Monday , January   21, 2019
Monday , January   21, 2019

ഹ്രസ്വവും ദീർഘവും പന്മനയും

ഒരു തരത്തിൽ പറഞ്ഞാൽ പന്മന രാമചന്ദ്രൻ നായർക്ക് ഖേദത്തിനോ പരാതിക്കോ ഇടമുണ്ടായില്ല. വേർപെട്ട് രണ്ടു നാൾക്കുള്ളിൽ അദ്ദേഹത്തെപ്പറ്റി  ഏഴു ലേഖനങ്ങൾ ഞാൻ വായിക്കുന്ന മലയാളപത്രത്തിൽ കണ്ടു. മലയാളത്തിന്റെ ഗുരു എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ഗുരുക്കളുടെ എണ്ണം കൂടുകയാണോ, ശിഷ്യന്മാരെക്കാൾ എന്ന് അദ്ദേഹം ചിരി അമർത്തിക്കൊണ്ട് ചോദിക്കുമായിരുന്നിരിക്കും.  
ശാസ്ത്രികളുടെയും ശിരോമണികളുടെയും വിദ്വാന്മാരുടെയും മഹോപാധ്യായകളുടെയും ബിരുദയോഗ്യതകൾ പ്രചാരത്തിലിരുന്ന കാലത്ത് സംസ്‌കൃതം പഠിച്ച് മലയാളം എം എ വിശിഷ്ടമായി ജയിച്ച ആളായിരുന്നു പന്മന.  ജീവിതത്തെപ്പറ്റിയും മരണത്തെപ്പറ്റിയും വി കെ ഗോവിന്ദൻ നായർ എഴുതിയ പഴയ മട്ടിലുള്ള ഹാസ്യശ്ലോകം അദ്ദേഹത്തിന് ഇഷ്ടപ്പെടും. മരണത്തിൽ പരിഹാസം ചാലിക്കുന്ന ആ വരികൾ ഇവിടെ ചേർക്കട്ടെ.

തങ്ങാർക്കും തണലാർക്കുമില്ല മരണം സാധാരണം താന്തനായ്
മങ്ങിച്ചുങ്ങിയുറങ്ങുവോർക്കിഹ തിരോധാനം സമാധാനദം
തേങ്ങാം പ്രേയസി മക്കളൊത്തഥ, സുഹൃദ് രത്‌നങ്ങളും മൂകരായ്
നീങ്ങാം പട്ടടയോളം'ഒന്നിനി കുളിക്കാൻ നോക്കുകെല്ലാവരും.'

