Monday , January   21, 2019
Monday , January   21, 2019

സമരക്കാരെ കയ്യിലെടുത്തു; കലക്ടര്‍  അനുപമക്ക് അഭിനന്ദനപ്രവാഹം

തൃശൂര്‍- ജില്ലയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ആദ്യ ദിവസത്തില്‍ തന്നെ അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധിയെ തന്‍മയത്വത്തോടെ നേരിട്ട് ജില്ലാ കലക്ടര്‍ ടി.വി. അനുപമ ശ്രദ്ധ പിടിച്ചുപറ്റി. തീരദേശവാസികളുടെ കടുത്ത പ്രതിഷേധത്തിനു നടുവില്‍ പോലീസും റവന്യു ഉദ്യോഗസ്ഥരും നിസ്സഹായരായി നില്‍ക്കന്നതിനിടയിലാണ് ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി പ്രതിസന്ധിക്ക് പരിഹാരം കണ്ടത്. 
കൊടുങ്ങല്ലൂര്‍ എറിയാട് കടല്‍ക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് തീരദേശവാസികള്‍ ദേശീയപാത ഉപരോധിച്ചയുടന്‍ മധ്യസ്ഥ ചര്‍ച്ചക്ക് തയാറായി എത്തിയവരെ സമരക്കാര്‍ മടക്കി അയക്കുകയായിരുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെതുടര്‍ന്നാണ് ജില്ലാ കലക്ടര്‍ സ്ഥലത്തെത്തിയത്. കാറില്‍നിന്നിറങ്ങിയ കലക്ടറെ കൈയടിയോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. സമരക്കാര്‍ക്ക് പറയാനുള്ളത് ക്ഷമാപൂര്‍വം കേട്ട കലക്ടര്‍, തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പുനല്‍കി. കടല്‍ക്ഷോഭബാധിത പ്രദേശം സന്ദര്‍ശിക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ച കലക്ടര്‍ എറിയാട് ചന്തക്കടപ്പുറത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കലക്ടറുടെ വാക്കുകള്‍ വിശ്വസിച്ച് തങ്ങള്‍ സമരം അവസാനിപ്പിക്കുകയാണെന്നറിയിച്ച് തീരദേശവാസികള്‍ ഉപരോധം അവസാനിപ്പിക്കുകയും കലക്ടറെ അഭിവാദ്യങ്ങളര്‍പ്പിച്ച് യാത്രയാക്കുകയും ചെയ്തു.

Latest News