Monday , May   20, 2019
Monday , May   20, 2019

പുത്തൻ പ്രതീക്ഷകളുമായി സൗദി-യു.എ.ഇ സൗഹൃദം

തന്ത്രപരമായ സഹകരണത്തിന് ഊടും പാവും നൽകി പരസ്പര ബന്ധം സുദൃഢമാക്കാനുള്ള സൗദി-യു.എ.ഇ ധാരണ അറബ് മേഖലയിൽ പുതുപുത്തൻ ശാക്തീകരണത്തിന് വഴിയൊരുക്കും. സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ മേഖല ശക്തിപ്പെടുത്തുന്നതോടൊപ്പം പൗരന്മാരുടെ ക്ഷേമവും ഏതു മത്സരവും നേരിടാൻ തക്ക കർമശേഷിയും ഉണ്ടാക്കുകയെന്നതാണ് ഗൾഫ് സഹകരണ കൗൺസിലിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ഇരു രാജ്യങ്ങളുടെയും  തന്ത്രപരമായ പുത്തൻ സഹകരണം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.
'അൽ അസം സ്ട്രാറ്റജി' എന്ന പേരിലറിയപ്പെടുന്ന തന്ത്രപരമായ സഹകരണം ഒരു രാജ്യങ്ങളുടെയും 350 ഓളം ഉദ്യോഗസ്ഥർ ഒരു വർഷം സമയം എടുത്താണ് ചിട്ടപ്പെടുത്തിയത്. സൈനിക വിഭാഗത്തിൽനിന്നുള്ളവരുൾപ്പെടെ എല്ലാ മേഖലകളിൽനിന്നുമുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യം പരസ്പര സഹകരണത്തിന്റെ കരട് രൂപപ്പെടുത്തുന്നതിലുണ്ടായിരുന്നു.
ആഗോള തലത്തിൽ തങ്ങളുടെ സാന്നിധ്യവും പ്രാധാന്യവും എത്രമാത്രമായിരിക്കുമെന്ന് ലോക രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താൻ കഴിയും വിധമുള്ള 44 സംയുക്ത പദ്ധതികളാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെയും അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന പ്രഥമ സൗദി എമറാത്തി കോർഡിനേഷൻ കൗൺസിൽ ആവിഷ്‌കരിച്ചിട്ടുള്ളത്. പൗരൻമാരുടെ ജീവിത നിലവാരം ഉയർത്തുന്നതോടൊപ്പം സാമ്പത്തിക, സുരക്ഷാ കാര്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ അടുപ്പം സാധ്യമാക്കുകയാണ് പദ്ധതികളിൽ പ്രധാനം. ഇതിനായി ഇരുപതോളം ധാരണാ പത്രങ്ങളിലാണ് ഒപ്പുവെച്ചത്. പദ്ധതികൾ നടപ്പാക്കുന്നതിന് അഞ്ചു വർഷത്തെ കാലാവധിയും നിശ്ചയിച്ചിട്ടുണ്ട്. സമയബന്ധിതമായി ലക്ഷ്യം കൈവരിക്കുകയാണ് ഉദ്ദേശ്യം. പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം ജി.സി.സിയുടെ മൊത്തം താൽപര്യ സംക്ഷണവും പിന്തുണയും കൂടി ഇതിലൂടെ ലക്ഷ്യമിടുന്നു. സാമ്പത്തികം, രാഷ്ട്രീയം, മാനവ വികസനം, സുരക്ഷ, പൗരന്മാരുടെ ക്ഷേമം എന്നീ മേഖലകളിൽ ആഗോള തലത്തിൽ സൗദി യു.എ.ഇ പങ്കാളിത്തം പ്രോൽസാഹിപ്പിക്കുകയെന്നതും ഏകോപന സമിതി രൂപീകരണ ലക്ഷ്യമാണ്. 
സഹകരണത്തിൽ സവിശേഷമായ അറബ് മാതൃകയായിരിക്കും സൃഷ്ടിക്കപ്പെടുകയെന്നാണ് അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ സൗദി  എമറാത്തി സഹകരണത്തെ വിശേഷിപ്പിച്ചത്. ഇന്നുവരെ ദർശിക്കാത്ത പുത്തൻ ആശയങ്ങളിലുടേയും വികസന നിലപാടുകളിലൂടെയുമായിരിക്കും ഈ മാതൃക സൃഷ്ടിക്കപ്പെടുക. ഇരു രാജ്യങ്ങളുടെയും ശക്തി സമ്പന്നമാർന്ന വരുമാന സ്രോതസ്സുകളും യുവതയുമാണ്. അതിനുഗുണമായി രാജ്യത്തെ മാറ്റി വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് രാജ്യത്തെ കൈപ്പിടിച്ചു ഉയർത്താൻ സഹായകമായ പദ്ധതികളായിരിക്കും ഇരു രാജ്യങ്ങളിലും ഇനിയുണ്ടാവുക. 
