Saturday , June   23, 2018
Saturday , June   23, 2018

ഇസ്ലാം വിരുദ്ധ ട്വീറ്റ്; ദുബായിലെ പ്രശസ്ത ഇന്ത്യന്‍ ഷെഫ് വിവാദത്തില്‍ 

ദുബായ്- ട്വിറ്ററില്‍ ഇസ്ലാം വിരുദ്ധ പോസ്റ്റിട്ട ദുബായിലെ പ്രശസ്ത ഇന്ത്യന്‍ ഷെഫ് അതുല്‍ കൊച്ചറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുഎഇയില്‍ മുറവിളി. ബോളിവൂഡ് താരം പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന അമേരിക്കന്‍ ടിവി പരമ്പരയായ 'ക്വാന്റിക്കോ'യില്‍ ഹിന്ദുത്വ തീവ്രവാദികളെ ഭീകരരായി ചിത്രീകരിച്ചതു സംബന്ധിച്ച കൊച്ചറിന്റെ ട്വീറ്റാണ് വിവാദമായത്. '2000 വര്‍ഷത്തിലേറെ കാലം ഇസ്ലാം ഭീകരതയ്ക്ക് ഇരയാക്കപ്പെട്ട ഹിന്ദുക്കളുടെ വികാരം പ്രിയങ്ക മാനിക്കാത്തത് ഖേദകരമായിപ്പോയി. നാണക്കേട്' -എന്നായിരുന്നു അതുല്‍ കൊച്ചര്‍ ഞായറാഴ്ച ട്വീറ്റ് ചെയ്തത്.

വസ്തുതവിരുദ്ധമായ ചരിത്രം പറഞ്ഞ് ഇസ്ലാമിനെ അവഹേളിക്കുകയും വര്‍ഗീയ പരാമര്‍ശം നടത്തുകയും ചെയ്ത അതുല്‍ കൊച്ചാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുറവിളി ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. കാര്യം പോക്കാണെന്നു കണ്ട അതുല്‍ ഉടന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമാപണം ട്വീറ്റ് ചെയ്യുകയും ചെയ്‌തെങ്കിലും പ്രതിഷേധം ഒതുങ്ങിയിട്ടില്ല. തന്റെ ഭാഗത്തു നിന്നുണ്ടായത് വലിയ പിഴവാണെന്നും ഇതിനെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 'ഇസ്ലാം സ്ഥാപിക്കപ്പെട്ടത് 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രമാണെന്ന ചരിത്രം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു. ഞാന്‍ ക്ഷമാപണം നടത്തുന്നു. ഇസ്ലാം ഭീതിയുള്ള ആളല്ല ഞാന്‍. എന്റെ കമന്റുകള്‍ പലരേയും വേദനിപ്പിച്ചതില്‍ എനിക്ക് വലിയ ഖേദമുണ്ട്,' ക്ഷമാപണ പോസ്റ്റില്‍ കൊച്ചര്‍ പറഞ്ഞു.

ദുബായിലെ നക്ഷത്ര ഹോട്ടലായ ജെഡബ്ല്യൂ മാരിയറ്റ് മാര്‍ക്കീസിലെ രംഗ് മഹല്‍ ഇന്ത്യന്‍ റെസ്ട്രന്റിലെ മിഷ്‌ലീന്‍ സ്റ്റാര്‍ ഷെഫ് ആണ് അതുല്‍ കൊച്ചര്‍. പാചക രംഗത്തെ ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് മിഷ്‌ലീന്‍ സ്റ്റാര്‍. 

അതേസമയം ഷെഫ് അതുല്‍ കൊച്ചറിന്റെ ട്വീറ്റില്‍ നിന്നും ജെഡബ്ല്യൂ മാരിയറ്റ് ഹോട്ടല്‍ അധികൃതര്‍ അകലം പാലിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഞങ്ങളുടേതല്ലെന്നും അദ്ദേഹത്തന്റെ വാക്കുകള്‍ ഞങ്ങല്‍ അംഗീകരിക്കുന്ന സാംസ്‌കാരിക വൈവിധ്യങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും ജെഡബ്ല്യൂ മാരിയറ്റ്  അധികൃതര്‍ വ്യക്തമാക്കി.

ട്വിറ്ററില്‍ കൊച്ചറിനെതിരെ യുഎഇയില്‍ നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. വര്‍ഗീയ വിഷം പടര്‍ത്തുന്ന ഇദ്ദേഹത്തെ രാജ്യത്തിനു പുറത്താക്കണമെന്നും പലരും ആവശ്യപ്പെട്ടു. ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയ്ക്ക് കൊച്ചറിന്റെ പ്രതികരണം തനിക്കും അപമാനമായെന്ന് പ്രമുഖ അറബ് മാധ്യമപ്രവര്‍ത്തകന്‍ ഖാലിദ് അല്‍മഈന ട്വീറ്റ് ചെയ്തു.

സെലിബ്രിറ്റ് ഷെഫ് കൊച്ചര്‍ അദ്ദേഹത്തിന്റെ തനിനിറം കാട്ടിയിരിക്കുകയാണെന്നും ഈ റസ്ട്രന്റ് ബഹിഷ്‌ക്കരിക്കുകയാണ് വേണ്ടതെന്നും ഫേസ്ബുക്കിലും പലരും ആഹ്വാനം ചെയ്തു.