Monday , January   21, 2019
Monday , January   21, 2019

പ്രണബ് മുഖർജിയുടെ മാനസാന്തരം

പ്രണബ് മുഖർജിയെ ആർ.എസ്.എസ് മേധാവി  മോഹൻഭാഗവത്  സ്വീകരിക്കുന്നു

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആർ.എസ്.എസ് ആസ്ഥാനത്തേക്കുള്ള 'തീർഥയാത്ര' ഏറെ വിവാദങ്ങൾ സൃഷ്ടിക്കപ്പെട്ടത് പ്രതീക്ഷിതം തന്നെ. നാഗ്പൂരിലേക്കുള്ള യാത്രയുടെ പരിണതഫലം എന്തായിരിക്കുമെന്നതിനെപ്പറ്റി ഏറ്റവും മികച്ച പ്രവചനം ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ ഭാഗവതിന്റേതു തന്നെ.
'സംഘ് സംഘായിത്തന്നെ തുടരും, പ്രണബ് മുഖർജി പ്രണബ് മുഖർജിയായും'. ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായിരുന്ന സ്വന്തം അച്ഛനെപ്പറ്റി കോൺഗ്രസ് നേതാവു കൂടിയായ മകൾ ശർമിഷ്ട മുഖർജി നടത്തിയ മുൻകൂട്ടിയുള്ള പ്രവചനവും അവഗണിക്കാനാവാത്തതാണ്. 'അച്ഛൻ നാഗ്പൂരിൽ പറയുന്നത് വിസ്മരിക്കപ്പെടും, എന്നാൽ അതിന്റെ ചിത്രങ്ങൾ ചരിത്രത്തിൽ വിലയിരുത്തപ്പെടും.'.
മകൾ മുൻകൂട്ടി പറഞ്ഞത് പോലെ സംഭവിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ ആർഎസ്എസ് നേതാക്കൾക്കൊപ്പം പ്രചരിപ്പിക്കപ്പെടുന്ന ചിത്രങ്ങൾ മകളുടെ ഈ മുന്നറിയിപ്പുകളുടെ സാധൂകരണമായി ഇതിനകം വ്യാഖ്യാനിക്കപ്പെട്ടുകഴിഞ്ഞു. ആർ.എസ്.എസിന്റെ തെരഞ്ഞെടുക്കപ്പെട്ട സ്വയം സേവകർ അവരുടെ ആസ്ഥാനത്ത് മൂന്ന് വർഷങ്ങളായി പരിശീലനം പൂർത്തിയാക്കി 'രാഷ്ട്രസേവന'ത്തിനായി പുറത്തിറങ്ങുന്ന പ്രതിവർഷ ചടങ്ങിൽ പങ്കെടുക്കാനാണ് പ്രണബ് അവരുടെ ക്ഷണം സ്വീകരിച്ച് നാഗ്പൂരിലെത്തിയത്. ഒരു പതിവുചടങ്ങിന് അസാധാരണ പ്രാധാന്യം നേടിക്കൊടുക്കുന്നതിനും അതിന് ദൃശ്യമാധ്യമങ്ങളടക്കം മാധ്യമങ്ങളിൽ അസാമാന്യ പ്രചാരണം ലഭ്യമാക്കുന്നതിനും അതുവഴി തീവ്രഹിന്ദുത്വത്തിൽ അധിഷ്ഠിതമായ ഒരു അർധ സൈനിക സമാന്തരസേനക്ക് മാന്യത നേടിക്കൊടുക്കുന്നതിനും ഒരു ഉപകരണമായി മാറുക എന്നതിൽ കവിഞ്ഞ് യാതൊരു നേട്ടവും കൈവരിക്കാൻ മുൻ രാഷ്ട്രപതിയുടെ നാഗ്പൂർ സന്ദർശനത്തിന് കഴിഞ്ഞുവോ എന്ന് ചരിത്രം തന്നെ വിലയിരുത്തട്ടെ. 
എന്നാൽ താൻ വെച്ചുപുലർത്തിയിരുന്നതും കൈവരിക്കാൻ കഴിയാതെ പോയതുമായ പ്രധാനമന്ത്രിപദ സാക്ഷാൽക്കാരത്തിലേക്കുള്ള കുറുക്കുവഴി തേടലായിരുന്നു പ്രണബിന്റെ നാഗ്പൂർ തീർഥയാത്രാ ലക്ഷ്യമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലിനെ അപ്പാടെ തള്ളിക്കളയാനുമാവില്ല.
പ്രണബ് മുഖർജിയുടെ നാഗ്പൂർ പ്രസംഗം ആർ.എസ്.എസിനുനേരെ തിരിച്ചുപിടിച്ച കണ്ണാടിയാണെന്നും മറ്റുമുള്ള കോൺഗ്രസിന്റെ ഔദ്യോഗിക വക്താവിന്റെ പ്രതികരണം സ്വയം ആശ്വസിക്കാനുള്ള ആ പാർട്ടിയുടെ ശ്രമമായി മാത്രമേ കണക്കാക്കാനാവൂ. അതിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്ന എത്ര കോൺഗ്രസുകാരുണ്ടെന്ന് അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗമെങ്കിലും അവലംബിച്ചുപോരുന്ന മൃദുഹിന്ദുത്വവാദവുമായി പൊരുത്തപ്പെട്ടുപോകുന്നതാണ് പ്രണബിന്റെ വാക്കുകൾ എന്നതിലായിരിക്കാം അത്തരക്കാർ ആശ്വാസം കണ്ടെത്തുന്നത്. 
