതുവെങ്കിലും അറിയണം. പണ്ട് തന്നെ പ്രമാദമായ തങ്കമണിക്കേസിൽ നിന്നും രക്ഷപ്പെടുത്തിയ പെരുന്നയിലെ പണിക്കർ വക്കീലിനോടുള്ള വിരോധമാണോ എന്നും വെളിപ്പെടേണ്ടതുണ്ട്. നിഷ്‌കളങ്കനും മാറി മാറി നിയമസഭയിലും ലോക്‌സഭയിലും രാജ്യസഭയിലും മാത്രം ഇരുന്നു ശീലവും മാത്രമുള്ള തനിക്ക് ഈ ദുർഗതി വന്നപ്പോൾ കരയാൻ ആരുമില്ലാതായതിന്റെ പിന്നിലെ ദുരൂഹത മാറ്റണം. എനിക്കു ഞാൻ സ്വന്തം എന്നത് സിനിമക്കു മാത്രമേ ചേരൂ. രണ്ടിലൊന്നറിഞ്ഞിട്ടു കാര്യം.

*** *** ***
രാജ്യസഭാ സീറ്റ് കെ.എം. മാണിക്കു വിട്ടുകൊടുത്ത് രമേശ് വാശി ഉപേക്ഷിച്ചത് പുരുഷത്വമില്ലായ്മയാണെന്ന് പ്രമുഖ ശരീര ശാസ്ത്ര വിദഗ്ധൻ രാജ്‌മോൻ ഉണ്ണിത്താൻ കണ്ടുപിടിച്ചിരിക്കുന്നു. നന്നായി. രമേശിനു വാശി പലതും ഉപേക്ഷിക്കേണ്ട പ്രായം എന്നേ കഴിഞ്ഞു. തലമൂടിയിൽ 'ഡൈ' പുരട്ടിയിരിക്കുന്നതുകൊണ്ട് ആരും അറിയുന്നില്ലെന്നേയുള്ളൂ. പുരുഷത്വ സംബന്ധമായ കാര്യങ്ങൾ ആധികാരികമായി പറയാൻ എന്തുകൊണ്ടും യോഗ്യനാണ് ഉണ്ണിത്താൻജി. പണ്ട് ഒരു സഹപ്രവർത്തകയുമായി മഞ്ചേരിയിൽ ചെന്നു മുറിയെടുത്തതും അത് അടിയന്തരമായി രാത്രിയിൽ യോഗം ചേരേണ്ടതിനാണെന്നും മാലോകർക്കു മുന്നിൽ തുറന്നുപറഞ്ഞതും പലരും മറന്നിരിക്കുകയില്ല. അദ്ദേഹത്തിന്റെ ഉദ്ദേശ്യ ശുദ്ധി കൊണ്ടോ, അക്കാലത്ത് ആയുർവേദ ചികിത്സയിലായിരുന്നതു കൊണ്ടോ രക്ഷപ്പെട്ടുപോന്നു. രാഷ്ട്രീയത്തിൽ അത്തരം പുരുഷത്വം കൂടിയുണ്ടെങ്കിലേ ശോഭിക്കാനാകൂ എന്ന് ചെന്നിത്തലയെ പറഞ്ഞു മനസ്സിലാക്കിയാൽ മതിയായിരുന്നു. ബാക്കി നിർവഹിക്കാനുള്ള ബാല്യവും യൗവനവുമൊക്കെ അദ്ദേഹത്തിനുമുണ്ട്.

