Monday , January   21, 2019
Monday , January   21, 2019

ചായക്കോപ്പയിലെ കൊടുങ്കാറ്റ്

കുര്യനല്ലെങ്കിൽ ചാക്കോ രാജ്യസഭാ സീറ്റ് കൊണ്ടുപോകുമെന്ന് ബോധ്യമായതോടെയാണ് ഉമ്മൻ ചാണ്ടിയുടെ കളി തുടങ്ങുന്നത്. എങ്ങനെയെങ്കിലും യു.ഡി.എഫിൽ കയറിക്കൂടാൻ കാത്തുനിൽക്കുന്ന കെ.എം. മാണിയെ, രാജ്യസഭാ സീറ്റെന്ന വരം കൂടി നൽകി മുന്നണിയിലേക്ക് കൊണ്ടുവന്നു. അതിന് കുഞ്ഞാലിക്കുട്ടിയെ സമർഥമായി ഉപയോഗിച്ചു. രമേശ് ചെന്നിത്തലയെ കൗശലപൂർവം മെരുക്കി. 

രാജ്യസഭാ സീറ്റിനെ ചൊല്ലി കേരളത്തിലെ കോൺഗ്രസിൽ നടക്കുന്ന കലാപം ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെ അടങ്ങുമെന്നാണ് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഇപ്പോഴത്തെ വിവാദങ്ങളുടെ സൂത്രധാരൻ ഉമ്മൻ ചാണ്ടിയുടെ മനസ്സിലിരിപ്പും മറ്റൊന്നാവില്ല. കാര്യങ്ങൾ അതുപോലെയൊക്കെ അവസാനിക്കുമെന്നാണ് ഇന്നലെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ചേർന്ന കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗം കഴിഞ്ഞപ്പോൾ തോന്നുന്നത്. സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ എതിർപ്പുള്ളവരും നഷ്ടബോധമുള്ളവരുമായ കോൺഗ്രസ് നേതാക്കളെല്ലാം തങ്ങളുടെ രോഷം അവിടെ കരഞ്ഞുതീർത്തു. കൂട്ടത്തിൽ ഉമ്മൻ ചാണ്ടിക്കെന്താ കൊമ്പുണ്ടോ എന്ന് സീറ്റ് വിവാദത്തിൽ ഏറ്റവും നഷ്ടം സംഭവിച്ച പി.ജെ. കുര്യൻ പറഞ്ഞതിനെ ഉമ്മൻ ചാണ്ടി വിഭാഗം നേതാക്കളെല്ലാം ഒരുമിച്ച് നേരിട്ടതോടെ കാര്യങ്ങൾ വേറൊരു തലത്തിലേക്ക് പോയി. ഒടുവിൽ രമേശ് ചെന്നിത്തലയുടെ മാപ്പു പറച്ചിലും, ഇനി പരസ്യവിമർശനം വേണ്ടെന്ന എം.എം. ഹസന്റെ അഭ്യർഥനയും വന്നതോടെ കാര്യങ്ങൾ തൽക്കാലം കെട്ടടങ്ങി. ഇന്ന് ചേരുന്ന കെ.പി.സി.സി നിർവാഹക സമിതി യോഗം കഴിയുമ്പോഴേക്കും കാർമേഘമെല്ലാം പെയ്‌തൊഴിയും. കുറേ ദിവസമായി സംസ്ഥാനത്ത് തോരാതെ പെയ്യുന്ന കാലവർഷം പോലെയായിരുന്നല്ലോ, കോൺഗ്രസ് പാർട്ടിയിലെയും കാലാവസ്ഥ.
ശത്രുസംഹാര ക്രിയകൾ കോൺഗ്രസിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മഹാത്മാ ഗാന്ധിയുടെയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും കാലം മുതൽക്കേ അതുണ്ട്. അത്തരം കളികൾക്ക് പലപ്പോഴും നേരിനും നെറിക്കുമൊന്നും വലിയ സ്ഥാനമില്ല. കൂടുതൽ കരുത്തനും കൗശലക്കാരനും തന്റെ ഇംഗിതത്തിനനുസരിച്ച് കാര്യങ്ങൾ നീക്കുന്നു. കേരളത്തിലെ കോൺഗ്രസിൽ അത്തരം കളികളുടെ ആശാനായിരുന്നു സാക്ഷാൽ കെ. കരുണാകരൻ. കോൺഗ്രസിൽ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ജനാധിപത്യ കക്ഷികളിലും ഇത്തരം കളികളും ഒതുക്കലുകളുമൊക്കെ നടക്കുന്നുണ്ട്. എന്തിനേറെ, ഇരുമ്പു മറയുള്ള കേഡർ പാർട്ടിയായ സി.പി.എമ്മിൽപോലും കരുത്തരായ നേതാക്കൾ തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ഒതുക്കുകയും വെട്ടിനിരത്തുകയും ചെയ്ത എത്രയോ സംഭവങ്ങളുണ്ട്. കോൺഗ്രസിലാണെങ്കിൽ അതിനെ ഗ്രൂപ്പ് കളിയെന്ന് പച്ചക്ക് പറയും. സി.പി.എമ്മിലാണെങ്കിൽ വിഭാഗീയത, പ്രത്യയശാസ്ത്ര വ്യതിയാനം തുടങ്ങിയ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഉപയോഗിക്കും എന്നുമാത്രം.
യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റാണല്ലോ ഇപ്പോഴത്തെ വിഷയം. പാർട്ടിക്ക് ഒരു ഗുണവുമില്ലാത്ത പി.ജെ. കുര്യൻ എന്ന ഹൈക്കമാന്റ് വിധേയൻ തുടർച്ചയായ മൂന്നാം തവണയും അത് കൊണ്ടുപോകുമെന്ന് ഉറപ്പായ ഘട്ടത്തിൽ ഉമ്മൻ ചാണ്ടി കളിച്ച കളിയാണ് ഈ കോലാഹലങ്ങൾക്കെല്ലാം പിന്നിലെന്ന് ഇപ്പോൾ ഏതാണ്ട് വ്യക്തമായിരിക്കുകയാണ്. കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കുന്നതിനോട് സംസ്ഥാന കോൺഗ്രസിലെ ഒരു വിഭാഗത്തിനും താൽപര്യമില്ല. എന്നാൽ എ.കെ. ആന്റണിയുടെ സഹായത്തോടെ എ.ഐ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സ്വാധീനിച്ച് വീണ്ടും രാജ്യസഭാ സീറ്റ് ഉറപ്പിക്കാനുള്ള കരുനീക്കുകയായിരുന്നു കുര്യൻ. ഇതറിഞ്ഞതോടെ സംസ്ഥാന കോൺഗ്രസിലെ യുവ നേതാക്കളും മുതിർന്ന നേതാക്കളുമെല്ലാം ഒറ്റക്കെട്ടായി അതിനെതിരെ രംഗത്തുവന്നു. അതോടെ പാർട്ടി പറഞ്ഞാൽ മാറിനിൽക്കുമെന്നും, താൻ ആവശ്യപ്പെട്ടിട്ടല്ല പാർട്ടി നേരത്തെ സീറ്റ് നൽകിയതെന്നും പറഞ്ഞ് സർവാംഗ പരിത്യാഗിയുടെ വേഷം കെട്ടി. 1980 മുതൽ തുടർച്ചയായി ആറ് തെരഞ്ഞെടുപ്പുകളിലൂടെ 19 വർഷം ലോക്‌സഭാംഗമായും, പിന്നീട് 2005 മുതൽ തുടർച്ചയായി 12 വർഷം രാജ്യസഭാംഗമായും, പ്രവർത്തിച്ച, പലതവണ കേന്ദ്ര മന്ത്രി, ഒടുവിൽ രാജ്യസഭാ ഉപാധ്യക്ഷൻ തുടങ്ങിയ ഉന്നത പദവികൾ വഹിച്ച കുര്യൻ, കേരളത്തിൽ തന്റെ പാർട്ടിക്കുവേണ്ടി എന്തു ചെയ്തു എന്ന് ചോദിക്കരുത്. എന്തെങ്കിലും ചെയ്തിരുന്നുവെങ്കിൽ അദ്ദേഹത്തിനുവേണ്ടി വാദിക്കാൻ ഒരു കോൺഗ്രസുകാരനെങ്കിലും മുന്നോട്ടുവന്നേനെ. പ്രവർത്തകർക്കിടയിൽ വലിയ മതിപ്പില്ലാത്ത കുര്യനെ ഇക്കുറി വെട്ടാൻ ഉമ്മൻ ചാണ്ടി കരുനീക്കം നടത്തിയെങ്കിൽ സ്വാഭാവികം. എന്നാൽ കേരളത്തിലെ പ്രതിഷേധങ്ങൾക്കിടയിൽ കുര്യന് രക്ഷയില്ലെന്ന് മനസ്സിലാക്കിയ മറ്റൊരു ഹൈക്കമാന്റ് വിധേയൻ അതോടെ പ്രത്യക്ഷപ്പെട്ടു, പി.സി ചാക്കോ. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ തന്റെ മിടുക്കുകൊണ്ട് യു.ഡി.എഫിനും കോൺഗ്രസിനും രണ്ട് സീറ്റുകൾ നഷ്ടപ്പെടുത്തിയ സമർഥനാണ് ഈ ചാക്കോ. ഹൈക്കമാന്റിൽ അദ്ദേഹവും ലോബിയിംഗ് തുടങ്ങി.
