Monday , May   20, 2019
Monday , May   20, 2019

അലോപ്പതി വാദികൾക്ക് കിട്ടിയ സുവർണാവസരം

നിപ്പാ ഭീതി ഏറെക്കുറെ ഒഴിഞ്ഞതായാണ് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നത്. 16 പേർ മരിച്ചെങ്കിലും അതിനേക്കാൾ ദുരന്തത്തിനു സാധ്യതയുണ്ടായിരുന്നുവെന്നും ചടുലമായ ഇടപെടലുകളിലൂടെ അതു തടയാനായെന്നുമാണ് അവകാശവാദം. അത് ശരിയായിരിക്കാം. ഇക്കാര്യത്തിൽ തങ്ങളുടെ തൊഴിലാണെങ്കിലും അത് കൃത്യമായി ചെയ്തവരെ അഭിനന്ദിക്കണം. ഒപ്പം രക്തസാക്ഷിയായ ഒരു പാവം നഴ്‌സിനെ കേരളം സ്മരിക്കുകയും വേണം.
അതേസമയം, വളരെ നിഷേധാത്മകമായ പല പ്രവണതകളും ഇക്കാലയളവിൽ കേരളം കണ്ടു. പല അലോപ്പതി ഡോക്ടർമാരുടെയും അഹങ്കാരത്തേയും മറ്റു വൈദ്യശാഖകളോടുള്ള അവരുടെ അസഹിഷ്ണുതാപൂർണമായ സമീപനത്തെയുമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. തങ്ങളുടേതൊഴികെ മറ്റെല്ലാ വൈദ്യശാസ്ത്ര ശാഖകളും തട്ടിപ്പാണെന്നു വിശ്വസിക്കുന്ന പല അലോപ്പതി ഡോക്ടർമാരും ഈയവസരം ഭംഗിയായി ഉപയോഗിക്കുകയായിരുന്നു. നിപ്പാക്ക് അലോപ്പതിയിൽ പോലും ഫലപ്രദമായ മരുന്നില്ലെന്നിരിക്കേ, മരുന്നില്ലെന്നു പറഞ്ഞ് മറ്റു ശാഖകളെ ആക്രമിക്കാനുള്ള അവസരമായാണ് പലരും നിപ്പാ കാലഘട്ടത്തെ ഉപയോഗിച്ചത്. 
ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയെല്ലാം അലോപ്പതിയെ പോലെ ഇന്ത്യൻ സർക്കാർ അംഗീകരിച്ച വൈദ്യശാസ്ത്ര ശാഖകളാണ്. എന്നാൽ പല അലോപ്പതി ഡോക്ടർമാർക്കും ശാസ്ത്രമാത്രവാദികൾക്കും അവയെല്ലാം മന്ത്രവാദം പോലെ തട്ടിപ്പാണ്. ഓരോ വൈദ്യശാസ്ത്ര ശാഖക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പല അസുഖങ്ങൾക്കും പല വ്യക്തികളിലും വ്യത്യസ്ത ശാഖകളായിരിക്കും ഗുണം ചെയ്യുക. അത്തരത്തിലുള്ള അനുഭവങ്ങളുള്ള എത്രയോ പേർ ഇവിടെയുണ്ട്. എന്നാൽ ആ അനുഭവങ്ങളെ പോലും തള്ളിക്കളഞ്ഞാണ് എല്ലാം തട്ടിപ്പാണെന്ന പ്രചാരണം. തട്ടിപ്പുകാർ സ്വാഭാവികമായും എല്ലാ മേഖലയിലുമുണ്ടാകും. അലോപ്പതി രംഗത്താണ് തട്ടിപ്പുകാർ ഏറ്റവും കൂടുതലെന്ന് ആർക്കാണറിയാത്തത്?
