Monday , May   20, 2019
Monday , May   20, 2019

വണ്ടര്‍ഫുള്‍ ഫുട്‌ബോള്‍? വെറുതെ മോഹിക്കേണ്ട

കാല്‍പന്ത് കളിയുടെ നിറവസന്തമായാണ് ലോകകപ്പ് ഫുട്‌ബോള്‍ വിലയിരുത്തപ്പെടാറ്. എന്നാല്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിനെയോ യൂറോ കപ്പിനെയോ അപേക്ഷിച്ച് ഗുണനിലവാരത്തില്‍ എപ്പോഴും ഒരുപാട് പിന്നിലാണ് ലോകകപ്പ്. പ്രത്യേകിച്ചും ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ആക്രമണ ഫുട്‌ബോളിന്റെ മനോഹാരിത കൊണ്ടും ഗോളുത്സവങ്ങള്‍ കൊണ്ടും നാടകീയത കൊണ്ടും കാണികളുടെ മനം കവര്‍ന്നു. ലോകകപ്പ് ആ നിലവാരത്തിലെത്താന്‍ സാധ്യത കുറവാണ്.
അതിന് പല കാരണങ്ങളുണ്ട്. ക്ലബ് ഫുട്‌ബോളില്‍ എല്ലാ പൊസിഷനിലും മികച്ച കളിക്കാരെ ഉള്‍പെടുത്താം. ഇല്ലെങ്കില്‍ മറ്റു ക്ലബ്ബുകളില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്ത് കൊണ്ടുവരാം. ദേശീയ ഫുട്‌ബോളില്‍ ഉള്ളത് കൊണ്ട് തൃപ്തിപ്പെടുകയേ വഴിയുള്ളൂ. രണ്ടാമതായി, ദേശീയ കോച്ചുമാര്‍ക്ക് കളിക്കാരെ കിട്ടുന്നത് ഏതാനും ആഴ്ചകള്‍ മാത്രമാണ്. മറ്റ് സമയമൊക്കെ അവര്‍ ക്ലബ്ബുകളിലാണ്. ക്ലബ്ബുകള്‍ക്ക് അവരുടെ വിജയം മാത്രമാണ് പ്രധാനം. ദേശീയ ടീമിനു വേണ്ടി കളിക്കാരെ തയാറാക്കി നിര്‍ത്താനൊന്നും അവര്‍ മെനക്കെടാറില്ല. അതുകൊണ്ട് തന്നെ ആക്രമണമല്ല, സുരക്ഷിതത്വമാണ് ദേശീയ കോച്ചുമാരുടെ ഒന്നാമത്തെ ഉന്നം. പരമാവധി കളിക്കാരെ പിന്നിലേക്ക് കൊണ്ടുവന്ന് പഴുതടക്കാനും തരം കിട്ടുമ്പോള്‍ മാത്രം ആക്രമിക്കാനുമാണ് കോച്ചുമാര്‍ തന്ത്രം തയാറാക്കുക. ലോകകപ്പില്‍ ടീമുകളുടെ റാങ്കിംഗിലും നിലവാരത്തിലും വന്‍ വ്യത്യാസമുണ്ട്. ബ്രസീല്‍, ജര്‍മനി, അര്‍ജന്റീന, സ്‌പെയിന്‍ ടീമുകള്‍ക്കൊപ്പം തന്നെയാണ് റഷ്യയും പാനമയുമൊക്കെ മത്സരിക്കുന്നത്. ക്ലബ് ഫുട്‌ബോളില്‍ ടീമുകള്‍ മിക്കതും ഏതാണ്ട് ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ പോന്നവയാണ്. മിക്ക ടീമുകളും പരമാവധി കളിക്കാരെ പന്തിനു പിന്നില്‍ നിര്‍ത്തി പഴുതടക്കാനാണ് നോക്കുകയെന്ന് ഫിഫ ടെക്‌നിക്കല്‍ കമ്മിറ്റി അംഗവും 1994 ല്‍ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത കോച്ചുമായ കാര്‍ലോസ് ആല്‍ബര്‍ടൊ പെരേര പറയുന്നു. തോല്‍ക്കാതിരിക്കുന്നതിനെക്കാള്‍ ജയിക്കാന്‍ ശ്രമിക്കുന്ന ടീമുകളെയാണ് പൊതുവില്‍ 2014 ല്‍ കണ്ടതെന്നാണ് ഫിഫയുടെ വിലയിരുത്തല്‍. പോസിറ്റിവായി കളിക്കുന്ന ഈ രീതി റഷ്യയില്‍ കൂടുതല്‍ ദൃശ്യമാവുമെന്ന് ഫിഫ കരുതുന്നു. ഒരു കളിയില്‍ രണ്ടര ഗോളാണ് സമീപകാല ലോകകപ്പുകളില്‍ ഗോള്‍ ശരാശരി. എന്നാല്‍ ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ മൂന്നിനു മേലെയായിരുന്നു ശരാശരി. നോക്കൗട്ട് ഘട്ടം മാത്രം പരിഗണിച്ചാല്‍ 3.6.


