Monday , January   21, 2019
Monday , January   21, 2019

നോമ്പുകാരെ കണ്ട് നോമ്പ് നോറ്റ കാലം

വർഷത്തിലൊരിക്കൽ എത്തുന്ന പരിശുദ്ധ റമദാൻ മാസം വിശ്വാസികളിൽ ആത്മചൈതന്യമുണ്ടാക്കുന്ന കാലമാണ്. മലപ്പുറം വേങ്ങര കണ്ണമംഗലത്ത് അയൽവാസികളെല്ലാം മുസ്‌ലിംകളാണ്. നോമ്പായാൽ അവരെന്നെ നോമ്പ് തുറക്കാൻ വിളിക്കും. പി.കെ.മൊയ്തീൻകുട്ടി സാഹിബ്, ഭാര്യ കുഞ്ഞിപ്പാത്തുമ്മ, മമ്മദീശ അങ്ങനെ നിരവധി പേരുടെ വീടുകളിലേക്ക്  കുട്ടിക്കാലത്ത് തന്നെ നോമ്പ് തുറക്ക് പോകുമായിരുന്നു. അത് കൊണ്ട് തന്നെ റമദാനിലെ നോമ്പ് എന്തെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. അവർ നൽകിയ നോമ്പുതുറ വിഭവങ്ങൾ എന്റെ പട്ടിണിയും മാറ്റിയിരുന്നു.
സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കൂട്ടുകാരെല്ലാം നോമ്പുകാരായിരിക്കും. അതോടെ ഞാൻ സ്‌കൂളിൽ നിന്ന് അവർക്ക് മുമ്പിൽ ഉച്ചഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ മുതിർന്നിരുന്നില്ല. വീട്ടിലെത്തിയാണ് നോമ്പ് കാലത്ത് ഭക്ഷണം കഴിച്ചിരുന്നത്. പൊതുപ്രവർത്തകനായതോടെ ഈ ശീലം ഇന്നും തുടരുന്നു. അങ്ങാടിയിൽ നിന്ന് ചായയോ വെള്ളമോ റമദാൻ കാലത്ത് കുടിക്കാൻ തോന്നില്ല. സഹോദരങ്ങളുടെ നോമ്പിനോട് പരിപൂർണ പിന്തുണയും ഐക്യദാർഢ്യവും നൽകുന്നു.
പട്ടിണിയും പരിവട്ടവുമായിരുന്ന കാലത്തുള്ള നോമ്പിന് കാഠിന്യം കൂടുതലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു നേരത്തെ ഭക്ഷണം തന്നെ കഴിക്കാനില്ലാത്ത കാലമാണ്. എന്നാലും നോമ്പ് തുറക്ക് ഭക്ഷണമുണ്ടാകും.   ജീവിതത്തിൽ പട്ടിണി ഇത്തരം നോമ്പ് തുറയിൽ എനിക്ക് മാറ്റാനായിട്ടുണ്ട്. പഴുത്ത ചക്ക, മാങ്ങ, പത്തിരി, രണ്ട് രൂപക്ക് വാങ്ങുന്ന ഇറച്ചി, കപ്പ പുഴുങ്ങിയത് എന്നിവയാണ് നോമ്പ് തുറയിലെ അന്നത്തെ പ്രധാന വിഭവങ്ങൾ. ഇന്ന് ഫ്രൂട്‌സ്, വിവിധ ഇനം കരിച്ചതും പൊരിച്ചതും, ബിരിയാണി.. അങ്ങനെ പലതരം. 
എന്നാൽ അന്നത്തെ വിഭവങ്ങളുടെ രുചി ഇന്ന് ഒന്നിനുമില്ലെന്ന് എനിക്ക് തോന്നാറുണ്ട്.