അലോപ്പതിയുടെ മാഹാത്മ്യത്തെ പറ്റി ഘോരഘോരം പറയുന്നവർ ഉത്തരം പറയേണ്ട നിരവധി ചോദ്യങ്ങളുണ്ട്. എന്നാൽ അവയെയൊന്നും അഭിമുഖീകരിക്കാതെയാണ് മറ്റുള്ളവരെ പഴി ചാരി രക്ഷപ്പെടുന്നത്. ഇത്ര മാത്രം ആശുപത്രികളും ഡോക്ടർമാരും മരുന്നുവിൽപനയും പരിശോധനകളുമെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ട് കേരളം ഇന്ന് രോഗാതുരമായ സമൂഹമായി മാറി എന്നതു തന്നെയാണ് പ്രധാന ചോദ്യം. എല്ലാ മഴക്കാലത്തും നമ്മെ സ്വീകരിക്കുന്നത് വൈവിധ്യമാർന്ന പനികളാണ്. ഇത്തവണ അത് നിപ്പാ പനിയാണെന്നു മാത്രം. ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനത്തെന്ന് അഹങ്കരിക്കുമ്പോഴാണ് പനി വന്നു പോലും നിരവധി പേർ മരിക്കുന്നത്. വർഷം തോറും  മരിക്കുന്നവരിൽ മിക്കവരും അലോപ്പതി ചികിത്സ തേടിയവരാണെന്നതു മറച്ചുവെച്ചാണ് മറ്റു വൈദ്യശാസ്ത്ര ശാഖകളെ ആക്രമിക്കുന്നത്. 
മലയാളിയുടെ ആരോഗ്യത്തെ കുറിച്ചുള്ള വാചാടോപങ്ങൾ നിർത്തി യാഥാർഥ്യ ബോധത്തോടെ വിഷയത്തെ സമീപിക്കുകയാണ് വേണ്ടത്. പ്രാഥമിക ആരോഗ്യരംഗത്ത് ആദ്യകാലത്തുണ്ടായ നേട്ടങ്ങളുടെ ഗുണം കൊയ്തത് സ്വകാര്യ മേഖലയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ കഴുത്തറുപ്പൻ കച്ചവടമായി ആരോഗ്യ മേഖല മാറിക്കഴിഞ്ഞു. പൊതുമേഖലയാകട്ടെ പരിമിതികളിലും ആധുനിക സൗകര്യങ്ങളില്ലാതെയും വീർപ്പുമുട്ടുന്നു. നേരത്തെയുണ്ടായ മാറ്റങ്ങളുടെ ഫലമായി ആയുർദൈർഘ്യ വർധനയുണ്ടായെങ്കിലും രോഗാതുരതയിൽ നമ്മൾ വളരെ മുന്നിൽ തന്നെയാണ്.  ചികിത്സക്കും മരുന്നുകൾക്കുമായി ഏറ്റവുമധികം തുക ചെലവാക്കുന്നതും നമ്മൾ തന്നെ. അവയിൽ വലിയൊരു ഭാഗം അനാവശ്യവും സ്വകാര്യ ആശുപത്രികളും മരുന്നു നിർമാണക്കാരും നടത്തുന്ന കൊള്ളയുമാണ്. അതെല്ലാം നടക്കുന്നത് ഡോക്ടർമാരുടെ ഒത്താശയോടെയാണുതാനും. 