സൗദി അറേബ്യയുടെയും യു.എ.ഇയുടെയും മൊത്തം ആഭ്യന്തരോൽപാദനം ട്രില്യൺ ഡോളറാണ്. 750 ബില്യൺ ഡോളറിന്റെ കയറ്റുമതിയും ഇരു രാജ്യങ്ങളും പ്രതിവർഷം നടത്തുന്നുണ്ട്. പശ്ചാത്തല വികസന മേഖലയിൽ 150 ബില്യൺ ഡോളറിന്റെ നിക്ഷേപവും നടത്തി വരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കുമ്പോൾ ഒട്ടേറെ സാധ്യതകളായിരിക്കും സൃഷ്ടിക്കപ്പെടുക. സാമ്പത്തിക ഐക്യദാർഢ്യം വരുമാന ഉറവിടങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പുത്തൻ ആശയങ്ങളുടെ പിറവിക്കും വഴിയൊരുക്കും.
നവീന സഹകരണം വിദ്യാഭ്യാസ മേഖലയിൽ വലിയ പരിവർത്തനമാവും ഉണ്ടാക്കുക. ഉന്നത പദവികളിലും ശാസ്ത്ര സാങ്കേതിക രംഗത്തുമെല്ലാം ഇരു രാജ്യങ്ങളും ഇന്നും പ്രധാനമായും ആശ്രയിക്കുന്നത് വിദേശികളെയാണ്. ഈ അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ട്. അതിന് ലോകോത്തര നിലവാരത്തിലേക്ക് വിദ്യാഭ്യാസ മേഖലയെ ഉയർത്തുകയും അതു പൗരന്മാർക്ക് സാധ്യമാക്കുകയും ചെയ്യുകയെന്നത് തന്ത്രപരമായ പങ്കാളിത്തത്തിന്റെ മുഖ്യ അജണ്ടകളിലൊന്നാണ്. ഏതു തസ്തികകളിലേക്കും ലോക നിലവാരത്തിലുള്ള മത്സരാർഥികളായി പുതിയ തലമുറയെ വാർത്തെടുക്കുകയും പരമപ്രധാന സ്ഥാനങ്ങളിലെല്ലാം അവരെ പ്രതിഷ്ഠിക്കുകയും ചെയ്യുകയെന്നതിന് വളരെ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. ഇത് രാജ്യത്തിന്റെ യശസ് ഉയർത്തുകയും സമ്പത്തിന്റെ അതിർത്തി കടന്നുള്ള ഒഴുക്കിന് കണിഞ്ഞാൻ ഇടുകയും ചെയ്യും.
വിദേശികളെ സംബന്ധിച്ചിടത്തോളം ക്ഷീണമുണ്ടാക്കുന്ന നടപടിയാണിതെങ്കിലും പഞ്ചവത്സര പദ്ധതിയായി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ള 44 പദ്ധതികളുടെ നടത്തിപ്പിന് എന്തായാലും സാങ്കേതിക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾ അനിവാര്യമായി വരും. ഇത് വഴി പുത്തൻ അവസരങ്ങൾ വിദേശികൾക്കും കൈവരും. അങ്ങനെ അറബ് മേഖലയിൽ ഉണ്ടാകുന്ന ഉണർവ് പ്രതിസന്ധി നേരിടുന്ന പ്രവാസ മേഖലക്ക് ആശ്വാസമേകുമെന്ന് വേണം പ്രതീക്ഷിക്കാൻ.
പശ്ചിമേഷ്യൻ മേഖലയിൽ എന്നും അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിന് കുതന്ത്രങ്ങൾ മെനയുന്നവർക്ക് ജി.സി.സിയിലെ രണ്ട് വൻ ശക്തികളുടെ സുദൃഢ ബന്ധം ദഹിക്കണമെന്നില്ല. പ്രത്യേകിച്ച് സുരക്ഷാ മേഖലയിൽ ആവിഷ്‌കരിച്ചിട്ടുള്ള തന്ത്രങ്ങളെ സംശയ ദൃഷ്ടിയോടെയായിരിക്കും അവർ വീക്ഷിക്കുക. ഇതിനു തുരങ്കം വെക്കാനുള്ള ശ്രമങ്ങളും ഉണ്ടാവാം. എന്നാൽ അതിനെ മറികടക്കാവുന്ന ശേഷി പുതിയ പ്രതീക്ഷകൾ സമ്മാനിക്കുന്ന തന്ത്രപരമായ സഹകരണം കൊണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

Latest News