Monday , January   21, 2019
Monday , January   21, 2019

നദാലിന് പതിനൊന്നിന്റെ പുണ്യം

ഒന്നല്ല, പതിനൊന്ന്... ഫ്രഞ്ച് ഓപൺ കിരീടം നേടിയ റഫായേൽ നദാൽ

പാരിസ് - ഏകപക്ഷീയമായ കലാശപ്പോരാട്ടത്തിൽ ഓസ്ട്രിയയുടെ ഡൊമിനിക് തിയേമിനെ തകർത്ത് റഫായേൽ നദാൽ അവിശ്വസനീയമായ രീതിയിൽ പതിനൊന്നാം തവണ ഫ്രഞ്ച് ഓപൺ ടെന്നിസ് കിരീടമുയർത്തി. അവസാന ഘട്ടത്തിൽ പരിക്ക് അലട്ടിയെങ്കിലും 6-4, 6-3, 6-2 ന്റെ ആധികാരിക വിജയമാണ് മുപ്പത്തിരണ്ടുകാരൻ സ്വന്തമാക്കിയത്. 
പതിനേഴാം ഗ്രാന്റ്സ്ലാം കിരീടത്തോടെ റോജർ ഫെദരറുടെ റെക്കോർഡിന് മൂന്നെണ്ണം പിന്നിലെത്തി നദാൽ. മൂന്നാം സെറ്റിലെ നാലാം ഗെയിമിൽ വിരലിന് പരിക്കേൽക്കുകയും ചികിത്സ തേടേണ്ടി വരികയും ചെയ്‌തെങ്കിലും നദാലിന്റെ മുന്നേറ്റം ചെറുക്കാൻ തിയേമിനായില്ല. 11 കിരീടങ്ങൾ താൻ സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ലെന്ന് സ്‌പെയിൻകാരൻ പറഞ്ഞു. 
ഓസ്‌ട്രേലിയയുടെ മാർഗരറ്റ് കോർട് മാത്രമാണ് ഇതുവരെ ഒരു ഗ്രാന്റ്സ്ലാം 11 തവണ ജയിച്ചത്. റോളാങ്ഗാരോയിൽ 88 മത്സരം കളിച്ചതിൽ രണ്ടെണ്ണം മാത്രമാണ് നദാൽ തോറ്റത്. 
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ക്ലേ കോർടിൽ നദാലിനെ തോൽപിച്ച ഒരേയൊരു കളിക്കാരനായിരുന്നു തിയേം, അതും രണ്ടു തവണ. എന്നാൽ കലാശപ്പോരാട്ടത്തിൽ നദാലിന്റെ മികവിനു മുന്നിൽ കന്നി ഗ്രാന്റ്സ്ലാം ഫൈനൽ കളിക്കുന്ന ഓസ്ട്രിയക്കാരൻ ആവിയായിപ്പോയി. ഏത് കായികയിനത്തിലും ഒരു കളിക്കാരൻ എത്തിപ്പിടിക്കുന്ന അതുല്യ നേട്ടമാണ് നദാലിന്റേതെന്ന് തിയേം പറഞ്ഞു. തനിക്ക് 11 വയസ്സുള്ളപ്പോൾ 2005 ൽ നദാൽ ഈ കിരീടം നേടുന്നത് ആരാധനയോടെ നോക്കിയിട്ടുണ്ടെന്ന് ഏഴാം സീഡ് പറഞ്ഞു. സിനദിൻ സിദാനും മുൻനിര അഭിനേതാക്കളുമുൾപ്പെടെ താരസമ്പന്നമായ ഗാലറിക്കു മുന്നിലാണ് നദാൽ ചരിത്ര വിജയം സ്വന്തമാക്കിയത്.

Latest News