രോഗികളോടുള്ള സമീപനത്തിൽ പൊതുവിൽ അലോപ്പതി ഡോക്ടർമാർ വളരെ മോശം നിലപാടാണ് സ്വീകരിക്കുന്നത്. രോഗിയുടെ പ്രശ്‌നങ്ങൾ വിശദമായി കേൾക്കാൻ പോലും പലർക്കും സമയമില്ല. അതുവഴി രോഗിയുടെ സ്വാഭാവികമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്. ചികിത്സയുടെ കാര്യത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ രോഗിയുടെ അറിവോടും, പങ്കാളിത്തത്തോടും, സ്വതന്ത്രമായ സമ്മതത്തോടും കൂടിയായിരിക്കണം. അതിന് പാകമായ അവസ്ഥയിലല്ല രോഗിയെങ്കിൽ, അടുത്ത കുടുംബാംഗങ്ങളുടെ പങ്കാളിത്തവും സമ്മതവും ഉറപ്പു വരുത്തണം. എന്താണ് രോഗം, നൽകാൻ പോകുന്ന ചികിത്സ എന്തൊക്കെ, തുടർ നടപടികൾ എന്തായിരിക്കും, ഭവിഷ്യത്തുകൾ ഉണ്ടെങ്കിൽ അവയുടെ സാധ്യത എത്രത്തോളം, ചെലവ് എത്രത്തോളം എന്നിവ രോഗി/അടുത്ത ബന്ധുക്കൾ എന്നിവരെ അറിയിക്കണം, രോഗികൾക്കും  ബന്ധുക്കൾക്കും ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകണം. രോഗത്തിന്റെ സ്വഭാവവും രോഗിയുടെ സാമൂഹ്യ-സാമ്പത്തിക-ഗാർഹിക പശ്ചാത്തലവും പരിഗണിച്ച്, ആശുപത്രിയിലോ സമീപ പ്രദേശത്തോ ലഭ്യമായ സാന്ത്വന ചികിത്സയെക്കുറിച്ചും രോഗിയെ/ബന്ധുക്കളെ അറിയിക്കണം. രോഗിക്ക് ലഭിക്കേണ്ട ആദരം, സ്വകാര്യത, മാന്യത- രോഗിയുടെ ശരീരം, ആത്മാഭിമാനം, സ്വകാര്യത ഇവയെല്ലാം ആദരിക്കപ്പെടണം. രോഗം ഏതെങ്കിലും വിധത്തിലുള്ള അയോഗ്യതയായി രോഗിക്ക് തോന്നാനിടയാകരുത്. രോഗത്തിന് ലഭ്യമായ അലോപ്പതി ചികിത്സാവിധികൾക്ക് പുറമെ ലഭ്യമായ മറ്റ് രോഗനിവാരണ മാർഗങ്ങൾ (ആയുർവ്വേദം, ഹോമിയോ, പ്രകൃതി ജീവനം തുടങ്ങിയവ) സംബന്ധിച്ച വിവരവും രോഗികൾക്ക് നൽകണം.  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സൗജന്യ ചികിത്സാ പദ്ധതികൾ, ഇൻഷുറൻസ് സേവനങ്ങൾ, അതത് കാലങ്ങളിൽ സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിക്കുന്ന ഇതര സൗജന്യ ചികിത്സാ പദ്ധതികൾ എന്നിവ സംബന്ധിച്ച് രോഗിയെ/ ബന്ധുക്കളെ ധരിപ്പിക്കണം. തന്നെ ആരാണ് ചികിത്സിക്കുന്നതെന്നും ഡോക്ടറുടെ പേരും അദ്ദേഹത്തിന്റെ സവിശേഷ യോഗ്യതകളും രോഗിക്ക് അറിയാൻ കഴിയണം. ഏതൊരു ഘട്ടത്തിലും ചികിത്സ നിഷേധിക്കാനുള്ള രോഗിയുടെ അവകാശം, മറ്റൊരു ഡോക്ടറേയോ ആശുപത്രിയിലോ ബന്ധപ്പെട്ട് വിദഗ്ദ്ധാഭിപ്രായം തേടാനുള്ള അവകാശം എന്നിവയും രോഗിക്ക് ലഭ്യമാകണം. ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യപ്പെടുന്ന രോഗിക്ക് തന്റെ രോഗം സംബന്ധിച്ച കണ്ടെത്തലുകൾ എന്തൊക്കെ, നൽകപ്പെട്ട ചികിത്സകൾ എന്തൊക്കെ, തുടർ ചികിത്സകൾ, രോഗസാധ്യതകൾ എന്നിവ സംബന്ധിച്ച വ്യക്തമായ റിപ്പോർട്ട് രേഖാമൂലം ലഭിക്കണം.  