Monday , May   20, 2019
Monday , May   20, 2019

ഇശൽ മൂളിയ റമദാൻ രാവുകൾ

സഹാനുഭൂതിയുടേയും കാരുണ്യത്തിന്റെയും പവിത്ര മാസമാണ് പരിശുദ്ധ റമദാൻ. സുസ്ഥിതിയിലും സമ്പന്നതയിലും ജീവിതം സുഖ ഐശ്വര്യ സമ്പൂർണമായി കഴിയുന്ന കാലത്താണ് റമദാൻ മനുഷ്യന് വിശപ്പിന്റെ പാഠങ്ങൾ പകർന്ന് നൽകുന്നത്. ലോകത്തിന് ഒരു ആരാധനയിലൂടെ ഇത്ര വലിയ സന്ദേശം നൽകാൻ കഴിയുന്നുവെന്നത് തന്നെയാണ് റമദാൻ വ്രതത്തിന്റെ പ്രത്യേകത.
  മാപ്പിളപ്പാട്ട് രംഗത്ത് സജീവമായ കാലത്താണ് മുസ്ലിം ജീവിതത്തിന്റെ പൊരുൾ കൂടുതലിറിയുന്നത്. മാപ്പിളപ്പാട്ടിലൂടെ അറബി ഭാഷാ സ്പഷടമായി ഉച്ചരിക്കാനും അതുവഴി സാധ്യമാകുന്നു. മാപ്പിളപ്പാട്ടിലെ കുലപതികളായ വി.എം.കുട്ടി, പീർമുഹമ്മദ്, എരഞ്ഞോളി മൂസ തുടങ്ങിയവർക്കൊപ്പം പാടാനും സഹവസിക്കാനുമായിട്ടുണ്ട്. റമദാൻ നോമ്പുകാരനെ ബഹുമാനിക്കുക എന്നതിനു കൂടി ഞാൻ പ്രാധാന്യം കൽപ്പിക്കാറുണ്ട്. അതു കൊണ്ട് തന്നെ നോമ്പുകാരുടെ മുമ്പിൽ ഏറെ ബഹുമാനത്തോടെ പെരുമാറാനാണ് ശ്രമിക്കാറുളളത്.
  നോമ്പിന് നാട്ടിലേക്കാളേറെ അറബ് രാജ്യങ്ങളിൽ പങ്കെടുക്കാനായിട്ടുണ്ട്. 1984 മുതൽ മുടങ്ങാതെ പ്രോഗ്രാമുണ്ട്. പെരുന്നാൾ പ്രോഗ്രാമിനായി നോമ്പിന്റെ അവസാനത്തിലാണ് ഗൾഫിലെത്താറുളളത്. ഈ വർഷം ഖത്തറിലും ദുബൈയിലുമാണ് പ്രോഗ്രാം. ഗൾഫിൽ തീർത്തും സാധാരണക്കാരയ ആളുകളുടെ കൂടെയുളള ഇഫ്താർ വിരുന്ന് മനസ്സിനെ വല്ലാതെ നിർവൃതിയിലാക്കുന്നു. പളളികൾക്ക് മുമ്പിൽ കെട്ടിയ സ്ഥലങ്ങളിൽ ഇരുന്ന് ദേശവും ഭാഷയും നോക്കാതെ അവർ നോമ്പ് തുറക്കുന്നു.
  പരിശുദ്ധ ഖൂർആനിൽ നോമ്പിനെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നുണ്ട്. വിശ്വാസിയുടെ നോമ്പ് എനിക്കുളളതാണെന്നാണ് അല്ലളാഹു പറയുന്നത്. മറ്റുളള ആരാധനകളും അളളാഹുവിനുളളതാണ്. എന്നാൽ നോമ്പിനെ എടുത്ത് പറയുന്നു. പുലർച്ചെ മുതൽ സന്ധ്യ വരെ അന്നപാനീയങ്ങളും ദേഹേഛകളും വെടിഞ്ഞ് ഒരു വിശ്വാസി നോമ്പെടുക്കുമ്പോൾ പട്ടിണി കിടക്കുന്നവന്റെ വേദന അവൻ അറിയുന്നു. റമദാനിൽ വിശ്വാസികൾ അധികരിപ്പിക്കുന്ന സക്കാത്ത് ഏറെ പുണ്യമുളളതായി തോന്നിയിട്ടുണ്ട്. സമ്പത്തുളളവൻ നിശ്ചിത കണക്ക് പ്രകാരം പാവങ്ങൾക്ക് സക്കാത്ത് നൽകണം. ഇല്ലാത്തവനും ഉളളവനും തമ്മിലുളള അന്തരം കുറക്കുന്നതിനാണ് ഇത് ഉപകരിക്കുക.


എല്ലാ മതത്തിലുമുണ്ട് വ്രതം. ക്രിസ്തു  മതത്തിൽ 50 ദിവസത്തെ വ്രതമുണ്ട്. ഹിന്ദുമതത്തിലുമുണ്ട്. വ്രതമെടുത്ത് കഴിഞ്ഞ് പിറ്റേന്നാൾ മുതൽ പഴയകാല ജീവിതത്തിലേക്ക് തിരിയുന്ന പ്രവണതയാണ് പലപ്പോഴും കാണുന്നത്. അതുകൊണ്ട് പരിപൂർണ്ണ വ്രത ശുദ്ധി നമുക്ക് നേടാനാവില്ല. മനുഷ്യ നന്മക്കായാണ് മതങ്ങളിൽ ഓരോ അനുഷ്ഠാനങ്ങളും ഉൾപ്പെടുത്തിയത്.
   നാൽപ്പത് വർഷത്തെ പാട്ടുജീവിതത്തിൽ പതിനായിരത്തിലേറെ ഭക്തി ഗാനങ്ങളും അയ്യായിരത്തിലേറെ മാപ്പിളപ്പാട്ടുകളും നിരവധി ചലച്ചിത്ര ഗാനങ്ങളും പാടാനായിട്ടുണ്ട്. പൂർവ്വികർ എഴുതിയതും പാടിയതും വീണ്ടും പാടി ഹിറ്റാക്കാൻ കഴിഞ്ഞത് മാപ്പിളപ്പാട്ടുകളെ സ്‌നേഹിക്കുന്നവരുടെ പിന്തുണ കൊണ്ട് മാത്രമാണ്. അബ്ദുസ്സമദ് സമദാനി, ഡോ.എം.കെ.മുനീർ, ഇബ്രാഹീം കുഞ്ഞ്, എം.എം.ഹസ്സൻ തുടങ്ങിയ നിരവധി സുഹൃദ് ബന്ധങ്ങൾക്ക് കാരണമായത് മാപ്പിളപ്പാട്ടിന്റെ ഇശല് മൂളിയത് കൊണ്ടാണ്. കോഴിക്കോട് അബൂബക്കർ, ചാന്ദ്ബാഷ, ഒ.എം.കരുവാരക്കുണ്ട്, ബാപ്പു വെളളിപ്പറമ്പ് തുടങ്ങിയ പ്രതിഭകൾക്കൊപ്പം സഹകരിക്കാനും കഴിഞ്ഞിട്ടുണ്ട്.

തയാറാക്കിയത്- അശ്‌റഫ് കൊണ്ടോട്ടി

Latest News