നോമ്പുകാരായ സുഹൃത്തുക്കളുമായുള്ള സഹവാസം പിൽക്കാലത്ത് എന്നേയും നോമ്പുകാരനാക്കിയിട്ടുണ്ട്. പ്രഭാതം മുതൽ സന്ധ്യവരെ ഞാനും പലദിവസങ്ങളിലും നോമ്പെടുത്തു. അക്കാലയളവിൽ ഷുഗർ, പ്രഷർ,    കൊളസ്‌ട്രോൾ തുടങ്ങിയവ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. ശരീരത്തിന് ഉന്മേഷവും ലഭിക്കുന്നു. റമദാൻ, പട്ടിണി കിടക്കുന്നവന്റെ യഥാർത്ഥ നോവ് എന്താണെന്ന് പഠിപ്പിക്കുകയാണ്. സത്യത്തിൽ ലോകത്തെ മനുഷ്യ സമൂഹം ഒന്നടങ്കം മാതൃകയാക്കേണ്ട ഒന്നാണ് റമദാൻ വ്രതം എന്ന് എന്റെ അനുഭവത്തിൽനിന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
വേങ്ങര കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസിൽ പത്താം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഞാൻ എം.എസ്.എഫിൽ പ്രവർത്തിക്കുന്നത്. ഇതോടെയാണ് പാണക്കാട് കുടുംബവുമായി അടക്കുന്നത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി അടുത്തിടപഴകാനായി. സ്‌നേഹത്തിന്റെ നിറകുടമാണ് അദ്ദേഹം. റമദാൻ നോമ്പിനും അല്ലാത്തപ്പോഴും എനിക്ക് അദ്ദേഹം അരികിലിരുത്തി ഭക്ഷണം വിളമ്പിത്തരുമായിരുന്നു. നോമ്പ് കാലത്ത് പാണക്കാട് തങ്ങളോടൊപ്പം നിരവധി പേരുണ്ടാകും. എന്നാൽ എന്നോട് അദ്ദേഹത്തിന് ആത്മബന്ധമായിരുന്നു. നോമ്പ് കാലം അല്ലാത്തപ്പോൾ മലപ്പുറത്ത് എത്തിയാൽ അദ്ദേഹം ചിലപ്പോൾ വിളിക്കും. ഉച്ചക്ക് വീട്ടിലേക്ക് ചെല്ലാൻ ആവശ്യപ്പെടും. 
ശിഹാബ് തങ്ങളുടെ വേർപാട് എന്നെ വല്ലാതെ തളർത്തിയിരുന്നു. പിന്നീട് ഹൈദരലി തങ്ങളും മറ്റു കുടുംബാംഗങ്ങളും ആ സ്‌നേഹം എനിക്കിപ്പോഴും തിരിച്ചു തരുന്നുണ്ട്.  ഹൈദരലി തങ്ങളോടൊപ്പവും നോമ്പ് തുറയിൽ ഇരിക്കാൻ കഴിഞ്ഞു. ഈ വർഷം പാണക്കാട്ടെ ഇളമുറക്കാർക്കൊപ്പമായിരുന്നു റമദാൻ നോമ്പുതുറ. അവരെല്ലാം എന്നെ നേരിൽ ആദ്യമായി കാണുകയാണ്. പലരും പരിശുദ്ധ ഖുർആൻ മനഃപാഠമാക്കിയവരാണ്.     അവരോടൊത്തുളള ഇഫ്താർ വിരുന്ന് എന്നും ഓർമയിലുണ്ടാകും.
റമദാൻ നോമ്പുകാലം വിശ്വാസികൾ ദാനധർമങ്ങൾ അധികരിപ്പിക്കുന്ന കാലം കൂടിയാണ്. അതുവഴി പട്ടിണിയും പരിവട്ടവും ഇല്ലാതാകുന്നു. സമ്പത്തിന്റെ അളവ് അനുസരിച്ചാണ് സകാത്ത് നൽകാൻ വിശ്വാസിയോട് കൽപ്പിക്കുന്നത്. സകാത്ത് പണക്കാരന്റെ ഔദാര്യമല്ല പാവപ്പെട്ടവന്റെ അവകാശമാണെന്ന് തിരിച്ചറിയുന്നു. പട്ടിണി കിടന്ന് വിശ്വാസികൾ ലോകത്തിന്റെ പട്ടിണി അറിയാനും ഇല്ലാതാക്കാനും ശ്രമിക്കുന്നുവെന്നതാണ് റമദാൻ വ്രതത്തിന്റെ ഏറ്റവും വലിയ മഹത്വം. (തയാറാക്കിയത്:   അഷ്‌റഫ് കൊണ്ടോട്ടി) 
  

Latest News