പരാതികളുണ്ടെങ്കിൽ, ആരുടെ പക്കൽ എപ്രകാരം നൽകണം, അതിന്റെ രഹസ്യ സ്വഭാവം സംരക്ഷിക്കപ്പെടുമോ, പരാതിയിന്മേൽ നടത്തപ്പെട്ട അന്വേഷണം, സ്വീകരിച്ച നടപടികൾ -എന്നിവ സംബന്ധിച്ച വ്യക്തത രോഗിക്ക് ലഭിക്കണം. പരീക്ഷണത്തിലിരിക്കുന്ന മരുന്ന്/ രാസവസ്തുവാണ് രോഗിക്ക് നൽകുന്നതെങ്കിൽ ആ വിവരം മുൻകൂട്ടി വ്യക്തമായും വിശദമായും രോഗിയെ പറഞ്ഞു ബോധ്യപ്പെടുത്തി അനുവാദം രേഖാമൂലം വാങ്ങേണ്ടതുണ്ട്. ഇക്കാര്യങ്ങൾ രോഗിയുടെ അടുത്ത ബന്ധുക്കളും അറിഞ്ഞിരിക്കണം. പരീക്ഷിക്കപ്പെടുന്ന മരുന്നിന്റെ ഗുണദോഷങ്ങൾ, അതുമൂലം രോഗിക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങൾ, നഷ്ടപരിഹാര സാധ്യതകൾ എല്ലാം രോഗിയെ/ബന്ധുക്കളെ രേഖാമൂലം അറിയിച്ചിരിക്കണം. ആശുപത്രിയിലെത്തുന്ന രോഗികൾക്കും അവരുടെ ഉറ്റവർക്കും കാണത്തക്കവിധം ഇക്കാര്യങ്ങൾ ഉൾക്കൊള്ളുന്ന വലിയ പരസ്യ ബോർഡുകൾ ആശുപത്രിയുടെ കവാടത്തിലും വിവരങ്ങൾ നൽകുന്ന ഫ്രണ്ട് ഓഫീസിന്റെ സമീപത്തും സ്ഥാപിക്കേണ്ടതാണ് തുടങ്ങി രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു തന്നെയല്ലേ മറുപടി? രോഗിക്ക് വായിച്ചാൽ മനസ്സിലാകുന്ന രീതിയിൽ മരുന്നുകളുടെ പേരുപോലും എഴുതാനവർ തയ്യാറല്ല എന്നതാണ് യാഥാർത്ഥ്യം. രോഗത്തെ കുറിച്ച് വ്യക്തമായ ചിത്രവും രോഗിക്കോ ബന്ധുക്കൾക്കോ നൽകാറുമില്ല. 
ഒരു രോഗിയെ കിട്ടിയാൽ എങ്ങനെ അവന്റെ പോക്കറ്റ് കാലിയാക്കാം എന്നു ചിന്തിക്കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ സ്വകാര്യ വൈദ്യമേഖല മാറികഴിഞ്ഞിരിക്കുന്നു. അനാവശ്യ ചികിത്സകളും ശസ്ത്രക്രിയകളും പരിശോധനകളും മരുന്നുകളും മുതൽ ശവശരീരത്തെ ചികത്സിക്കൽ വരെ അത് നീളുന്നു. രോഗിക്ക് ഇൻഷുറൻസ് ഉണ്ടെങ്കിൽ പറയാനുമില്ല. മരുന്നു കമ്പനികളാണ് പൊതുവിൽ ആരോഗ്യ മേഖലയെ നിയന്ത്രിക്കുന്നത്. വൻതുക കൊടുത്ത് ഡോക്ടറായി വരുന്നവർ ആ പണം പലിശയടക്കം തിരിച്ചുപിടിക്കാൻ സ്വാഭാവികമായും സംഭവിക്കുന്നതാണ് ഇവിടെ നടക്കുന്നത്. ഇതെല്ലാം ഒറ്റപ്പെട്ട സംഭവമാണെങ്കിൽ മനസ്സിലാക്കാം. എന്നാൽ ഇതാണ് മുഖ്യ പ്രവണത. എന്തെങ്കിലും നൈതികത സൂക്ഷിക്കുന്നവരാണ് ഒറ്റപ്പെട്ട സംഭവം. ഈ നിലയിലെത്തിയ അലോപ്പതി വൈദ്യമേഖലയെ ശരിയാക്കിയെടുക്കാൻ ചെറുവിരൽ പോലും അനക്കാതെയാണ് പല അലോപ്പതി മൗലികവാദികളും മറ്റു വൈദ്യശാസ്ത്ര ശാഖകളെല്ലാം തട്ടിപ്പാണെന്ന പ്രചാരണം നടത്തുന്നത്. അവർക്കു സുവർണാവസരമാണ് നിപ്പാ വൈറസ് നൽകിയത്.  

Latest News