Saturday , June   23, 2018
Saturday , June   23, 2018

ഇസ്ലാം വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ഷെഫിനെ ദുബായ് ഹോട്ടല്‍ പുറത്താക്കി

ദുബായ്- ട്വിറ്ററില്‍ കഴിഞ്ഞ ദിവസം വലിയ കോലാഹലമുണ്ടാക്കിയ ഇസ്ലാം വിരുദ്ധ പരാമര്‍ശനം നടത്തിയ ദുബായിലെ പ്രശസത്‌നായ ഇന്ത്യന്‍ ഷെഫ് അതുല്‍ കൊച്ചറിനു പണി പോയി. മിഷ്‌ലീന്‍ സ്റ്റാര്‍ ഷെഫായ അതുല്‍ കൊച്ചറുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബായിലെ നക്ഷത്ര ഹോട്ടലായ ജെ ഡബ്ല്യൂ മാരിയറ്റ് മാര്‍ക്കീസ് അറിയിച്ചു. ഇവിടുത്തെ രംഗ് മഹല്‍ ഇന്ത്യന്‍ റസ്ട്രന്റിന്റെ മേധാവിയായിരുന്നു പ്രശസത് പാചകവിദഗ്ധനായ കൊച്ചര്‍. കരാര്‍ റദ്ദാക്കിയതോടെ ഷെഫ് കൊച്ചറിന് ഹോട്ടലുമായി യാതൊരു ബന്ധവുമുണ്ടാവില്ലെന്ന് മാരിയറ്റ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ ബില്‍ കഫര്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

ഹോട്ടലിലും റസ്ട്രന്റിലും സാംസ്‌കാരിക വൈവിധ്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് ഞങ്ങള്‍. എല്ലാ വിഭാഗത്തിലുമുള്ള അതിഥികളെയും ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു-അദ്ദേഹം പറഞ്ഞു. കൊച്ചര്‍ പോയെങ്കിലും രംഗ് മഹല്‍ റസ്ട്രന്റില്‍ ഇന്ത്യന്‍ പരമ്പരാഗത വിഭവങ്ങള്‍ സ്വാദോടെ ഇനിയും വിളമ്പുമെന്നും മികച്ച സേവനങ്ങള്‍ക്ക് മുടക്കമൊന്നും ഉണ്ടാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ബോളിവൂഡ് താരം  പ്രിയങ്ക ചോപ്ര അഭിനയിച്ച അമേരിക്കന്‍ ടിവി സീരിയലായ ക്വാന്റിക്കോയില്‍ ഹിന്ദുത്വ ദേശീയവാദികളെ ഭീകരരെന്ന് പരാമര്‍ശിച്ചതിനാണ് വര്‍ഗീയ വിദ്വേഷപരമായി ഷെഫ് കൊച്ചര്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. മുസ്ലിംകളുടെ ഭീകരതയ്ക്ക് രണ്ടായിരത്തോളം വര്‍ഷം ഇരയായ ഹിന്ദുക്കളുടെ വികാരം പ്രിയങ്ക മാനിക്കണമെന്നായിരുന്നു കൊച്ചറിന്റെ വര്‍ഗീയപരമായ ട്വീറ്റ്. വസ്തുതാ വിരുദ്ധമായ പരാമര്‍ശം നടത്തി ഇസ്ലാം വിരുദ്ധത പ്രകടിപ്പിച്ച ഷെഫിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രണ്ടു ദിവസമായി യുഎഇയിലെ സോഷ്യല്‍ മീഡിയയില്‍ വലിയ മുറവിളിയായിരുന്നു. വിവാദം കത്തിയതോടെ വര്‍ഗീയ വിദ്വേഷപരമായ ട്വീറ്റ് ഡിലീറ്റ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ രണ്ടു തവണ കൊച്ചര്‍ ക്ഷമാപണം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ പണി പോകുന്നതിലാണ് ഇപ്പോള്‍ വിവാദം കലാശിച്ചിരിക്കുന്നത്. 

ഷെഫ് കൊച്ചര്‍ ഹോട്ടലില്‍ തുടര്‍ന്നാല്‍ ഓര്‍ഡറുകളും പാര്‍്ട്ടികളും റദ്ദാക്കുമെന്നും നിരവധി ഉപഭോക്താക്കള്‍ ഹോട്ടല്‍ അധികൃതരെ ഭീഷണിപ്പെടുത്തിയിരുന്നു. 

Latest News