അത്രയേ ഉള്ളു.  അതുവരെ കേട്ടിരുന്ന പ്രശംസകളും പല്ലവികളും അവിടെ തീരുന്നു എന്നാണ് വി കെ ജിയുടെ മതം.  അതറിയുന്ന ആളായിരുന്നു പന്മന. രാഷ്ട്രീയനേതാക്കൾക്കും താരശോഭയുള്ളവർക്കും ആചാരമായി കിട്ടാറുള്ള അനുശോചനങ്ങളും സ്തുതികളും വെടിവഴിപാടുകളും  വരിഷ്ഠനായ ഒരു മലയാളം അധ്യാപകനും കിട്ടിയപ്പോൾ അദ്ദേഹം രസിച്ചുകാണും. മുഖ്യമന്ത്രി പോലും അന്ത്യയാത്രയിൽ ആദരമർപ്പിക്കാൻ എത്തിയിരുന്നു. ഉക്തിവൈചിത്ര്യങ്ങളുടെ സ്വരവും രാഗവും എപ്പോഴും മൂളിനോക്കിക്കൊണ്ടിരുന്ന പന്മന നമ്മുടെ അനുശോചനങ്ങളുടെ പഴകിയ മണത്തെപ്പറ്റി എന്തു പറയുമായിരുന്നോ ആവോ? മരണത്തിലും വിജയത്തിലും അത്യുക്തിയാണ് മലയാളിക്ക് പഥ്യം. ഓരോ ആളും യാത്രയാകുമ്പോൾ ഒഴുക്കിവിടുന്ന വാക്കുകൾ കേട്ടാൽ ഇതുപോലൊരാൾ ഇന്നുവരെയോ ഇനിയോ ഉണ്ടാവില്ലെന്നു വിചാരിച്ചുപോകും.  വാസ്തവത്തിൽ നമ്മൾ നടിക്കുന്ന ആ ആദരം പലപ്പോഴും, വാക്കുകളിൽ നുരയുന്ന പുളിയും അതിശയവും കാരണം, നാട്യമായേ തോന്നൂ. നമ്മളറിയാതെ നമ്മുടെ അതിശയപദങ്ങളിൽ കയറിക്കൂടുന്ന അവാസ്തവികത ഹാസ്യമോ വൈരസ്യമോ ജനിപ്പിക്കുന്നു.  മരണത്തിൽ ഉണ്ടാവേണ്ടതല്ല ആ ഭാവം. എന്തോ, മരണം നേരിടുമ്പോൾ നമ്മുടെ സത്യസന്ധത പമ്പയും ഭാരതപ്പുഴയും കടന്നുപോകുന്നു. 
മരണത്തിൽ എല്ലാവരും തുല്യരാണെന്നു പറഞ്ഞും കേട്ടും ശീലിച്ചവരാണ് നമ്മൾ. അതും ബെർണാർഡ് ഷാ തിരുത്തി.  ഓരോ ആളും വിട്ടുപോകുമ്പോഴാണ് പരേതനുവേണ്ടി നമ്മൾ അതിശയവചനത്തിന്റെ പുതിയ ചക്രവാളങ്ങൾ വെട്ടിപ്പിടിക്കുക.  മര്യാദയോടെ നേര് പറഞ്ഞ് അനുശോചനവും അനുസ്മരണവും നടത്തുന്നവർ നന്നേ കുറയും. മരിച്ചു കഴിഞ്ഞാൽ, പോൾ പോട്ടിനെയും ചൗഷെസ്‌ക്യുവിനെയും സ്റ്റാലിനെയും ഹിറ്റ്‌ലറെയും  പറ്റി നല്ലതേ നമുക്ക് മനസ്സിൽ വരൂ. മറിച്ചൊരു മട്ടിൽ പ്രതികരിക്കണമെങ്കിൽ ദ എക്കോണോമിസ്റ്റ് എന്ന ആംഗല വാരിക വേണം. 'നികത്താനാവാത്ത നഷ്ട'വും 'ഞെട്ട'ലും അതിൽ കാണില്ല. കാണുന്നുവെങ്കിൽ നമ്മൾ ശരിക്കും ഞെട്ടിപ്പോകും.  ആർ. ശങ്കർ മരിച്ചപ്പോൾ ആകാശവാണിക്കു വേണ്ടി അനുശോചനം ശേഖരിക്കാൻ ഇറങ്ങിയതോർക്കുന്നു. കോഴിക്കോട്ട് മാതൃഭൂമിയുടെ എഡിറ്റർ ആയിരുന്ന എ. പി ഉദയഭാനുവിനെ സമീപിച്ചു. ശങ്കറിനെപ്പറ്റി ആകാശവാണിക്ക് അക്കാലത്ത് പ്രക്ഷേപണം ചെയ്യാവുന്നതൊന്നും തനിക്കു പറയാനില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.  മരണം മനുഷ്യനെ അസത്യവാദി ആക്കാത്ത അവസരം അതായിരുന്നു. 
ആയുഷ്‌ക്കാലം മുഴുവൻ മലയാളം ശുദ്ധീകരിക്കാൻ ശ്രമിച്ച ആചാര്യനായിരുന്നു പന്മന.  അമ്മ എന്ന അക്ഷരത്തോടൊപ്പം ഉച്ചരിച്ചു ശീലിച്ച വാക്കുകളിൽ കടന്നു കയറുന്ന പാഴും പിഴവും ഒഴിവാക്കാനുള്ള സമരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.  തെറ്റും ശരിയും, തെറ്റില്ലാത്ത മലയാളം തുടങ്ങിയ കൊച്ചുപുസ്തകങ്ങൾ സാധാരണക്കാരന്റയും പണ്ഡിതന്മാരുടെയും ശൈലീനിഘണ്ടുവായി. വാക്യഘടനയിലോ അക്ഷരശുദ്ധിയിലോ ശ്രദ്ധിക്കാത്തതിന് ശാസനയും ശിക്ഷയും നിലവിലിരുന്ന കാലത്ത് ഉപപത്രാധിപന്മാർക്ക് ഒരു ലേഖനസഹായി ആയിരുന്നു അദ്ദേഹത്തിന്റെ കൃതികൾ. 
