Monday , August   20, 2018
Monday , August   20, 2018

ഇഫ്താര്‍ പാര്‍ട്ടികള്‍ക്കെതിരെ പി.സി. ജോര്‍ജ്; നോമ്പ് തുറ തിരിച്ചുപിടിക്കണം

വീടുകളില്‍ നടന്നുവന്നിരുന്ന നോമ്പ് തുറ സല്‍ക്കാരങ്ങള്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ക്ക് വഴിമാറിയതിനെതിരെ പി.സി.ജോര്‍ജ് എം.എല്‍.എ. ഈ വിയോജിപ്പ് പറയാതിരിക്കാനാവില്ലെന്ന് പറഞ്ഞു കൊണ്ടാണ് മലയാളം ന്യൂസ് കൊണ്ടോട്ടി ലേഖകന്‍ അഷ്‌റഫ് കൊണ്ടോട്ടിയോട് അദ്ദേഹം മനുസ്സു തുറന്നത്. 
മന്ത്രിമാരടക്കമുളളവരുടെ ഇഫ്താറുകളില്‍ പങ്കെടുക്കാറുണ്ട്. പക്ഷേ വീടുകളില്‍ നടക്കുന്ന നോമ്പു തുറ സല്‍ക്കാരങ്ങളാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു.  മഗ്‌രിബ് ബാങ്ക് വിളിച്ചാല്‍ കാരക്ക കൊണ്ട് നോമ്പു തുറന്ന് അല്‍പം പഴങ്ങള്‍ കഴിച്ച് പളളിയില്‍ പോയോ, പ്രത്യേകം സൗകര്യപ്പെടുത്തിയ സ്ഥലങ്ങളിലോ നമസ്‌കരിക്കാറായിരുന്നു പതിവ്. അതു കഴിഞ്ഞാണ് ഭക്ഷണം കഴിക്കാറുള്ളത്. എന്നാല്‍ ഇന്ന് ചില ആളുകളുടെ വിരുന്ന് കണ്ടാല്‍ ഭക്ഷണം കഴിക്കലാണ് ഇഫ്താര്‍ എന്നു തോന്നിപ്പോകും. ഇതിനോട് എനിക്ക് യോജിപ്പില്ല. ഇത്തരത്തിലുളള ഇഫ്താറുകള്‍ രാത്രി എട്ട് മണിക്ക് ശേഷം ആക്കിയാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം. റമദാനെ ഉള്‍ക്കൊളളുന്ന പവിത്രത കാത്തു സൂക്ഷിക്കുന്നവരായിരിക്കണം ഇഫ്താറുകള്‍ ഒരുക്കേണ്ടത്-പി.സി. ജോര്‍ജ് പറഞ്ഞു. 