കുര്യനല്ലെങ്കിൽ ചാക്കോ രാജ്യസഭാ സീറ്റ് കൊണ്ടുപോകുമെന്ന് ബോധ്യമായതോടെയാണ് ഉമ്മൻ ചാണ്ടിയുടെ കളി തുടങ്ങുന്നത്. എങ്ങനെയെങ്കിലും യു.ഡി.എഫിൽ കയറിക്കൂടാൻ കാത്തുനിൽക്കുന്ന കെ.എം. മാണിയെ, രാജ്യസഭാ സീറ്റെന്ന വരം കൂടി നൽകി മുന്നണിയിലേക്ക് കൊണ്ടുവന്നു. അതിന് കുഞ്ഞാലിക്കുട്ടിയെ സമർഥമായി ഉപയോഗിച്ചു. രമേശ് ചെന്നിത്തലയെ കൗശലപൂർവം മെരുക്കി. അതോടെ മാണിയും മകൻ ജോസ് കെ. മാണിയും വിജയികളുടെ ഭാവത്തിൽ യു.ഡി.എഫിൽ തിരിച്ചെത്തി. 2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാരുടെ കാലുവാരൽ ഭയന്നിരുന്ന ജോസ് മോന്, അടുത്ത ആറ് വർഷത്തേക്ക് രാജ്യസഭയിൽ സുഖമായിരിക്കാം. അടുത്ത തെരഞ്ഞെടുപ്പിൽ കോട്ടയത്ത് കോൺഗ്രസുകാർക്കുകൂടി സ്വീകാര്യനായ ഒരാളെ നിർത്തി ഒന്ന് പയറ്റിനോക്കാം. ഉമ്മൻ ചാണ്ടിയുടെ ഈ ഉള്ളിലിരുപ്പ് ഇപ്പോൾ പരസ്യമായിക്കഴിഞ്ഞു.
 കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് കൊടുത്തില്ലെങ്കിൽ അത് കോൺഗ്രസിലെ ഏതെങ്കിലും കടൽകിഴവന്മാർ അടിച്ചുകൊണ്ട് പോകുമായിരുന്നെന്ന് കലാപമുയർത്തിയ യൂത്ത് നേതാക്കൾക്ക് ഇപ്പോൾ ഏതാണ്ട് ബോധ്യമായിട്ടുണ്ട്. മറ്റുള്ളവർക്കും വൈകാതെ ബോധ്യമാവും. അതോടെ വിവാദം കുഞ്ഞാലിക്കുട്ടി പറഞ്ഞതുപോലെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കും.
അല്ലെങ്കിലും രാഷ്ട്രീയം പ്രത്യയശാസ്ത്രങ്ങളുടെ ഏറ്റുമുട്ടലൊന്നും അല്ലെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. സാധ്യതകളുടെയും അവസരങ്ങളുടെയും കളിയാണത്. എന്നുവെച്ചാൽ അവസരവാദത്തിന്റെ കളി. ഇന്ന് ഫാസിസ്റ്റ് ചേരിയിൽ നിൽക്കുന്നവൻ നാളെ ഫാസിസ്റ്റ് വിരുദ്ധനാവും. മറ്റെന്നാൾ തിരിച്ചും. അവിടെ എന്തു പ്രത്യശാസ്ത്രം.
ഇതിനുമുമ്പ് യു.ഡി.എഫിൽ ഉയർന്ന രാജ്യസഭാ സീറ്റ് വിവാദം എം.പി. വീരേന്ദ്ര കുമാറിനെ ചൊല്ലിയായിരുന്നു. യു.ഡി.എഫ് നേതൃത്വവുമായി വലിയ പ്രശ്‌നമൊന്നുമില്ലാതിരുന്ന വീരൻ, ദേശീയ രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞാണ് രാജ്യസഭാംഗത്വം രാജിവെക്കുന്നത്. എന്നാൽ അതിനുമുമ്പുതന്നെ എൽ.ഡി.എഫുമായി അദ്ദേഹം ഡീൽ ഉറപ്പിച്ചിരുന്നു. യു.ഡി.എഫ് വിട്ടുവന്ന വീരനെ എൽ.ഡി.എഫ് രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. രാജ്യസഭയിലേക്ക് ജയിപ്പിക്കുകയും ചെയ്തു. ഫലത്തിൽ നാല് വർഷം കൂടി യു.ഡി.എഫിന്റെ ലേബലിൽ ഉണ്ടാവേണ്ടിയിരുന്ന രാജ്യസഭാ സീറ്റ് എൽ.ഡി.എഫിന്റെ പേരിലായി. 