ഞാൻ ഇന്ത്യാ ടുഡേയിൽ ജോലി ചെയ്തിരുന്ന കാലത്ത് പരിചയപെട്ടതാണ് പന്മനയെ. അദ്ദേഹത്തിന്റെ ഭാഷാസംരംഭങ്ങളെ.  കൂടെക്കൂടെ ഉയർന്നുവന്നിരുന്ന ചെറിയ വലിയ സംശയങ്ങൾ അദ്ദേഹത്തോട് ചോദിച്ചുനോക്കിയിരുന്നു. അക്ഷരം തെറ്റിക്കുന്നതിൽ മുതിർന്ന പണ്ഡിതന്മാർ കാണിക്കുന്ന ശുഷ്‌കാന്തി അദ്ദേഹം എടുത്തു കാട്ടി.  കേരളത്തിലെ ചുമരായ ചുമരിലെല്ലാം വരച്ചുവെച്ച ഒരു വാക്കുണ്ടായിരുന്നു- ചാന്ത് പൊട്ട്. അതു തെറ്റാണെന്നു മനസ്സിലാക്കാൻ പന്മന ആരെയൊക്കെയോ വിളിച്ചു. എന്നിട്ടും ചാന്ത് പൊട്ടിക്കൊണ്ടേ പോയി.  മലയാളത്തിന്റെ മേന്മയും പഴമയും പാടിക്കൊണ്ടുനടക്കുമ്പോഴും ആ നാലക്ഷരം പോലും ശരിക്കെഴുതാൻ പറ്റാത്തവരല്ലേ നമ്മൾ എന്ന് പന്മന പരിതപിച്ചു. 
പിന്നെ അദ്ദേഹം വിശദീകരിച്ചു.  ചാന്തുകൊണ്ടുള്ള പൊട്ട് ആണ് ചാന്തുപൊട്ട്.  ഒന്നായി നിൽക്കുന്ന ആ വാക്കിനെ രണ്ടായി പിളർത്തിയാൽ അതിന്റെ അഴകും അർഥവും അഴുകിപ്പോകും.  അതു തന്നെ നടന്നു. സംവൃതോകാരത്തിന്റെയും വിവൃതോകാരത്തിന്റെയും വ്യാകരണം പഠിപ്പിക്കാൻ പന്മന നടത്തിയ ശ്രമമൊക്കെ ആരും ഓർക്കാത്ത സാഹിത്യചരിത്രത്തിന്റെ ഭാഗമായി.  നിരന്തരം അദ്ദേഹം അനുഷ്ഠിച്ച ആ ശുദ്ധീകരണയാഗത്തിനുശേഷവും പഴയ സംശയങ്ങൾ പലതും പത്തി പൊക്കി ഇഴഞ്ഞുകൊണ്ടിരുന്നു. അവശേഷിക്കുന്ന രണ്ടെണ്ണം പറയാം. 
ഹ്രസ്വം എവിടെ ആകാം?  ദീർഘം എവിടെ? 'എന്റെയും പന്മനയുടേയും വിലാസം രണ്ടല്ല' എന്നെഴുതുമ്പോൾ ഹ്രസ്വവും ദീർഘവും വേണോ, ഹ്രസ്വവും ഹ്രസ്വവും ആകണമോ, അതൊ എല്ലാം ദീർഘമോ? കാര്യം നിസ്സാരമാണെങ്കിലും പന്മനക്കു പോലും തീർക്കാൻ വയ്യാത്തതായിരുന്നു ഈ പദപ്രശ്‌നം. എങ്ങനെയായാലും അർഥം ഒന്നല്ലേ എന്ന ചോദ്യം വരും.  അതൊന്നു കടുപ്പിക്കാൻ വേണ്ടി അപ്പത്തിന്റെയും കുഴിയുടെയും എണ്ണവും എടുത്തിടും. വാശിയുള്ളവർ ഒരേ വാക്യത്തിൽ ഹ്രസ്വവും ദീർഘവും മാറി മാറി ഉപയോഗിക്കാമെന്നു വരെ വാദിച്ചുകളയും. എന്നാലും പഴമയും മേന്മയുമൊക്കെയുള്ള ഭാഷയിലെ അക്ഷരജാലത്തിനും ആജ്ഞാവാക്യങ്ങൾക്കും ഒരു ചട്ടവും ചിട്ടയും വേണ്ടേ?  തനിക്കാവുന്ന മട്ടിൽ പന്മന പറഞ്ഞുനോക്കി. പോയി. 
ഒരു പക്ഷേ പണ്ഡിതന്മാർ പറഞ്ഞേക്കും, 'ഇതൊക്കെ കൊച്ചുകൊച്ചു കാര്യങ്ങൾ, നമുക്ക് സംസാരിക്കേണ്ടത് സാഹിത്യത്തിന്റെയും ആശയത്തിന്റെയും വിഷയഗഹനതകൾ.' മലയാളം മുൻഷിയുടെ കൃത്യതയോടെ, സത്യസന്ധതയോടെ, പന്മന പ്രാഥമികമെന്നു തോന്നാവുന്ന അക്ഷരപ്രശ്‌നങ്ങൾ അവതരിപ്പിച്ചുകൊണ്ടേ പോയി എന്നു മാത്രം.  അതിനിടെ ഭഗവദ്ഗീതയും നളചരിതവും കഥകളിപ്പദവും അദ്ദേഹം ചർച്ച ചെയ്തു. നളചരിതത്തിന് വ്യാഖ്യാനമെഴുതിയപ്പോൾ ഇരിഞ്ഞാലക്കുടക്കാരൻ ഉണ്ണായി വാര്യർക്ക് അരങ്ങത്ത് സ്ഥാനം കൊടുക്കാൻ മടിച്ച ചിലരുടെ വാദമുഖങ്ങൾ പന്മന വെട്ടി മുറിച്ചു. യുധിഷ്ഠിരന്റെ ദുഃഖം കുറക്കാൻ മാർക്കണ്ഡേയമുനി പറഞ്ഞുകൊടുത്തതാണ് നളന്റെ കഥ.  വ്യാസനിൽനിന്ന് ഹർഷൻ വഴി ഉണ്ണായിയിലെത്തിയ നളോപാഖ്യാനം സാഹിത്യഭംഗി തികഞ്ഞ രചന തന്നെ. അതിൽ പ്രത്യക്ഷപ്പെടുന്ന കലി ആണ് എന്റെ ഇഷ്ടകഥാപാത്രം. 
അഹങ്കാരവും ദൗഷ്ട്യവും രൂപമില്ലാത്ത തിന്മയായി അവതരിക്കുന്ന കലിയുടെ വാക്കും നോക്കും പന്മന വ്യാഖ്യാനിച്ചു കണ്ടപ്പോഴേ എനിക്കു മനസ്സിലായുള്ളു. ഇങ്ങനെയൊരു തല തിരിഞ്ഞ കഥാപാത്രം ലോകസാഹിത്യത്തിൽ ഏറെ കാണില്ല.  കലിയുടെ വചനത്തിലും അദൃശ്യമായ വദനത്തിലും 'ഞാൻ, ഞാൻ' നിറഞ്ഞിരിക്കുന്നു. നമുക്കെല്ലാവർക്കും പരിചയമുള്ള കഥാപാത്രം ചോദിക്കുന്നു:

