Monday , May   20, 2019
Monday , May   20, 2019

മരിച്ചാൽ എന്നെ മഴ നനയിക്കരുത്

മരിച്ചാൽ എന്നെ മഴ നനയിക്കരുത് എന്ന് പറയുന്നത് കഥയുടെ കുലപതിയാണ്. അക്ഷര ലോകം വന്ദിക്കുന്ന ടി.പത്മനാഭനെന്ന ഈ വയോധികനു ഇത്തരമൊരു അഭിപ്രായം പറയേണ്ടി വന്നത് അദ്ദേഹം കണ്ണൂരിൽ ജീവിക്കുന്നതുകൊണ്ട് മാത്രമാണ്. 
അന്തസ്സോടെ ഇവിടെ ജീവിക്കാനും അന്തസ്സോടെ ഇവിടെ നിന്നു പോകാനും ഏതൊരു പൗരനും അവകാശമുണ്ടെന്നും  ഈ രണ്ടാമത്തെ അവകാശം പലപ്പോഴും കണ്ണൂരിൽ നിഷേധിക്കപ്പെടുന്നുവെന്നും വളരെ വേദനയോടെയാണ് അദ്ദേഹം പറയുന്നത്.
ജീവിച്ചിരിക്കുന്നതിനേക്കാൾ മരിച്ചാൽ ആദരവ് കിട്ടുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ നേരിൽ നല്ല വാക്ക് പറയാത്ത പലരും മരിച്ചാൽ വാനോളം പുകഴ്ത്തും, ദാന ധർമ്മാദികളെക്കുറിച്ച് വാതോരാതെ സംസാരിക്കും. ഏത് മതമായാലും പരലോകത്തേക്കുള്ള യാത്ര അതിന്റേതായ ആദരവോടെയാണ് നിർവഹിക്കുന്നത്. 
എന്നാൽ കണ്ണൂരിലെ പയ്യാമ്പലത്ത് അന്ത്യ യാത്രപോലും അനാദരവും കണ്ടു നിൽക്കുന്നവർക്കു വേദനാജനകവുമാവുമെന്നതാണ് മലയാളത്തിന്റെ പ്രിയ കഥാകാരനെക്കൊണ്ട് ഇത്തരത്തിൽ പറയിപ്പിച്ചത്. 
കണ്ണൂർ ജില്ലയിൽ പല ഗ്രാമപഞ്ചായത്തുകളും നഗര സഭകളും ഇതിനകം അന്തസ്സായി മൃതദേഹം സംസ്‌കരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ സാധാരണക്കാരായ നിരവധി പേർക്കു മാന്യമായ അന്ത്യകർമ്മങ്ങൾക്കു അവസരവും ലഭിക്കുന്നുണ്ട്. എന്നാൽ കേരള ചരിത്രം തന്നെ നിയന്ത്രിച്ച നിരവധി മഹാത്മാത്മക്കൾ അന്ത്യ വിശ്വമം കൊള്ളുന്ന മണ്ണിനരികെ സ്ഥിതി ചെയ്യുന്ന പയ്യാമ്പലം ശ്മശാനത്തിൽ ഒരിക്കലെങ്കിലും പോയവർ മനസ്സിൽ വിങ്ങലോടെ മാത്രമേ മടങ്ങിയിട്ടുണ്ടാവൂ. ഇത് ഉറ്റവരുടെ വിയോഗം സൃഷ്ടിച്ച വേദനയാലാവില്ല. മറിച്ച് ഇവർക്കു ഇത്തരത്തിൽ സംഭവിച്ചുവല്ലോ എന്ന മനഃസ്ഥാപത്തിലാവും. 
കണ്ണൂരിലെ പയ്യാമ്പലം പ്രദേശം ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ സ്ഥലമാണ്. അതുപോലെ കണ്ണൂരിലെ പ്രധാന ശ്മശാനവും ഇവിടെയാണ്. ഈ ശ്മശാനത്തിന്റെ അവസ്ഥ കണ്ട് പ്രവാസി മലയാളികൾ വർഷങ്ങൾക്കു മുമ്പ് ലക്ഷങ്ങളാണ് വൈദ്യുത ശ്മശാന നിർമാണത്തിനായി സംഭാവന നൽകിയത്. 
