Thursday , April   25, 2019
Thursday , April   25, 2019

കുവൈത്ത് ജഴ്‌സിയില്‍ പ്ലാറ്റീനി

മിഷേല്‍ പ്ലാറ്റീനി ഫ്രഞ്ച് ഫുട്‌ബോളിലെ ഇതിഹാസമാണ്. എന്നാല്‍ പ്ലാറ്റീനി കുവൈത്തിന്റെ ജഴ്‌സിയിട്ടിരുന്ന കാര്യം എത്ര പേര്‍ക്കറിയാം. വിരമിച്ച ശേഷം 1988 ല്‍ കുവൈത്ത് അമീറിന്റെ അഭ്യര്‍ഥന പ്രകാരമാണ് സോവിയറ്റ് യൂനിയനെതിരായ സൗഹൃദ മത്സരത്തില്‍ പ്ലാറ്റീനി കുവൈത്തിന് കളിച്ചത്. രണ്ട് രാജ്യങ്ങള്‍ക്കു വേണ്ടി കളിച്ച അപൂര്‍വം കളിക്കാരിലൊരാളാണ് പ്ലാറ്റീനി. ജന്മം കൊണ്ടും ജീവിതം കൊണ്ടും ഒരു ബന്ധവുമില്ലാത്ത ടീമുകള്‍ക്കായി ഈ ലോകകപ്പില്‍ ജഴ്‌സിയിടുന്ന നിരവധി കളിക്കാരുണ്ട്.
സ്‌പെയിനില്‍ ജനിച്ച ഗോള്‍കീപ്പര്‍, ഫ്രാന്‍സില്‍ ജനിച്ച ഡിഫന്റര്‍, നെതര്‍ലാന്റ്‌സില്‍ പിറന്ന മിഡ്ഫീല്‍ഡര്‍, ബെല്‍ജിയത്തില്‍ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന സ്‌ട്രൈക്കര്‍.. ജഴ്‌സി മൊറോക്കോയുടേതോ സ്വിറ്റ്‌സര്‍ലന്റിന്റേതോ സെനഗലിന്റേതോ. ഇത് ഭാവനയല്ല, പലപ്പോഴും യാഥാര്‍ഥ്യമാണ്. ലോകകപ്പ് കളിക്കുന്ന 32 ടീമുകളില്‍ ഏതാണ്ടെല്ലാത്തിലും വിദേശത്ത് ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന കളിക്കാരുണ്ട്. ഓരോ രാജ്യത്തിന്റെയും ആരാധകര്‍ സ്വന്തം ടീമിനെ പിന്തുണക്കാന്‍ ഏതറ്റം വരെയും പോകുമ്പോള്‍ ഈ കളിക്കാരില്‍ പലര്‍ക്കും അതാത് ജഴ്‌സി ലോകകപ്പില്‍ പങ്കെടുക്കാനുള്ള ഒരു മാര്‍ഗം മാത്രമാണ്. മാതാപിതാക്കളിലൊരാള്‍ ജനിച്ച നാടിന് വേണ്ടി മക്കള്‍ക്കു കളിക്കാം. പല കളിക്കാര്‍ക്കും ഒന്നിലേറെ രാജ്യങ്ങളുടെ പൗരത്വമുണ്ട്. ജൂനിയര്‍ തലത്തില്‍ ഒരു രാജ്യത്തിനു വേണ്ടി കളിച്ച പല കളിക്കാരും സീനിയര്‍ തലത്തില്‍ മറ്റൊരു രാജ്യത്തിനു വേണ്ടി ഇറങ്ങിയിട്ടുണ്ട്. പലപ്പോഴും ലോകകപ്പില്‍ കളിക്കാനുള്ള കളിക്കാരുടെ അദമ്യമായ ആഗ്രഹമാണ് കുടുംബവേരുകള്‍ തേടി രാജ്യം മാറാന്‍ അവരെ പ്രേരിപ്പിക്കുന്നത്. മുന്‍കാലത്ത് പണവും ഒരു സ്വാധീനഘടകമായിരുന്നു. 2006 ലെ ലോകകപ്പിന് മുമ്പ് ബ്രസീലിന്റെ അയ്ല്‍ടനെ വന്‍ തുക നല്‍കി ഖത്തറിന് കളിപ്പിക്കാനുള്ള നീക്കം വിവാദമായതോടെ ഫിഫ ചട്ടങ്ങളില്‍ മാറ്റം വരുത്തി. കൂടുമാറുന്ന കളിക്കാരന് ഏതെങ്കിലും തരത്തില്‍ പുതിയ രാജ്യവുമായി ബന്ധം വേണമെന്ന് അവര്‍ നിഷ്‌കര്‍ശിച്ചു. 