തന്റെ പ്രസംഗത്തിൽ പ്രണബ് മുഖർജി ഇന്ത്യാ ചരിത്രത്തെത്തന്നെ ഹ്രസ്വമായി വിലയിരുത്താൻ ശ്രമം നടത്തിയിരുന്നു. ഭരണഘടനയേയും അത് വിഭാവനം ചെയ്യുന്ന സാമൂഹ്യസാമ്പത്തിക പരിവർത്തനത്തേയും അതിൽനിന്ന് ആവിർഭവിക്കുന്ന ദേശം, ദേശീയത, ദേശീയാവബോധം എന്നിവയെപ്പറ്റിയെല്ലാം അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമർശിക്കുന്നുണ്ട്. മത, വംശ, വർഗ, വർണ, ജാതി വ്യത്യാസങ്ങൾക്ക് അതീതമായ ഭരണഘടനാധിഷ്ഠിതമായ ഇന്ത്യൻ ദേശീയ വികാരത്തെയും അത് പ്രകീർത്തിക്കുന്നു. ആ പ്രഭാഷണത്തിന്റെ നയതന്ത്രജ്ഞതയ്ക്കും പ്രസന്നതയ്ക്കും അപ്പുറം താൻ പങ്കിടുന്ന വേദിയും താൻ അഭിസംബോധന ചെയ്യുന്ന പ്രസ്ഥാനം അത്തരം മഹത്തായ ആശയങ്ങൾക്കുനേരെ ഉയർത്തുന്ന കടുത്ത വെല്ലുവിളിയും തുറന്നുകാട്ടാൻ പ്രണബ് മുഖർജി അറച്ചുനിൽക്കുന്നതായാണ് അനുഭവപ്പെടുന്നത്. ബ്രിട്ടീഷ് കോളനിവാഴ്ചയുടെ ഇരുന്നൂറ് വർഷത്തിന്റെ തുടക്കത്തെ 'വാണിജ്യ കമ്പനി'യുടെ വരവായി വിലയിരുത്തുന്ന പ്രണബിന്റെ ചരിത്രാവലോകനം 600 വർഷത്തെ മുസ്‌ലിം ഭരണത്തെ 'മുസ്‌ലിം ആക്രമണകാരി'കളുടെ വരവായി വിവരിക്കുന്നത് തികച്ചും യാദൃച്ഛികമായി ആരും കരുതുമെന്നു തോന്നുന്നില്ല.
ഒരുപക്ഷെ ആർ.എസ്.എസ് ആസ്ഥാനത്തേക്കുള്ള പ്രണബ് മുഖർജിയുടെ വരവിനെ തീർഥാടനമാക്കി മാറ്റിയത് ആ അർധ സൈനിക സംഘടനയുടെ സ്ഥാപകൻ കെ.ബി ഹെഡ്‌ഗെവാറിന്റെ സ്മൃതി മന്ദിറിലേക്കുള്ള യാത്രയാണ്. അവിടെ സന്ദർശകർക്കായി സൂക്ഷിച്ചിട്ടുള്ള പുസ്തകത്തിൽ ഹെഡ്‌ഗെവാറിനെ 'ഭാരതമാതാവിന്റെ മഹാനായ പുത്രൻ' എന്നാണ് പ്രണബ് പ്രകീർത്തിച്ചത്. അതാണ് ഒരുപക്ഷെ പ്രണബ് മുഖർജി തന്റെ പ്രഭാഷണത്തിൽ പറഞ്ഞ കാര്യങ്ങളും ഓർമപുസ്തകത്തിൽ രേഖപ്പെടുത്തിയ പ്രകീർത്തനവും തമ്മിലുള്ള ഏറ്റവും കടുത്ത വൈരുധ്യം തുറന്നുകാട്ടുന്നത്. ഇതേ ഹെഡ്‌ഗെവാർ തന്നെയാണ് ഭാരതമാതാവിനെ ആദരിക്കാത്ത മുസ്‌ലിംകളെ 'യവനസർപ്പങ്ങളെ'പോലെ സംശയത്തോടെ നിരീക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത ആർ.എസ്.എസിന്റെ പ്രഥമ സർസംഘ്ചാലക്. പ്രണബ് മുഖർജി പ്രകീർത്തിച്ച, ഹെഡ്‌ഗെവാർ രൂപം നൽകിയ ആർഎസ്എസാണ് ഗാന്ധിജി, നെഹ്‌റു, പട്ടേൽ, രാജഗോപാലാചാരി, സരോജിനി നായിഡു തുടങ്ങി അതുല്യരായ ഇന്ത്യക്കാർ ഉയർത്തിപ്പിടിച്ച ആശയങ്ങളെയും അവർ വിഭാവനം ചെയ്ത മതനിരപേക്ഷ രാഷ്ട്രത്തിന്റെയും അടിത്തറയുമിളക്കാൻ അതിന്റെ ചരിത്രത്തിലുടനീളം യത്‌നിച്ചുപോരുന്നത്. 

Latest News