Monday , May   20, 2019
Monday , May   20, 2019

രണ്ടര വർഷത്തെ ജയിൽവാസം; സൈതലവി നാടണഞ്ഞു

ജിദ്ദ- രണ്ടു വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞിരുന്ന ഒറ്റപ്പാലം പാലക്കോട് പനമണ്ണ തെക്കിനി മഠത്തിൽ സൈതലവി (48) ജയിൽ മോചിതനായി ഇന്നലെ നാട്ടിലെത്തി. ജിദ്ദയിൽനിന്ന് വൈകുന്നേരത്തോടെ കൊച്ചിയിലെത്തിയ അദ്ദേഹം ട്രെയിൻ മാർഗം രാത്രിയോടെയാണ് ഒറ്റപ്പാലത്തെ വീട്ടിലെത്തിയത്. സൈതലവിയുടെ തിരിച്ചുവരവ് ഭാര്യ റംലയെയും മക്കളെയും അതീവ സന്തോഷത്തിലാഴ്ത്തി. 
കഴിഞ്ഞ വെള്ളിയാഴ്ച മോചിതനായ സൈതലവിയെ നാട്ടിൽ കയറ്റി വിടുന്നതിന് ജിദ്ദ വിമാനത്താവളത്തിലെത്തിച്ചുവെങ്കിലും വിരലടയാളം നൽകിയപ്പോഴുണ്ടായ സാങ്കേതിക പ്രശ്‌നം കാരണം തിരിച്ച് ജയിലിലേക്കയക്കുകയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മോചനം അരികെയെത്തി നഷ്ടപ്പെട്ടപ്പോൾ സൈതലവിക്കും കുടുംബത്തിനും കടുത്ത നിരാശയാണ് സമ്മാനിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് സൈതലവിയെ ജയിൽ അധികൃതകർ കയറ്റി അയക്കുകയായിരുന്നു. ഇത് സൈതലവിക്കും കുടുംബത്തിനും നൽകിയ ആശ്വാസം ചെറുതല്ല. 
സൈതലവിയുടെ മോചനത്തിന് മലയാളം ന്യൂസ് നടത്തിയ ശ്രമത്തിന്റെ ഫലംകൂടിയായാണ് മോചനം സാധ്യമായത്. 
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ വിഭാഗം കോൺസൽ മോയിൻ അക്തർ മുൻപാകെ പ്രശ്‌നം അവതരിപ്പിച്ചതിനെത്തുടർന്ന് അദ്ദേഹവും വെൽഫെയർ വിഭാഗത്തിലെ ഉദ്യോഗസ്ഥരും ജയിൽ അധികൃതരുമായി പലതവണ സൈതലവിയുടെ കേസുമായി ബന്ധിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് മോചനം ഉടൻ ഉണ്ടാകുമെന്ന് അറിയിപ്പു ലഭിച്ചതായി മോയിൻ അക്തർ അറിയിച്ചത് ഏതാനും ദിവസം മുമ്പ് മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അതുപ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച മോചനം സാധ്യമായെങ്കിലും സാങ്കേതിക കാരണങ്ങളാൽ മടക്കം സാധ്യമാകാതെ പോവുകയായിരുന്നു. തുടർന്നും നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഇപ്പോൾ  മോചനം ലഭിച്ച് സൈതലവിക്ക് നാട്ടിലെത്താനായത്. 
സൈതലവിയുടെ ബന്ധുക്കളും നാട്ടിലും ഇവിടെയുമുള്ള സാമൂഹ്യ പ്രവർത്തകരും വിവിധ സംഘടനാ പ്രവർത്തകരും പ്രശ്‌നത്തിൽ ഇടപെടുകയും സൈതലിയുടെ മോചനത്തിനായി പരിശ്രമിക്കുകയും ചെയ്തിരുന്നു. 
മോഷണ കേസുമായി ബന്ധപ്പെട്ട് ജയിലിലായ ഇദ്ദേഹത്തിന്റെ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനം സാധ്യമായിട്ടില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് സൈതലവിയുടെ ഭാര്യ റംല പാലക്കാട്ടെ മലയാളം ന്യൂസ് ഓഫീസിനെ സമീപിച്ചതിനെതുടർന്നാണ് മലയാളം ന്യൂസ് പ്രശ്‌നത്തിൽ ഇടപെട്ടത്. ആറു വർഷമായി ജിദ്ദയിലെ ഒരു പ്രമുഖ കമ്പനിയിൽ ബോട്ട് പാച്ചിംഗ് വർക്കറായി ജോലി ചെയ്യുന്നതിനിടെയാണ് സ്ഥാപനവുമായി ബന്ധപ്പെട്ട കേസിലകപ്പെട്ട് ഇദ്ദേഹം ജയിലിലായത്. 
കമ്പിനിയിലെ വിലപിടിപ്പുള്ള ഒരു ജനറേറ്റർ മോഷണം പോയതായിരുന്നു കേസ്. കേസിലെ ശിക്ഷാ കാലാവധി കഴിഞ്ഞും സാങ്കേതിക കാരണങ്ങളാൽ മോചനം സാധ്യമാവാതെ ഏറെ നാൾ ഇദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വന്നിരുന്നു. സൈതലവി ജയിലിലായതോടെ ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം ഏറെ പ്രയാസത്തിലാണ് കഴിഞ്ഞിരുന്നത്. സൈതലവിയുടെ ജയിൽ വാസം കുടുംബത്തിന് സാമ്പത്തിക ബാധ്യത ഏറെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും തിരിച്ചുവരവിന്റെ  ആശ്വാസത്തിലാണ് കുടുംബം.
 

Tags

Latest News