കൂടുമാറിയെത്തിയെത്തുന്ന പല കളിക്കാര്‍ക്കും പുതിയ ടീമിന്റെ ദേശീയ ഗാനം പോലും ആലപിക്കാന്‍ അറിയാത്തത് വിവാദമാവാറുണ്ട്. 1998 ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീം അവരുടെ സങ്കര സംസ്‌കാരത്തിന്റെ ഉത്തമ ഉദാഹരണമാണ്. ആതിഥേയ ടീമിലെ 22 കളിക്കാരില്‍ 14 പേരും ആഫ്രിക്കന്‍ വംശജരായിരുന്നു. അവശേഷിച്ച എട്ടില്‍ വികാസ് ദൊറാസു ഇന്ത്യന്‍ വംശജനാണ്, ഡേവിഡ് ട്രസഗ്വെയുടെ മാതാപിതാക്കള്‍ അര്‍ജന്റീനക്കാരും. മൂന്നു ഗോളിമാരുള്‍പ്പെടെ ആറ് കളിക്കാര്‍ മാത്രമായിരുന്നു വെള്ളക്കാര്‍. മറ്റു രാജ്യങ്ങള്‍ക്ക് കളിക്കാവുന്ന പ്രമുഖ ഫ്രഞ്ച് കളിക്കാരുടെ പട്ടിക നോക്കിയാല്‍ അദ്ഭുതപ്പെടും -ലോറന്റ് കോസിയന്‍ലി (പോളണ്ട്), എറിക് കന്റോണ (ഇറ്റലി/സ്‌പെയിന്‍), റോബര്‍ട് പിറേസ് (പോര്‍ചുഗല്‍/സ്‌പെയിന്‍), ബകരി സായ്‌ന (സെനഗല്‍), സിനദിന്‍ സിദാന്‍, കരീം ബെന്‍സീമ, സാമിര്‍ നസ്‌രി (അള്‍ജീരിയ), യൂറി യോര്‍കായേഫ് (ആര്‍മീനിയ), പാട്രിസ് എവ്‌റ (സെനഗല്‍/ഗ്വിനി/കേപ്‌വെര്‍ദെ), ക്ലോഡ് മകലേലെ (കോംഗൊ), ജസ്റ്റ് ഫൊണ്ടയ്ന്‍ (മൊറോക്കൊ/സ്‌പെയിന്‍), പാടിക് വിയേറ (സെനഗല്‍/കേപ്‌വെര്‍ദെ), ജീന്‍ ടിഗാന (മാലി), മാഴ്‌സെല്‍ ഡിസായി (ഘാന), ലീലിയന്‍ തുറാം, തിയറി ഓണ്‍റി (ഗ്വാദിലോപ്), മിഷേല്‍ പ്ലാറ്റീനി (ഇറ്റലി).
2010 ലെ ലോകകപ്പില്‍ ജെറോം ബൊയതെംഗ് ജര്‍മനിയുടെ ഡിഫന്ററായിരുന്നു. ജര്‍മനിക്കെതിരെ കളിച്ച ഘാനാ ടീമില്‍ സഹോദരന്‍ കെവിന്‍ ബൊയതെംഗ് ഉണ്ടായിരുന്നു. ഈയിടെ തുര്‍ക്കി വംശജരായ ജര്‍മനിയുടെ മെസുത് ഓസിലും ഇല്‍കെ ഗുണ്ടോഗനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനുമായി ഫോട്ടോക്ക് പോസ് ചെയ്തത് ജര്‍മനിയില്‍ വന്‍ വിവാദമായി. ജര്‍മനിയും തുര്‍ക്കിയും ഇപ്പോള്‍ സ്വരച്ചേര്‍ച്ചയിലല്ല. സൗദി അറേബ്യക്കെതിരായ സന്നാഹ മത്സരത്തില്‍ കാണികള്‍ ഓസിലിനെയും ഗുണ്ടോഗാനെയും കൂവി വിളിച്ചു. ഓസിലും സാമി ഖദീറയും ജെറോം ബൊയതെംഗും ജര്‍മന്‍ ദേശീയ ഗാനമാലപിക്കുന്നില്ലെന്ന ആരോപണം നേരത്തെയുണ്ട്. ഒരു കളിക്കാരന്റെ ഹൃദയം രണ്ട് രാജ്യങ്ങള്‍ക്കു വേണ്ടി മിടിക്കുന്നതില്‍ തെറ്റില്ലെന്ന് ജര്‍മന്‍ കോച്ച് ജോക്കിം ലോവ് പ്രഖ്യാപിച്ചു. 
