Monday , March   25, 2019
Monday , March   25, 2019

പ്രയാണം ദോക്‌ലാമിനടുത്ത് 

കാലിക്കറ്റ് ടു ഗാങ്‌ടോക് -4 

ആറു മണിക്ക് തന്നെ സോനം ബൂട്ടിയ റെഡി. ഞങ്ങളും തയ്യാർ. ഇനിയങ്ങോട്ട് കഠിനമായ ഹിമാലയൻ പാതയാണ്. ഹിമവാന്റെ മുകൾ തട്ടലേക്കുള്ള കുതിപ്പിൽ ബൊലേറോക്ക് ഒരു കിതപ്പുമില്ല. വഴിയിലൊക്കെ മനുഷ്യന്മാർ വിരളം. ഇടയ്ക്കിടെ ചില ഇടയന്മാരും മറ്റും നടന്നു പോകുന്നത് കാണാം. പട്ടാള വാഹനങ്ങൾ തലങ്ങും വിലങ്ങും കുതിച്ചു പായുന്നു. കോവർ കഴുതകളെയും യാക്കിനെയും പല ഭാഗങ്ങളിലും കാണാം. ഈയിടെ ചൈന കയ്യേറിയ ഇന്ത്യുടെ ദോക് ലാം പ്രദേശം ഇവിടെയടുത്ത് എവിടെയോ ആണ്. മൂന്നു മണിക്കൂർ കൊണ്ട് യുംതാങ്ങ് വാലിയിലും സീറോ പോയന്റിലും എത്തി. നാലു ഭാഗത്തും മഞ്ഞ് മൂടിക്കിടക്കുന്ന മലനിരകൾ മാത്രം. എല്ലാവരും പുറത്തിറങ്ങി. അതിമനോഹരമായ കാഴ്ച. സീറോ പോയന്റിൽ സിവിലിയന്മാർക്കുള്ള റോഡ് അവസാനിച്ചു. ഇനിയങ്ങോട്ട് പട്ടാളക്കാർക്ക് മാത്രമേ പ്രവേശനമുള്ളൂ. അൽപം കൂടി പോയാൽ ചൈനയിൽ എത്താം. തിബത്തൻ സ്ത്രീകൾ നടത്തുന്ന രണ്ടു തട്ടുകടകൾ മാത്രമേയുള്ളൂ അവിടെ. നൂഡിൽസും ഓരോ ചായയും കുടിച്ച് മഞ്ഞിലേക്കിറങ്ങി. ഓക്‌സിജന്റെ കുറവ് കാരണം ചെറിയ അസ്വസ്ഥതകൾ ഉണ്ടെങ്കിലും അത് കാര്യമാക്കാതെ മഞ്ഞിൽ കുറെ നടന്നു. ഒന്നര മണിക്കൂറോളം വശ്യ മനോഹരമായ ഹിമവാന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിച്ചതിന് ശേഷം തിരിച്ച് ഗാങ്‌ട്ടോക്കിലേക്ക് യാത്രയായി .


