Wednesday , August   22, 2018
Wednesday , August   22, 2018

മുജീബ് തെറ്റു തിരുത്തി; ഇനിയെങ്കിലും അത് ഫോര്‍വേഡ് ചെയ്യരുത് (ട്രോള്‍)

ജിദ്ദ-മുജീബിനെ അറിയാത്ത പ്രവാസികള്‍ വിരളമായിരിക്കും. പ്രത്യേകിച്ച് വാട്‌സാപ്പും ഫേസ്ബുക്കും ഉപയോഗിക്കുന്നവര്‍. എല്ലാ പെരുന്നാളിനു മുമ്പായും പ്രവാസികള്‍ക്ക് പേരുദോഷമുണ്ടാക്കിയ മുജീബിന്റെ കടുംകൈ വിവരിച്ചുകൊണ്ടുള്ള സന്ദേശമെത്തും.
സ്വന്തം ഉമ്മയ്ക്ക് പെരുന്നാള്‍ വസ്ത്രം വാങ്ങിക്കൊടുക്കാത്ത പ്രവാസിയാണ് മുജീബ്. ഓരോ പെരുന്നാള്‍ അടുക്കുമ്പോഴും ദുഷ്ടനായ മുജീബിന്റെ കഥയുമായി പ്രവാസികളേയും അല്ലാത്തവരേയും തേടിയെത്തുന്ന സന്ദേശത്തിന്റെ ലക്ഷ്യം ഉമ്മമാരോട് ആരും ഇങ്ങനെ ചെയ്യരുതെന്ന് ഉണര്‍ത്താനാണ്.
പക്ഷേ, ഇത് എത്ര പെരുന്നാളിനു സഹിക്കും. ഇക്കുറി നോമ്പ് തുടങ്ങിയപ്പോള്‍ തന്നെ പലരും വാട്‌സാപ്പ് സന്ദേശമയച്ചു. മുജീബിന്റെ കഥ ഇനിയും അയക്കല്ലേ....
ഒടുവില്‍ മുജീബ് തന്നെയും ഇനിയും എന്നെ സമൂഹമധ്യത്തില്‍ അപഹസിക്കല്ലേ എന്ന വിഡിയോ സന്ദേശമയച്ചിരിക്കയാണ്.
നാല് വര്‍ഷമായി മുജീബിന്റെ കഥ കേട്ടുകേട്ടു മടുത്തവര്‍ ഇത് സാക്ഷാല്‍ മുജീബ് തന്നെ ആയിരിക്കുമെന്ന് കരുതി അവന്റെ സങ്കടം തീര്‍ക്കാന്‍ നല്ല പ്രചാരം നല്‍കി വരികയാണ്.ഷഹീര്‍ കിഴക്കയില്‍ എന്നയാളാണ് ഈ ട്രോള്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിഡിയോ സന്ദേശം കേള്‍ക്കുന്ന ആര്‍ക്കും ഇതൊരു ട്രോള്‍ വിഡിയോ ആണെന്ന് തോന്നുകയേയില്ല. അത്രയ്ക്കും ദയനീയമാണ് മുജീബിന്റെ അപേക്ഷ. എന്റെ മുഖം പരിചയമില്ലെങ്കിലും എന്നെ നിങ്ങള്‍ക്കെല്ലാം അറിയാം എന്ന് പറഞ്ഞാണ് യുവാവിന്റെ സംസാരം തുടങ്ങുന്നത്. അറിവില്ലായ്മ മൂലം സംഭവിച്ചുപോയ ഒരു തെറ്റിന് കഴിഞ്ഞ നാല് വര്‍ഷമായി ആളുകള്‍ നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും തന്നെ വേട്ടയാടുകയാണെന്നും ദയവു ചെയ്ത് ഇനിയൈങ്കിലും അതു നിര്‍ത്തണമെന്നും യുവാവ് താഴ്മയോടെ അപേക്ഷിക്കുന്നു.
2014 റമദാനില്‍ നാട്ടില്‍ പോയപ്പോഴാണ് തന്നെ മാനസികമായി തകര്‍ത്തുകളഞ്ഞ സംഭവം അരങ്ങേറിയതെന്ന് പറഞ്ഞാണ് സന്ദേശം ആരംഭിക്കുന്നത്. പെരുന്നാള്‍ വസ്ത്രമെടുക്കാന്‍ നഗരത്തിലെ സുഹൃത്തിന്റെ വസ്ത്രാലയത്തില്‍ ചെന്നപ്പോള്‍ ഞാന്‍ കൂടെ ഉമ്മയെയും കൂട്ടിയിരുന്നു. എന്നാല്‍ ഭാര്യക്കും മക്കള്‍ക്കും വസ്ത്രമെടുത്തു. ഉമ്മയ്ക്ക് എടുത്തില്ല. ബില്ല് തയ്യാറാക്കുമ്പോള്‍ ഇതേക്കുറിച്ച് കടയുടമയായ സുഹൃത്ത് ചോദിച്ചു. ഉമ്മയ്ക്ക് എന്തിനാണ് ഞാന്‍ വസ്ത്രമെടുക്കുന്നത്. അതിന് വേറെയും മക്കളുണ്ടല്ലോ എന്നായിരുന്നു ഞാന്‍ മറുപടി നല്‍കിയത്. ഉമ്മയെ കുട്ടികളുടെ കൈ പിടിച്ച് നടക്കാന്‍ വേണ്ടി മാത്രമാണ് കൂടെ കൂട്ടിയതെന്നും പറയുകയുണ്ടായി.
എന്നാല്‍, ഇക്കാര്യം ചോര്‍ന്നു, സമൂഹ മാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞു. ഉമ്മയ്ക്ക് പെരുന്നാള്‍ വസ്ത്രമെടുക്കാത്ത മകന്‍ എന്ന് എല്ലാവരും എന്നെ കുറ്റപ്പെടുത്തി. എല്ലാ റമദാനിലും നാട്ടില്‍പോകാറുള്ള ഞാന്‍ അപ്പോഴൊക്കെയും പരിഹാസ പാത്രമായി. ഉമ്മാക്ക് വസ്ത്രമെടുക്കാത്ത മുജീബ് എന്ന് പറഞ്ഞായിരുന്നു പരിഹാസം.
ട്രോള്‍ മുജീബിന്റെ സന്ദേശം മുഴുവനായി കേള്‍ക്കാം....

 

Latest News