ഇത്തവണ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മൊറോക്കോക്ക് കളിച്ചവരില്‍ 62 ശതമാനവും വിദേശത്ത് ജനിച്ചവരാണ്. ലോകകപ്പ് ചരിത്രത്തിലെ തന്നെ റെക്കോര്‍ഡാണ് ഇത്. ബെല്‍ജിയം ടീമിലെ മര്‍വാന്‍ ഫെലയ്‌നിയും നെതര്‍ലാന്റ്‌സ് ടീമിലെ ഇബ്രാഹിം അഫെലെയും മൊറോക്കോക്കാരാണ്. അതേസമയം മൊറോക്കോയുടെ നായകന്‍ മെഹ്ദി ബെനാതിയ ജനിച്ചത് ഫ്രാന്‍സിലാണ്. 2014 ലെ ലോകകപ്പില്‍ പ്രി ക്വാര്‍ട്ടറിലെത്തിയ അള്‍ജീരിയ ടീമില്‍ ഫ്രാന്‍സില്‍ ജനിച്ച 16 കളിക്കാരുണ്ടായിരുന്നു. രസകരമെന്നു പറയാം, മൊറോക്കൊ നായകന്‍ മെഹ്ദി ബെനാതിയക്ക് വേണമെങ്കില്‍ അള്‍ജീരിയക്കും കളിക്കാം. മാതാവ് അള്‍ജീരിയക്കാരിയാണ്. 2015 ല്‍ നെതര്‍ലാന്റ്‌സിന്റെ ട്രയ്‌നിംഗ് ക്യാമ്പില്‍ നിന്ന് പരിക്ക് അഭിനയിച്ച് പിന്മാറിയാണ് ഹകീം സിയേഷ് മൊറോക്കോയുടെ ക്യാമ്പിലെത്തിയത്. അത് ഗുണം ചെയ്തു. മൊറോക്കൊ ലോകകപ്പ് കളിക്കുന്നു, നെതര്‍ലാന്റ്‌സ് യോഗ്യത നേടിയില്ല. ഇറാനും അമേരിക്കയും മുഖത്തോട് മുഖം നോക്കുന്നില്ലെങ്കിലും ഇറാന്റെ പ്രാഥമിക ടീമില്‍ അമേരിക്കയില്‍ ജനിച്ച ഒരു കളിക്കാരനുണ്ടായിരുന്നു, സ്റ്റീവന്‍ ബെയ്തഷൂര്‍. മെക്‌സിക്കോക്കെതിരായ ഒരു സൗഹൃദ മത്സരത്തില്‍ അമേരിക്കന്‍ ടീമിലുണ്ടായിരുന്നുവെങ്കിലും കളിക്കാതിരുന്നതിനാല്‍ ബെയ്തഷൂറിന് പിന്നീട് ഇറാന്‍ ജഴ്‌സിയിടാനായി. 2014 ലെ ലോകകപ്പില്‍ ഇറാന്‍ ടീമിലുണ്ടായിരുന്നു. 
ഓസ്‌ട്രേലിയയുടെയും സ്വിറ്റ്‌സര്‍ലന്റിന്റെയും ടീമുകളില്‍ പഴയ യൂഗോസ്ലാവ്യയിലെ രാജ്യങ്ങളില്‍ പിറന്ന നിരവധി കളിക്കാരുണ്ട്. സ്വിറ്റ്‌സര്‍ലന്റ് ടീമില്‍ ആ രാജ്യത്ത് ജനിച്ചവര്‍ 37 ശതമാനം മാത്രമാണ്. കോസൊവോ, മാസിഡോണിയ, കാമറൂണ്‍, ബോസ്‌നിയ, ഐവറികോസ്റ്റ്, സ്‌പെയിന്‍, ചിലെ, കേപ്‌വെര്‍ദെ, സുഡാന്‍, കോംഗൊ, നൈജീരിയ എന്നീ രാജ്യങ്ങളുടെ പാരമ്പര്യമുള്ളവരാണ് മറ്റു കളിക്കാര്‍. സ്വീഡന്റെ ഏറ്റവും പ്രശസ്തനായ കളിക്കാരന്‍ സ്ലാറ്റന്‍ ഇബ്രഹിമോവിച്ചിന്റെ പിതാവ് ബോസ്‌നിയക്കാരനും മാതാവ് ക്രൊയേഷ്യക്കാരിയുമാണ്. 
ബ്രസീലില്‍ ജനിച്ച അലക്‌സ് ലോകകപ്പില്‍ ജപ്പാന്റെ കുപ്പായമിട്ടിട്ടുണ്ട്. 1930 ലെ പ്രഥമ ലോകകപ്പില്‍ കളിച്ച പല അര്‍ജന്റീനാ കളിക്കാരും 1934 ലെ ലോകകപ്പില്‍ ഇറ്റലിയുടെ ജഴ്‌സിയിലായിരുന്നു. ഹംഗറിയുടെ ഗാലപ്പിംഗ് മേജര്‍ ഫെറഞ്ച് പുഷ്‌കാസ് ലോകകപ്പില്‍ സ്‌പെയിനിനു വേണ്ടിയും കളിച്ചിട്ടുണ്ട്.