വൈദ്യുത ശ്മശാനം നിർമിച്ചു. എന്നാൽ അവിടെ വിരലിലെണ്ണാവുന്ന മൃതദേഹങ്ങൾ മാത്രമാണ് ദഹിപ്പിച്ചത്. ഇന്നവിടെ വൈദ്യുത ശ്മശാനത്തിന്റെ ദ്രവിച്ച പുകക്കുഴലും ഏതാനും ഉപകരണങ്ങളും മാത്രമേ ബാക്കിയുള്ളൂ. ഇതിനു നൽകിയ തുകയുടെ സിംഹഭാഗവും എത്തിയത് രാഷ്ട്രീയക്കാരുടെയും ഭരണാധികാരികളുടെയും പോക്കറ്റിലാണെന്നതാണ് യാഥാർഥ്യം. പിന്നീട് പല പല പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടു. ഭരണം മാറി മറിഞ്ഞു. 
എന്നാൽ ഇന്നും ഇവിടെ മൃതദേഹങ്ങൾ നിരന്തരം അപമാനിക്കപ്പെടുകയാണ്. ഇത് ഉറ്റവരുടേതല്ലാത്തതിനാൽ അധികൃതർക്കും കുലക്കമില്ല. പയ്യാമ്പലം ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കാൻ വിറകും ചിരട്ടയും ലഭ്യമല്ലാതായിട്ട് നാളുകളായി. ഉറ്റവരുടെ വിയോഗത്തിന്റെ വേദനയുമായി എത്തുന്നവർ തന്നെ വിറകിനും ചിരട്ടക്കുമായി നെട്ടോട്ടമോടണം. 
ജന്മം നൽകിയ പിതാവിന്റെയോ മാതാവിന്റെയോ ചേതനയറ്റ ശരീരം കോരിച്ചൊരിയുന്ന മഴയത്ത് കിടക്കുന്നത് കാണുമ്പോഴുള്ള വേദന അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാക്കാനാവൂ. നഗരസഭ ഭരിക്കുന്നവർക്കു ഇതൊന്നും വലിയ കാര്യമല്ല. അവർ കിലോമീറ്ററുകൾ നീളുന്ന ഫ്‌ളൈ ഓവറുകളുടെയും നഗരം ഹൈടെക് ആക്കുന്നതിനെക്കുറിച്ചുമുള്ള വലിയ പദ്ധതികളുടെ ആലോചനയിലാണ്. വലിയ പദ്ധതികളുടെ ഗുണം, 'വലിയ തോതിൽ' ലഭിക്കുമെന്നതാണ് പുതിയ രാഷ്ട്രീയ പാഠം. 
കാലവർഷം കനക്കുകയാണ്. പയ്യാമ്പലത്ത് ഇപ്പോഴും മാറ്റമൊന്നുമില്ല. ഇവിടെ മൃതദേഹങ്ങൾ നിരന്തരം മഴ നനയുകയാണ്. പ്രതിപക്ഷ പാർട്ടി പ്രവർത്തകർ കോർപ്പറേഷൻ ആസ്ഥാനത്തേക്കു പ്രതീകാത്മക ശവമഞ്ച യാത്ര വരെ നടത്തി. എന്നിട്ടും അധികൃതരുടെ കണ്ണു തുറന്നില്ല. 
ഒരു പക്ഷേ, ജീവിച്ചിരിക്കുമ്പോൾ ലഭിച്ചിരിക്കാൻ ഇടയില്ലാത്ത മാന്യമായ യാത്ര, മരണത്തിനു ശേഷം ലഭിക്കുകയെന്നത് ഓരോരുത്തരുടെയും അവകാശമാണ്. എല്ലാരുമെത്തുന്നിടം എന്നാണ് കവി ഈ സ്ഥലത്തെക്കുറിച്ച് വിവരിച്ചത്. എല്ലാവരും എന്നെങ്കിലും എത്തേണ്ട ഇടമാണ് ഇതെന്ന ചിന്ത ഭരണാധികാരികൾക്കുണ്ടായിരുന്നുവെങ്കിൽ ടി.പത്മനാഭനു ഇത്തരമൊരു പരാമർശം നടത്തേണ്ടി വരില്ലായിരുന്നു. 
രാഷ്ട്രീയക്കാർക്കു തൊട്ടപ്പുറത്തു മാന്യമായി അന്ത്യയാത്രയയപ്പു ലഭിക്കുന്ന സ്ഥലമുണ്ട്. എന്നാൽ അവരെ നേതാക്കളാക്കുന്ന സാധാരണക്കാരന്റെ അന്ത്യയാത്ര അവന്റെ ജീവിതം പോലെ പരിതാപകരമാവുന്നുവെന്നത് അടങ്ങാത്ത വേദനയാണ്. ഈ വേദന കാണാൻ മലയാളത്തിന്റെ മഹാ കഥാകാരൻ ടി.പത്മനാഭനു കഴിഞ്ഞുവെന്നത് അതിലേറെ പുണ്യം.
 

Latest News