പരമാവധി കളിക്കാരെ പിന്നിലേക്ക് കൊണ്ടുവന്ന് പഴുതടക്കാനും തരം കിട്ടുമ്പോള്‍ മാത്രം ആക്രമിക്കാനുമാണ് കോച്ചുമാര്‍ തന്ത്രം തയാറാക്കുക1954 ല്‍ ഹംഗറിയും 1958 ല്‍ ബ്രസീലും ലോകകപ്പില്‍ നവീനമായ ആക്രമണ ശൈലികള്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ അറുപതുകള്‍ക്കു ശേഷം ലോകകപ്പില്‍ ശൈലികളുടെ വിപ്ലവം അധികം കണ്ടിട്ടില്ല. മിക്ക ടീമുകളും ഇത്തവണ കളിക്കുക 4-2-3-1 ശൈലിയിലായിരിക്കും. ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മഡ്രീഡും ലിവര്‍പൂളും പ്രയോഗിച്ച 4-3-3 ശൈലി സ്വീകരിക്കുന്ന ടീമുകളുമുണ്ട്. ചെറിയ മാറ്റം കാണുക ഇംഗ്ലണ്ട്, ബെല്‍ജിയം, അര്‍ജന്റീന ടീമുകള്‍ സ്വീകരിക്കുന്ന മൂന്നംഗ പ്രതിരോധ ശൈലിയാണ്. മധ്യനിരയുടെ നിയന്ത്രണം പിടിക്കുകയാണ് പുതിയ തന്ത്രം. സ്‌ട്രൈക്കറായി ഒരാള്‍ മാത്രമാണ് മുന്നില്‍ കളിക്കുക. പ്രസ്സിംഗ് ഗെയിം എന്നാണ് ഇത് അറിയപ്പെടുന്നത്. എതിരാളികളെ ശ്വാസം വിടാന്‍ അനുവദിക്കാതിരിക്കുന്നതാണ് ഈ ശൈലി. ഗോള്‍കീപ്പര്‍ മുതല്‍ 11 പേരും ഈ പ്രസ്സിംഗില്‍ പങ്കുചേരും. ബ്രസീല്‍, സ്‌പെയിന്‍, ജര്‍മനി, ഇംഗ്ലണ്ട് ടീമുകള്‍ ഈ ശൈലി അവലംബിക്കാറുണ്ട്. കളിക്കാരില്‍ നിന്ന് വലിയ അധ്വാനം ആവശ്യപ്പെടുന്നതാണ് ഈ ശൈലി. 
ഈ ഉന്നത നിലവാരത്തില്‍ കളിക്കുക ദേശീയ ടീമുകള്‍ക്ക് എളുപ്പമല്ല. പരിശീലനത്തിന് അത്രയൊന്നും സമയം അവര്‍ക്ക് കിട്ടില്ല. 24 ടീമുകളെ പങ്കെടുപ്പിച്ച് വികസിപ്പിച്ച കഴിഞ്ഞ യൂറോ കപ്പില്‍ കളിയുടെ നിലവാരം പിന്നോട്ട് പോവുകയാണുണ്ടായത്. ലോകകപ്പിലും ആദ്യ റൗണ്ടിലെ കളികള്‍ക്ക് വലിയ നിലവാരം ഉണ്ടാകാന്‍ സാധ്യത കുറവാണ്.

Latest News