പാരിലിന്നെന്നെ ആരറിയാതവർ?
വൈരി വൈരസേനിക്കിഹ ഞാൻ കലി, 
തവ ഞാൻ മിത്രം, 
തസ്യ നാടു ഞാൻ തേ തരുന്നു,
ചൂതു പൊരുക, പോരിക.

ദർശനത്തിന്റെ വിസ്തൃതികളിലേക്ക് ആ വരികളിലൂടെ പന്മന എന്നെ കൂട്ടിക്കൊണ്ടു പോയി. ഭാഷയിലെ ഘോഷങ്ങളും ഖരങ്ങളും ഉച്ചരിക്കാൻ പണിപ്പെടുന്ന കുട്ടികളെയും മാഷന്മാരെയും പറ്റി അദ്ദേഹം വേവലാതിപ്പെട്ടു.  ഒരിക്കൽ മുഖാമുഖത്തിൽ ഞാൻ മലയാളത്തിനു ശീലമില്ലാത്ത ആംഗ്യങ്ങളെയും ശീലങ്ങളെയും പറ്റി അദ്ദേഹത്തോട് ചോദിച്ചു. സ്വാഗതവും നന്ദിയും മലയാളി സാധാരണസംഭാഷണത്തിൽ പറയാറില്ല. അവക്ക് ഒരു ഔപചാരികതയുള്ളതു പോലെ തോന്നും.  
വചനം എത്ര ഔപചാരികമാകുന്നുവോ, ഭാവത്തിന് അത്ര ആഴം കുറയും. പന്മന ഒന്നാലോചിച്ചു. അമർത്തിച്ചിരിച്ചുകൊണ്ടു പറഞ്ഞു: ശരിയാണ്, സുസ്വാഗതവും നന്ദിയും നമസ്‌കാരവും ഏച്ചുകെട്ടിയതുപോലിരിക്കും. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുകയും വേണം.  നന്ദി നന്ദി ആണ്, നന്നി അല്ല. നന്ദി പന്നി പോലെ ആകരുത്.


 

Latest News