2014 വരെ എൽ.ഡി.എഫിന്റെ മുഖ്യ വക്താക്കളിലൊരാളായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ ഇരുട്ടിവെളുത്തപ്പോൾ യു.ഡി.എഫ് ക്യാമ്പിലെത്തിയത് മറക്കാറായിട്ടില്ല. സിറ്റിംഗ് എം.പിയായ എൻ. പീതാംബരക്കുറുപ്പിനെ മാറ്റിനിർത്തിയാണ് പ്രേമചന്ദ്രന് അന്ന് യു.ഡി.എഫ് കൊല്ലത്ത് സീറ്റ് നൽകിയത്. അതിന് കാർമികത്വം വഹിച്ച പ്രമുഖരിൽ ഒരാളായ അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ, ഇപ്പോൾ കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകുന്നതിനെ വിമർശിക്കുന്നത് എന്തർഥത്തിലാണെന്ന് മനസ്സിലാകുന്നില്ല. അന്നില്ലാതിരുന്ന ജാതിയും മതവും ഇന്നെങ്ങനെ വരുന്നു.
കെ.എം. മാണിയുടെ പാർട്ടി അത്യാവശ്യം ആൾബലമുള്ള കക്ഷിയാണെന്ന് കേരള രാഷ്ട്രീയത്തെക്കുറിച്ച് അറിവുള്ളവർക്കെല്ലാം ബോധ്യമുള്ളതാണ്. അതുകൊണ്ടാണല്ലോ, മൂന്ന് കൊല്ലം മുമ്പ് മാണിയെ നഖശിഖാന്തം എതിർത്തുവന്ന സി.പി.എം പോലും പറഞ്ഞതെല്ലാം വിഴുങ്ങി, കേരള കോൺഗ്രസിനെ ഇടതു മുന്നണിയിലേക്ക് കൂട്ടാൻ തയാറായത്. 
പിണറായി വിജയന്റെ ഭരണത്തിൽ മാണിക്കെതിരെ നടന്ന ബാർ കോഴ അന്വേഷണം തെളിവില്ലാതെ അവസാനിച്ചു. സി.പി.ഐയുടെയും വി.എസ് അച്യുതാനന്ദന്റെയും കടുംപിടിത്തവും, മാണി ഗ്രൂപ്പിലെ പി.ജെ. ജോസഫിന്റെ നിസ്സഹകരണവും ഇല്ലായിരുന്നെങ്കിൽ മാണി ഒരുപക്ഷെ ഇന്ന് എൽ.ഡി.എഫ് ഘടക കക്ഷി ആയേനെ. എൽ.ഡി.എഫിലും യു.ഡി.എഫിലും ഇല്ലാതെ നിന്ന സമയത്ത് മാണിക്കുപിന്നാലെ ബി.ജെ.പി നേതാക്കളും ചെന്നിരുന്നതാണ്. കേരള കോൺഗ്രസ് എന്നത് മധുരപതിനേഴുകാരിയായ പെൺകുട്ടിയെന്നാണ് ഇങ്ങനെ മുന്നണികൾ പിന്നാലെ വരുന്നതിനെ ഉദ്ദേശിച്ച് മാണി തന്നെ പറഞ്ഞത്.
മധ്യകേരളത്തിലെ മൂന്നു നാല് ജില്ലകളിൽ കേരള കോൺഗ്രസിന് അത്യാവശ്യം വോട്ട് ബാങ്കുണ്ട്. അത് നന്നായറിയാവുന്ന നേതാവാണ് ഉമ്മൻ ചാണ്ടി. മാണിയുടെ പിന്തുണയില്ലാത്തപക്ഷം വരുന്ന തെരഞ്ഞെടുപ്പുകളിൽ ഈ മേഖലയിൽ കോൺഗ്രസിന്റെ നില പരുങ്ങലിലാവുമെന്നുറപ്പ്. ഇത് മനസ്സിലാക്കി ഒരു മുഴം മുമ്പേ എറിഞ്ഞതാണ് ഉമ്മൻ ചാണ്ടി. കൂട്ടത്തിൽ കുര്യൻ, ചാക്കോ പോലുള്ള പാർട്ടിയിലെ തന്റെ എതിരാളികളെ വെട്ടിനിരത്തുകയും ചെയ്തു. ഇതിൽ ചൊരുക്കുള്ളവർ പാർട്ടി യോഗത്തിൽ തന്നെ ശരിയാക്കാൻ വരുമെന്നു മനസ്സിലാക്കിയാണ് അദ്ദേഹം യോഗത്തിന് പങ്കെടുക്കാതെ ആന്ധ്രയിലെ ഏതോ പഞ്ചായത്ത് കമ്മിറ്റിയുടെ പേരും പറഞ്ഞ് വിമാനം കയറിയത്. രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും കൊടുങ്കാറ്റ് കെട്ടടങ്ങുമെന്നും അദ്ദേഹത്തിനറിയാം.
 

Latest News