*** *** ***
പോലീസിന്റെ സേവനം നന്നാക്കാൻ സ്റ്റേഷൻ തോറും മൂന്നു പോസ്റ്ററുകൾ പതിക്കുന്നതിന് സംസ്ഥാന പോലീസിന് മേധാവി നിർദേശിച്ചുവത്രേ! വൈകി വന്ന വെളിച്ചമെന്നേ പറയാവൂ! ഇനിമേലിൽ പരാതിയുമായി എത്തുന്ന പട്ടിണിപ്പാവം തന്നെ ഗൗനിക്കാത്ത പക്ഷം പോസ്റ്ററിൽ ചാരി നിന്ന് ഒന്നു ഗർജിച്ചാൽ മതി. കാക്കിക്കുപ്പായം വിറയ്ക്കും. പരാതിക്കാരിക്ക് ഗർജിക്കാനുള്ള ശേഷി ഉണ്ടായിരിക്കണമെന്നേയുള്ളൂ. നേരിട്ടു വരാൻ ധൈര്യമില്ലാത്തവർ ഓൺലൈൻ വഴി പോലീസിന്റെ 'തുണ' എന്ന വെബ്‌സൈറ്റിൽ കയറണം. 
'തുണി' എന്ന് മറ്റൊരു സൈറ്റും കണ്ടേക്കാം. വഞ്ചിതരാകരുത്. പത്തു രൂപയ്ക്കു പതിനായിരത്തിന്റെ സാരിയാകാം ഐ സൈറ്റിൽ. നമ്മുടെ സൈറ്റിൽ 'തുണ'യെന്നു കണ്ടാൽ ഉറപ്പാക്കാം. 'തുട'യെന്ന് പാരഡി സൈറ്റും ഉണ്ടാകാം. ഹാക്കർമാരും ബ്രോക്കർമാരും പാഞ്ഞുനടക്കുകയാണ്. പരാതി പറഞ്ഞാൽ അടിച്ചു തുടയെല്ലു പൊട്ടിക്കും എന്നതാണ് മറ്റവന്റെ സന്ദേശം. അതു കേരളാ പോലീസിനെ താറടിക്കാനുള്ളതാണ്. നട്ടെല്ലേ പൊട്ടിക്കൂ.

*** *** ***
രാഹുൽ ഗാന്ധി 'കുട്ടി'യാണെന്നും തങ്ങൾക്കു പറ്റിയ പ്രതിപക്ഷമല്ലെന്നും അമിത്ഷാജി തുറന്നു പറഞ്ഞു. രാഷ്ട്രീയത്തിലെ ഭീമൻ രഘുവാണ് ഷാജി. അദ്ദേഹത്തിന് വോട്ടിംഗ് മെഷിനും രാഹുലനും ഒരുപോലെയാണ്- കുട്ടിത്തം. രാഹുൽ ഉപതെരഞ്ഞെടുപ്പുകൾ ജയിക്കുന്നതു കണ്ട് തുള്ളിച്ചാടുന്നുവത്രേ! പരീക്ഷയിൽ, അത് ഏതു പരീക്ഷയായാലും ജയിക്കുമ്പോൾ തുള്ളിച്ചാടുക കുട്ടികളുടെ ശീലമാണ്. അതിനെന്താ? ചാടാൻ പറ്റിയ ശരീരഘടനയല്ലല്ലോ ഷാജിക്ക്? പക്ഷേ, ഈ ഷാജിയെ വെകിളി പിടിപ്പിക്കുന്ന മറ്റൊന്നു സംഭവിക്കുമോ എന്നതാണ് ഇപ്പോൾ ചിന്താവിഷമായി മാറുന്നത്. 
എല്ലാം അടക്കിപ്പിടിച്ച് കഴിയുമ്പോഴാണ് സംസ്ഥാനങ്ങളിലെ വിമത ശല്യവും ഗ്രൂപ്പ് ലഹളയും സംസ്ഥാനങ്ങളിലെ വിമതശല്യവും ഗ്രൂപ്പ് ലഹളയും. മേൽവിലാസമില്ലെങ്കിലും രാജകീയമായി കഴിഞ്ഞുപോരുന്ന കേരളത്തിലെ അവസ്ഥ കണ്ടില്ലേ? സുരേന്ദ്രനെ കൃഷ്ണദാസിനും തിരിച്ചും കണ്ടുകൂടാ!. ശ്ശെടാ, ഇതെന്താ പകർച്ച വ്യാധിയാണോ? കോൺഗ്രസുകാരുമായി ഇടയ്ക്കിടെ രഹസ്യ ബാന്ധവമുണ്ടെന്നു തോന്നുന്നു. അല്ലെങ്കിൽ ഇത്തരം ദുശ്ശീലങ്ങളൊന്നും വന്നു ചേരില്ലായിരുന്നു. 
ചെങ്ങന്നൂരിനു ശേഷം ശ്രീധരൻ പിള്ള കോടതിയിലേക്കാണോ അതോ കവിതാ പുസ്തകമെഴുതാനാണോ പോയതെന്ന് ഇനിയും സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് ചെയ്തിട്ടില്ല. എതായാലും കുമ്മനം രാജശേഖരനെ മിസോറം രാജശേഖരനാക്കാൻ കഴിഞ്ഞു- അതൊന്നേയുള്ളൂ, ഒരാശ്വാസം!

Latest News