ഈരാറ്റുപേട്ടയില്‍ ജനിച്ച ഞാന്‍ മുസ്‌ലിം സഹോദരങ്ങളോടൊപ്പമാണ് വളര്‍ന്നത്. ഈരാറ്റുപേട്ടയിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും മുസ്‌ലിം സഹേദരങ്ങളാണ്. ആറ് മഹല്ലുകളിലായി 52 പളളികളുണ്ട്. മറ്റു മതസ്ഥരുടെ ദേവാലയങ്ങളില്‍നിന്ന് മുസ്‌ലിം പളളികള്‍ വ്യത്യസ്തമാണ്. അഞ്ചു വഖ്തിലെ നമസ്‌കാരം വഴി പളളികള്‍ എപ്പോഴും സജീവമാണ് എന്നതു തന്നെയാണ് കാരണം. നോമ്പ് കാലമായാല്‍ പളളികള്‍ കുടുതല്‍ ആളുകളോടെ ഭക്തി നിര്‍ഭരമാകും.
മുസ്‌ലിം സഹോദരങ്ങളുടെ ഇടയില്‍ ജീവിക്കുന്നയാളായതിനാല്‍ മുഹമ്മദ് നബിയെക്കുറിച്ചും പരിശുദ്ധ ഖുര്‍ആനിനെക്കുറിച്ചും ഏറെ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഭക്ഷണം കിട്ടാത്തവന്റെ അവസ്ഥ കൂടി മനുഷ്യന് പഠിക്കാനാണ് അല്ലാഹു നോമ്പ് കല്‍പിച്ചത്. ഞാന്‍ സ്ഥിരമായി സിഗരറ്റ് വലിക്കുന്ന ആളാണ്. തുടര്‍ച്ചയായി വലിക്കും. എന്നാല്‍ നോമ്പ് കാലത്ത് സിഗരറ്റ് വലി കുറയും. കാരണം എന്റെ സഹോദരങ്ങളെല്ലാം നോമ്പുകാരാണ്. അവരുടെ മുമ്പില്‍ ഇന്നുവരെ സിഗരറ്റു വലിച്ചു കൊണ്ടോ ഭക്ഷണം കഴിച്ചു കൊണ്ടോ നോമ്പ് കാലത്ത് നിന്നിട്ടില്ല. എന്റെ വീടിനടുത്തുളള ചേന്നാട് കവലയില്‍ വെച്ച് ഞാന്‍ സിഗരറ്റ് വലിക്കാത്ത മാസം റമദാനാണ്.
വീടിന് സമീപത്തെ പുത്തന്‍ വീട്ടിലെത്തിയാല്‍ ബഷീര്‍, ജലാല്‍ എന്നിവരോടൊപ്പമായിരുന്നു നോമ്പുതുറ. ഉമ്മമാര്‍ നോമ്പെടുത്ത് ഉണ്ടാക്കി തരുന്ന ഒറോട്ടിയുടേയും  കോഴിക്കറിയുടേയും ഉലുവാ കഞ്ഞിയുടേയമൊക്കെ രുചി മരണം വരെ നാവിന്‍ തുമ്പില്‍നിന്ന് പോവില്ല. നോമ്പ് തുറക്കാന്‍ മഗ്‌രിബ് ബാങ്ക് വിളി കേള്‍ക്കാന്‍ കാത്തിരിക്കുന്ന നിമിഷമൊക്കെയാണ് ജീവിതത്തിലെ ധന്യമായ മുഹൂര്‍ത്തങ്ങള്‍. പൊതുപ്രവര്‍ത്തകനെന്ന നിലയിലും നാട്ടുകാരനെന്ന നിലയിലും എന്നെ നോമ്പ് കാലത്തും അല്ലാത്തപ്പോഴും മുസ്‌ലിം സഹോദരങ്ങള്‍ അവരിലെ ഒരാളായി കണക്കാക്കാറുണ്ട്.
30 ദിവസത്തെ വ്രതം, പാവപ്പെട്ടവനെ സഹായിക്കുന്ന സക്കാത്ത്, ലോക സമാധനത്തിന് വേണ്ടിയുളള പ്രാര്‍ഥന, അഞ്ചു നേരത്തെ നിസ്‌കാരം ഇങ്ങിനെ മനുഷ്യനെ മനുഷ്യനായി കണാന്‍ പ്രാപ്തമാക്കുന്ന ഏക മതമാണ് ഇസ്‌ലാം എന്ന് എനിക്ക് തേന്നിയിട്ടുണ്ട്. 
പ്രവാചകന്‍ സ്വത്തില്‍ നിന്നും സ്വര്‍ണത്തില്‍ നിന്നുമൊക്കെ ഒരു വിഹിതം സക്കാത്തായി നല്‍കാന്‍ കല്‍പ്പിക്കുന്നത് എത്ര മഹത്തരമാണ്. ഇതുകൊണ്ടാണ് ഞാന്‍ പ്രവാചകന്‍ മുഹമ്മദ് നബിയേയും മുസ്‌ലിം സഹോദരങ്ങളേയും സ്‌നേഹിക്കുന്നത്. എല്ലാ മതത്തിലും നന്മയുണ്ട്. തന്റെ അയല്‍വാസി അവന്‍ ഏതു മത വിഭാഗത്തില്‍ പെട്ടവനായാലും പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നവന്‍ മുസ്‌ലിമല്ല എന്ന നബിയുടെ വചനം ലോകത്തിന് മാതൃകയാണ്-പി.സി.ജോര്‍ജ് പറഞ്ഞു. 

Latest News