രാത്രി എട്ടു മണിയോടെ അവിടെയെത്തി. വണ്ടിയിറങ്ങി സോനം ബൂട്ടിയയോട് യാത്ര പറഞ്ഞു. രാഹുലിനെ കുറെ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല. മുവ്വായിരം രൂപ കൊടുക്കേണ്ടേ? ഏതായാലും എം ജി മാർഗിൽ തന്നെയുള്ള ഡെബിറ്റ് കാർഡ് സ്വീകരിക്കുന്ന ഹോട്ടലിൽ മുറിയെടുത്തു. വാടക രണ്ടായിരം രൂപ. മുൻപെടുത്ത ഹോട്ടലിലെ അത്രയൊക്കെ സൗകര്യങ്ങൾ തന്നെയേ ഇവിടെയും ഉള്ളൂ. പക്ഷേ അവിടെ റൂമെടുക്കണമെങ്കിൽ ഗാന്ധിയുടെ ചിത്രമുള്ള നോട്ട് തന്നെ വേണമല്ലോ! നോട്ടു നിരോധനം കൊണ്ട് ഇവിടെയും ഞങ്ങളുടെ കാശു പോയി. രാവിലെ എണീറ്റ് തിരിച്ചു സിലിഗുരിയിലേക്കും അവിടെ നിന്ന് കൊൽക്കത്തയിലേക്കും പോകേണ്ടതാണ്. വേഗം കിടന്നുറങ്ങി.
ഏഴു മണിക്ക് എണീറ്റ് ഫ്രഷായി ഒന്ന് രണ്ടു തവണ വീണ്ടും രാഹുൽ ശർമയെ വിളിച്ചു നോക്കി. ഫോൺ എടുക്കുന്നില്ല. എന്ത് ചെയ്യും. മുവ്വായിരം കിട്ടേണ്ടത് അയാളുടെ ആവശ്യത്തേക്കാളുപരി അത് കൊടുക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നതുകൊണ്ട് പ്രഭാത ഭക്ഷണത്തിന് ശേഷം വീണ്ടും വിളിച്ചു. ഫോൺ എടുത്തു. ഞങ്ങളുടെ ഹോട്ടലിന്റെ പേരും റൂം നമ്പറും പറഞ്ഞു കൊടുത്തു. അൽപം കഴിഞ്ഞ് രാഹുലെത്തി. എടിഎമ്മിലൂടെ രണ്ടായിരം പിൻവലിക്കാം. പക്ഷേ ആ പരിസരത്തുള്ള ഒരു എടിഎമ്മിലും പണമില്ല.  നിങ്ങൾ ഒരു കാര്യം ചെയ്യൂ.. നിങ്ങൾ പൊയ്‌ക്കോ.. നാട്ടിൽ എത്തിയാൽ എന്റെ  ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു തന്നാൽ മതി. കോയീ.. ബാത് നഹീ...ഞങ്ങൾ അന്തം വിട്ടു. ഞാൻ അവന്റെ അക്കൗണ്ട് നമ്പറും വാങ്ങി അയച്ചു തരാം എന്ന വാഗ്ദാനവും നൽകി യാത്ര പറഞ്ഞു പിരിഞ്ഞു. ബസ് സ്റ്റാന്റിലേക്ക് ഒരു കിലോ മീറ്റർ നടക്കണം. ബാഗും തൂക്കി നടത്തം തുടങ്ങി. സിലിഗുരിയിലെക്കുള്ള ബസ്  കിട്ടി.  നാട്ടിൽ ഉള്ള സുഹൃത്തിന് രാഹുലിന്റെ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തു.  മുവ്വായിരം ഇന്ന് തന്നെ അയക്കാൻ പറഞ്ഞു. പക്ഷേ അന്ന് ഞായറാഴ്ചയായിരുന്നു. എല്ലാം അവധിയാണ്. ഹിന്ദിക്കാർ അവരുടെ നാട്ടിലേക്ക് പണമയക്കുന്ന മണി ട്രാൻസ്ഫർ ഷോപ്പിൽ പോയി ഒന്ന് രണ്ടു മണിക്കൂർ കൊണ്ട് പണമയക്കാം എന്ന് അവനേറ്റു. ബസ് ചുരമിറങ്ങുകയാണ്... ഹിമാലയത്തിൽ നിന്നുമിറങ്ങുന്ന കാറ്റും ടീസ്റ്റ റിവറിന്റെ സൗന്ദര്യവും ആസ്വദിച്ച് വീണ്ടും ഹിമഗിരിക്ക് മുകളിൽ എത്തണം എന്നു മനസ്സിൽ കോട്ട കെട്ടിയിരിക്കുമ്പോൾ മൊബൈലിൽ റിംഗ് ടോണായി വെച്ച ഉസ്താദ് മെഹ്ദി ഹസ്സന്റെ 'ഏക് ബസ് തൂ ഹീ നഹീ... മുജ്‌സെ കഫാ ഹോ ബൈതാ...' ശബ്ദിക്കാൻ തുടങ്ങി . രാഹുൽ ശർമയാണ്.. ഫോൺ എടുത്തു. ആപ്കാ തീൻ ഹസാർ റുപയാ മേരാ അക്കൗണ്ട് മേം ആഗയാ..... ശുക്രിയാ .. ഞാനും പറഞ്ഞു ബഹുത് ബഹുത് ശുക്രിയാ....
                                                                            (അവസാനിച്ചു) 

Latest News