Monday , May   20, 2019
Monday , May   20, 2019

ജിസാനിൽ മീഫ കച്ചവടം തകൃതി

സൗദി അറേബ്യയുടെ തെക്കൻ മേഖലയിൽ യെമനുമായി അതിർത്തി പങ്കിടുന്ന  ജിസാനടുത്ത പ്രദേശങ്ങളിലെ കൃഷി, കച്ചവടം, വസ്ത്രധാരണം തുടങ്ങിയ  കാര്യങ്ങൾക്ക് മലബാർ സംസ്‌കാരവുമായി ഏറെ സാമ്യതകളുണ്ട്.
വളർത്തു മൃഗങ്ങൾക്കുള്ള കസബ് എന്ന തീറ്റപ്പുല്ല്, പഴം, മാങ്ങ, വത്തക്ക തുടങ്ങിയ പഴവർഗങ്ങൾ, വഴുതന, വെണ്ട, തക്കാളി , ചുരങ്ങ എന്നീ പച്ചക്കറികൾ, മുലുക്കിയ, ജർജീർ, ബഖൽ പോലുള്ള ഇല വർഗങ്ങൾ തുടങ്ങിയവയുടെ  സീസണനുസരിച്ചുള്ള കൃഷിയിടങ്ങളും അവയുടെ കച്ചവടങ്ങളും ഇവിടെത്തെ പതിവ് കാഴ്ചകളാണ്.


അതേ പോലെ ഒട്ടകങ്ങളെ ഉപയോഗിച്ച് എള്ള്  ആട്ടുന്ന മരച്ചക്കുകൾ (മഅസിറ), കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന അടുക്കളപാത്രങ്ങൾ, കരകൗശല വസ്തുക്കൾ, ഇരുമ്പു കൊണ്ടുള്ള വാതിൽ, കട്ടിൽ, സോഫ, ബെഞ്ച് തുടങ്ങിയവയുടെ നിർമ്മാണ കേന്ദ്രങ്ങളും (മഞ്ചറ) അവയുടെ വിൽപനയും  തകൃതിയായി നടക്കുന്നു.
ജിദ്ദ - ജിസാൻ റൂട്ടിൽ, ജിസാൻ എത്തുന്നതിന്റെ  തൊട്ടുമുമ്പുള്ള പ്രദേശങ്ങളിലെ റോഡിന് ഇരുവശവുമാണ് ഇവ ധാരാളമായി കാണുന്നത്. റമദാൻ സമയമായതിനാൽ ഇത്തരം  കച്ചവട വസ്തുക്കളിലെ പ്രധാന വിൽപന വസ്തുവാണ് മീഫ അല്ലെങ്കിൽ തന്നൂർ എന്ന പേരിൽ അറിയപ്പെടുന്ന  മണ്ണടുപ്പുകൾ. 


ഇവയുടെ നിർമ്മാണ കേന്ദ്രം കണ്ടുപിടിച്ച് ചെന്നപ്പോൾ  മുനിസിപ്പാലിറ്റി പരിശോധകരാണെന്ന് കരുതി അവരൊന്ന് പരുങ്ങിയെങ്കിലും  കാര്യങ്ങൾ മനസ്സിലാക്കിക്കൊടുത്തപ്പോൾ സൗഹൃദത്തിലാകുകയും ഫോട്ടോ എടുക്കാനും നിർമ്മാണ രീതികൾ കാണിച്ച് തരാനും യെമനികളായ ജോലിക്കാർക്ക് സന്തോഷമേ ഉണ്ടായുള്ളൂ. പുറമ്പോക്ക് സ്ഥലങ്ങളിലും മറ്റും താൽക്കാലികമായി ഉണ്ടാക്കിയ ഷെഡുകളിലാണ് ഭൂരിഭാഗം നിർമ്മാണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. യാതൊരുവിധ യന്ത്രത്തിന്റെയും സഹായമില്ലാതെ കേവലം അര മണിക്കൂറിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുന്ന അവരുടെ കൈകടുപ്പവും വൈദഗ്ദ്ധ്യവും അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. (ചൂളയിൽ വെക്കുന്ന സമയം കൂടാതെ) 
അൽ ഹഖു എന്ന അയൽ പ്രദേശത്ത് നിന്നും ശേഖരിക്കുന്ന ശുദ്ധമായ കളിമണ്ണിന് ലോഡിന് 200 റിയാൽ വില നൽകണം. 
കളിമണ്ണും മണലും ആവശ്യമായ വെള്ളവും ചേർത്ത് കാലു കൊണ്ടും കൈ കൊണ്ടും നന്നായി കുഴച്ച് പാകപ്പെടുത്തുകയാണ് ആദ്യ ഘട്ടം.


നിർമ്മിക്കാനുദ്ദേശിക്കുന്ന വസ്തുവിനാവശ്യമായ  മണ്ണ് എടുത്ത് ഉരുട്ടുകയും പ്രാഥമിക രൂപകൽപനക്ക് ശേഷം മരം കൊണ്ടുള്ള ചെറിയ ചട്ടകങ്ങളും കൈകളും ഉപയോഗിച്ച് അകവും പുറവും മിനുസപ്പെടുത്തുന്നതോടെ സാധനം റെഡി. പിന്നീട് വിറക് കഷ്ണങ്ങളും മറ്റു പാഴ്‌വസ്തുക്കളും കത്തിച്ച് ചൂട് തട്ടിക്കുന്നതോടെ നിർമ്മാണം പൂർത്തിയാക്കുന്നു.
കുഴിമന്തി, മാംസം, റൊട്ടി തുടങ്ങിയ അറേബ്യൻ ഭക്ഷണങ്ങൾ നാടൻ രീതിയിൽ പാകം ചെയ്യാനാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. 
സൗകര്യപ്രദമായ സ്ഥലങ്ങളിൽ മണ്ണിൽ കുഴിച്ചിടുകയാണ് പതിവെങ്കിലും ഏത് സ്ഥലത്തേക്കും കൂടെ കൊണ്ടുനടക്കാൻ പാകത്തിൽ തകരത്തിന്റെ ചെറിയ ബർമീലിൽ സുരക്ഷിതമായി ഫിറ്റ് ചെയ്ത മീഫകളും വാങ്ങാൻ കിട്ടും. മൊത്തമായി വാങ്ങുന്നവർക്ക് 40 റിയാലിന്റെ താഴെയേ വില വരികയുള്ളൂ.

Latest News